Fact Check
മുസ്ലിം ലീഗ് വഖഫ് നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ പരിപാടിയിൽ പിണറായി വിജയനെതിരെ അസഭ്യ മുദ്രാവാക്യം വിളിച്ചോ?
Claim
കേന്ദ്രസർക്കാരിന്റെ വഖഫ് നിയമത്തിനെതിരായി മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം.
Fact
വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ 2021 ഡിസംബർ 9ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോ.
മുസ്ലിം ലീഗ് വഖഫ് നിയമത്തിനെതിരെ കോഴിക്കോട് നടത്തിയ പ്രതിഷേധ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യം നിറഞ്ഞ മുദ്രാവാക്യം വിളിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. രാജ്യവ്യാപകമായി കേന്ദ്രത്തിൽ ബിജെപി സർക്കാർ കൊണ്ട് വന്ന വഖഫ് നിയമത്തിനെതിരെ സമരം നടക്കുന്ന സാഹചര്യത്തിലാണ് പോസ്റ്റുകൾ. വഖഫ് ഭേദഗതിക്കെതിരായ മുസ്ലിം ലീഗ് കോഴിക്കോട് ഏപ്രിൽ 16,2025ൽ പ്രതിഷേധ മഹാറാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയിൽ കേന്ദ്രത്തിനൊപ്പം സംസ്ഥാന സർക്കാരിനെതിരെയും വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീഡിയോ രൂപത്തിലുള്ള പോസ്റ്റ് വൈറലാവുന്നത്.
ചെത്തുകാരൻ കോരൻ്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്ന മുദ്രാവാക്യം വിളിക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. “ഹലോ മിസ്റ്റർ പിണറായി സമുദായത്തിന് നേരെ വന്നാൽ അവകാശങ്ങൾക്ക് നേരെ വന്നാൽ കത്തിക്കും കത്തിക്കും… പച്ചയ്ക്ക് കടിക്കുമെന്ന്,” കൈരളി ടിവിയുടെ ലോഗോയുള്ള വിഡിയോയിൽ മുദ്രാവാക്യം വിളിക്കുന്നത് കേൾക്കാം. മുഖ്യമന്ത്രിയ്ക്ക് എതിരെ ജാത്യാധിക്ഷേപം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയെന്ന് അവതാരക പറയുന്നതും വിഡിയോയിൽ കേൾക്കാം. വ്യക്തിഹത്യയും വർഗീയ പരാമർശങ്ങളൂം മാത്രമാണ് കോഴിക്കോട് നടന്ന ലീഗ് പ്രതിഷേധ പരിപാടിയിൽ പ്രകടമായത് എന്നും അവതാരക പറയുന്നത് കേൾക്കാം. മുസ്ലിം ലീഗിന്റെ കൊടിയും ജാഥയിൽ കാണാം.
“ചെത്തുകാരൻ കോരന്റെ മകന് സ്ത്രീധനം കിട്ടിയത് അല്ല കേരളം. സമുദായത്തിന് നേരെ വന്നാൽ പച്ചക്ക് കത്തിക്കും പിണറായി. കേന്ദ്ര സർക്കാരിന്റെ വഖഫ് നിയമത്തിനെതിരെ യൂഡീഎഫ് നടത്തിയ റാലിയിൽ പിണറായി വിജയനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങൾ .കൊള്ളാം ഞഞ്ഞായിട്ടുണ്ട്,” എന്നാണ് പോസ്റ്റിനൊപ്പമുള്ള വിവരണം.

ഇവിടെ വായിക്കുക:ബജ്രംഗ്ദൾ പ്രവർത്തകർ ബംഗാളിലേക്ക് എന്ന വീഡിയോയുടെ വാസ്തവം
Fact Check/ Verification
വീഡിയോ ശ്രദ്ധയോടെ പരിശോധിച്ചപ്പോൾ, പ്രകടനത്തിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിച്ചിരിക്കുന്നത് കണ്ടു. അതിൽ നിന്നും പ്രകടനം പുതിയതല്ലെന്നും കൊറോണ കാലത്തേത് ആണെന്നും മനസ്സിലായി.

ആ ഒരു സൂചന വെച്ച് കൈരളി ടിവിയുടെ യൂട്യൂബ് ചാനലിൽ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ,”ചെത്തുകാരൻ കോരൻ്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം” മുഖ്യമന്ത്രിക്കെതിരെ ലീഗ് മുദ്രാവാക്യം” എന്ന തലകെട്ടോടെ 2021 ഡിസംബർ 10ന് പങ്ക് വെച്ച വീഡിയോ കിട്ടി.
കൈരളി ടിവിയുടെ വാർത്തയിൽ കോഴിക്കോട് നടന്ന ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലാണ് മുഖ്യമന്ത്രിക്കെതിരായി ജാതിയധിക്ഷേപം കലർന്ന മുദ്രാവാക്യം വിളിച്ചതെന്നും അതിനോടൊപ്പം നടന്ന സമ്മേളനത്തെ ലീഗ് സംസ്ഥാന സെക്രട്ടറി മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും പറയുന്നുണ്ട്. എന്നാൽ ഈ റാലി എന്തിന് വേണ്ടി നടത്തിയെന്ന് പറയുന്നില്ല.

ഒരു കീ വേർഡ് സെർച്ചിൽ 2021 ഡിസംബർ 10ന് മീഡിയവണും ”ചെത്തുകാരൻ കോരന് സ്ത്രീധനം കിട്ടിയതല്ല കേരളം” പിണറായിക്കെതിരെ മുസ്ലിം ലീഗിന്റെ അധിക്ഷേപ മുദ്രാവാക്യം,” എന്ന തലക്കെട്ടോടെ ഇതേ വീഡിയോ പങ്കുവെച്ചത് കണ്ടെത്തി. എന്നാൽ ഈ റാലി എന്തിന് വേണ്ടി നടത്തിയെന്ന് ഈ വീഡിയോയിലും പറയുന്നില്ല.

ഞങ്ങൾ തുടർന്ന്, 2021 ഡിസംബർ മാസത്തിൽ കോഴിക്കോട് നടന്ന വഖഫ് സംരക്ഷണ റാലിയെ കുറിച്ചറിയാൻ ഒരു കീ വേർഡ് സേർച്ച് നടത്തി. വഖഫ് നിയമനങ്ങൾ പിഎസ്സിക്ക് കൈമാറാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കോഴിക്കോട് ബീച്ചിൽ 2021 ഡിസംബർ 9ന് റാലി സംഘടിപ്പിച്ചത് എന്ന് ആ ദിവസത്തെ മനോരമ ഓൺലൈൻ വാർത്തയിൽ നിന്നറിഞ്ഞു.

എന്നാൽ ജൂലൈ 20, 2022ലെ ദേശാഭിമാനി പത്രത്തിലെ വാർത്ത അനുസരിച്ച്, വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിയ്ക്ക് വിടാനുള്ള തീരുമാനം ഉപേക്ഷിച്ചെന്നും വഖഫ് ബോർഡ് നിയമനങ്ങൾക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ വായിക്കുക: കോൺഗ്രസ്സിലിരുന്ന് ബിജെപി സേവ വേണ്ടായെന്ന് കെസി വേണുഗോപാൽ സന്ദീപ് വാര്യരോട് പറഞ്ഞോ?
Conclusion
സംസ്ഥാനത്തെ വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ 2021 ഡിസംബർ 9ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോയാണ്, കേന്ദ്രസർക്കാരിന്റെ വഖഫ് നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം എന്ന പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
YouTube video by Kairali TV on December 10,2021
YouTube video by Mediaone on December 10,2021
News report by Manoramaonline on on December 9,2021
News report by Deshabhimani on July 20,2022