Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Daily Reads
കേരളത്തിൽ മങ്കിപോക്സ് രോഗം ഒരാളിൽ സ്ഥീരീകരിച്ചതിനെ തുടർന്ന് സംസ്‌ഥാനം ആശങ്കയിലാണ്.വിദേശത്ത് നിന്ന് കേരളത്തിലെത്തിയയാൾക്ക് വാനര വസൂരി അഥവാ കുരങ്ങ് പനിയുടെ (മങ്കിപോക്സ്) ലക്ഷണങ്ങൾ കണ്ടെത്തിയത്. ലോക വ്യാപകമായി 50 ഓളം രാജ്യങ്ങളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേരളത്തിലും ഇത് റിപ്പോർട്ട് ചെയ്തത്. അതിനെ തുടർന്ന് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർദേശം നൽകി.
ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഈ വ്യക്തിയുടെ സാമ്പിളുകൾ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരുന്നു. എല്ലാ സാമ്പിളുകളും പോസിറ്റീവാണ്. എന്നാൽ ജനങ്ങൾക്ക് ഇതുസംബന്ധിച്ച് ആശങ്ക വേണ്ടെന്ന് മന്ത്രി അറിയിച്ചു. രോഗി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്‌സയിലാണ്.
രോഗിയുടെ അച്ഛൻ, അമ്മ, ടാക്‌സി ഡ്രൈവർ, ഓട്ടോ ഡ്രൈവർ എന്നിവരുമായാണ് സമ്പർക്കം ഉണ്ടായിട്ടുള്ളത്. യു. എ. ഇയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ തൊട്ടടുത്തുണ്ടായിരുന്ന 11 പേരെ കണ്ടെത്തി വിവരം അറിയിച്ചിട്ടുണ്ട്. നാട്ടിലെത്തിയ ദിവസം തന്നെ ലക്ഷണങ്ങൾ കണ്ടതിനാൽ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്‌സ തേടിയിരുന്നു. ഇവിടെ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. ചിക്കൻ പോക്‌സിന് സമാനമായ ലക്ഷണങ്ങൾ വാനര വസൂരിയ്ക്കുമുണ്ട്.
രോഗലക്ഷണമുള്ളയാളെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനക്ക് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. ആരോഗ്യ വകുപ്പ് മുൻകരുതൽ നടപടി സ്വീകരിച്ചിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. യൂറോപ്പിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ അമേരിക്കയിലും വാനര വസൂരി സ്ഥിരീകരിച്ചപ്പോൾ തന്നെ ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയിരുന്നു. ആരോഗ്യ വകുപ്പ് പ്രത്യേക യോഗം വിളിച്ച് ചേർത്ത് മുൻകരുതലുകൾ സ്വീകരിച്ചു. ഈ രോഗത്തെപ്പറ്റിയും പ്രതിരോധ മാർഗങ്ങളെപ്പറ്റിയും എല്ലാവരും അറിഞ്ഞിരിക്കണമെന്നും മന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങൾ കാണിച്ച സമയത്ത് തന്നെ മുൻകരുതലുകളുടെ ഭാഗമായി അദ്ദേഹത്തെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചുവെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹവുമായി സമ്പര്‍ക്കത്തില്‍ വന്നവരെ നിരീക്ഷണത്തിലാക്കുകയും ചെയ്തു. രോഗിയുടെ നില തൃപ്തികരമാണ്,മുഖ്യമന്ത്രി പറഞ്ഞു.
മങ്കിപോക്‌സിന്റെ സമാന ലക്ഷണങ്ങളുള്ളവരെ പരിശോധന നടത്തി നിരീക്ഷണം ശക്തമാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചുവരികയാണ്. എല്ലാവരും ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. എല്ലാവരും മാസ്‌ക് ധരിക്കുന്നതും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുന്നതും ശീലമാക്കണം. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. കോവിഡിനെ പോലെ മങ്കിപോക്‌സിനേയും നമുക്ക് പ്രതിരോധിക്കാനാകും, മുഖ്യമന്ത്രി അറിയിച്ചു.
ഇതിനിടയിൽ, വാനര വസൂരി വ്യാപനം തടയാൻ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട് . സംശയാസ്പദമായ കേസുകൾ സ്‌ക്രീൻ ചെയ്യാനും പരിശോധിക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം അറിയിപ്പിൽ ആവശ്യപ്പെട്ടു.
ഐസൊലേഷൻ, ബോധവത്കരണം, പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ ആശുപത്രി ജീവനക്കാർ, ലോജിസ്റ്റിക്കൽ സപ്പോർട്ട് എന്നിവ തയ്യാറാക്കാനാണ് ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചത്. ആരോഗ്യ സ്‌ക്രീനിങ് ടീമുകൾ, രോഗ നിരീക്ഷണ സംഘങ്ങൾ, ഡോക്ടർമാർ തുടങ്ങിയവരെ സജ്ജരാക്കണമെന്നും നിർദ്ദേശങ്ങളിൽ പറയുന്നു. രോഗം സംശയിക്കുന്നവരെ സമൂഹത്തിൽ ഇടപഴകുന്നതിന് മുൻപ് തന്നെ പരിശോധനയ്‌ക്ക് വിധേയരാക്കണം. ഐസൊലേഷനും നിരീക്ഷണവും യഥാസമയമുളള ചികിത്സയുമാണ് ജീവഹാനി ഒഴിവാക്കാനുളള വഴിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.
ഇത്തരം ഒരു സാഹചര്യത്തിൽ എന്താണ് മങ്കിപോക്സ് എന്നും അതിന്റെ പ്രത്യാഘാതം എന്ത് എന്നും വിവരിക്കാനാണ് ലേഖനത്തിൽ ശ്രമിക്കുന്നത്.
1958-ൽ ഒരു ഡാനിഷ് ലബോറട്ടറിയിൽ കുരങ്ങുകളിൽ വൈറസ് കണ്ടെത്തിയതിൽ നിന്നാണ് മങ്കിപോക്‌സ് എന്ന പേര് ഉത്ഭവിച്ചത്. വസൂരി, കൗപോക്സ്, ക്യാമൽപോക്സ് എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളുടെ അതേ കുടുംബത്തിൽ പെടുന്ന ഓർത്തോപോക്‌സ് വൈറസാണിത്..
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് വാനരവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനംചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ വാനരവസൂരി ആദ്യമായി കണ്ടെത്തിയത്.
വൈറൽ രോഗമായതിനാൽ വാനര വസൂരിക്ക് പ്രത്യേക ചികിത്സ ലഭ്യമല്ല. രോഗലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. വാനര വസൂരിക്ക് വാക്സിനേഷൻ നിലവിലുണ്ട്.
, “ഗുരുതരമായ കേസുകളിൽ വാക്സിനിയ ഇമ്മ്യൂൺ ഗ്ലോബുലിൻ (VIG),WHO ശുപാർശ ചെയ്യുന്നു. വസൂരി ചികിത്സിക്കുന്നതിനായി വികസിപ്പിച്ച ആൻറിവൈറൽ (ടെക്കോവിരിമാറ്റ്, TPOXX എന്ന വാണിജ്യ നാമത്തിൽ അറിയപ്പെടുന്നത്) 2022 ജനുവരിയിൽ വാനര വസൂരി ചികിത്സയ്ക്ക് ഉപയോഗിക്കാം എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വസൂരിക്കെതിരെ ഉപയോഗിക്കാൻ ലഭ്യമായ വാക്സിനുകൾ വാനര വസൂരി ക്കെതിരെയും ഫലപ്രദമാണ്, എന്ന് WHO പറയുന്നു.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വാനരവസൂരി പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ വാനര വസൂരി വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.
രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. ക്ഷതങ്ങൾ, ശരീര സ്രവങ്ങൾ, ശ്വസന തുള്ളികൾ, കിടക്ക പോലുള്ള വസ്തുക്കൾ എന്നിവയുമായുള്ള അടുത്ത സമ്പർക്കം, രോഗം ബാധിച്ചയാളുമായുള്ള ലൈംഗിക ബന്ധം എന്നിവയിലൂടെ വാനര വസൂരി വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും.
പ്ലാസന്റ വഴി അമ്മയിൽ നിന്ന് കുഞ്ഞിലേക്കോ അല്ലെങ്കിൽ ജനനസമയത്തോ, അതിനുശേഷമോ കുഞ്ഞുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയും രോഗസംക്രമണം സംഭവിക്കാം. ലോകമെമ്പാടും വസൂരിക്കുള്ള വാക്സിനേഷൻ നിർത്തലാക്കിയതിനാൽ പൊതുജനങ്ങളിൽ വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയുന്നത് വാനര വസൂരിക്കെതിരെയുള്ള പ്രതിരോധശേഷി കുറയ്ക്കുന്നതിനും കാരണമായേക്കാം.
വാനര വസൂരിയുടെ ഇൻകുബേഷൻ കാലയളവ് സാധാരണഗതിയിൽ ആറ് മുതൽ 13 ദിവസം വരെയാണ്. എന്നാൽ ചില സമയത്ത് ഇത് അഞ്ച് മുതൽ 21 ദിവസം വരെയാകാം. രണ്ട് മുതൽ നാല് ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്.
പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
രോഗം ഗുരുതരമാകുന്നത് രോഗിയുടെ ആരോഗ്യനില, പ്രതിരോധശേഷി, രോഗത്തിന്റെ സങ്കീർണതകൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. അണുബാധകൾ, ബ്രോങ്കോന്യുമോണിയ, സെപ്സിസ്, എൻസെഫലൈറ്റിസ്, കോർണിയയിലെ അണുബാധ എന്നിവയും തുടർന്നുള്ള കാഴ്ച നഷ്ടവും ഈ രോഗത്തിന്റെ സങ്കീർണതകളിൽ ഉൾപ്പെടുന്നു. രോഗലക്ഷണങ്ങളില്ലാതെയുള്ള അണുബാധ എത്രത്തോളം സംഭവിക്കാം എന്നത് അജ്ഞാതമാണ്.
മുതിർന്ന ഫാർമസ്യൂട്ടിക്കൽ അനലിസ്റ്റ് സാം ഫാസെലി പറയുന്നത്, “നിങ്ങളുടെ ദേഹം ഈ കുരുക്കളാൽ പൊതിഞ്ഞാൽ, നിങ്ങൾക്ക് ബാക്ടീരിയ അണുബാധയും ചില സന്ദർഭങ്ങളിൽ സെപ്‌സിസും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം സന്ദർഭങ്ങളിലാണ്ണ് ഇത് മാരകമാവുന്നത്. ” സാധാരണ ഗതി 2 മുതൽ 4 ആഴ്ച വരെ നീണ്ടുനിൽക്കുന്ന രോഗലക്ഷണങ്ങളുള്ള ഒരു സ്വയം പരിമിതപെടുത്തുന്നു ഒരു രോഗമാണ് മങ്കിപോക്സ് എന്ന് WHO കൂട്ടിച്ചേർക്കുന്നു.
WHOയുടെ അഭിപ്രായത്തിൽ, കുരങ്ങുപനി വ്യാപകമാകാനുള്ള സാധ്യത വളരെ ചെറുതാണ്. ഇതിനെ വ്യാപക ശേഷിയുള്ള പകർച്ചവ്യാധിയായി കണക്കാക്കുന്നില്ല, കാരണം ഇത്പടരാൻ പകർച്ചവ്യാധിയുള്ള ഒരാളുമായി അടുത്ത ശാരീരിക സമ്പർക്കം ആവശ്യമാണ്. “പൊതുജനങ്ങൾക്ക് അപകടസാധ്യത കുറവാണ്,” WHO പറയുന്നു. മങ്കിപോക്സ് ഒരു നവീന രോഗമല്ലാത്തതിനാൽ കൊവിഡ്-19 പോലെ മറ്റൊരു മഹാമാരിയായി മാറാനുള്ള സാധ്യതകുറവാണ്. കോവിഡിനേ അപേക്ഷിച്ച് അതിന് വ്യാപന ശേഷി കുറവാണെന്നും മേരിലാൻഡ് യുസിഎച്ച് യൂണിവേഴ്‌സിറ്റിയിലെ പകർച്ചവ്യാധികളുടെ ചീഫ് ഡോ.ഫഹീം യൂനസ് പറയുന്നു.
WHO പറയുന്നത്,”ചരിത്രപരമായി മരണനിരക്ക് സാധാരണ ജനങ്ങളിൽ 0 മുതൽ 11% വരെയാണെന്നാണ്. ചെറിയ കുട്ടികളിൽ മരണ നിരക്ക് കൂടുതലാണെന്നും WHO വെളിപ്പെടുത്തുന്നു. സമീപകാലത്ത്, കേസുകളുടെ മരണ അനുപാതം ഏകദേശം 3-6% ആണ്. കോംഗോ ബേസിൻ ക്ലേഡുമായി താരതമ്യം ചെയ്യുമ്പോൾ പടിഞ്ഞാറൻ ആഫ്രിക്കൻ ക്ലേഡിൽ മനുഷ്യരിൽ അണുബാധ ഗുരുതരമായ രോഗത്തിന് കാരണമാകുന്നതിനുള്ള സാധ്യത കുറവാണ് എന്ന് തോന്നുന്നു, പടിഞ്ഞാറൻ ആഫ്രിക്കൻ ക്ലേഡിലെ മരണ നിരക്ക് 3.6% മാണ്. കോംഗോ ബേസിൻ ക്ലേഡിലെ മരണനിരക്ക് 10.6%വും ആണ്.
രോഗ വ്യാപനം തടയാൻ,അസുഖം ബാധിച്ച സമയത്തും, അവയുടെ മൃതശരീരങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും വന്യമൃഗങ്ങളുമായുള്ള സുരക്ഷിതമല്ലാത്ത സമ്പർക്കം ഒഴിവാക്കാൻ ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. മൃഗങ്ങളുടെ മാംസം, രക്തം, മറ്റ് ഭാഗങ്ങൾ എന്നിവയുമായുള്ള സമ്പർക്കവും ഒഴിവാക്കണം. ഇതോടൊപ്പം മൃഗങ്ങളുടെ മാംസം കഴിക്കുന്നതിനു മുമ്പ് നന്നായി വേവിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം.
രോഗബാധിതരായ മനുഷ്യരുമായി അടുത്തിടപഴകുന്നതാണ് വാനര വസൂരി വൈറസ് അണുബാധയ്ക്കുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കുന്നതിനായി നിർബന്ധമായും സാധാരണ സ്വീകരിക്കുന്ന അണുബാധ നിയന്ത്രണ മുൻകരുതലുകളെടുക്കണം, ആരോഗ്യവകുപ്പ് നിർദേശം പറയുന്നു.
ലോക വ്യാപകമായി മങ്കിപോക്സ് രോഗം പടർന്നപ്പോൾ മെയ് 26 ന് ഞങ്ങളുടെ ഇംഗ്ലീഷ് ഫാക്ട് ചെക്ക് ടീമിലെ പങ്കജ് മേനോൻ ഇതിനെ കുറിച്ച് ഒരു എക്സ്പ്ലൈനർ ചെയ്തിരുന്നു. അത് ഇവിടെ വായിക്കാം.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.