Authors
Claim
കേരളത്തിൽ പുതുതായി ഉദ്ഘാടനം ചെയ്ത വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നതിനാൽ ലോക്കോ പൈലറ്റ് കുട പിടിച്ചിരിക്കുന്ന ഫോട്ടോ.
Fact
കേരളത്തിലെ വന്ദേ ഭാരത് എക്‌സ്പ്രസിൽ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും, വൈറലായ ഫോട്ടോ അഞ്ച് വർഷം പഴക്കമുള്ളതും ധന് ബാദ് റെയിൽ ഡിവിഷനിലെ ഒരു പാസഞ്ചർ ട്രെയിനിൽ നിന്നുള്ളതുമാണ്.
ഈ ആഴ്ച ആദ്യം തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനം ചെയ്തു. അതിന് ശേഷം മേൽക്കൂരയിൽ നിന്നും ചോരുന്ന വെള്ളത്തിൽ നിന്നും രക്ഷപ്പെട്ടാൻ കുട പിടിച്ചിരിക്കുന്ന ഫോട്ടോ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. കേരളത്തിൽ പുതുതായി ആരംഭിച്ച വന്ദേ ഭാരത് എക്‌സ്പ്രസിന്റെ അവസ്ഥയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നാണ് ചിത്രം പങ്കുവെച്ച പലരും അവകാശപ്പെടുന്നത്.
പോരാളി ഷാജി എന്ന ഐഡി ഷെയർ ചെയ്ത ഈ പടത്തിന് ഞങ്ങൾ കാണുമ്പോൾ 201 ഷെയറുകൾ ഉണ്ടായിരുന്നു.
CPI(M) Cyber Comrades എന്ന ഗ്രൂപ്പിലെ പടത്തിന് ഞങ്ങൾ കാണുമ്പോൾ 74 ഷെയറുകൾ ഉണ്ടായിരുന്നു.
തീവണ്ടിയുടെ മേൽക്കൂരയിലെ ചോർച്ചയെ കുറിച്ച് വാർത്താ റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ അതുമായി ബന്ധപ്പെട്ടതാണോ എന്നറിയാൻ ഞങ്ങൾ തീരുമാനിച്ചു.
Fact Check/Verification
Googleൽ “Vande Bharat”, “Kerala”, “leak” എന്നീ വാക്കുകൾ ഉപയോഗിച്ച് കീവേഡ് സെർച്ച് ചെയ്തപ്പോൾ, പുതുതായി ആരംഭിച്ച ട്രെയിനിൽ ചോർച്ചയുണ്ടെന്ന് സ്ഥിരീകരിക്കുന്ന നിരവധി റിപ്പോർട്ടുകൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഞങ്ങൾക്ക് ലഭിച്ചു.
2023 ഏപ്രിൽ 26 ലെ ദ The Hinduവിന്റെ റിപ്പോർട്ട് അനുസരിച്ച്, “ട്രെയിനിന്റെ എസി ഗ്രില്ലിൽ ചോർച്ചയുണ്ടെന്ന പരാതിയെ തുടർന്ന് ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്നുള്ള റെയിൽവേയുടെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥർ ബുധനാഴ്ച വന്ദേ ഭാരത് എക്സ്പ്രസ് പരിശോധിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിലേക്കുള്ള ട്രെയിനിന്റെ ആദ്യ യാത്രയ്ക്കിടെയാണ് കോച്ചിൽ ചോർച്ച ശ്രദ്ധയിൽപ്പെട്ടത്.”
പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്‌സ്‌പ്രസ്സിന്റെ എക്‌സിക്യൂട്ടീവ് കോച്ചുകളിൽ ഒന്നിൽ വെള്ളം ചോർന്ന് മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്തു. ചോർച്ച പരിഹരിക്കാൻ അധികൃതർ അറ്റകുറ്റപ്പണികൾ നടത്തി വരികയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തെക്കുറിച്ചുള്ള മറ്റ് റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും കാണാം.
ചോർച്ചയിൽ നിന്ന് സ്വയം രക്ഷിക്കാൻ ലോക്കോ പൈലറ്റിന് കുട ഉപയോഗിക്കേണ്ടി വന്നതായി റിപ്പോർട്ടുകളൊന്നും പരാമർശിച്ചിട്ടില്ല. പോരെങ്കിൽ ആരും സംഭവത്തിന്റെ ഫോട്ടോ എടുത്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്. അതിനാൽ, വൈറലായ ഫോട്ടോഗ്രാഫിന്റെ ഉറവിടം കണ്ടെത്താൻ ഞങ്ങൾ അന്വേഷണം തുടർന്നു.
“Train driver,” “umbrella,” “leakage,” എന്നീ വാക്കുകൾ ഉപയോഗിച്ച് കീവേഡ് സെർച്ച് ചെയ്തപ്പോൾ, 2017 ഓഗസ്റ്റ് 10-ന് Story Pick വന്ന ഒരു ലേഖനം ഞങ്ങൾ കണ്ടെത്തി. പത്രപ്രവർത്തക Sucheta Dalalന്റെ ട്വീറ്റ് ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട പിടിച്ച് ട്രെയിനിന്റെ കൺട്രോൾ പാനൽ പ്രവർത്തിപ്പിക്കുന്ന ഡ്രൈവർ. “വീഡിയോ ജാർഖണ്ഡിലെ ധൻബാദിൽ നിന്നുള്ളതാണെന്ന് പറയപ്പെടുന്നു” എന്ന് ലേഖനത്തിൽ പറയുന്നു.
വീഡിയോയിൽ നിന്നുള്ള കീഫ്രെയിമുകളുമായി വൈറലായ ഫോട്ടോ താരതമ്യം ചെയ്ത ശേഷം,Sucheta Dalal പങ്കിട്ട ദൃശ്യങ്ങളിൽ നിന്നാണ് ഇത് പകർത്തിയതെന്ന നിഗമനത്തിൽ ഞങ്ങൾ എത്തി.
വീഡിയോ റെക്കോർഡ് ചെയ്ത വ്യക്തി ചോർച്ച മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ വിവരിക്കുന്നതും തങ്ങളുടെ ബാഗുകൾ നനയുന്നു എന്ന് പരാതി പറയുന്നതും കേൾക്കാം. ഈ സാഹചര്യം വർഷങ്ങളായി തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
2017 ആഗസ്ത് 8-ലെ Jansattaയുടെ റിപ്പോർട്ടിൽ ഈ വൈറൽ ഫോട്ടോ ഉണ്ട്. ഒരു ലോക്കോ പൈലറ്റ് ചോർച്ചയിൽ നിന്ന് രക്ഷിക്കാൻ കുട ഉപയോഗിക്കുന്ന ഈ വീഡിയോയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ നൽകുകയും ചെയ്തു. ധൻബാദ് റെയിൽ ഡിവിഷനിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്.
2017 ഓഗസ്റ്റ് 8-ലെ Punjabi Kesariയുടെ റിപ്പോർട്ടിൽ, ഇത് ധൻബാദ് റെയിൽ ഡിവിഷനിൽ നിന്നുള്ള ഒരു പാസഞ്ചർ ട്രെയിനിന്റെ വീഡിയോ ആണെന്ന് പറയുന്നു.
ഈ സംഭവത്തെ കുറിച്ചുള്ള മറ്റ് റിപ്പോർട്ടുകൾ ഇവിടെയും ഇവിടെയും ഇവിടെയും കാണാം.
ഇവിടെ വായിക്കുക:Fact Check: കർണാടകയിൽ ബിജെപി ജനങ്ങൾക്ക് വോട്ടിനായി പണം നൽകിയോ? ഒരു അന്വേഷണം
Conclusion
കേരളത്തിൽ അടുത്തിടെ ആരംഭിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസിലെ ചോർച്ച സ്ഥിരീകരിക്കുന്ന ഒന്നിലധികം റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, മേൽക്കൂരയിൽ നിന്ന് ചോരുന്ന വെള്ളത്തിൽ നിന്ന് രക്ഷിക്കാൻ ഒരു ലോക്കോ പൈലറ്റ് കുട ഉപയോഗിക്കുന്ന വൈറൽ ഫോട്ടോയ്ക്ക് യഥാർത്ഥത്തിൽ അഞ്ച് വർഷം പഴക്കമുണ്ട്. ധൻബാദ് റെയിൽ ഡിവിഷനിലെ ഒരു പാസഞ്ചർ ട്രെയിനിൽ നിന്നുള്ള ദൃശ്യമാണിത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Result: Partly False
Sources
Report By The Hindu, Dated April 26, 2023
Article By Story Pick, Dated August 10, 2017
Report By Jansatta, Dated August 8, 2017
Report By Punjabi Kesari, Dated August 8, 2017
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.