തന്റെ അസുഖം ദേദമാവാൻ എല്ലാവരും പ്രാർത്ഥിക്കണം എന്ന് നടൻ മമ്മൂട്ടി പറയുന്നതായുള്ള ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഈ ഇടയായി പ്രചരിക്കുന്നുണ്ട്.
നടൻ മമ്മൂട്ടിയുടെ ആരോഗ്യാവസ്ഥയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഈ പോസ്റ്റുകൾ.
“എല്ലാവരും ഈ നോമ്പുമാസം എനിക്കു വേണ്ടി പ്രാർത്ഥിക്കണം, മമ്മൂട്ടി പ്രതികരിച്ചു. ഇക്ക നോമ്പ് കഴിഞ്ഞാൽ പൊളിച്ചടുക്കും,”എന്നാണ് വീഡിയോയുടെ വിവരണം.
വീഡിയോയിൽ മമ്മൂട്ടി ഇങ്ങനെ പറയുന്നത് കേൾക്കാം: “ഇത് പറയാൻ ഒരു കാര്യം കൂടിയുണ്ട്. നമ്മൾ രോഗികളിൽ, രോഗിയായ നമ്മളിൽ പലരും…”
അതിന് ശേഷം ഒരു സ്ത്രീശബ്ദത്തിൽ ഇങ്ങനെ വിശദീകരിക്കുകയാണ്, “കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ എന്റെ രോഗമാണല്ലോ ട്രെൻഡിങ്. എല്ലാം കാണുന്നുമുണ്ട്, പ്രതികരിക്കണമെന്ന് കുറെ നാളായി കരുതുന്നുമുണ്ട്. സിനിമാക്കാർക്കിതൊന്നും അത്ര വിഷയമല്ല.”
“എത്രയോ നടന്മാരെയും നടിമാരെയും സോഷ്യൽ മീഡിയയിൽ നമ്മൾ കൊന്നു കളഞ്ഞിട്ടുണ്ട്. എനിക്ക് ചില ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അത് സത്യം തന്നെയാണ്. ഇപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല. എന്റെ പിള്ളാര് പേടിക്കേണ്ട. ഡോണ്ട് വറി. ഞാൻ ഓക്കെയാണ്. നിങ്ങളുടെ സ്നേഹത്തിന് ഒരുപാട് നന്ദി. ഈ നോമ്പുമാസം എനിക്കുവേണ്ടി എല്ലാവരും ദുആ ചെയ്യുക,” എന്നും ഓഡിയോയിൽ കേൾക്കാം.

നേരത്തെ, മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും പേടിക്കേണ്ടതായ കാര്യങ്ങളൊന്നും തന്നെയില്ലെന്നും ‘എംപുരാൻ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പ്രസ് മീറ്റിൽ മോഹൻലാൽ വ്യക്തമാക്കിയിരുന്നു. ‘‘അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ചെറിയ പ്രശ്നമുണ്ടായിരുന്നു. എല്ലാവർക്കും ഉണ്ടാകും. അത്ര മാത്രമേ ഉള്ളൂ. പേടിക്കാൻ ഒന്നുമില്ല,’’ മോഹൻലാൽ പറഞ്ഞു.
അതിനും മുൻപ്, മമ്മൂട്ടിക്ക് വേണ്ടി സൂപ്പർ സ്റ്റാർ മോഹൻലാൽ ശബരിമലയിൽ പ്രാർത്ഥന നടത്തിയത് വിവാദമായിരുന്നു. മമ്മൂട്ടി ഒരു മുസ്ലീമാണെന്നും അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് പൂജ നടത്തിയതെങ്കിൽ അദ്ദേഹം മാപ്പ് പറയണമെന്നും വിമർശകർ ചൂണ്ടിക്കാണിച്ചു. പ്രാർത്ഥനകൾ വ്യക്തിപരമാണെന്നും നടന് അസുഖമുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്നാണ് പൂജ നടത്തിയതെന്നും തന്റെ നിലപാട് വ്യക്തമാക്കി മോഹൻലാൽ പറഞ്ഞു.
പോരെങ്കിൽ, മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെ പറ്റിയുള്ള അഭ്യൂഹങ്ങളെ തുടർന്ന്, മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച പ്രചാരണങ്ങള്‍ വ്യാജമാണെന്ന് അദ്ദേഹത്തിന്റെ പബ്ലിക് റിലേഷന്‍സ് ടീം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഈ പോസ്റ്റുകളുടെ നിജസ്ഥിതി പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ഇവിടെ വായിക്കുക:സുനിത വില്യംസും ഭർത്താവും നിൽക്കുന്ന ഫോട്ടോയല്ലിത്
Fact Check/Verification
ഞങ്ങൾ ആദ്യം മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജുകൾ പരിശോധിച്ചപ്പോൾ അസുഖം സംബന്ധിച്ച് ഒരു പരാമര്‍ശവും അദ്ദേഹം നടത്തിയിട്ടില്ലെന്ന് മനസ്സിലിക്കാൻ കഴിഞ്ഞു.
തുടർന്ന് ഞങ്ങൾ വീഡിയോയുടെ കീ ഫ്രേമുകൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, ഏപ്രിൽ 14, 2020ല്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജില്‍ പങ്ക് വെച്ച വീഡിയോ കിട്ടി.
വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം ഇങ്ങനെയാണ്, “ക്ലബ് എഫ്എമ്മിന്റെ സല്യൂട്ട് ദി ഹീറോസ് എന്ന പ്രോഗ്രാമിന്റെ ഭാഗമായ കോഴിക്കോട് മെഡിക്കൽ കോളേജിലെ സിസ്റ്റർ ഷീനയുമായി സംസാരിച്ചു. കോവിഡ് 19ൽ നിന്ന് നമ്മുടെ നാടിനെ രക്ഷിക്കാൻ സ്വന്തം ജീവനും ജീവിതവും സമർപ്പിച്ച് ജോലി ചെയ്യുന്ന നമ്മുടെ ആരോഗ്യ പ്രവർത്തകരുടെ ഓരോ ദിവസം എങ്ങനെയാണ് കടന്ന് പോകുന്നത് എന്ന് നമ്മൾ അറിഞ്ഞിരിക്കണം, ഏകദേശം 20 മിനിറ്റ് ഞാൻ അവരോടു സംസാരിച്ചു, നമ്മൾ ഓരോരുത്തരും ഇവരുടെ വാക്കുകൾ മുഴുവനായും കേൾക്കണം.”

ഈ വീഡിയോയുടെ 1:22 മിനിറ്റ് മുതൽക്കുള്ള ഭാഗത്ത്, കോവിഡ് രോഗാവസ്ഥയെക്കുറിച്ച് പറയുന്നുണ്ട്. ഈ ഭാഗം മുറിച്ചെടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുകയാണ് വൈറൽ പോസ്റ്റിൽ.
വീഡിയോയിലെ സ്ത്രീ ശബ്ദം മമ്മൂട്ടിയുടെ രോഗ വിവരത്തെ കുറിച്ച് നടത്തുന്ന വിവരണം ഒറിജിനൽ വീഡിയോയിൽ ഇല്ല. അതിനൊപ്പം കൊടുത്തിട്ടുള്ള മമ്മൂട്ടിയുടെ വിവിധ ദൃശ്യങ്ങളും. അവ കൂട്ടിചേർത്തതാണ്.
“നടൻ മമ്മൂട്ടി കോഴിക്കോട് മെഡിക്കൽ കോളേജിലെ സ്റ്റാഫ് നേഴ്സ് ഷീനയുമായി നടത്തിയ ഫോൺ സംഭാഷണം. കൊറോണക്കെതിരെയുള്ള പ്രതിരോധത്തിൽ നാം വീടുകളിൽ കഴിയുമ്പോൾ നമുക്ക് വേണ്ടി പോരാടുന്ന ഹീറോസിനെ സല്യൂട്ട് ചെയ്യാം,” എന്ന പേരിൽ ഈ സംഭാഷണത്തിന്റെ ഓഡിയോ ഏപ്രിൽ 18, 2020ല്‍ ക്ലബ് എഫ്എമ്മിന്റെ ഫേസ്ബുക്ക് പേജിൽ പങ്ക് വെച്ചത് ഞങ്ങൾ ഒരു കീ വേർഡ് സെർച്ചിൽ കണ്ടെത്തി.

Facebook Post by Club FM
ഇവിടെ വായിക്കുക:ആസ്സാമിലെ ബിജെപി എംഎല്‍എയല്ല വീഡിയോയിൽ മറ്റൊരാളെ മർദ്ദിക്കുന്നത്
Conclusion
കൊവിഡ് 19 ബോധവത്ക്കരണം സംബന്ധിച്ച് മമ്മൂട്ടി പങ്കുവച്ച വീഡിയോയാണ് തന്റെ അസുഖം ദേദമാവാൻ പ്രാർത്ഥിക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടുവെന്ന പേരിൽ പ്രചരിപ്പിക്കുന്നത് എന്ന് മനസ്സിലായി.
Sources
Facebook Post by Mammootty on April 14,2020
Facebook Post by Club FM on April 18,2020