Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ശാസ്താംകോട്ട പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഓപ്പറേഷന് സിന്ദൂര്‍ എന്നെഴുതി പൂക്കളമിട്ടതിന് കേസെടുത്തു.
ആര്‍എസ്എസിന്റെ പതാക പൂക്കളത്തോടൊപ്പം വരച്ചു വയ്ക്കുകയും കോടതി വിധി ലംഘിച്ച് ശിവാജിയുടെ ഫ്ലെക്സ് സ്ഥാപിക്കുകയും ചെയ്തതത്തിനാണ് കേസ്.
ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഓപ്പറേഷന് സിന്ദൂര്‍ എന്നെഴുതി പൂക്കളമിട്ടതിന് കേസെടുത്തുവെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
“കലാപം സൃഷ്ടിക്കാൻ ശ്രമമെന്ന് എഫ്ഐആർ. ഓപ്പറേഷൻ സിന്ദൂർ പൂക്കളം കേസിൽ സൈനികരും പ്രതിപ്പട്ടികയിൽ,” എന്ന് എഴുതിയ ജനം ടിവി ന്യൂസ്കാർഡിനൊപ്പമാണ് പ്രചരണം.
“ഭാരതമാത എന്ന് കേൾക്കുമ്പോൾ, ഗുരുപൂജ എന്ന് കേൾക്കുമ്പോൾ വിറളി പിടിക്കുന്നവർക്ക് ഭാരതത്തിൻ്റെ അഭിമാന പോരാട്ടമായ ഓപ്പറേഷൻ സിന്ദൂറിൻ്റെ പേര് കേൾക്കുമ്പോൾ എങ്ങനെ സഹിക്കും?,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക:25kg അരിയാണ് ഇത്തവണ ഓണം കിറ്റായി സ്കൂൾ കുട്ടികൾക്ക് കൊടുക്കുന്നത് എന്ന് ശിവൻകുട്ടി പോസ്റ്റിട്ടോ?
ഞങ്ങൾ ഒരു കീവേഡ് സേർച്ച് നടത്തി. അപ്പോൾ, സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റര്‍ സെപ്റ്റംബർ 6, 2025ൽ ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റ് കിട്ടി. “ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓണപ്പൂക്കളം ഇട്ടതിന് പോലീസ് കേസെടുത്തു എന്നാണ് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി,” എന്നാണ് പോസ്റ്റ് പറയുന്നത്.
“കോടതി വിധിക്കെതിരായി ക്ഷേത്രപരിസരത്ത് കൊടി തോരണങ്ങളും ഫ്ലക്സും പ്രദർശിപ്പിച്ചതിനാണ് എഫ്. ഐ. ആർ നമ്പർ :1555/2025 പ്രകാരം ശാസ്താംകോട്ട പോലീസ് കേസെടുത്തിരിക്കുന്നത്,” എന്ന് പോസ്റ്റ് തുടരുന്നു.

പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഫാക്റ്റ് ചെക്ക് വിഭാഗം അവരുടെ വെബ്സെറ്റിൽ സെപ്റ്റംബർ 6, 2025ന് കൊടുത്ത കുറിപ്പിൽ ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രപരിസരത്ത് കൊടി തോരണങ്ങളും ഫ്ലക്സും പ്രദർശിപ്പിച്ചതിനാണ് എഫ്. ഐ. ആർ നമ്പർ :1555/2025 പ്രകാരം ശാസ്താംകോട്ട പോലീസ് കേസെടുത്തിരിക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്.

തുടർന്ന് ഞങ്ങൾ പോലീസിന്റെ തുണ വെബ്സൈറ്റിൽ ശാസ്താംകോട്ട പോലീസ് സെപ്തംബർ 5, 2025ൽ രജിസ്റ്റർ ചെയ്ത എഫ്. ഐ. ആർ നമ്പർ :1555/2025 പരിശോധിച്ചു.
“സെപ്തംബർ 4, 2025 രാത്രി ഒൻപത് മണിയോടെ ശാസ്താംകോട്ട മുതുപിലക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് കയറുന്ന പ്രധാന വഴിയിൽ ക്ഷേത്ര കമ്മിറ്റിയുടെ അനുവാദമില്ലാതെ അത്തപ്പൂക്കളവും പൂക്കൾ കൊണ്ട് ആർഎസ്എസിൻ്റെ കൊടിയേ സൂചിപ്പിക്കുന്ന വിധമുള്ള് കൊടി നിർമ്മിച്ചതിനും ക്ഷേത്രത്തിൽ നിന്നും 50 മീറ്റർ ദൂരം മാറി ഛത്രപതി ശിവജിയുടെ പടം വെച്ച് ഫ്ലക്സ് ബോർഡ് സ്ഥാപിച്ചതിനുമാണ് കേസ്,” എന്നാണ് എഫ്ഐആർ പറയുന്നത്.
ക്ഷേത്ര പരിസരത്ത് ആർഎസ്എസ് കൊടി തോരണങ്ങളും ഫ്ലക്സ് ബോർഡുകളും കെട്ടുന്നത് കോടതി നിരോധിച്ചിരിക്കേയായിരുന്നു ഈ നടപടി എന്നും എഫ്ഐആർ പറയുന്നു.
ആർഎസ്എസ് അനുഭാവികളും പ്രവർത്തകരുമായ ഒന്നും രണ്ടും പ്രതികൾക്കും, കണ്ടാൽ അറിയാവുന്ന മറ്റ് 25 ഓളം പേർക്കും എതിരെയാണ് കേസ് എന്നും, പ്രതികൾ വിവിധ രാഷ്ട്രീയ പാർട്ടി കളുടെ പ്രവർത്തകർ തമ്മിൽ കലാപം ഉണ്ടാക്കുന്നതിന് ശ്രമിച്ചതിനാണ് കേസ് എന്നും എഫ്ഐആറിൽ പറയുന്നു. ഓപ്പറേഷന് സിന്ദൂറിനെ പറ്റി എഫ്ഐആറിൽ ഒരു പരാമര്‍ശവുമില്ല.

മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രപരിസരത്ത് കാവിക്കൊടി സ്ഥാപിക്കണമെന്ന ആവശ്യം തള്ളിയ സെപ്റ്റംബർ 5, 2023ലെ ഹൈക്കോടതി വിധിയും ഞങ്ങൾ പരിശോധിച്ചു.
ക്ഷേത്രങ്ങൾ ആത്മീയയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ്. ഇവിടെ വിശുദ്ധിയും ബഹുമാനവും പരമപ്രധാനമാണ്. ഇത്തരം വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങൾകൊണ്ട് തകർക്കാനാവില്ല. ക്ഷേത്രാചാരങ്ങൾ നടത്താനുള്ള നിയമപരമായ അധികാരമല്ലാതെ പതാകകളോ കൊടി തോരണങ്ങളോ സ്ഥാപിക്കാൻ അനുവദിക്കാനാവില്ലന്നും ജസ്റ്റിസ് രാജ വിജയരാഘവൻ വിധിയിൽ വ്യക്തമാക്കി
കൊല്ലം മുതുപിലക്കാട് സ്വദേശികളായ ശ്രീനാഥ്, ഇന്ദ്രജിത്ത് എന്നിവരാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ കാവിക്കൊടി സ്ഥാപിക്കുന്നതിൽ പാർത്ഥസാരഥി ഭക്തജനസമിതി എന്ന സംഘടനയുടെ പ്രവർത്തകരെ ചിലർ തടഞ്ഞെന്ന് ചൂണ്ടികാട്ടി നൽകിയ ഹർജിയാണ് കോടതി തള്ളിയത്.

“പൂക്കളമോ ഓപ്പറേഷന് സിന്ദൂര്‍ എന്ന എഴുത്തോ അല്ല, ആര്‍എസ്എസിന്റെ പതാക വരച്ചു വയ്ക്കുകയും കൂടാതെ കോടതി വിധി ലംഘിച്ച് ഛത്രപതി ശിവാജിയുടെ ഫ്ലെക്സ് സ്ഥാപിക്കുകയും ചെയ്തതാണ് പ്രശ്നമെന്ന്,” മുതുപിലാക്കാട് ശ്രീ പാർത്ഥസാരഥി ക്ഷേത്ര സമിതി ഓഫീസ് ഞങ്ങൾ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അറിയിച്ചു.
ഇവിടെ വായിക്കുക:Fact Check: ട്രെയിൻ വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന ചിത്രം യഥാർത്ഥമോ?
കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഓണ പൂക്കളത്തിനു താഴെ ഓപ്പറേഷന് സിന്ദൂര്‍ എന്നെഴുതിയതിന് പോലിസ് കേസെടുത്തു എന്ന തരത്തില്‍ നടത്തുന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ആർഎസ്എസ് പതാക വരച്ചു വയ്ക്കുകയും കോടതി വിധി ലംഘിച്ച് ശിവാജിയുടെ ഫ്ലെക്സ് സ്ഥാപിക്കുകയും ചെയ്തത്തിനെതിരെയാണ് കേസ്.
Sources
Facebook Post by State Police Media Centre Kerala on September 6,2025
Article in the website of PRD Factcheck on September 6,2025
FIR registered by Sasthancottah Police on September 5,2025
Judgement of WP(C) NO. 28906 OF 2023 on September 5,2025
Telephone conversation with Muthupilakkadu Sree Parthasarathy temple Office