മലപ്പുറം കുറ്റിപ്പുറത്ത് പുതിയ ഹൈവേ പൊളിഞ്ഞു വീണുവെന്ന് ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. പാലത്തിന്റെ മുകളിലൂടെ വാഹനങ്ങൾ പോവുമ്പോൾ അതിന് താഴെ ഒരു റോഡിന്റെ വശം ഇടിഞ്ഞു വീഴുന്നതാണ് ദൃശ്യങ്ങളിൽ.

ഇവിടെ വായിക്കുക:ദുഃഖവെള്ളിയുടെ പൊതുഅവധി കേന്ദ്രം നിർത്തലാക്കിയോ?
Fact Check/ Verification
ഞങ്ങൾ ആദ്യം കുറ്റിപ്പുറത്തെ ദേശിയ പാതയെ കുറിച്ച് അന്വേഷിച്ചു. മംഗളൂരു – ഇടപ്പള്ളി പാതയുടെ ഭാഗമായി ജില്ലയിൽ നിർമ്മിക്കുന്ന ആറ് വരി പാത മേയ് മാസം ഗതാഗതത്തിന് തുറന്നുകൊടുത്തേക്കും എന്ന ജനുവരി 29, 2025ലെ കേരള കൗമുദി റിപ്പോർട്ട് കണ്ടു. ഈ റിപ്പോർട്ടിൽ നിന്നും കുറ്റിപ്പുറത്തെ ദേശിയ പാത സ്ട്രെച്ച് എൻ എച്ച് 66ന്റെ ഭാഗമായ ഈ പാതയിലാണ് എന്ന് ബോധ്യപ്പെട്ടു. മാർച്ച് 31നാണ് അതിന്റെ നിർമ്മാണ പ്രവർത്തനം പൂർത്തിയാക്കാനുള്ള കാലാവധിയെന്നും റിപ്പോർട്ടിൽ ഉണ്ട്. വട്ടപ്പാറ, കുറ്റിപ്പുറം എന്നിവിടങ്ങളിൽ ഫ്ളൈഓവറുകളുടെയും മേൽപ്പാലങ്ങളുടെയും കുറച്ച് പണികൾ കൂടി അവശേഷിക്കുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു.
മാർച്ച് 25 2025ലെ മനോരമ റിപ്പോർട്ട് പ്രകാരം, “കുറ്റിപ്പുറം മിനിപമ്പ, കുറ്റിപ്പുറം റെയിൽവേ മേൽപാലം, വട്ടപ്പാറ വയഡ്ക്റ്റ് വന്നുചേരുന്ന പ്രദേശം, സ്വാഗതമാട് തുടങ്ങിയ പല ഭാഗങ്ങളിലും ജോലികൾ അവശേഷിക്കുന്നുണ്ട്.”
ഞങ്ങൾ പൊതുമരാമത്ത് വകുപ്പിൽ അന്വേഷിച്ചപ്പോൾ ഈ പാതയുടെ 90 ശതമാനം ജോലിയും കഴിഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്. പൂർത്തിയാക്കിയ ഭാഗങ്ങൾ ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടുണ്ട് എന്നും അവർ അറിയിച്ചു. എന്നാൽ കുറ്റിപ്പുറം പാലം പണി കഴിഞ്ഞില്ലെന്നും പൊതുമരാമത്ത് വകുപ്പിൽ നിന്ന് അറിഞ്ഞു. ഈ പോസ്റ്റിൽ കാണുന്ന ഭാഗം ഒരു പാലത്തിന്റെതായത് കൊണ്ട് കുറ്റിപ്പുറത്ത് നിന്നുള്ളത് ആവാൻ സാധ്യതയില്ലെന്നും ഞങ്ങൾ മനസ്സിലാക്കി.
ഞങ്ങൾ പോസ്റ്റിലെ കമന്റുകൾ ശ്രദ്ധിച്ചു. അപ്പോൾ സംഭവം നടന്നത് കുറ്റിപ്പുറത്തല്ല, കൊല്ലം കല്ലുംതാഴം ആണ് ഈ വിഡിയോയിൽ കാണുന്ന സ്ഥലം എന്ന കമന്റും ഞങ്ങൾ കണ്ടു.

തുടർന്ന്, ഈ വീഡിയോ ഞങ്ങൾ ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രേമുകളാക്കി. അതിൽ ഒരു ഫ്രയിം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് വെബ്സൈറ്റിൽ കൊടുത്ത ഒരു വാർത്തയിൽ ആ ഫ്രയിം ഒരു ഫോട്ടോ ആയി കൊടുത്തിരിക്കുന്നത് കണ്ടു.
ഫെബ്രുവരി 7,2025ലെ റിപ്പോർട്ട് ഇങ്ങനെ പായുന്നു, “ദേശീയ പാത വികസിപ്പിക്കുന്നതിന്‍റെ ഭാഗമായുള്ള നിര്‍മ്മണ പ്രവര്‍ത്തിക്കിടെ കൊല്ലത്ത് പഴയ റോഡ് ഇടിഞ്ഞുതാഴ്ന്നു. സംരക്ഷണ ഭിത്തിയടക്കം തകര്‍ന്ന് വീഴുകയായിരുന്നു. സമീപത്തെ റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മണ്ണിടിഞ്ഞ സ്ഥലത്ത് ഈ സമയം വാഹനങ്ങളും നിര്‍മ്മാണ തൊഴിലാളികളും ഇല്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്.”
“റോഡ് ഇടിയുമ്പോള്‍ സമീപത്തുകൂടെ വാഹനങ്ങള്‍ കടന്നുപോയിരുന്നെങ്കിലും തലനാരിഴക്കാണ് അപകടമൊഴിവായത്. കൊല്ലം കല്ലുന്താഴത്ത് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന പഴയ റോഡാണ് ഇടിഞ്ഞുതാഴ്ന്നത്. ഇന്ന് വൈകിട്ട് ആറോടെയാണ് അപകടമുണ്ടായത്. വലിയ ശബ്ദത്തോടെ റോഡ് ഇടിഞ്ഞുതാഴുകയായിരുന്നു. റോഡിന് സമീപത്തെ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ നിലം പതിച്ചു,” റിപ്പോർട്ട് തുടരുന്നു.

ഫെബ്രുവരി 7,2025ലെ സുപ്രഭാതം വെബ്സൈറ്റിലെ റിപ്പോർട്ടിലും ഇതേ വാർത്ത ഒരു കീ വേർഡ് സെർച്ചിൽ ഞങ്ങൾ കണ്ടെത്തി.
എന്നാൽ ദേശിയ പാതയുടെ ഭാഗം തന്നെയാണ് കൊല്ലം കല്ലുന്താഴത്ത് സ്ഥിതി ചെയ്യുന്ന ഈ റോഡും എന്ന് മനോരമ ഫെബ്രുവരി 7,2025ൽ യൂട്യൂബിൽ പോസ്റ്റ് ചെയ്ത റിപ്പോർട്ട് പറയുന്നു.

കന്യാകുമാരിയിൽ നിന്നും മഹാരാഷ്ട്രയിലെ പനവേലിലേക്ക് പോവുന്ന ദേശിയ പാത 66ന്റെ ഭാഗം തന്നെയാണ് കല്ലുന്താഴത്ത് കൂടി പോവുന്ന ദേശിയ പാത. എങ്കിലും പോസ്റ്റിൽ പറയുന്നത് പോലെ നിർമ്മാണം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം ദേശിയ പാത സ്ട്രെച്ചല്ല, അതിന് 274 കിലോമീറ്റർ അപ്പുറമുള്ള ദേശിയ പാതയുടെ ഭാഗമാണ്.
കൊല്ലത്തെ ഈ ദേശിയ പാത ഭാഗത്തിൽ അറ്റകുറ്റ പണി നടക്കുന്ന സമയത്തായിരുന്നു അതിന്റെ തന്നെ ഭാഗമായ പഴയ റോഡിന്റെ ഭാഗങ്ങൾ തകർന്നത്. പോരെങ്കിൽ കുറ്റിപ്പുറം എൻ എച്ച് പാതയിലെ പാലത്തിന്റെ ഭാഗം നിർമ്മാണം പൂർത്തിയാക്കിയിട്ടില്ലെന്നും മനസ്സിലായി.
കുറ്റിപ്പുറം ദേശിയ പാതയിലെ റെയിൽവേ മേൽപാലം ഗതാഗതത്തിന് തുറന്നു കൊടുത്തിട്ടില്ലെന്നും അതിനാൽ ഈ ദൃശ്യങ്ങളിൽ ഉള്ളത് ആ ഭാഗമല്ലെന്നും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഓഫീസും സ്ഥീരീകരിച്ചു.
ഇവിടെ വായിക്കുക: വഖഫ് ബില്ലിനെതിരെയുള്ള പ്രതിഷേധം ഉത്തർപ്രദേശിൽ അടിച്ചമർത്തുന്നതാണോ വീഡിയോയിൽ?
Conclusion
വീഡിയോയിൽ കാണുന്ന പാലത്തിന് താഴത്തെ റോഡ് തകർന്നു വീഴുന്ന ദൃശ്യം കുറ്റിപ്പുറത്ത് നിന്നല്ല, കൊല്ലം കല്ലുന്താഴത്ത് റെയില്‍വെ ഓവര്‍ ബ്രിഡ്ജിനോട് ചേര്‍ന്ന പഴയ റോഡാണ് എന്നും ഞങ്ങൾക്ക് മനസ്സിലായി.
Sources
News report by Asianet News on February 7,2025
News report by Suprabhatham on February 7,2025
YouTube video by Manaorama News on February 7,2025
Telephone conversation with PWD Minister’s office