Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim: കൊല്ലത്ത് 6 വയസ്സുള്ള കുട്ടിയെ തട്ടി കൊണ്ട് പോയത് ജിം ഷാജഹാൻ.
Fact:കുട്ടിയെ തട്ടികൊണ്ട് പോയവരെ തിരിച്ചറിഞ്ഞിട്ടില്ല.
കൊല്ലത്ത് കുട്ടിയെ തട്ടി കൊണ്ട് പോയത് മാധ്യമങ്ങൾ വൻ വാർത്ത പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തത്. ഓയൂർ പൂയപ്പള്ളിയിൽ 6 വയസ്സുകാരിയെയാണ് തട്ടിക്കൊണ്ടുപോയത്.
ഒപ്പം ഉണ്ടായിരുന്ന സഹോദരനെ തട്ടി മാറ്റിയാണ് അഭിഗേൽ സാറയെന്ന ഒന്നാം ക്ലാസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്. ഇരുവരും ട്യൂഷന് പോകും വഴിയാണ് സംഭവം. കടലാസ് അമ്മയ്ക്ക് കൊടുക്കണമെന്ന് പറഞ്ഞാണ് കാർ അടുത്ത് കൊണ്ട് നിർത്തിയതെന്നും കുട്ടിയെ വലിച്ച് കയറ്റുകയായിരുന്നുവെന്നുമാണ് സഹോദരൻ പറഞ്ഞത്.
കാറിൽ ഒരു സ്ത്രീയടക്കം നാല് പേര് ഉണ്ടായിരുന്നു. കുട്ടിക്കായി പൊലീസ് ഉടൻ തന്നെ അന്വേഷണം ആരംഭിച്ചു. തട്ടിക്കൊണ്ടുപോയ കുട്ടിക്കായി മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് സന്ദേശമെത്തി. കുട്ടി ഞങ്ങളുടെ കയ്യിലുണ്ടെന്നും 5 ലക്ഷം രൂപ കൊടുത്താൽ വിട്ട് നൽകാമെന്നുമാണ് പറഞ്ഞത്. കുഞ്ഞിനെ കാണാതായി മൂന്ന് മണിക്കൂർ പിന്നിട്ടപ്പോഴാണ് ഫോൺ സന്ദേശമെത്തുന്നത്.
അതിനു ശേഷം വ്യാപകമായ പോലീസ് തിരച്ചിൽ നടന്നു. ഒടുവിൽ ഇന്നലെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തി. പിടിക്കപ്പെടുമെന്നായപ്പോള്‍ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ ഉപേക്ഷിച്ച് പോയതെന്നാണ് നിഗമനം.
ഈ പശ്ചാത്തലത്തിൽ കേസിലെ പ്രതി എന്ന പേരിൽ ജിം ഷാജഹാൻ എന്ന ഒരാളുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പങ്ക് വെക്കുന്നുണ്ട്, ഒരല്പം സാമുദായിക നിറം ചേർത്താണ് ചിത്രം പങ്ക് വെക്കുന്നത്.
“പ്രതിയുടെ പേര് ജിം ഷാജഹാൻ. പ്രതിയുടെ പേരു കണ്ടപ്പോൾ ഫസ്റ്റ് ഓൺ കൊടുക്കുന്ന മാധ്യമങ്ങൾക്ക് ആവേശം തണുത്തൊരു ലക്ഷണം. വാർത്ത അമൃതയിൽ മാത്രം. മതേതര കേരളം പുഞ്ചിരിച്ചു നിൽക്കുന്നു,” എന്നാണ് പോസ്റ്റുകളിൽ ചിലതിലെ വിവരണം. അമൃത ടിവിയിൽ വന്ന ഒരു വാർത്തയുടെ അടിസ്ഥാനത്തിലാണ് ഈ പോസ്റ്റുകൾ.
സ്വയം സേവകൻ എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 356 ഷെയറുകൾ ഉണ്ടായിരുന്നു.

അഘോരി എന്ന ഗ്രൂപ്പിലെ പോസ്റ്റ് ഞങ്ങളുടെ ശ്രദ്ധയിൽ വന്നപ്പോൾ അതിന് 123 ഷെയറുകൾ ഉണ്ടായിരുന്നു.

ഇവിടെ വായിക്കുക: Fact Check: മോദി ആകാശത്തിന് ടാറ്റ കൊടുക്കുന്നുവെന്ന പ്രചരണത്തിന്റെ വാസ്തവം
പോസ്റ്റുകളിലെ സൂചന അനുസരിച്ച് ജിം ഷാജഹാൻ എന്ന് സെർച്ച് ചെയ്തു. അപ്പോൾ,ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു വാർത്ത ലഭിച്ചു.
“കുട്ടിയെ തട്ടികൊണ്ട് പോയതിൽ എനിക്കൊരു പങ്കുമില്ല’; ആരോപണം നിഷേധിച്ച് കുണ്ടറ സ്വദേശി ജിം ഷാജഹാൻ, രേഖാചിത്രം വന്നതോടെ ഷാജഹാൻ പ്രതിയെന്ന് പ്രചാരണം ഉണ്ടായിരുന്നു,” എന്നാണ് ഷാജഹാന്റെ ഇന്റർവ്യൂ അടങ്ങുന്ന വാർത്തയുടെ വീഡിയോയ്‌ക്കൊപ്പമുള്ള വിവരണം പറയുന്നത്.

ആ വാർത്തയിലെ ഓഡിയോയിലെ വിവരങ്ങൾ അനുസരിച്ച്, രേഖ ചിത്രം പ്രചരിച്ചതിനെ തുടർന്ന് ഷാജഹാൻ ആണ് പ്രതിയെന്നൊരു പ്രചരണം നടന്നിരുന്നു. അതിനെ തുടർന്ന് അദ്ദേഹം പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി. തുടർന്ന് പോലീസ് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ പരിശോധനയ്ക്ക് പിടിച്ചുവെച്ച ശേഷം വിട്ടയച്ചവെന്നും ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പറയുന്നു.
“ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിൽ താൻ നിരപരാധിയെന്ന്” ഷാജഹാൻ ട്വന്റിഫോറിനോട് പറഞ്ഞതും ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. “ഇന്നലെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതോടെ ഷാജഹാനെ തേടി നാട്ടുകാര്‍ കല്ലമ്പലത്തെ വീട്ടിലെത്തി. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് വാതിലും ജനല്‍ച്ചില്ലുകളും തല്ലിത്തകര്‍ത്തു. ഈ സമയം ഷാജഹാന്‍ കുണ്ടറ സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു. ഷാജഹാന്റെ ഫോണ്‍ പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും ഇത് യഥാര്‍ത്ഥ പ്രതികളെ രക്ഷപെടാന്‍ സഹായിക്കുമെന്നും കുണ്ടറ പൊലീസ് പറഞ്ഞു,” ട്വന്റി ഫോർ ന്യൂസിന്റെ റിപ്പോർട്ട് പറയുന്നു.

ഞങ്ങൾ ബന്ധപ്പെട്ടപ്പോൾ കേരളാ പോലീസ് മീഡിയ സെൽ ഡെപ്യൂട്ടി ഡയറക്ടർ വി പി പ്രമോദ് കുമാർ പറഞ്ഞത് ഷാജഹാൻ കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ നിലവിൽ പ്രതിയല്ലെന്നാണ്. “അയാൾ മുമ്പ് മറ്റ് ചില ക്രിമിനൽ കേസുകളിലെ പ്രതിയായിരുന്നുവെന്നത് സത്യമാണ്,”അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ വായിക്കുക: Fact Check: നവകേരള സദസിനെ ബൃന്ദ കാരാട്ട് വിമർശിച്ചോ?
ജിം ഷാജഹാൻ എന്ന ആൾ കുട്ടിയെ തട്ടികൊണ്ട് പോയ കേസിൽ നിലവിൽ പ്രതിയല്ലെന്നാണ് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടത്.
ഇവിടെ വായിക്കുക: Fact Check: സീതാദേവി അശോക വനത്തിൽ ഇരുന്ന പാറ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്ന ദൃശ്യമാണോ ഇത്?
Sources
News report by Asianet News on November 29,2023
News report by 24 News on November 29,2023
Telephone Conversation with State Police Media Centre Deputy Director V P Pramod Kumar
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.
Sabloo Thomas
April 26, 2025
Vasudha Beri
April 23, 2025
Sabloo Thomas
January 4, 2025