പേ വിഷബാധയേറ്റ കുട്ടി ആംബുലൻസിൽ എന്ന പേരിൽ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. പ്രധാനമായും വാട്ട്സ്ആപ്പിലാണ് വീഡിയോ പ്രചരിക്കുന്നത്. വീട്ടിലെ വളർത്തുനായയയിൽ നിന്നും പേ വിഷബാധയേറ്റതാണ് എന്നും പ്രചരണം നടക്കുന്നുണ്ട്.

“ജീവിച്ച് കൊതി തീരും മുൻപ് വീട്ടിലെ വളർത്തു പട്ടിയിൽ നിന്ന് പേ വിഷബാധ ഏറ്റു. ഇനിയെന്ത് ചെയ്യണമെന്നറിയാതെ ഡോക്ടർമാരും വീട്ടുകാരും. തൃശ്ശൂർ ജില്ലയിലെ ഗുരുവായൂരാണ് ഈ പൊന്നുമോന്റെ വീട്, 26-1-2023 റിപ്പബ്ലിക് ദിനത്തിന് ഇവൻ പഠിക്കുന്ന സ്കൂളിലേക്ക് പരേഡിന് പോയതാണ് അവിടെവച്ചാണ് പേ വിഷബാധയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. അവിടെനിന്ന് അത്താണി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സാധിച്ചിട്ടില്ല. ഈ പൊന്നുമോൻ ജീവിതത്തിലേക്ക് തിരിച്ചുവരാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. (വളർത്തു പട്ടികളെയും തെരുവു പട്ടികളെയും ശ്രദ്ധിക്കുക.),”എന്ന കുറിപ്പിനൊപ്പമാണ് പോസ്റ്റ് വൈറലാവുന്നത്. അതിന്റെ ആധികാരികത പരിശോധിക്കാൻ ആവശ്യപ്പെട്ട് ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്പ്ലൈനിൽ ഒരു സന്ദേശം ഞങ്ങൾക്ക് ലഭിച്ചു.

Fact Check
ഞങ്ങൾ ഈ വിഡീയോ കീ ഫ്രേമുകളായി വിഭജിച്ച് റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. എന്നാൽ ഫലങ്ങൾ ഒന്നും ലഭിച്ചില്ല. തുടർന്ന്, ഫേസ്ബുക്കിൽ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, കേരള പൊലീസ് ഫെബ്രുവരി 4,2023 ൽ ഫേസ്ബുക്കിൽ കൊടുത്ത വിശദീകരണം കിട്ടി.

ഞങ്ങൾ പോസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾക്ക് ഗുരുവായൂര്‍ ശ്രീകൃഷ്ണ എച്ച് എസ് എസില്‍ ബന്ധപ്പെട്ടു. ദൃശ്യങ്ങളിലുള്ള കുട്ടി ആ സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗം വിദ്യാര്‍ഥിയാണ് എന്ന് സ്‌കൂൾ പ്രിൻസിപ്പൽ ടി എം ലത വ്യക്തമാക്കി. “റിപ്പബ്ലിക് ദിന പരേഡിനിടെ കുട്ടികുഴഞ്ഞുവീണു. തുടർന്ന് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിൽ ആശുപ്രതിയിൽ കൊണ്ടുപോകുന്ന രംഗമാണ് വൈറലായിരിക്കുന്നത്. തന്റെ വളർത്തു നായ കൈവിട്ടു പോയ വിഷമം കൊണ്ടാണ് കുട്ടിയ്ക്ക് മാനസികാഘാതം ഉണ്ടായത്. വളർത്തു നായയെ കുറിച്ച് അയല്‍ വീട്ടുകാര്‍ പരാതിപ്പെട്ടു. തുടർന്ന്, വളര്‍ത്തുനായയെ മറ്റൊരാള്‍ക്ക് വീട്ടുകാർ കൊടുത്തു. അതാണ് കുട്ടിയുടെ മാനസിക അസ്വസ്ഥയ്ക്ക് കാരണം,”പ്രിൻസിപ്പൽ പറഞ്ഞു.
മാധ്യമം പത്രത്തിന്റെ ഗുരുവായൂരിലെ പ്രാദേശിക ലേഖകൻ ലിജിത് തരകനെ ഞങ്ങൾ വിളിച്ചു. “ഓമനിച്ച് വളർത്തിയ നായയെ വീട്ടുകാര്‍ മറ്റൊരാൾക്ക് കൊടുത്തതിലുള്ള മാനസിക അസ്വസ്ഥ, അബോധാവസ്‌ഥയിൽ കുട്ടി പ്രകടിപ്പിച്ചതാണ്. കുട്ടിയ്ക്ക് പേ വിഷബാധ ഏറ്റിരുന്നില്ല,”അദ്ദേഹം പറഞ്ഞു.
Conclusion
പേ വിഷബാധയേറ്റ കുട്ടി അല്ല വീഡിയോയിൽ ഉള്ളത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. റിപ്പബ്ലിക്ക് ഡേയിൽ കുഴഞ്ഞു വീണ് കുട്ടി അസ്വസ്ഥത കാണിക്കുകയായിരിന്നു.
Result: False
Sources
Facebook Post by Kerala Police on February 4,2023
Telephone conversation with Guruvayoor Srikrishna School Principal T M Latha
Telephone conversation with Madhyamam Daily Guruvayoor Stringer Lajith Tharakan
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.