Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേന്ദ്രസർക്കാരിന്റെ “അക്ഷയ പാത്ര ” പദ്ധതിയാണ് ,സംസ്ഥാന സർക്കാർ പേര് മാറ്റി “പോഷക ബാല്യം ” എന്ന പേരിൽ
മുട്ടയും, പാലും കൊടുക്കുന്നത് എന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഞങ്ങൾ കാണുമ്പോൾ, Karamana Ajith എന്ന പ്രൊഫൈലിൽ നിന്നുള്ള ഈ പോസ്റ്റിന് 685 ഷെയറുകൾ ഉണ്ടായിരുന്നു.
“രാജ്യത്തുടനീളം കുട്ടികൾക്ക് അംഗൻവാടി വഴി “അക്ഷയ പാത്ര ” പദ്ധതി നടപ്പിലാക്കിയ മോദിഗ വണ്മെന്റിനു അഭിനന്ദനങ്ങൾ, ” എന്നാണ് പോസ്റ്റ് പറയുന്നത്. മനു മോഹൻ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 125 ഷെയറുകൾ ഉണ്ടായിരുന്നു. ഒരു വെബ്‌സൈറ്റിന്റെ അഡ്രസ്സ് ഒപ്പം ചേർത്താണ് പോസ്റ്റുകൾ(https://www.akshayapatra.org)
സംസ്ഥാന സർക്കാരിന്റെ പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ വെബ്‌സൈറ്റ് പ്രകാരം, പോഷകബാല്യം പദ്ധതിയുടെ ഭാഗമായി അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് ഓഗസ്റ്റ് ഒന്നു മുതൽ പാലും മുട്ടയും നൽകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിനും, സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനുമായാണ് ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും, രണ്ട് ദിവസം പാലും നൽകുന്നത്. ഒരു കുട്ടിയ്ക്ക് ഒരു ദിവസം ഒരു ഗ്ലാസ് പാൽ വീതം ആഴ്ചയിൽ തിങ്കൾ, വ്യാഴം ദിവസങ്ങളിലും, ആഴ്ചയിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ മുട്ടയും നൽകുന്നതാണ്. അങ്കണവാടിയിലെ 3 വയസ് മുതൽ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീസ്‌കൂൾ കുട്ടികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് 12ന് ഡിപിഐ ജവഹർ സഹകരണ ഭവനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
ഞങ്ങൾ ആദ്യം പോസ്റ്റുകളിൽ പറയുന്ന അക്ഷയ പാത്രയുടെ വെബ്‌സെറ്റിൽ നോക്കി. അത് പ്രകാരം അക്ഷയ പാത്ര ഒരു എൻജിഒ ആണ്.കേന്ദ്ര സർക്കാരുമായി അതിന് ബന്ധമില്ല.സംഘടനയെ കുറിച്ച് അവരുടെ വെബ്സൈറ്റ് ഇങ്ങനെ പറയുന്നു.
“ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു എൻജിഒയാണ് അക്ഷയപാത്ര ഫൗണ്ടേഷൻ. സർക്കാർ സ്‌കൂളുകളിലും സർക്കാർ എയ്ഡഡ് സ്‌കൂളുകളിലും ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കി ക്ലാസ് മുറിയിലെ വിശപ്പ് ഇല്ലാതാക്കാൻ ഞങ്ങളുടെ സംഘടന ശ്രമിക്കുന്നു. അതോടൊപ്പം, പോഷകാഹാരക്കുറവ് തടയുന്നതിനും സാമൂഹിക-സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തെ പിന്തുണയ്ക്കുന്നതിനും അക്ഷയപാത്ര ലക്ഷ്യമിടുന്നു.”
“2000 മുതൽ, അക്ഷയപാത്ര ഓരോ സ്കൂൾ ദിനത്തിലും കുട്ടികൾക്ക് പുതിയതും പോഷകപ്രദവുമായ ഭക്ഷണം നൽകുന്നതിനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു.”
“കോർപ്പറേറ്റുകൾ, വ്യക്തിഗത ദാതാക്കൾ, അഭ്യുദയകാംക്ഷികൾ എന്നിവരുടെ നിരന്തരമായ പിന്തുണയ്‌ക്കൊപ്പം, ഇന്ത്യാ ഗവൺമെന്റുമായും വിവിധ സംസ്ഥാന സർക്കാരുകളുമായും ഞങ്ങൾ സഹകരിച്ചു പ്രവർത്തിക്കുന്നു.”
“ഇത് 2000-ൽ 5 സ്‌കൂളുകളിലായി 1,500 കുട്ടികളെ സേവിച്ചതിൽ നിന്ന് 1.8 ദശലക്ഷം കുട്ടികൾക്ക് സേവനം നൽകുന്നതിലേക്ക് വളരാൻ ഞങ്ങളെ സഹായിച്ചു.”
“ഇന്ന്, ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 19,039 സ്‌കൂളുകളിൽ നിന്നുള്ള 1.8 ദശലക്ഷത്തിലധികം കുട്ടികൾക്ക് എല്ലാ സ്‌കൂൾ ദിവസവും ആരോഗ്യകരമായ ഭക്ഷണം നൽകുന്ന ലോകത്തിലെ ഏറ്റവും വലിയ (ലാഭരഹിതമായ) മിഡ്-ഡേ മീൽ പ്രോഗ്രാമാണ് അക്ഷയപാത്ര.”
“അക്ഷയപാത്ര ഫൗണ്ടേഷൻ (ടിഎപിഎഫ്) ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു പൊതു, ചാരിറ്റബിൾ, മതേതര ട്രസ്റ്റാണ്. ഇസ്‌കോൺ ബെംഗളൂരുവിലെ മിഷനറിമാരും കോർപ്പറേറ്റ് പ്രൊഫഷണലുകളും സംരംഭകരും അടങ്ങുന്നതാണ് ബോർഡ് ഓഫ് ട്രസ്റ്റികൾ,” എന്നും അക്ഷയപാത്ര വെബ്‌സൈറ്റ് പറയുന്നു. അതിൽ നിന്നും ഇസ്‌കോൺ സന്ന്യാസിമാരുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയാണ് അക്ഷയപാത്ര എന്ന് മനസിലായി.
പിന്നീട്,കേരള സർക്കാരിന്റെ “പോഷക ബാല്യം പദ്ധതിയുമായി അക്ഷയപാത്രയ്ക്ക് ബന്ധമുണ്ടോ എന്ന് ഞങ്ങൾ പരിശോധിച്ചു. അതിനായി അക്ഷയപാത്രയിലെ മീഡിയ റിലേഷന്റെ ചുമതലയുള്ള എസ് വിവേകിനെ വിളിച്ചു.
“കേരള സർക്കാരുമായി അക്ഷയപാത്ര സഹകരിക്കുന്നില്ല. അതിനൊരു കാരണം, കേരളത്തിൽ ഞങ്ങൾക്ക് ഓഫീസ് സംവിധാനമില്ലാത്തത് ആണ്,”എസ് വിവേക് പറഞ്ഞു.
പിന്നീട് ഞങ്ങൾ കേരളത്തിലെ അംഗൻവാടികൾ വഴിയുള്ള പോഷക ആഹാരപദ്ധതിയെ കുറിച്ച് അന്വേഷിച്ചു. സംസ്‌ഥാന സർക്കാരിന്റെ വനിത ശിശു ക്ഷേമ വകുപ്പിന്റെ വെബ്‌സെറ്റിലെ വിവര പ്രകാരം ആ പദ്ധതി :””തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയാണ് സപ്ലിമെന്ററി പോഷകാഹാര പദ്ധതി നടപ്പിലാക്കുന്നത്. ആറുമാസം മുതൽ 3 വയസ്സുവരെയുള്ള കുട്ടികൾക്ക് ടേക്ക് ഹോം റേഷനായി മാസത്തിൽ രണ്ടുതവണ അമൃതം ന്യൂട്രിമിക്സ് എന്ന പോഷകപ്പൊടി നൽകുന്നു. അങ്കണവാടികളിൽ വരുന്ന 3 വയസ് മുതൽ 6 വയസ് വരെയുള്ള കുട്ടികൾക്ക് രാവിലെ ലഘുഭക്ഷണം, ഉച്ചഭക്ഷണം, പൊതു ഭക്ഷണം (25 ദിവസം) എന്നിവ നൽകും. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾക്കനുസൃതമായി റേഷൻ വീട്ടിലേക്ക് കൊണ്ടുപോകുന്നു.”
അതിൽ നിന്നും എന്തെങ്കിലും പ്രത്യേകമായ മെനു കേരളത്തിലെ അംഗൻവാടികൾക്ക് നിലവിലില്ല എന്ന് മനസിലായി. അതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ Integrated Child Development Servicesന്റെ (സംയോജിത ശിശു വികസന സേവന പദ്ധതി) തിരുവനന്തപുരം ജില്ലാ പ്രൊജക്റ്റ് ഓഫീസർ കവിത റാണിയെ വിളിച്ചു:”സാധാരണഗതിയിൽ സംസ്ഥാനത്തെ അംഗൻവാടികൾക്ക് ഭക്ഷണത്തിനുള്ള ഒരു മെനുവില്ല. അംഗൻവാടികളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ പോഷകമൂല്യം ഇത്രയായിരിക്കണം എന്ന് മാത്രമാണ് സർക്കാർ നിർദേശിച്ചിട്ടുള്ളത്. തദ്ദേശ സ്ഥാപനങ്ങൾ (ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി) അവരുടെ വാർഷിക പദ്ധതിയുടെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ് സാധാരണയായി മെനു തയ്യാറാക്കുന്നത്. അതുകൊണ്ട് ചിലയിടങ്ങളിൽ പാലോ മുട്ടയോ രണ്ടും കൂടിയോ അതിന്റെ ലഭ്യതയനുസരിച്ച് നൽകുന്നുണ്ട്. സംസ്ഥാന, കേന്ദ്ര, തദ്ദേശ സ്ഥാപനങ്ങൾ അനുവദിക്കുന്ന ഫണ്ടുകൾ എല്ലാം ഇതിനായി ഉപയോഗിക്കുന്നത്. എന്നാൽ , സംസ്ഥാനത്തെ 33,115 അങ്കണവാടികളിലെയും കുട്ടികൾക്ക് അധിക പോഷകമായി പാലും മുട്ടയും നൽകുന്നതിന് സംസ്ഥാന സർക്കാർ പൂർണമായും ധനസഹായം നൽകുന്ന പുതിയ പദ്ധതിയാണ് പോഷക ബാല്യം പദ്ധതി. പോഷക ബാല്യം പദ്ധതിയുടെ ഫണ്ട് പൂർണമായും സംസ്ഥാന സർക്കാരാണ് നൽകുന്നത്,” കവിത റാണി പറഞ്ഞു.
അംഗൻവാടികൾ വഴി കുട്ടികൾക്ക് രാവിലെ ലഘുഭക്ഷണം, ഉച്ചഭക്ഷണം, പൊതു ഭക്ഷണം എന്നിവ നൽകുന്നതിനും, അമൃതം ന്യൂട്രിമിക്സ് എന്ന പോഷകപ്പൊടി റേഷനായി മാസത്തിൽ രണ്ടുതവണ നൽകുന്നതിനും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇന്ത്യാ ഗവൺമെന്റ് മാനദണ്ഡങ്ങൾക്കനുസൃതമായി ഭക്ഷ്യധാന്യങ്ങൾ റേഷൻ ആയി നൽകുന്നതിനും കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിക്കുന്നുണ്ട്. എന്നാൽ, അംഗനവാടി കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്ന പോഷക ബാല്യം പദ്ധതി കേരള സർക്കാരിന്റെ ബഡ്‌ജറ്റ് രേഖകൾ പ്രകാരം കേരള സർക്കാരിന്റ ബഡ്‌ജറ്റിൽ നിന്നും 61.5 കോടി രൂപ അനുവദിച്ച് നടപ്പിലാക്കുന്നതാണ്. ഇത്തവണത്തെ ബഡ്‌ജറ്റ് പ്രസംഗത്തിലെ 400-ാമത്തൈ നമ്പരായി ഇത് കൊടുത്തിട്ടുണ്ട്.
വായിക്കാം: വീഡിയോയിൽ കാണുന്നത് യഥാർത്ഥ മത്സ്യ കന്യക അല്ല
അക്ഷയപാത്രയുമായി പോഷക ബാല്യം പദ്ധതിയ്ക്ക് ബന്ധമില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോഷക ബാല്യം കേന്ദ്ര സർക്കാരിന്റെ പദ്ധതിയല്ല അത്. കേരള സർക്കാരാണ് അത് ഫണ്ട് ചെയ്യുന്നത്.
(കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി ഓഗസ്റ്റ് 5 ,2022ൽ അപ്ഡേറ്റ് ചെയ്തത്.)
Sources
Description in the website of Kerala Government’s Women and Child Development Department
Description in the website of Akshaya Patra
Telephone conversation with Akshaya Patra Media relation department personnel Vivek S
Telephone conversation with Integrated Child Development Services Thiruvananthapuram Project officer Kavitha Rani
Budget Speech by Finance Minister K N Balagopal in State assembly on March 11,2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്
Sabloo Thomas
May 29, 2021
Sabloo Thomas
June 1, 2022
Sabloo Thomas
February 3, 2023