Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
അയൽക്കാരനു മേൽ ഒളിഞ്ഞുനോക്കാൻ അധികാരം നല്കുന്ന വാച്ച് യുവർ നെയ്ബർ പദ്ധതി സംസ്ഥാനത്ത് ഗുരുതര സാമൂഹിക ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ജനമൈത്രി പോലീസിന്റെ ഭാഗമായാണ് ‘വാച്ച് യുവർ നെയ്ബർ ’ പദ്ധതി നടപ്പാക്കുകയെന്നും അയൽക്കാരിൽ അസ്വാഭാവികമായി എന്തെങ്കിലും കണ്ടാൽ അത് പോലിസിനെ 112 എന്ന ഹെല്പ് ലൈനിൽ വിളിച്ചറിയിൽ ഏഴു മിനിട്ടിനകം പ്രതികരണം ഉണ്ടാവുമെന്നുമാണ് പോസ്റ്റുകൾ പറയുന്നത്.എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹനാത്തിന്റെ ഒരു പ്രസ്താവനയെ ഉദ്ധരിച്ചാണ് പോസ്റ്റുകൾ. ഭരണഘടന ഉറപ്പു നല്കുന്ന പൗരന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിത് എന്നും പോസ്റ്റുകൾ പറയുന്നു.
രാഷ്ട്രീയ സംഘടനയായ SDPI Keralaയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ അതിന് 136 ഷെയറുകൾ ഉണ്ടായിരുന്നു.

Sasi Trolls എന്ന ഐഡിയിൽ നിന്നും സമാനമായ പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ 56 പേർ ഷെയർ ചെയ്തു.

Davood Sulaimanന്റെ ഈ വിഷയത്തിലുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ അതിന് 9 ഷെയറുകൾ ഉണ്ടായിരുന്നു.

Lis Lonaയുടെ ഇതേ വിഷയത്തിലുള്ള പോസ്റ്റ് ഞങ്ങൾ കാണും വരെ 6 പേർ ഷെയർ ചെയ്തു.
എന്നാൽ ഫേസ്ബുക്കിൽ വാച്ച് യുവർ നെയ്ബർ പദ്ധതി എന്ന് തിരഞ്ഞപ്പോൾ സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ പോസ്റ്റ് കിട്ടി. അതിൽ പറയുന്നത്,കേരളാ പോലീസ് അത്തരം ഒരു പദ്ധതി നടപ്പിലാക്കിയിട്ടില്ല എന്നാണ്.

“വാച്ച് യുവർ നെയ്ബർ എന്ന പേരിൽ കേരള പോലീസിന് നിലവിൽ പദ്ധതികൾ ഒന്നുമില്ല. കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നത് ‘സേ ഹലോ റ്റു യുവർ നെയ്ബർ ‘ എന്ന പദ്ധതിയാണ്,”ആ പോസ്റ്റ് പറയുന്നു
”അയൽവാസികളുമായി മികച്ച ബന്ധം സ്ഥാപിച്ച് പരസ്പരം സൗഹൃദം ഉറപ്പാക്കുന്നതുവഴി പൊതുസുരക്ഷ ശക്തിപ്പെടുത്തുന്നതിന് കൊച്ചി സിറ്റി പോലീസ് ആരംഭിച്ച സോഷ്യൽ മീഡിയ ക്യാമ്പയിനാണ് സെ ഹലോ റ്റു യുവർ നെയ്ബർ.
നഗരങ്ങളിലെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ തൊട്ടയൽവക്കത്തെ താമസക്കാർ ആരെന്നറിയാതെ ഒറ്റപ്പെട്ടു ജീവിക്കുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് പോലീസ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്. സുഹൃദ്ബന്ധങ്ങളും കൂട്ടായ്മകളും വര്‍ദ്ധിപ്പിച്ച് അയൽപക്കങ്ങൾ തമ്മിൽ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയിലൂടെ പോലീസ് ഉദ്ദേശിക്കുന്നത്.
ഫ്ളാറ്റുകളിലും മറ്റും ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ അയല്‍ക്കാർ തമ്മിലുളള നല്ല സൗഹൃദത്തിലൂടെ കഴിയും. അയൽപക്കത്തെ കുടുംബങ്ങൾ തമ്മിലുളള പരസ്പര അടുപ്പം കുട്ടികളുടെ ഒത്തുചേരലിന് വഴിവയ്ക്കും. അയൽവാസികളെ അടുത്തറിഞ്ഞ് പരസ്പരം കൈത്താങ്ങാകുന്നതിലൂടെ സുരക്ഷിതത്വം വര്‍ദ്ധിക്കും.
അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങളിലെ കുട്ടികളുടെ പാർക്കുകളിലെ സന്ദര്‍ശനം, ജോലി സ്ഥലത്തേയ്ക്ക് ഒരുമിച്ചുളള യാത്ര എന്നിവയിലൂടെയും ഗൃഹസന്ദർശനങ്ങളിലൂടെയും സൗഹൃദം ഊട്ടിയുറപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് പോലീസിന്റെ പദ്ധതിയുടെ ലക്ഷ്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊച്ചി നഗരത്തിൽ ഈ പദ്ധതി വി വിജയകരമായി നടപ്പാക്കിവരുന്നു,പോസ്റ്റ് പറയുന്നു.
ഓഗസ്റ്റ് 29 ,2022 ൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയിൽ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്, സേ ഹലോ റ്റു യുവർ നെയ്ബർ എന്ന പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ പറയുന്നുണ്ട്.
”കൊച്ചിയിലെ പാർപ്പിട മേഖലകളിൽ, പ്രത്യേകിച്ച് അപ്പാർട്ട്മെന്റ് സമുച്ചയങ്ങളിൽ, കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, കുറ്റകൃത്യങ്ങൾ തടയുന്നതിനായി അയൽക്കാർ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി സിറ്റി പോലീസ് ഒരു സോഷ്യൽ മീഡിയ കാമ്പെയ്ൻ ആരംഭിച്ചു.
സിറ്റി പോലീസ് കമ്മീഷണർ സി എച്ച് നാഗരാജുവിന്റെ ഒരു ആശയമാണ്, കൊച്ചി സിറ്റി പോലീസിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ‘സെയ് ഹലോ ടു യുവർ നെയ്ബർ ക്യാമ്പയിൻ നടപ്പിലാക്കുന്നത്തിലേക്ക് നയിച്ചത്.
“അയൽക്കാരെ പരസ്പരം അറിയാൻ പ്രോത്സാഹിപ്പിക്കുന്ന പതിവ് സോഷ്യൽ മീഡിയ പോസ്റ്റുകൾ കാമ്പെയ്നിൽ കാണും. ഞങ്ങളുടെ ആദ്യ പോസ്റ്റ് ‘#Know Thy Neighbour’ എന്നതായിരുന്നു. മറ്റ് രണ്ട് പോസ്റ്റുകൾ — ‘#smile and say something’ and ‘#gossip over a cup of tea’–കഴിഞ്ഞ ആഴ്ചയും പുറത്തിറങ്ങി,” ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് വാർത്ത പറയുന്നു.

വായിക്കാം:കാറില്‍ ചാരി നിന്നതിന് ക്രൂര മര്‍ദനമേറ്റ ആറ് വയസുകാരന്റെ പടമല്ലിത്
അയൽക്കാരനു മേൽ ഒളിഞ്ഞുനോക്കാൻ അധികാരം നല്കുന്ന വാച്ച് യുവർ നെയ്ബർ പദ്ധതി എന്നൊരു പദ്ധതി കേരളാ പോലീസ് നടപ്പിലാക്കുന്നില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. എന്നാൽ അയൽക്കാരെ പരസ്പരം അറിയാൻ പ്രോത്സാഹിപ്പിക്കുന്ന സേ ഹലോ റ്റു യുവർ നെയ്ബർ എന്ന പദ്ധതി കൊച്ചി സിറ്റി പോലീസ് നടപ്പാക്കുന്നുണ്ട്.
Our Sources
Facebook post by State Police Media Centre Kerala on November 6,2022
News report in New Indian Express on August 29.2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.