Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
ഹജ്ജ് തീർത്ഥാടകർക്ക് കേരള സർക്കാരിന്റെ സമ്മാനങ്ങൾ അടങ്ങുന്ന ബാഗുകൾ.
ഹജ്ജ് തീർത്ഥാടകർക്ക് അൽ ബൈത്ത് ഗസ്റ്റ്സ് എന്ന സ്വകാര്യ കമ്പനിയാണ് അവശ്യവസ്തുക്കളടങ്ങിയ ബാഗുകൾ നൽകിയത്
ഹജ്ജ് തീർത്ഥാടകർക്ക് കേരള സർക്കാർ സമ്മാനങ്ങൾ അടങ്ങുന്ന ബാഗുകൾ നൽകി എന്ന പേരിൽ ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ഹജ്ജ് തീർത്ഥാടകർ തങ്ങൾക്ക് ലഭിച്ച ബാഗും അതിലെ സാധനങ്ങളും പരിചയപ്പെടുത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്.
ഒരു ബാഗും അതിനകത്ത് കണ്ണാടി, നെയിൽ കട്ടർ, ചെരിപ്പ്, മുസല്ല (ഇസ്ലാം മത വിശ്വാസികൾ പ്രാർത്ഥനക്കു വേണ്ടി നിലത്തു വിരിക്കുന്ന ഒരു തരം പരവതാനിയാണ് മുസല്ല), കുട, വാട്ടർ ബോട്ടിൽ, വാട്ടർ സ്പ്രേ,കല്ല് (സാത്താനെ കല്ലെറിയുന്ന ചടങ്ങ് ഹജ്ജ് തീർഥാടനത്തിൽ ഒരു പ്രധാന ചടങ്ങാണ്) തുടങ്ങിയ സാധനങ്ങൾ കാണിച്ച് ഇതൊക്കെ കേരള സർക്കാർ കൊടുക്കുന്നതാണെന്ന മട്ടിലാണ് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നത്.
രണ്ടു് തരത്തിലാണ് വിഡിയോകൾ പ്രചരിക്കുന്നത്. ഒന്ന് പിണറായി വിജയൻറെ ഭരണ നേട്ടം എന്ന രീതിയിലും മറ്റൊന്ന് ഹജ്ജ് തീർത്ഥാടകർക്ക് സൗജന്യം കൊടുക്കുമ്പോൾ ശബരിമല തീർത്ഥാടകരെ പിഴിയുന്നുവെന്ന് തരത്തിലും.
പിണറായി സർക്കാരിന് അനുകൂലമായ പോസ്റ്റുകളുടെ വിവരണം പിണറായിസം തുടരും എന്നാണ്.
“ഗവണ്മെന്റ് എല്ലാം കൊടുത്തിട്ടുണ്ട്. എന്നാൽ ശബരിമലയിൽ പോകുമ്പോൾ ഇരട്ടി ബസ്ചാർജ് വാങ്ങും. അന്തം കമ്മികളായ വാലാട്ടി ഹിന്ദു നായ്ക്കൾക്ക് സമർപ്പണം,”എന്നാണ് സർക്കാരിന് എതിരായ പോസ്റ്റുകളുടെ വിവരണം.
ജൂൺ നാലിന് ആരംഭിച്ച ഈ വർഷത്തെ ഹജ്ജ് കർമങ്ങളുടെ ഭാഗമായി മിനാ താഴ്വരയിലെ പിശാചിന്റെ പ്രതീകത്തിന് നേരെയുള്ള കല്ലേറ് കര്‍മ്മം ജൂൺ ആറ് മുതല്‍ ആരംഭിച്ചിരുന്നു. നാല് ദിവസത്തെ കല്ലേറ് കർമത്തിന് ശേഷം ഇന്ന് (ജൂൺ 9ന്) ഹജ്ജ് തീർത്ഥാടനം അവസാനിക്കും. ഈ സാഹചര്യത്തിലാണ് ഈ പ്രചരണം.
മുൻപ് ഇന്ത്യ സർക്കാർ ഹജ്ജ് തീർത്ഥാടനത്തിന് സബ്സിഡി നൽകിയിരുന്നെങ്കിലും 2018 മുതൽ ഇത് നിർത്തലാക്കിയിരിക്കുകയാണ്.
ഇവിടെ വായിക്കുക:പിണറായി സർക്കാർ സഞ്ചരിക്കുന്ന ബാർ ആരംഭിച്ചിട്ടില്ല
വൈറൽ വീഡിയോയുടെ കീഫ്രെയിമുകൾ റിവേഴ്സ് ഇമേജ് സെർച്ചിന്റെ സഹായത്തോടെ പരിശോധിച്ചപ്പോൾ വീഡിയോയുടെ കൂടുതൽ വ്യക്തതയുള്ള പതിപ്പ് AKR Travel and Marketing എന്ന യൂട്യൂബ് ചാനൽ പങ്കുവച്ചിരിക്കുന്നതായും ഞങ്ങൾ കണ്ടെത്തി. അതിൽ പറയുന്നത് ഹാജിമാർക്ക് എല്ലാ സൗകര്യവും ഓരോ വർഷവും മികച്ചതാക്കി നൽകുന്ന സൗദി സർക്കാരാണ് എന്നാണ്. അത് ഞങ്ങളിൽ കൂടുതൽ സംശയങ്ങൾ ഉണ്ടാക്കി. അത് കൊണ്ട് ഞങ്ങൾ ഈ വീഡിയോ പരിശോധിക്കാൻ തീരുമാനിച്ചു.
വീഡിയോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ വൈറൽ വിഡിയോയിലെ തീർത്ഥാടകൻ ഉയർത്തിക്കാട്ടുന്ന ആ ബാഗിൽ ‘Al Bait Guests’ എന്ന് എഴുതിയിരിക്കുന്നത് ഞങ്ങൾ കണ്ടു.
അൽ ബൈത്ത് ഗസ്റ്റ്സ് എന്നത് ഹജ്ജ് സേവനങ്ങൾ നൽകുന്ന ഒരു സ്വകാര്യ കമ്പനിയാണെന്ന് അവരുടെ വെബ്സൈറ്റിൽ നിന്നും മനസ്സിലായി. ഹജ്ജ് തീർഥാടനത്തിന് പോവുന്നവർക്ക് ബുക്കിങ്ങ് മുതൽ ഹജ്ജ് കർമം നിർവഹിക്കുന്നത് വരെയുള്ള എല്ലാ സേവനങ്ങളും അൽ ബൈത്ത് ഗസ്റ്റ്സ് നൽകുന്നുവെന്നും അവരുടെ വെബ്സൈറ്റിൽ പറയുന്നു.
പോരെങ്കിൽ അവരുടെ ഫേസ്ബുക്ക് പേജിൽ ജൂൺ 5,2025ൽ പ്രസിദ്ധീകരിച്ച ഒരു പടത്തിലും ഇപ്പോൾ പ്രചരിക്കുന്ന ബാഗ് കാണാം.
ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസുമായി ബന്ധപ്പെട്ടു. “പോസ്റ്റിലെ അവകാശവാദം പൂർണമായും തെറ്റാണ്. യാത്ര സൗകര്യം ഒരുക്കുകയല്ലാതെ മറ്റൊന്നും കേരളം സർക്കാർ ചെയ്യുന്നില്ല. കേന്ദ്ര സർക്കാരാണ് ഹജ്ജ് ക്വോട്ട അനുവദിക്കുന്നത്. അത് കൂടാതെ സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴിയും ആളുകൾ ഹജ്ജിന് പോവുന്നുണ്ട്. ഹജ്ജ് തീർത്ഥാടനം നടത്തുന്നവർക്ക് സൗദി സർക്കാരും ഹജ്ജ് സൗകര്യം ഒരുക്കുന്ന സ്വകാര്യ സ്ഥാപനങ്ങളും സമ്മാനങ്ങൾ നൽക്കാറുണ്ട്. അവയിൽ ആരെങ്കിലുമാവും ഈ സമ്മാനങ്ങൾ നൽകിയത്,” അബ്ദുറഹിമാന്റെ ഓഫീസ് കൂടിചേർത്തു.
ഇവിടെ വായിക്കുക:നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി പോയോ?
2023ൽ ഇതിന് സമാനമായി ഹജ്ജ് തീർത്ഥാടകർക്ക് സൗദി സർക്കാരിന്റെ സമ്മാന പെട്ടി എന്ന നിലയിൽ ഒരു പോസ്റ്റ് പ്രചരിച്ചിരുന്നു.അൽഡയറി എന്ന കമ്പനിയുടെ ഹജ്ജ് തീർത്ഥാടകർക്കുള്ള സമ്മാന പെട്ടിയന്നെന്നും സൗദി സർക്കാർ നല്കുന്ന സമ്മാന പെട്ടിയല്ലെന്നും ഞങ്ങൾ കണ്ടെത്തിയിരുന്നു.
ഹജ്ജിന് പോകുന്നവർക്ക് കെഎസ്ആർടിസി 30 ശതമാനം ഇളവ് അനുവദിക്കുന്നുണ്ടെന്നും ശബരിമല പോകുമ്പോൾ ഇല്ലാത്തത് ആണിത് എന്ന പേരിലും 2023ൽ ഒരു പ്രചരണം നടന്നിരുന്നു. “സ്വകാര്യ ബസുകള്‍ കുത്തകയാക്കിയതും പിന്നീട് ഏറ്റെടുത്തതുമായ റൂട്ടുകളില്‍ കെഎസ്ആര്‍ടിസി 30 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചത് എന്ന് ഞങ്ങൾ കണ്ടെത്തിയിരുന്നു.
കൃപാസനത്തിലേക്ക് കെഎസ്ആർടിസി സൗജന്യ സർവീസ് നടത്തുമ്പോൾ ശബരിമലയിലേക്ക് 30% അധിക നിരക്ക് ഈടാക്കുന്നുവെന്ന് രീതിയിൽ 2024ൽ മറ്റൊരു പ്രചരണം നടന്നിരുന്നു. അന്ന് കൃപാസനം മാനേജ്മെന്റ് ഇതിന് മുന്‍കൂട്ടി കെഎസ്ആര്‍ടിസിയില്‍ കെട്ടിവെച്ച് നടത്തിയ സർവീസ് ആണിതെന്ന് കണ്ടെത്തിയുന്നു.
പോരെങ്കിൽ വർഷങ്ങൾ ആയി ഫെസ്റ്റിവൽ സ്പെഷ്യൽ ഒടുവാൻ 30% അധിക നിരക്ക് ഈടക്കുവാൻ കെഎസ്ആർടിസിക്ക് അനുവാദം ഉണ്ട് അത് കൊണ്ടാണ് ശബരിമലയ്ക്ക് കൂടുതൽ ചാർജ്ജ് എന്നും ശബരിമലയ്ക്ക് മാത്രമല്ല എല്ലാ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലേക്ക് അവിടത്തെ ഉത്സവ സമയങ്ങളിൽ നടത്തുന്ന സർവീസുകൾക്കും ഇത് ബാധകമാണ്.
ശബരിമല, ബീമാപള്ളി ഉറൂസ്, എടത്വാ പള്ളി പെരുന്നാള്‍, മഞ്ഞണിക്കര പള്ളി പെരുന്നാള്‍, മാരാമണ്‍ കണ്വെന്ഷന്, തൃശൂര്‍ പൂരം, ഗുരുവായൂര്‍ ഏകാദശി, ആലുവ ശിവരാത്രി, ഓച്ചിറ ഉത്സവം തുടങ്ങി 53 ഉത്സവങ്ങള്‍ക്ക് കെഎസ്ആര്‍ടിസി നടത്തുന്ന സ്പെഷ്യല്‍ സര്‍വ്വീസുകള്‍ക്ക് നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികം വാങ്ങി സര്‍വ്വീസ് നടത്തുന്നുണ്ട്.
ആലപ്പുഴയിലെ പ്രശസ്തമായ നെഹ്റു ട്രോഫി വളളംകളിയോടനുബന്ധിച്ച് കെഎസ്ആര്‍ടിസി നടത്തുന്ന ഫെയര്‍/ ഫെസ്റ്റിവല്‍ സ്പെഷ്യല്‍ സര്‍വീസിനും നിലവിലുള്ള നിരക്കിന്റെ 30 ശതമാനം അധികമാണ് യാത്രക്കാരില്‍ നിന്നും ഈടാക്കുന്നത്. പൊതു ആഘോഷങ്ങള്‍ക്ക് വേണ്ടിയുള്ള സ്പെഷ്യല്‍ സര്‍വ്വീസിലും 30 ശതമാനം ചാര്‍ജ്ജ് വര്‍ദ്ധനവ് നിലവിലുണ്ടെന്നര്‍ത്ഥം.
സംസ്ഥാന സർക്കാരല്ല, ഹാജിമാർക്ക് സേവനം നൽകുന്ന അൽ ബൈത്ത് ഗസ്റ്റ്സ് എന്ന സ്വകാര്യ കമ്പനിയാണ് അവശ്യ വസ്തുക്കളടങ്ങിയ ബാഗുകൾ നൽകിയത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
Sources
Self Analysis
Al Bait Guests website
Facebook Post by Al Bait Guests on June 5,2025
Telephone Conversation with the office of State Hajj Affairs Minister V Abdul Rahman’s Office