Fact Check
മുഖ്യമന്ത്രി പിണറായി വിജയൻ ശബരിമലയിലെ ശരണം വിളി തെറ്റിച്ചോ?
Claim
ശബരിമലയിലെ ശരണം വിളി കേരള മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിച്ചു. അദ്ദേഹം "കല്ലും മുള്ളും കാലുക്കുത്ത"എന്ന് വിളിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ.
Fact
വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ട്. യഥാർത്ഥ ദൃശ്യങ്ങളിൽ "കല്ലും മുള്ളും കാലുക്ക് മെത്ത" എന്ന് ശരിയായി തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിളിക്കുന്നത്.
ശബരിമലയിലെ ശരണം വിളി കേരള മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിച്ചു വിളിച്ചു എന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ വൈറലാവുന്നുണ്ട്. അദ്ദേഹം “കല്ലും മുള്ളും കാലുക്കുത്ത” എന്ന് വിളിക്കുന്നതായാണ് വിഡിയോയിൽ കാണുന്നത്.

ഇവിടെ വായിക്കുക:ഈ വൈറൽ ചിത്രം കുസാറ്റിൽ നടത്തിയ ‘താലിബാൻ ശൈലിയിലുള്ള’ സെമിനാറിന്റെതാണോ?
Evidence
1. വീഡിയോയിൽ ഇവൻ്റ് ടാഗ് കാണാം
വീഡിയോയിൽ ആഗോള അയ്യപ്പ സംഗമത്തിന്റെ ടാഗ് മുഖ്യമന്ത്രി കഴുത്തിൽ അണിഞ്ഞിരിക്കുന്നത് കാണാം.
2. ഏഷ്യാനെറ്റ് ന്യൂസ് വീഡിയോ
വൈറലായ ക്ലിപ്പിൽ ഏഷ്യാനെറ്റ് ന്യൂസിൻ്റെ ലോഗോയുണ്ട്. അത് ഒരു തെളിവായി എടുത്ത്, ഏഷ്യാനെറ്റ് ന്യൂസിന്റെ യൂട്യൂബ് ചാനലിൽ നടത്തിയ പരിശോധനയിൽ 2025 സെപ്റ്റംബർ 20-ന് പങ്കിട്ട ഒരു ഷോർട്ട്സ് വീഡിയോ കണ്ടെത്തി. ആഗോള അയ്യപ്പ സംഗമത്തിന്റെ ടാഗ് മുഖ്യമന്ത്രി കഴുത്തിൽ അണിഞ്ഞിരിക്കുന്നത് ഈ വിഡിയോയിലും കാണാം.
1.31 മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയുടെ, ആദ്യ സെക്കൻ്റിൽ തന്നെ “കല്ലും മുള്ളും കാലുക്ക് മെത്ത” എന്നാണ് മുഖ്യമന്ത്രി പിണറായി പറയുന്നത്.
ഈ ഭാഗം പൂർണമായി ഇങ്ങനെയാണ്: “കല്ലും മുള്ളും കാലുക്ക് മെത്ത എന്ന ശരണം വിളിച്ചുകൊണ്ട് കഷ്ടപ്പെട്ട് കാനന പാതകൾ താണ്ടി, പതിനെട്ടാം പടി കയറി അവിടെ എത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നത് തത്ത്വമസി എന്ന ഉപനിഷത്ത് വചനമാണ്.”

3.കേരള വിഷൻ ന്യൂസ് പ്രസിദ്ധീകരിച്ച മുഴുവൻ വീഡിയോ
49 മിനിറ്റ് നീണ്ടുനിൽക്കുന്ന മുഖ്യമന്ത്രിയുടെ മുഴുവൻ പ്രസംഗവും കേരളാ വിഷൻ ന്യൂസിന്റെ
യൂട്യൂബ് ചാനലും 2025 സെപ്റ്റംബർ 20-ന് അപ്ലോഡ് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ശരണം വിളി വീഡിയോയുടെ 11:20 മിനിറ്റിലാണ് കേൾക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് ക്ലിപ്പുമായി പൊരുത്തപ്പെടുന്ന രീതിയിൽ,” കല്ലും മുള്ളും കാലുക്ക് മെത്ത എന്ന ശരണം വിളിച്ചുകൊണ്ട് കഷ്ടപ്പെട്ട് കാനന പാതകൾ താണ്ടി, പതിനെട്ടാം പടി കയറി അവിടെ എത്തുന്ന ഭക്തജനങ്ങളെ സ്വാഗതം ചെയ്യുന്നത് തത്ത്വമസി എന്ന ഉപനിഷത്ത് വചനമാണ്,” എന്നാണ് ഇവിടെയും കേൾക്കുന്നത്.

4. എഡിറ്റിംഗ് തിരിച്ചറിയാൻ കഴിയും
വൈറൽ ക്ലിപ്പ് യഥാർത്ഥ പ്രസംഗവുമായി താരതമ്യപ്പെടുത്തിയാൽ കാലുക്ക് മെത്ത എന്ന വാചകം ബോധപൂർവം വെട്ടി മാറ്റി കാലുക്കുത്ത എന്നാക്കി മാറ്റിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശരണം വിളി തെറ്റിച്ചു എന്ന രീതിയിൽ പ്രചരണം നടത്തുന്നത്.
Explainer
ശബരിമലയിലെ “ശരണം വിളി” എന്നത് തീർത്ഥാടകർക്ക് അവരുടെ ഭക്തി പ്രകാശിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഉപാധിയാണ്. ,ഇത് സഹനത്തിൻ്റെയും അയ്യപ്പനോടുള്ള കീഴടങ്ങലിൻ്റെയും പ്രതീകമായായാണ് കരുതപ്പെടുന്നത്. “കല്ലും മുള്ളും കാലുക്ക് മെത്ത” എന്ന ശരണം വിളി ഉദ്ദരിച്ച് ഭക്തർ ബുദ്ധിമുട്ടുകളെ എങ്ങനെയാണ് പവിത്രമായി കാണുന്നത് എന്ന് മുഖ്യമന്ത്രി വിവരിക്കുകയായിരുന്നു. അത് എഡിറ്റ് ചെയ്ത് മുഖ്യമന്ത്രി ശരണം വിളി തെറ്റായി വിളിച്ചുവെന്ന് തരത്തിൽ പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Verdict
വൈറലായ അവകാശവാദം തെറ്റാണ്. “കല്ലും മുള്ളും കാലുക്കുത്ത” എന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ടില്ല. “കല്ലും മുള്ളും കാലുക്ക് മെത്ത” എന്ന് ശബരിമല മന്ത്രം അദ്ദേഹം കൃത്യമായി ഉദ്ധരിച്ചു. വൈറലായ വീഡിയോ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കും വിധം ഡിജിറ്റലായി എഡിറ്റ് ചെയ്താണ് പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
FAQs
Q1. “കല്ലും മുള്ളും കാലുക്കുത്ത” എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞോ?
ഇല്ല. വൈറലായ വീഡിയോ എഡിറ്റ് ചെയ്തതാണ്. അദേഹം പറഞ്ഞത “കല്ലും മുള്ളും കാലുക്ക് മെത്ത”.
Q2. ഈ പ്രസംഗം എവിടെയാണ് നടന്നത്?
2025 സെപ്റ്റംബർ 20ന് നടന്ന ആഗോള അയ്യപ്പ സംഗമത്തിനിടെയായിരുന്നു അത്.
Q3.യഥാർത്ഥ വീഡിയോയുടെ ഉറവിടം എന്താണ്?
യഥാർത്ഥ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഷോർട്ട്സിലും പ്രസംഗത്തിന്റെ പൂർണ്ണരൂപം കേരള വിഷൻ ന്യൂസ് യൂട്യൂബ് ചാനലിലും ലഭ്യമാണ്.
Q4. വീഡിയോ എങ്ങനെയാണ് എഡിറ്റ് ചെയ്തത്?
“മെത്ത” എന്ന വാക്ക് എഡിറ്റ് ചെയ്ത് മാറ്റി പകരം”കുത്ത” എന്ന് വാക്ക് ചേർത്തു.
Q5.ഈ മന്ത്രം എന്തുകൊണ്ട് പ്രധാനമാണ്?
ശബരിമല യാത്രയ്ക്കിടെയുള്ള ബുദ്ധിമുട്ടുകൾ കഷ്ടപ്പാടുകളല്ല, അനുഗ്രഹങ്ങളാണെന്ന തീർത്ഥാടകരുടെ വിശ്വാസത്തെ ഇത് പ്രതിനിധീകരിക്കുന്നു.
Sources
Asianet News YouTube Shorts – 20 September 2025
Kerala Vision News YouTube Full Video – 20 September 2025