K railനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. അതിനെ തുടർന്ന് സമൂഹമാധ്യമങ്ങളിൽ പലതരം പ്രചരണങ്ങൾ നടക്കുന്നുണ്ട്. ഇത്തരം ചില പ്രചരണങ്ങളെ കുറിച്ച് ഞങ്ങൾ മുൻപും ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
അത്തരത്തിലുള്ള മറ്റൊരു പ്രചരണം ഫേസ്ബുക്കിൽ സജീവമായിട്ടുണ്ട്. കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ഭൂമി ഏറ്റെടുത്തതിനെതിരെ സിപിഎം ഉപവസിച്ചുവെന്നാണ് പോസ്റ്റ് പറയുന്നത്. എയർപോർട്ടിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളെ എതിർത്ത സിപിഎം ഇപ്പോൾ K railനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ട് പോവുന്നുവെന്നാണ് പ്രചരണം.
ഞങ്ങൾ പരിശോധിക്കുമ്പോൾ, Basheerkuttyk Kutty എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 28 ഷെയറുകൾ കണ്ടു.

Samuel Mathew എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 22 ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു.

Haris Calicut എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 13 ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ കണ്ടു.

Fact Check/Verification
ഞങ്ങൾ ഫേസ്ബുക്കിൽ പരിശോധിച്ചപ്പോൾ 2018 സെപ്റ്റംബറിലും ഈ ഫോട്ടോ,” യുഡിഎഫ് ഭരണകാലത്ത് കണ്ണൂർ എയർപോർട്ടിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മട്ടന്നൂർ എം എൽ എ നടത്തിയ ഉപവാസം സഖാവ് കോടിയേരി ബാലകൃഷ്ണൻ ഉൽഘാടനം ചെയ്യുന്നു,” എന്ന വിവരണത്തോടെ ഫേസ്ബുക്കിൽ പ്രചരിച്ചിരുന്നു എന്ന് മനസിലായി.

തുടർന്ന് ഞങ്ങൾ ഈ ഫോട്ടോ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ഈ ഫോട്ടോ ഒക്ടോബർ 21, 2015ലെ ഡെക്കാൻ ക്രോണിക്കളിൽ പ്രസീദ്ധീകരിച്ചിരുന്നുവെന്ന് മനസിലായി.

“യുഡിഎഫ് ഭരണകാലത്ത് കണ്ണൂര്‍ വിമാനത്താവള വികസനം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ ഇ പി ജയരാജന്‍ എംഎല്‍എ നടത്തിയ ഉപവാസം സി പി എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നുവെന്ന്,” ഡെക്കാൻ ക്രോണിക്കിൾ വാർത്ത പറയുന്നു.”കണ്ണൂര്‍ വിമാനത്താവളത്തിന്റെ റൺവേയുടെ നീളം കുറയ്ക്കാനുള്ള തീരുമാനത്തെ,” ജയരാജൻ വിമർശിച്ചതായും ഡെക്കാൻ ക്രോണിക്കിൾ ലേഖനത്തിലുണ്ട്. “നാലായിരം മീറ്ററായി റണ്‍വേയുടെ നീളം നിലനിർത്തണം,” എന്ന് ഉപവാസം ഉദ്‌ഘാടനം ചെയ്ത കോടിയേരി പറഞ്ഞതായും ഡെക്കാൻ ക്രോണിക്കിൾ വാർത്തയിലുണ്ട്.
ഒക്ടോബർ 20,2015 ലെ കൈരളി ടിവി വാർത്തയിലും ഈ ദൃശ്യം കാണാം. “കണ്ണൂർ വിമാനത്താവള വികസനത്തിലെ അട്ടിമറിയിൽ പ്രതിഷേധിച്ച് ഇ പി ജയരാജൻ എംഎൽഎ ഉപവാസം നടത്തുകയാണ്. വൈക്കുന്നേരം ആറു മണി വരെയാണ് ഉപവാസം. ഉപവാസം കോടിയേരി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു,: എന്നാണ് കൈരളി ടിവി വാർത്ത പറയുന്നത്.
2018ൽ ഈ ഫോട്ടോ വെച്ച് യു.ഡി.എഫ് ഭരണകാലത്ത് കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മട്ടന്നൂർ എം.എൽ.എയുടെ ഉപവാസം” എന്ന പേരിൽ പ്രചരണം നടന്നപ്പോൾ അതിനെതിരെ അന്ന് വ്യവസായ മന്ത്രിയായിരുന്നു ഇപി ജയരാജൻ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ചെയ്തിരുന്നു.”കണ്ണൂർ വിമാത്താവളത്തിന്റെ റൺവേ 4000 മീറ്ററിൽ നിന്ന് 2400 മീറ്ററാക്കി വെട്ടിച്ചുരുക്കിയതിനെതിരെ പദ്ധതി പ്രദേശമുൾപ്പെടുന്ന മട്ടന്നൂർ നിയോജക മണ്ഡലത്തിലെ എം.എൽ.എ എന്ന നിലയിൽ 2015 ഒക്ടോബർ 20 ന് കിയാൽ പ്രൊജക്ട് ഓഫീസിന് മുന്നിൽ ഉപവാസം നടത്തിയിരുന്നു.ഉപവാസ സമരത്തിന്റെ ബാനറിന്റെ ഒരു ഭാഗം വെട്ടിമാറ്റി, യു.ഡി.എഫ് ഭരണകാലത്ത് കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മട്ടന്നൂർ എം.എൽ.എയുടെ ഉപവാസം” എന്ന രീതിയിൽ നവ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്,” എന്നാണ് ഇപി ജയരാജൻ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറയുന്നത്.
വായിക്കാം:ദേശിയ പണിമുടക്ക് ദിവസത്തേത് എന്ന പേരിൽ പ്രചരിക്കുന്ന ചിത്രങ്ങളുടെ കൊളാഷ് 2020ലേത്
Conclusion
ഈ ഉപവാസം കണ്ണൂർ എയർപോർട്ട് റൺവേയുടെ നീളം കുറക്കുവാനും വികസനം അട്ടിമറിക്കാനുമുള്ള ശ്രമം സർക്കാർ നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു 2015ൽ സിപിഎം സമരം നടത്തിയത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. “കണ്ണൂർ വിമാനത്താവളത്തിന് വേണ്ടി ഉമ്മൻചാണ്ടി സർക്കാരിൻറെ കാലത്ത് ഭൂമി ഏറ്റെടുത്തതിനെതിരെ സിപിഎം ഉപവസിച്ചു,” എന്ന പോസ്റ്റിലെ ആരോപണം തെറ്റിദ്ധാരണാജനകമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: Misleading Content/Partly False
Sources
Report by Deccan Chronicle
Report by Kairali TV
Facebook post of E P Jayarajan
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.