Fact Check
‘നട്ടെല്ലിന് ബലക്കുറവ്, മുഖ്യമന്ത്രി ചികിത്സയ്ക്ക്’ എന്ന ന്യൂസ് കാർഡ് വ്യാജമാണ്

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനുവരി 15 മുതൽ 29 വരെ ചികിത്സയ്ക്കായി അമേരിക്കയിലെ മിനിസോട്ടയിലെ മായോ ക്ലിനിക്കിലേക്ക് പോകുന്നു. ഇതിന്റെ എല്ലാ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉത്തരവിറക്കിയിരുന്നു.
നേരത്തെ അമേരിക്കയില്‍ 2018ൽ ചികിത്സ നടത്തിയിരുന്ന മുഖ്യമന്ത്രി, തുടര്‍പരിശോധനകള്‍ക്കായാണ് ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവർക്കൊപ്പം വീണ്ടും പോകുന്നത്.
എന്നാൽ പിണറായി വിജയൻ എന്ത് ചികിത്സയ്ക്കാണ് മായോ ക്ലിനിക്കിൽ പോവുന്നത് എന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
പ്രമേഹം, നാഡികൾ സംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച ചികിത്സ നല്‍കുന്ന സ്ഥാപനമാണ് മായോ ക്ലിനിക്ക്.
മുഖ്യമന്ത്രി അമേരിക്കയിൽ പോവുമ്പോൾ പകരം ചുമതല ആർക്കും നൽകിയിട്ടില്ലെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. നേരത്തെ 2018ലും മുഖ്യമന്ത്രി അമേരിക്കയിൽ പോയപ്പോഴും മന്ത്രിസഭയിലെ മറ്റാർക്കും ചുമതല കൈമാറിയിരുന്നില്ല. പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുമ്പോൾ ചുമതല എം വി ഗോവിന്ദന് നൽകണമെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ് ആവ്യശ്യപ്പെട്ടിരുന്നു. കൊവിഡ് വ്യാപിക്കുമ്പോൾ നാടിന് നാഥനുണ്ടാകണമെന്ന് പറഞ്ഞു അദ്ദേഹമിട്ട ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്.
ഇത്തരത്തിൽ മുഖ്യമന്ത്രിയുടെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് ധാരാളം ചർച്ചകൾ പൊതുസമൂഹത്തിൽ നടക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെ കുറിച്ചുള്ള ചർച്ചകളുടെ കൂടി പശ്ചാത്തലത്തിലാവണം സമൂഹ മാധ്യമങ്ങളിലും ഈ വിഷയത്തിൽ പോസ്റ്റുകൾ വ്യാപകമായി അരങ്ങേറിയത്.
ഈ സമൂഹമാധ്യമ ചർച്ചകളുടെ സാഹചര്യത്തിൽ, ‘നട്ടെല്ലിന് ബലക്കുറവ് മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക്’ എന്ന സിപി എം നിയന്ത്രണത്തിലുള്ള കൈരളി ടിവിയുടെ പേരിലുള്ള ഒരു ന്യൂസ് കാർഡ് ഫേസ്ബുക്കിൽ പ്രചരിക്കുന്നുണ്ട്.
Vms Kechery എന്ന ഐഡിയിൽ നിന്നും ഇത്തരത്തിലുള്ള ഒരു പോസ്റ്റ് 114 പേർ ഞങ്ങൾ പരിശോധിച്ചപ്പോൾ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

അജികുമാർ രണ്ടാംകുറ്റി എന്ന ഐഡിയിൽ നിന്നും ഈ പോസ്റ്റ് 49 പേർ ഞങ്ങൾ പരിശോധിക്കുമ്പോൾ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Adv Sanal P Bhaskar എന്ന ഐഡിയിൽ നിന്നും ഇതേ പോസ്റ്റ് 13 പേർ ഞങ്ങൾ പരിശോധിക്കുമ്പോൾ ഷെയർ ചെയ്തിട്ടുണ്ടായിരുന്നു.

Facebook Post
Fact check/verification
ആദ്യമായി ഇത്തരം ഒരു വാർത്ത കൈരളി ടി വി കൊടുത്തിട്ടുണ്ടോ എന്നറിയാൻ അവരുടെ ഫേസ്ബുക്ക് പേജിലും ഓണ്‍ലൈന്‍ പതിപ്പിലും നോക്കി. അവിടെ ഒന്നും ഇങ്ങനെ ഒരു കാർഡ് കണ്ടില്ല.
തുടർന്ന് കൈരളി ടിവിയുടെ എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രനെ ബന്ധപ്പെട്ടു. ഈ ന്യൂസ് കാർഡ് വ്യാജമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ പോലീസ് സൈബർ സെല്ലിന് പരാതി കൊടുത്തിട്ടുണ്ട് എന്നദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിനെ തുടർന്ന് ഞങ്ങൾ ബന്ധപ്പെട്ടു. കൈരളി ടിവിയുടെ ലോഗോ ഉപയോഗിച്ച് ഇത്തരത്തിൽ ഒരു പ്രചാരണം നടക്കുന്നത് ശ്രദ്ധയിൽ വന്നിട്ടുണ്ട് എന്നും അത് വ്യാജമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത് പോലീസിലും അറിയിച്ചിട്ടുണ്ട്, മനോജ് കൂട്ടിച്ചേർത്തു.
Conclusion
‘നട്ടെല്ലിന് ബലക്കുറവ്, മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക്,’ എന്ന കൈരളി ടിവിയുടെ ന്യൂസ് കാർഡ് വ്യാജമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി.
വായിക്കാം: Uniform ധരിച്ച വിദ്യാർഥികൾ അവരുടെ ഒരു സഹപാഠിയെ ആക്രമിക്കുന്ന വീഡിയോ 2016ലേത്
Result: Fabricated News/False Content
Our Sources
Telephone Conversation with Kairali TV Executive Editor Sarath Chandran
Telephone Conversation with C M’s Press Secretary P M Manoj
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.