Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേരളത്തിലെ പുരാതന ക്ഷേത്രങ്ങളില്‍ ഒന്നാണ് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം അഥവാ കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം. ഇളംകോവടികളുടെ തമിഴ് ക്ലാസ്സിക്കല്‍ കൃതിയായ ചിലപ്പതികാരത്തിലെ നായികയായ കണ്ണകിക്ക് ചേര രാജാവു നിര്‍മ്മിച്ചു നല്‍കിയതാണ് ഈ ക്ഷേത്രമെന്നും പറയപ്പെടുന്നു. ഈ ക്ഷേത്രത്തിലെ വിഗ്രഹം ജനുവരി 24,2023ൽ ഒരു അക്രമി തകർത്തതായി വാർത്തകൾ ഉണ്ടായിരുന്നു.
അതിനെ തുടർന്ന്, “കൊടുങ്ങല്ലൂർ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാനം തച്ചു തകർത്തു ഷാജഹാൻ എന്നൊരു കൊടും ക്രിമിനൽ.നാട്ടുകാർ പിടിച്ചു കെട്ടി പോലീസിൽ ഏല്പിച്ചു. പ്രതിഷേധം ശക്തമാവുന്നു” എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. വർഗീയമായ ഉള്ളടക്കത്തോടെയാണ് പോസ്റ്റ് ഷെയർ ചെയ്യപ്പെട്ടുന്നത്.
വീര പഴശ്ശി വീരപഴശ്ശി എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കാണുമ്പോൾ അതിന് 595 ഷെയറുകൾ ഉണ്ടായിരുന്നു.
സനാതന ധർമ്മം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 71 ഷെയറുകൾ ഞങ്ങൾ കാണുമ്പോൾ ഉണ്ടായിരുന്നു.
കൊടുങ്ങല്ലൂരമ്മ ഭദ്രകാളിഉപാസകർ എന്ന ഗ്രൂപ്പിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 2 ഷെയറുകൾ ഉണ്ടായിരുന്നു.
പോസ്റ്റുകളുടെ നിജസ്ഥിതി അറിയാൻ ഞങ്ങൾ, ‘ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം,’ ‘അക്രമം,’ എന്നീ വാക്കുകൾ ഉപയോഗിച്ച് കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ദേശാഭിമാനി,ന്യൂസ് 18,മാതൃഭൂമി എന്നിവയടക്കം ധാരാളം മാധ്യമങ്ങളുടെ റിപോർട്ടുകൾ കിട്ടി. 2023 ജനുവരി 24, 25 തീയതികളിൽ പ്രസീദ്ധീകരിച്ച റിപോർട്ടുകൾ ആയിരുന്നു അവ.”അക്രമം നടത്തിയ തിരുവനന്തപുരം പാറശ്ശാല സ്വദേശി രാമചന്ദ്രനെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. സംഭവത്തിൽ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി കൊടുങ്ങല്ലൂർ നഗരസഭാ പ്രദേശത്ത് ഹർത്താൽ പ്രഖ്യാപിച്ചു,” എന്നാണ് റിപോർട്ടുകൾ പറയുന്നത്. പോസ്റ്റിൽ പറയുന്നത് പോലെ അക്രമി മുസ്ലിം അല്ലെന്നും ഹിന്ദുവാണ് എന്നും ഇതിൽ നിന്നും മനസിലായി.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത് എന്നുള്ളത് കൊണ്ട് ഞങ്ങൾ അവിടത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ സോണി മത്തായിയെ വിളിച്ചു.
“അറസ്റ്റിലായ പ്രതിയുടെ പേര് ഷാജഹാൻ എന്നല്ല, രാമചന്ദ്രൻ എന്നാണ്. ഇയാള്‍ തിരുവനന്തപുരം പാറശാല സ്വദേശിയാണ്. അയാൾ മനസികമായ പ്രശ്നങ്ങൾ ഉള്ള ആളാണ് എന്നാണ് അയാളുടെ നാട്ടിൽ അന്വേഷിച്ചപ്പോൾ ലഭിച്ച വിവരം. എന്നാൽ ഇത് ശരിയാണോ എന്നറിയാൻ ഞങ്ങൾ അറസ്റ്റ് ചെയ്ത് റിമാൻഡിൽ ആയ അയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.വൈദ്യ പരിശോധനയ്ക്ക് ശേഷം മാത്രമേ അയാൾ മാനസിക രോഗിയാണോ എന്നറിയാൻ കഴിയൂ. അക്രമിയുടെ പേര് ഷാജഹാൻ ആണ് എന്ന തരത്തിൽ പ്രചരണം നടക്കുന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഈ പ്രചരണത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ നിയമോപദേശം പോലീസ് തേടിയിട്ടുണ്ട്.” സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു.
പ്രതിയുടെ പേര് രാമചന്ദ്രൻ എന്നാണ് എന്ന് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രം ഓഫിസിൽ നിന്നും അറിയിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തപ്പോൾ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന ക്ഷേത്രത്തിലെ താത്കാലിക ജീവനക്കാരനായ ശേഖരനും അറസ്റ്റ് ചെയ്ത ആളുടെ പേര് രാമചദ്രൻ ആണ് എന്ന് വ്യക്തമാക്കി. പോലീസ് അയാളുടെ ബാഗിൽ ഉണ്ടായിരുന്ന ആധാർ കാർഡ് പരിശോധിക്കുകയും അയാളുടെ ജന്മനാടായ തിരുവനന്തപുരം ജില്ലയിലെ പാറശാലയിൽ അന്വേഷിക്കുകയും ചെയ്ത ശേഷമാണ് അയാളുടെ പേര് രാമചന്ദ്രൻ എന്നാണ് എന്ന് മനസിലാക്കിയത്. അറസ്റ്റ് ചെയ്ത സമയത്ത് അയാൾ അക്രമാസക്തനായാണ് കാണപ്പെട്ടത്. അയാളുടെ സ്വഭാവ രീതി കണ്ടിട്ട് അയാൾക്ക് മാനസിക പ്രശ്നങ്ങൾ ഉള്ളതായും തോന്നി,” ശേഖരൻ പറഞ്ഞു.
കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിനു നേരെ അക്രമം നടത്തിയ ആളുടെ പേര് ഷാജഹാൻ എന്നല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
Sources
News Report in Mathrubhumi dated January 24,2023
News Report in Deshabhimani dated January 25,2023
News Report in News 18 dated January 24,2023
Telephone Conversation with Kodungalloor SHO Sony Mathai
Telephone Conversation with Kodungallur Sree Kurumba Bagavathi Temple Office
Telephone Conversation with Sekharan, Staff at Sree Kurumba Bagavathi Temple
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.