Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
(ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്കിങ്ങ് ടീമിലെ പങ്കജ് മേനോൻ ആണ്. അത് ഇവിടെ വായിക്കാം.)
ശാസ്ത്ര സമൂഹം ക്യാൻസറിനുള്ള പ്രതിവിധി തേടിയുള്ള ഗവേഷണം തുടരുമ്പോൾ,ചൂടുള്ള പൈനാപ്പിൾ വെള്ളം ക്യാൻസറിനെ പരാജയപ്പെടുത്തും എന്ന അവകാശപ്പെടുന്ന ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈനിൽ (+91 9999499044) ഈ പോസ്റ്റിൽ പറയുന്ന വസ്തുത പരിശോധിക്കാൻ അഭ്യർത്ഥിച്ചുകൊണ്ട് ഒരു സന്ദേശം ലഭിച്ചു.

ഐസിബിഎസ് ജനറൽ ഹോസ്പിറ്റൽ പ്രൊഫസർ പ്രൊഫസർ ഡോ. ഗിൽബർട്ട് എ ക്വോക്കിനെ ഉദ്ധരിച്ച് കൊണ്ടാണ് പോസ്റ്റുകൾ.”പൈനാപ്പിൾ ചൂടുവെള്ളം നിങ്ങളുടെ ജീവൻ രക്ഷിക്കും. ചൂടുള്ള പൈനാപ്പിൾ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നു.
ഒരു കപ്പിൽ 2 മുതൽ 3 വരെ പൈനാപ്പിൾ ചെറുതായി അരിഞ്ഞത് ചൂടുവെള്ളം ചേർക്കുക. അത് “ആൽക്കലൈൻ വാട്ടർ” ആയിരിക്കും. ഇത് ദിവസവും കുടിച്ചാൽ എല്ലാവർക്കും നല്ലതാണ്.
ചൂടുള്ള പൈനാപ്പിൾ ക്യാൻസർ വിരുദ്ധ പദാർത്ഥങ്ങൾ പുറത്തുവിടുന്നു. ഫലപ്രദമായ ക്യാൻസർ ചികിത്സയ്ക്കുള്ള വൈദ്യശാസ്ത്രത്തിലെ ഏറ്റവും പുതിയ പുരോഗതി. പൈനാപ്പിളിന്റെ ചൂടുള്ള പഴത്തിന് സിസ്റ്റുകളെയും ട്യൂമറുകളെയും കൊല്ലുന്ന ഫലമുണ്ട്. എല്ലാത്തരം ക്യാൻസറുകളെയും ഇത് ചികിത്സിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
ചൂടുള്ള പൈനാപ്പിൾ വെള്ളം അലർജി/അലർജി കാരണം ശരീരത്തിൽ നിന്ന് എല്ലാ അണുക്കളും വിഷവസ്തുക്കളും നീക്കം ചെയ്യുന്നു. പൈനാപ്പിൾ ജ്യൂസിൽ നിന്ന് ഉരുത്തിരിഞ്ഞ മരുന്ന് * അക്രമാസക്തമായ കോശങ്ങളെ* നശിപ്പിക്കുന്നു. ആരോഗ്യമുള്ള കോശങ്ങളെ ബാധിക്കില്ല.
കൂടാതെ, പൈനാപ്പിൾ ജ്യൂസിലെ അമിനോ ആസിഡുകളും പൈനാപ്പിൾ പോളിഫെനോളുകളും ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ആന്തരിക രക്തക്കുഴലുകളുടെ തടസ്സം തടയാനും രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തം കട്ടപിടിക്കുന്നത് കുറയ്ക്കാനും കഴിയും,” എന്നാണ് പോസ്റ്റുകൾ പറയുന്നത്. വാട്ട്സ്ആപ്പിലെ പോലെ വൈറൽ അല്ലെങ്കിലും ഫേസ്ബുക്കിലും ഇത് സംബന്ധിച്ച പോസ്റ്റുകൾ കാണാം.
Padmagireesan Nair S എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 3 ഷെയറുകൾ ഉണ്ടായിരുന്നു.

Abbas Kdr Abbas എന്ന ഐഡിയിൽ നിന്നുള്ള ഇത്തരം മറ്റൊരു പോസ്റ്റ് ഞങ്ങൾ കണ്ടു. അതിന് രണ്ടു ഷെയറുകൾ ഉണ്ടായിരുന്നു.

ആദ്യം ഐസിബിഎസ് ജനറൽ ഹോസ്പിറ്റലിലെ പ്രൊഫസറാണെന്ന് കരുതപ്പെടുന്ന ഡോ ഗിൽബെർട്ട് എ ക്വോക്കിനെ കുറിച്ചുള്ള വിവരങ്ങൾ തിരഞ്ഞു നോക്കി. വിപുലമായ തിരച്ചിൽ നടത്തിയിട്ടും, ആ പേരുള്ള ഒരാളെ കുറിച്ച് ഒരു വിവരവും ഞങ്ങൾ കണ്ടെത്തിയില്ല.
ഞങ്ങൾ Facebook-ൽ “ചൂടുള്ള പൈനാപ്പിൾ വെള്ളം” എന്ന കീവേഡുകൾ വീണ്ടും തിരയുകയും സമാന വിവരങ്ങൾ പങ്കിടുന്ന നിരവധി പോസ്റ്റുകൾ കണ്ടെത്തുകയും ചെയ്തു. എന്നാൽ ഈ പോസ്റ്റുകൾ ക്വോക്കിന് പകരം ഒരു ഡോ. ഗിൽബർട്ട് എ ക്വാക്കിയെ ഉദ്ധരിക്കുന്നു. അദ്ദേഹവും ഐസിബിഎസ് ആശുപത്രിയിലെ ഡോക്ടറാണെന്നാണ് പോസ്റ്റുകൾ പറയുന്നത്. എന്നിരുന്നാലും, ഗിൽബെർട്ട് അനിം ക്വാക്കി എന്ന വ്യക്തിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ ഞങ്ങൾ കണ്ടെത്തി. എന്നാൽ അദ്ദേഹം ഘാന ബ്രോഡ്കാസ്റ്റിംഗ് കോപ്പറേഷനൈൽ എഡിറ്റർ ആണ് എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്.

തുടർന്ന്, thereporters.com.ng,എന്ന വെബ്സൈറ്റിൽ ഞങ്ങൾ ഒരു റിപ്പോർട്ടും കണ്ടെത്തി. പ്രസ്തുത ഡോക്ടർ ചാനയിലെ ഐസിബിഎസ് ആശുപത്രിയിൽ ജോലി ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു. എന്നാൽ ഏത് രാജ്യത്തെ ആശുപത്രി എന്ന് റിപ്പോർട്ട് പരാമർശിക്കുന്നില്ല. ഡോക്ടറുടെയും ചാനയിലെ ആശുപത്രിയുടെയും പേരുപയോഗിച്ച് കൂടുതൽ തിരഞ്ഞെങ്കിലും ഒരു ഫലവും ലഭിച്ചില്ല. അത് കൊണ്ട് അങ്ങനെ ഒരു വ്യക്തി ഇല്ലെന്ന നിഗമനത്തിലെത്താൻ ഞങ്ങൾ നിർബന്ധിതരായി.
ന്യൂസ്ചെക്കർ ക്യാൻസറിൽ പൈനാപ്പിളിന്റെ ഫലങ്ങൾഎന്ന് സേർച്ച് ചെയ്തു. തായ്വാനിലെ ഒരു കൂട്ടം ഡോക്ടർമാർ നടത്തിയ ഒരു പഠനം ഞങ്ങൾ കണ്ടെത്തി. പൈനാപ്പിളിന്റെ പഴത്തിലും തണ്ടിലും കാണപ്പെടുന്ന ഒരു കൂട്ടം ബ്രോമെലിൻ എൻസൈമുകൾ, “വൻകുടൽ ക്യാൻസർ കോശങ്ങളുടെ (വൻകുടൽ ക്യാൻസർ )” പെരുകാനുള്ള കഴിവിനെ തടയുന്നുവെന്ന് പഠനം വെളിപ്പെടുത്തി.
“ബ്രോമെലിൻ കോശവളർച്ചയെ തടയുകയും വ്യത്യസ്ത കാൻസറുകളിൽ വ്യത്യസ്ത പാതകളിലൂടെ സെൽ അപ്പോപ്ടോസിസിനെ (മരണം) വേഗത്തിൽ ആക്കുകയും ചെയ്യുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്,” ഗവേഷണ പ്രബന്ധം പറയുന്നു.
എന്നിരുന്നാലും, മെമ്മോറിയൽ സ്ലോൺ കെറ്ററിംഗ് ക്യാൻസർ സെന്ററിലെ ഒരു കുറിപ്പ് പറയുന്നത്, ബ്രോമെലിൻ മനുഷ്യരിൽ കാൻസറിനെ സാരമായി ബാധിക്കുമെന്ന് അവകാശപ്പെടാൻ മതിയായ തെളിവുകൾ ഇല്ലെന്നാണ്. പ്രോട്ടീൻ തന്മാത്രകളെ തകർക്കുന്ന ഒരു എൻസൈം ആണ് ബ്രോമെലൈൻ.
അത് പൈനാപ്പിൾ തണ്ടിൽ നിന്ന് ലഭിക്കുന്നു. ലാബ് പരീക്ഷണങ്ങളിൽ, ബ്രോമെലൈൻ രക്തം കട്ടപിടിക്കുന്നത് തടയുകയും വീക്കം കുറയ്ക്കുകയും ചെയ്തു. മനുഷ്യരിൽ ഇത് വെച്ചുള്ള പഠനങ്ങൾ പരിമിതമായി മാത്രമാണ് നടത്തിയിട്ടുള്ളത്. കൃത്യമായ ക്ലിനിക്കൽ ക്രമീകരണങ്ങളോടെ ഉപയോഗിക്കുമ്പോൾ, പൊള്ളലേറ്റ് മരിച്ചതും കേടായതുമായ ടിഷ്യു നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. ദഹനത്തിനും ആഗിരണത്തിനും സഹായിക്കുന്നതിന് ബ്രോമെലിന് ചിലപ്പോൾ കഴിക്കാറുണ്ടെങ്കിലും അതിനെ കുറിച്ചുള്ള പഠനങ്ങൾ കുറവാണ്. മനുഷ്യരിൽ കാൻസറിനെ ഇത് എങ്ങനെ സഹായിക്കുന്നുവെന്നതിനെ കുറിച്ച് പഠനങ്ങൾ ഉണ്ടായിട്ടിട്ടില്ല. എന്നാൽ, ബ്രോമെലിൻ ചില ആൻറിബയോട്ടിക്കുകളുടെ ആഗിരണം വർദ്ധിപ്പിക്കും,” എന്ന പഠനം പറയുന്നു.
ഇന്തോനേഷ്യൻ ക്യാൻസർ ഫൗണ്ടേഷന്റെ ചെയർമാൻ പ്രൊഫസർ ഡോ അരു വിസാക്സോനോ സുഡോയോയെ ഉദ്ധരിച്ച് AFPയുടെ ഇതിനെ കുറിച്ചുള്ള മറ്റൊരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “മറ്റ് പഴങ്ങൾ പോലെ – ആപ്പിളും അവോക്കാഡോയും ഉൾപ്പെടെ – പൈനാപ്പിൾ ആരോഗ്യകരമാണ്. പൊതുവായ ആരോഗ്യവും പ്രതിരോധശേഷിയും നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളാണിവ. അതിൽ കൂടുതലൊന്നും ഇല്ല. പൈനാപ്പിളും മറ്റ് ആരോഗ്യകരമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് ക്യാൻസറിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും. എന്നാൽ അവ കഴിക്കുന്നത് രോഗത്തിനുള്ള വൈദ്യചികിത്സകൾക്കും തെറാപ്പികൾക്കും പകരമാവില്ല എന്ന കാര്യം ഓർക്കേണ്ടതാണ്.”
കോട്ടയത്തെ കാരിത്താസ് ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ സീനിയർ ഓങ്കോളജിക്കൽ സർജൻ ഡോ. ജോജോ വി ജോസഫിനോട് ഈ കാര്യങ്ങൾ ന്യൂസ് ചെക്കർ അന്വേഷിച്ചു. അദ്ദേഹം അവകാശവാദം തികച്ചും അടിസ്ഥാനരഹിതമാണെന്ന് സ്ഥിരീകരിച്ചു.
“പൈനാപ്പിൾ ഒരു പഴമെന്ന നിലയിൽ നിങ്ങളുടെ ഭക്ഷണത്തിൽ നല്ലൊരു കൂട്ടിച്ചേർക്കലാണ്. വാഴപ്പഴം പോലെ. പക്ഷേ അധിക നേട്ടങ്ങളൊന്നുമില്ല. അത് ക്യാൻസറിനുള്ള മാന്ത്രിക ചികിത്സയല്ല. ക്യാൻസറിനുള്ള മരുന്നായി ഇത് ഉപയോഗിക്കാൻ കഴിയില്ല. ദീർഘനാളായി അത് കഴിക്കുന്നത് ക്യാൻസർ തടയുമെന്ന് ഉറപ്പുനൽകുന്നില്ല, ”ഡോ ജോജോ പറഞ്ഞു.
പൈനാപ്പിളിന്റെ ആൽക്കലൈൻ സ്വഭാവത്തെക്കുറിച്ച് ഡോ ജോജോ ഇങ്ങനെ പറഞ്ഞു, “പൈനാപ്പിൾ ഒരു അസിഡിറ്റി ഉള്ള പഴമാണ്. ഒരാൾ എത്ര നേർപ്പിച്ചാലും പൈനാപ്പിൾ വെള്ളത്തിന് 3-4 PH ഉണ്ടായിരിക്കും. ഇത് ഒരിക്കലും ആൽക്കലൈൻ ആകില്ല.
വായിക്കാം:കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന് ഭാരത് ജോഡോ യാത്ര നിർത്തിവെച്ചോ? വസ്തുത അറിയാം
ക്യാൻസറിനുള്ള പ്രതിവിധിയായി ചൂടുള്ള പൈനാപ്പിൾ വെള്ളം ഫലപ്രദമാണ് എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ന്യൂസ്ചെക്കറിന്റെ ഗവേഷണത്തിൽ തെളിഞ്ഞു. പൈനാപ്പിളിലെ എൻസൈം കോശവളർച്ചയെ തടയുകയും ടെസ്റ്റ് ട്യൂബ് ക്രമീകരണങ്ങളിൽ വ്യത്യസ്ത കാൻസറുകളിൽ കോശ അപ്പോപ്ടോസിസിന് (മരണം) പ്രേരിപ്പിക്കുകയും ചെയ്തേക്കാം. എന്നാൽ അത് കൊണ്ട് മാത്രം ചൂടുള്ള പൈനാപ്പിൾ വെള്ളം ക്യാൻസറിനുള്ള പ്രതിവിധിയാവു ന്നില്ല.
Sources
Memorial Sloan Kettering Cancer Centre: https://www.mskcc.org/cancer-care/integrative-medicine/herbs/bromelain
National Library Of Medicine: https://www.ncbi.nlm.nih.gov/pmc/articles/PMC6338369/
AFP: https://factcheck.afp.com/http%253A%252F%252Fdoc.afp.com%252F9KD4RC-4
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.