Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
വിജയ് ചിത്രം ബീസ്റ്റ് ഏപ്രില്‍ 13-ന് വേള്‍ഡ് വൈഡായി റിലീസ് ചെയ്യും. ആ സന്ദർഭത്തിലാണ് വിജയ് അഭിനയിക്കുന്ന തമിഴ് ചിത്രമായ ബീസ്റ്റ് മുസ്ലിങ്ങളെ മുഴുവൻ തീവ്രവാദികളായി ചിത്രീകരിക്കുന്നുവെന്ന് പറഞ്ഞു മുസ്ലിം ലീഗ് ചിത്രം നിരോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയ്ക്ക് കത്തയച്ചുവെന്ന വാർത്തകൾ ഈ അടുത്ത കാലത്ത് പുറത്തു വന്നിരുന്നു. മാതൃഭൂമി പത്രവും ഈ വാർത്ത കൊടുത്തിരുന്നു.

തുടർന്ന് സമൂഹ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. കാവികൂട്ടുകാർ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 403 ഷെയറുകൾ ഉണ്ടായിരുന്നു.

BJP Venmoney എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 10 ഷെയറുകൾ ഉണ്ടായിരുന്നു.

കേരളത്തിൽ പ്രതിപക്ഷത്തുള്ള യുഡിഎഫിലും തമിഴ്നാട്ടിൽ ഭരണകക്ഷിയായ ഡിഎംകെയ്ക്ക് ഒപ്പവും നിൽക്കുന്ന ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (IUML) ആണ് നിരോധനം ആവശ്യപ്പെട്ടത് എന്ന തരത്തിലാണ് ആളുകൾ ഈ പ്രചരണം മനസിലാക്കിയത് എന്ന് പോസ്റ്റുകളിലെ കമന്റുകൾ സൂചിപ്പിക്കുന്നു.
കാവികൂട്ടുകാർ എന്ന ഐഡിയിൽ Joy Joseph എന്ന ആൾ നടത്തിയ കമന്റ് ഉദാഹരണം. “ആവിഷ്കാര സ്വാതന്ത്ര്യം കേരളത്തിൽ മാത്രം മതിയോ… ഇവറ്റകൾക്ക്??മറ്റുള്ളവർക്ക് വേണ്ടേ?,” എന്നാണ് കമന്റ്.

കേരളത്തിൽ മുസ്ലിം ലീഗ് എന്ന് പറയുന്നത് IUMLനെയാണ്. എന്നാൽ തമിഴ്‌നാട്ടിൽ മുസ്ലിം ലീഗ് എന്ന പേരിൽ രണ്ടു പാപാർട്ടികളുണ്ട്. IUML, തമിഴ്നാട് മുസ്ലിം ലീഗ് (TNML) എന്നിവയാണ് അത്. അത് കൊണ്ട് മാതൃഭൂമി ലേഖനത്തിൽ പറയുന്നത് ഏത് പാർട്ടിയെ കുറിച്ചാണ് എന്നറിയാൻ ഞങ്ങൾ ഒരു ഗവേഷണം നടത്താൻ തീരുമാനിച്ചു.
ഞങ്ങൾ ഈ വിഷയത്തിൽ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ ന്യൂസ് 18ന്റെ വാർത്ത കിട്ടി. “തമിഴ്നാട് മുസ്‌ലിം ലീഗിന്റെ (TNML) പേരിലുള്ള കത്താണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റേതെന്ന രീതിയിൽ മലയാളം പത്രങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയത്.തമിഴ്നാട് മുസ്‌ലിം ലീഗിന്റെ (TNML) പേരിലുള്ള കത്താണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റേതെന്ന രീതിയിൽ മലയാളം പത്രങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയത്,” എന്നാണ് ന്യൂസ് 18 വാർത്ത പറയുന്നത്.

മീഡിയവൺ ചാനലും, “തമിഴ്നാട് മുസ്‌ലിം ലീഗിന്റെ പേരിലുള്ള കത്താണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റേതെന്ന പേരിൽ പ്രചരിക്കുന്നത്,” എന്ന് വ്യക്തമാക്കി വാർത്ത നൽകിയിട്ടുണ്ട്. ആ വാർത്തയിൽ അവർ IUML കേരള ഘടകം തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ ഈ പ്രചരണത്തെ കുറിച്ച് എപ്രിൽ ഏഴിന് കൊടുത്ത വിശദീകരണം എടുത്ത് ചേർത്തിട്ടുണ്ട്.
“വിജയ് നായകനായ തമിഴ് സിനിമ ബീസ്റ്റിന്റെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ഹോം സെക്രട്ടറിക്ക് കത്ത് നൽകിയെന്ന വാർത്ത വ്യാജം. തമിഴ് മാനില മുസ്‌ലിംലീഗിന്റെ (ടി.എൻ.എം.എം.എൽ) പേരിലുള്ള കത്താണ് ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗിന്റേതെന്ന രീതിയിൽ മലയാളം പത്രങ്ങൾ ഉൾപ്പെടെ വാർത്തയാക്കിയത്. ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗുമായി ഒരു ബന്ധവുമില്ലാത്ത സംഘടനയാണ് തമിഴ് മാനില കക്ഷി. കുവൈത്തിൽ വിലക്കിയതിന് പിന്നാലെ വിജയ് ചിത്രം ബീസ്റ്റ് ഇന്ത്യയിലും നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴ് മാനില നേതാവ് വി.എം.എസ് മുസ്തഫയാണ് ഹോം സെക്രട്ടറിക്ക് കത്തയച്ചത്. ടി.എൻ.എം.എം.എൽ സ്ഥാപക നേതാവാണ് വി.എം.എസ് മുസ്തഫ. കുവൈത്തിൽ നേരത്തെ സിനിമ പ്രദർശനം വിലക്കിയിരുന്നു. അടുത്തിടെ പുറത്ത് വിട്ട സിനിമയുടെ ട്രെയിലറിൽ മുസ്‌ലിം തീവ്രവാദത്തിന്റെ പശ്ചാത്തലം കാണിക്കുന്നുണ്ട്. ഇതെ തുടർന്നാണ് വിജയ് ചിത്രത്തിന് കുവൈത്ത് സർക്കാർ വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്,” IUMLന്റെ പോസ്റ്റ് പറയുന്നു.
തുടർന്ന് ഞങ്ങൾ ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഫേസ്ബുക്കിൽ തിരഞ്ഞു. അപ്പോൾ Tnml നേതാവ് Vms Mustafa Tnmlയുടെ ഫേസ്ബുക്ക് ഫേസ്ബുക്ക് പ്രൊഫൈൽ കിട്ടി. തമിഴ്നാട് മുസ്ലിം ലീഗ് (TNML) ആണ് പ്രസ്താവനക്ക് പിന്നിൽ എന്ന പ്രൊഫൈലിൽ നിന്നും മനസിലായി. ബീസ്റ്റ് ഇസ്ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചു എന്നാരോപിച്ച് ആഭ്യന്തര സെക്രട്ടറി എസ് കെ പ്രഭാകരന് കത്തയച്ചതിനെ കുറിച്ചും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ പ്രൊഫൈനലിൽ നിന്നും ടി ടി വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ്ര കഴകത്തിന്റെ (AMMK) TNML ഒപ്പമാണ് എന്നും മനസിലാക്കാൻ കഴിഞ്ഞു.
പിന്നീട് ഞങ്ങൾ TNMLന്റെ കോടി പരിശോധിച്ചു. രണ്ടു വശത്തും പച്ചയും നടുക്ക് വെള്ളയും വെള്ളയ്ക്കുള്ളിൽ ചന്ദ്രക്കലയും ഉള്ളതാണ് അവരുടെ കൊടി.
അതിനെ IUMLന്റെ കൊടിയുമായി താരതമ്യം ചെയ്തു. പച്ചയും പച്ചയ്ക്കുള്ളിൽ ചന്ദ്രക്കലയും ഉള്ളതാണ് IUMLന്റെ കൊടി.
രണ്ട് കൊടികളും വ്യത്യസ്തമാണ് എന്ന് ബോധ്യപ്പെട്ടു. തമിഴ്നാട്ടിൽ സിപിഎമ്മിനും കോൺഗ്രസിനുമൊപ്പം ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന മുന്നണിയുടെ ഭാഗമാണ് IUML. അതിൽ നിന്ന് വ്യത്യസ്തമായി ,അമ്മ മക്കള്‍ മുന്നേറ്റ്ര കഴകത്തിന്റെ (AMMK) ഒപ്പമാണ് TNML.
പല പോസ്റ്റുകളും ഒപ്പം ഷെയർ ചെയ്യുന്ന മാതൃഭൂമിയുടെ സ്ക്രീൻ ഷോട്ടിൽ തമിഴ്നാട് മുസ്ലിം ലീഗ് അധ്യക്ഷൻ എന്നതിന് പകരം മുസ്‌ലിൽ ലീഗ് തമിഴ്നാട് അധ്യക്ഷൻ എന്നാണ് പറഞ്ഞിരിക്കുന്നത്. അത് തെറ്റിദ്ധാരണ ഉണ്ടാക്കുന്നുണ്ട്. കാരണം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിനും തമിഴ്നാട് ഘടകവും ഒരു പ്രസിഡന്റും ഉണ്ട്. ഞങ്ങൾ മുസ്ലിം ലീഗ് കേരള സംസ്‌ഥാന ജനറൽ സെക്രട്ടറി പി എം എ സലാമുമായി സംസാരിച്ചു.” മുസ്ലിം ലീഗ് ദേശിയ അധ്യക്ഷൻ ഖാദർ മുഹമ്മദ് തന്നെയാണ് തമിഴ്നാട് സംസ്‌ഥാന അധ്യക്ഷനും,”അദ്ദേഹം പറഞ്ഞു.
ഇതിൽ നിന്നെല്ലാം മാതൃഭൂമി റിപ്പോർട്ടും ഫേസ്ബുക്ക് പോസ്റ്റുകളും തെറ്റിദ്ധാരണയ്ക്ക് കാരണം ആവുന്നുണ്ട് എന്ന് ഞങ്ങൾക്ക് ബോധ്യമായി.
കേരളത്തിൽ മുസ്ലിം ലീഗ് എന്ന പേരിൽ അറിയപ്പെടുന്ന IUML അല്ല, തമിഴ്നാട്ടിൽ ഉള്ള വേറെ ഒരു പ്രാദേശിക പാർട്ടിയാണ് വിജയ് നായകനായ തമിഴ് സിനിമ ബീസ്റ്റിന്റെ (Beast) പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.
Sabloo Thomas
May 29, 2021
Sabloo Thomas
June 1, 2022
Sabloo Thomas
February 3, 2023