Claim: മൊബൈൽ ഫോൺ ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാക്കും എന്ന് ഇ ടി മുഹമ്മദ് ബഷീർ എംപി.
Fact: ഇത് തന്റെ വോയിസ് ക്ലിപ്പല്ലെന്ന് എംപി.
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ ബ്രെയിന്‍ ട്യൂമറിനു സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് സന്ദേശം ഇ ടി മുഹമ്മദ് ബഷീര്‍ എംപി നൽകിയെന്ന പേരിൽ ഒരു ഓഡിയോ ക്ലിപ്പ് വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നുണ്ട്.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

“ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ വോയിസ് മെസ്സേജാണ്…. സംഗതി ഗുരുതരമാണ്,” എന്ന തലക്കെട്ടോടെയാണ് സന്ദേശം വാട്ട്സ്ആപ്പിൽ പ്രചരിക്കുന്നത്.
ശബ്ദ സന്ദേശത്തില്‍ പറയുന്നത് ഇങ്ങനെയാണ്: “ഇന്ന് വളരെ സങ്കടകരമായ ഒരു കാര്യം കാണേണ്ടിവന്നു കൊണ്ടാണ് വോയിസ് മെസ്സേജ് ഇടേണ്ടി വന്നത്. ഇന്ന് രാവിലെ എന്‍റെ മൂത്ത സഹോദരിയുടെ മകന്‍റെ ഭാര്യയെ തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് വരെ കൊണ്ട് പോകേണ്ടി വന്നു. അവിടെ എന്‍റെ ഒന്ന്-രണ്ട് അടുത്ത സുഹൃത്തുക്കൾ ഡോക്ടർമാർ ഉണ്ടായിരുന്നു”.
“അതിൽ ഒരു ഡോക്ടർ പറഞ്ഞു, “ഞാൻ ഒരാഴ്ച കാണിച്ചുതരാം. നിങ്ങളെപ്പോലെ ആളുകള്‍ ഇത് കാണുകയും ആളുകളോട് ഷെയർ ചെയ്യേണ്ടുന്നതും അത്യാവശ്യമാണ്. ഞാൻ ഒന്നര മണിക്കൂർ സമയം കണ്‍സല്‍ട്ടിംഗ് റൂമില്‍ ഇരുന്നു. ആ സമയത്ത് രണ്ടു വയസ്സു മുതൽ 10 വയസ്സ് വരെയുള്ള പ്രായത്തിലുള്ള ഏകദേശം 7-8 കുഞ്ഞുങ്ങളെ പരിശോധിച്ചു. അവര്‍ക്കെല്ലാം ബ്രെയിന്‍ ട്യൂമര്‍ ആയിരുന്നു. സാധാരണ വരുന്ന ട്യൂമറുകളെല്ലാം കാന്‍സറല്ല. എന്നാല്‍ കഴിഞ്ഞ ദിവസം പരിശോധിച്ചതില്‍ 100 ല്‍ 90 കുഞ്ഞുങ്ങള്‍ക്കും കാന്‍സര്‍ ആയിരുന്നു,” സന്ദേശം തുടർന്നു പറയുന്നു.
“അദ്ദേഹം പറഞ്ഞത് ഈ അപകടം വരുത്തി വെക്കുന്നത് ആ കുഞ്ഞുങ്ങളെ മാതാപിതാക്കൾ തന്നെയാണ്. കുഞ്ഞുങ്ങൾക്ക് കളിക്കാനും ബഹളമുണ്ടാക്കുമ്പോള്‍ സന്തോഷിപ്പിക്കാനുമൊക്കെയായി നമ്മൾ കൊടുക്കുന്ന മൊബൈൽ ഫോണ്‍ ആണ് ട്യൂമറുകള്‍ ഉണ്ടാകാന്‍ കാരണം,” സന്ദേശം കൂട്ടിച്ചേർത്തു.
“എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ ആ കുഞ്ഞുങ്ങൾ മാരകമായ രോഗത്തിന് അടിമപ്പെടുന്നു കാരണക്കാർ എന്ന് പറയുന്നത് മാതാപിതാക്കള്‍ തന്നെയാണ്. കുഞ്ഞുങ്ങള്‍ ആയുസ്സോടെയും ആരോഗ്യത്തോടെയും ഇരിക്കാനായി മൊബൈല്‍ ഫോണ്‍ ദയവായി നല്‍കാതിരിക്കുക. സന്ദേശം മറ്റുള്ളവരിലേയ്ക്കും എത്തിക്കുക,” സന്ദേശം പറയുന്നു.
എന്താണ് ബ്രെയിന്‍ ട്യൂമര്‍?
തലച്ചോറിനുള്ളിൽ അസാധാരണമായ കോശങ്ങൾ രൂപപ്പെടുമ്പോഴാണ് ബ്രെയിന്‍ ട്യൂമര്‍ ഉണ്ടാകുന്നത്. പ്രധാനമായും രണ്ട് തരം മുഴകൾ ഉണ്ട്: മാരകമായ (കാൻസർ) മുഴകൾ, ബെനിൻ (കാൻസർ അല്ലാത്ത) മുഴകൾ. ഇവയെ മസ്തിഷ്കത്തിനുള്ളിൽ ആരംഭിക്കുന്ന പ്രൈമറി ട്യൂമറുകൾ എന്നും മസ്തിഷ്കത്തിന് പുറത്ത് സ്ഥിതിചെയ്യുന്ന മുഴകളിൽ നിന്ന് പടരുന്ന സെക്കൻഡറി ട്യൂമറുകൾ എന്നും തരംതിരിക്കാം.
ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ രാമക്ഷേത്രത്തിൽ നിർമ്മിച്ച ടോയ്‌ലെറ്റുകളാണോയിത്?
Fact Check/Verification
ഞങ്ങൾ കീ വേർഡ് സേർച്ച് ചെയ്തപ്പോൾ, ഇതേ സന്ദേശം ഇ ടി മുഹമ്മദ് ബഷീറിന്റെ പേരിൽ 2020 ഒക്ടോബർ 31 ന് പച്ചപ്പട സൈബർവിംഗ് എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്തതായി കണ്ടു. അതിൽ നിന്നും പ്രചരണം മുൻപും നടന്നിട്ടുള്ളതാണ് എന്ന് ഞാൻ മനസ്സിലാക്കി.

തുടർന്നുള്ള തിരച്ചിലിൽ പോസ്റ്റ് വ്യാജമാണ് എന്ന് വ്യക്തമാക്കുന്ന ഇ ടി മുഹമ്മദ് ബഷീറിന്റെ ഡിസംബർ 25,2023ലെ പോസ്റ്റ് കണ്ടെത്തി.
“പ്രിയരേ, നന്മ നേരുന്നു. ശ്രീ ചിത്ര ആശുപത്രി ഡോക്ടറെ ഉദ്ധരിച്ച് എന്റേത് എന്ന അടിക്കുറിപ്പോടെ ഒരു
വോയിസ് മെസ്സേജ് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നതായി അറിഞ്ഞു. പ്രസ്തുത മെസ്സേജിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് എനിക്ക് ആധികാരിക വിവരമില്ല എന്നും ഒരു ഇടവേളക്ക് ശേഷം വീണ്ടും പ്രചരിക്കുന്ന ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്ന് ദയവായി വിട്ടുനിൽക്കണമെന്നും സവിനയം അഭ്യർത്ഥിക്കുന്നു,” ഇ ടി മുഹമ്മദ് ബഷീറിന്റെ പോസ്റ്റ് പറയുന്നു.

മൊബൈൽ ഫോണ്‍ ട്യൂമറുകള്‍ ഉണ്ടാക്കും എന്ന പ്രചരണം സത്യമാണോ എന്നറിയാൻ കോട്ടയം കാരിത്താസ് ഹോസ്പിറ്റലിലെ സീനിയർ സെർജിക്കൽ ഓങ്കോളജിസ്റ്റ് ജോജോ വി ജോസഫിനെ ഞങ്ങൾ ബന്ധപ്പെട്ടു. അദ്ദേഹം ചെയ്ത ഒരു യുട്യൂബ് വിഡിയോ ഞങ്ങൾക്ക് അയച്ചു തന്നു.

ആ വീഡിയോയുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്: “മൊബൈൽ ഫോൺ ഉപയോഗിക്കുക അല്ലെങ്കിൽ മൊബൈൽ ടവറിന്റെ അടുത്ത് താമസിക്കുക നമ്മുക്ക് ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുമോ? എല്ലാവർക്കും ഉള്ള ഒരു സംശയമാണ്. “
“മൊബൈൽ ഫോൺ റേഡിയേഷൻ എന്ന വാക്കിൽ നിന്നാണ് ഈ സംശയം ഉണ്ടാവുന്നത്.എങ്ങനെയാണ് ഈ വാക്ക് വന്നത്. നമ്മൾ കാണുന്ന ലൈറ്റ് ഉൾപ്പെടെ ഉള്ള എല്ലാ എനെർജിയും ഒരു ഇലക്ട്രോ മാഗ്നെറ്റിക് റേഡിയേഷൻ അഥവാ ഇലക്ട്രോ മാഗ്നെറ്റിക് സെപക്ട്രത്തിന്റെ ഭാഗമാണ്. അതിൽ ലൈറ്റിനെക്കാൾ വേവ്ലെങ്ത് കുറഞ്ഞ റേഡിയോ തരംഗങ്ങളാണ് മൊബൈൽ ഫോണിൽ ഉപയോഗിക്കുന്നത്,”ഡോക്ടർ ജോജോ പറഞ്ഞു.
“അവ നോൺ അയണൈസേഷൻ വിഭാഗത്തിൽപ്പെടുന്ന തരംഗങ്ങളാണ്.ഇതൊരിക്കലും നമ്മുടെ ഡി എൻ ഐയ്ക്ക് ഡാമേജ് ഉണ്ടാക്കുകയില്ല. അത് കൊണ്ട് തന്നെ ക്യാൻസർ ഉണ്ടാക്കാനുള്ള സാധ്യതയുമില്ല,”ഡോക്ടർ ജോജോ കൂടിചേർത്തു
“എന്നാൽ ലൈറ്റിനെക്കാൾ തരംഗ ദൈർഘ്യമുള്ള എക്സ്റേ, ഗാമ റേസ് ശരീരത്തിൽ എൽക്കുകയാണെങ്കിൽ നമ്മുക്ക് ക്യാൻസർ സാധ്യത വർദ്ധിക്കുന്നു .അതിനാൽ തരംഗം ദൈർഘ്യം കുറഞ്ഞ റേഡിയോ തരംഗങ്ങൾ ഒരു തരത്തിലും ക്യാൻസർ സാധ്യത വർദ്ധിപ്പിക്കുന്നില്ല. മൊബൈൽ ഉപയോഗവും മൊബൈൽ ടവറിന്റെ അടുത്തുള്ള താമസവും സേഫ് ആണ്,” അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇവിടെ വായിക്കുക: Fact Check: ഇസ്രയേലിലേക്കുള്ള ബ്രിട്ടീഷ് എണ്ണക്കപ്പലിന് തീപിടിച്ച ദൃശ്യമാണോ ഇത്?
Conclusion
കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കിയാല്‍ ബ്രെയിന്‍ ട്യൂമറിനു സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പ് സന്ദേശം ഇ ടി മുഹമ്മദ് ബഷീര്‍ എംപി നല്‍കിയിട്ടില്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പോരെങ്കിൽ ബ്രെയിന്‍ ട്യൂമറിനു മൊബൈൽ ഫോൺ കാരണമാവും എന്ന വാദവും ശാസ്ത്രീയമല്ല.
Result: False
ഇവിടെ വായിക്കുക: Fact Check: ക്രിസ്മസ് ആഘോഷത്തിനായി പണപ്പിരിവ്: വീഡിയോ സ്‌ക്രിപ്റ്റഡ് ആണ്
Sources
Facebook post by E.T Muhammed Basheer on December 25,2023
Youtube video by Dr Jojo V Joseph on January 7,2023
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.