Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
Claim
ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ.
Fact
പ്രചരിക്കുന്ന വീഡിയോ എഡിറ്റഡാണ്.
ബിജെപിയിലേക്ക് പോകുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞുവെന്ന പേരിൽ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“ഇപ്പൊ പറഞ്ഞ് തുടങ്ങി ഞാനും സുധാകരനുമൊക്കെ ബിജെപിയിൽ പോകും. ബിജെപിക്കാർ ഞങ്ങളെ പോയാൽ പൊന്നുപോലെ കൊണ്ടുനടക്കും. ബിജെപിക്കോ ചെയ്താൽ അവർ ഞങ്ങളെ രാജാക്കന്മാരായി കൊണ്ടുനടക്കും. ഇവർ ഞങ്ങളെ തെണ്ടികളായിട്ടാണ് കാണുന്നത്,” എന്നാണ് വിഡിയോയിൽ ഉണ്ണിത്താൻ പറയുന്നതായി കാണുന്നത്.
“പോയി പോയി അവസാനത്തെ ആളും പോകുമ്പോൾ ലൈറ്റും ഫാനും ഓഫാക്കാൻ മറക്കരുത്. (പ്രമുഖരായ നേതാവ് ബിജെപിയിലേക്ക് ആർക്കും ഒന്നും മനസിൽ ആയില്ലല്ലോ),” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.
കേരളത്തിലെ എംപിയായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രചരണം.
ഇവിടെ വായിക്കുക: Fact Check: ആർഎസ്എസുമായി സഖ്യമുണ്ടാക്കാൻ മോഹൻ ഭാഗവതിനെ കാണുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞിട്ടില്ല
ഞങ്ങൾ വൈറൽ വീഡിയോ സൂക്ഷ്മമായി പരിശോധിച്ചു. അപ്പോൾ പല ഭാഗങ്ങളും കട്ട് ചെയ്ത് ചേർത്തിരിക്കുന്നതാണെന്ന് ഞങ്ങൾക്ക് സംശയം തോന്നി. പോരെങ്കിൽ മറുനാടൻ മലയാളിയുടെ വാട്ടർ മാർക്കും വീഡിയോയിൽ കണ്ടു.
തുടർന്ന് ഞങ്ങൾ യൂട്യൂബിൽ കീവേഡ് സെർച്ച് നടത്തി. “പുതിയ കെപിസിസി പ്രസിഡന്റ് ആര് എന്ന ചോദ്യം സജീവമായിരിക്കെ നിര്‍ണായക തുറന്നുപറച്ചിലുകളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍” എന്ന തലക്കെട്ടോടെ 2018 ജൂൺ 11ന് ഇന്റർവ്യൂ വീഡിയോ യൂട്യൂബിൽ മറുനാടൻ മലയാളി ഷെയർ ചെയ്തതായി കണ്ടെത്തി.
4.11 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ അവതാരകൻ സംസാരിക്കുന്ന ഭാഗം വീഡിയോയിൽ ഒഴിവാക്കിയിട്ടുണ്ട്. പോരെങ്കിൽ രാജ്മോഹൻ ഉണ്ണിത്താൻ സംസാരിക്കുന്നതിലെ ചില ഭാഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്.
യഥാർത്ഥ വീഡിയോയിലെ 2.51 മിനുറ്റ് മുതലുള്ള ഭാഗം ഇങ്ങനെയാണ്: “ശിങ്കിടികളിൽ ചില ആളുകളൊക്കെ ഇപ്പൊ പറഞ്ഞ് തുടങ്ങി ഞാനും സുധാകരനുമൊക്കെ ബിജെപിയിൽ പോകും. ബിജെപിക്കാർ ഞങ്ങളെ പോയാൽ പൊന്നുപോലെ കൊണ്ടുനടക്കും. മാർക്സിസ്റ്റുകാർ പൊന്നുപോലെ കൊണ്ടുനടക്കും. ഇന്ന് ഈ കോൺഗ്രസ് പാർട്ടിക്ക് വേണ്ടി ഞങ്ങൾ ചെയ്യുന്ന പണി ഇടത്പക്ഷത്തിനോ ബിജെപിക്കോ ചെയ്താൽ അവര് ഞങ്ങളെ രാജാക്കന്മാരായി കൊണ്ടുനടക്കും. ഇവര് ഞങ്ങളെ തെണ്ടികളായിട്ടാണ് കാണുന്നത്. പക്ഷേ ആ രാജാവിനെക്കാൾ കോൺഗ്രസ് പാർട്ടിയിലെ തെണ്ടികളാവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാ ഇതിൽ നിൽക്കുന്നത്.”
ഇതിൽ, ‘മാർക്സിസ്റ്റുകാർ പൊന്നുപോലെ കൊണ്ടുനടക്കും,” എന്ന ഭാഗം എഡിറ്റ് ചെയ്ത് ഒഴിവാക്കിയിട്ടുണ്ട്. “ഇടത്പക്ഷത്തിനോ ബിജെപിക്കോ ചെയ്താൽ അവര് ഞങ്ങളെ രാജാക്കന്മാരായി കൊണ്ടുനടക്കും,”എന്ന വരിയിൽ നിന്നും ഇടത്പക്ഷത്തിനോ എന്ന ഭാഗവും എഡിറ്റ് ചെയ്ത് ഒഴിവാക്കിയിട്ടുണ്ട്.
“പക്ഷേ ആ രാജാവിനെക്കാൾ കോൺഗ്രസ് പാർട്ടിയിലെ തെണ്ടികളാവാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അതുകൊണ്ടാ ഇതിൽ നിൽക്കുന്നത്,” എന്ന ഭാഗവും ഒഴിവാക്കിയിട്ടുണ്ട്.
വൈറൽ വീഡിയോയിലെ പോലെ തന്നെ ഉണ്ണിത്താന്റെ പുറകിൽ ഒരു നിലവിളക്കും വീഡിയോയിൽ ഉണ്ട്.
ഞങ്ങൾ മറുനാടൻ മലയാളിയുടെ എഡിറ്റർ സാജൻ സ്‌കറിയയെ വിളിച്ചു. “ഞങ്ങളുമായുള്ള ഇന്റർവ്യൂവിൽ ഉണ്ണിത്താൻ ബിജെപിയിൽ പോവുമെന്ന് പറഞ്ഞിട്ടില്ല, ചിലർ ഇന്റർവ്യൂവിന്റെ ഭാഗങ്ങൾ എഡിറ്റ് ചെയ്തു വ്യാജ പ്രചാരണം നടത്തുകയാണ്,” അദ്ദേഹം പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: ജെസിബി ഡ്രൈവര്‍ ആളുകളെ രക്ഷിക്കുന്ന വീഡിയോ തെലുങ്കാനയിൽ നിന്നല്ല
2018ൽ മറുനാടൻ മലയാളിയ്ക്ക് നൽകിയ അഭിമുഖം എഡിറ്റ് ചെയ്താണ് ഈ വീഡിയോ നിർമ്മിച്ചതെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. യഥാർത്ഥ വീഡിയോയിൽ കോൺഗ്രസ് വിട്ട് പോകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമായി പറയുന്നത് കേൾക്കാം.
Sources
YouTube Video by Marunadan Malayali on June 11,2018
Self Analysis
Telephone Conversation with Marunadan Malayali Editor Shajan Skariah
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
.