ഏറെ കോളിളക്കം സൃഷ്ടിച്ച നിലമ്പൂർ രാധ വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്.
“നിലമ്പൂർ രാധ വധക്കേസ്. പ്രതികൾക്ക് ജീവപര്യന്തം. മനോരമയിലും മാതൃഭൂമിയിലും വാർത്ത ഉണ്ടായെന്നു വരില്ല. മാനഭംഗം ചെയ്‌തു കൊന്നതാണ്. കൊല്ലപ്പെട്ടത് കോൺഗ്രസ്സ് ഓഫിസിൽ വെച്ചാണ്. കൊന്നത് കോൺഗ്രസ്സുകാരാണ്,” എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ തൂപ്പുകാരിയായിരുന്ന രാധയെ 2014 ഫെബ്രുവരി അഞ്ചിന് കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതായിരുന്നു സംഭവം. അന്നത്തെ വൈദ്യുതി മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം നിലമ്പൂര്‍ എല്‍.ഐ.സി റോഡില്‍ ബിജിനയില്‍ ബികെ ബിജു എന്ന ബിജു നായർ, സുഹൃത്ത് ചുള്ളിയോട് കുന്നശ്ശേരിയില്‍ ഷംസുദ്ദീന്‍ എന്നിവരായിരുന്നു പ്രതികൾ.
ഇവിടെ വായിക്കുക:ഹൈദരാബാദിലെ 156 കിലോമീറ്റർ നീളമുള്ള റിംഗ് റോഡിന്റെ പടം ഐഐ ജനറേറ്റഡ് ആണ്
Fact Check/ Verification
ഞങ്ങൾ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ ഇതേ ചിത്രം പള്ളപ്പാടി സഖാക്കൾ എന്ന ഐഡിയിൽ നിന്നും ഫെബ്രുവരി 17, 2022ൽ പോസ്റ്റ് ചെയ്തിരിക്കുന്നത് കണ്ടു. അതിൽ നിന്നും പ്രചരണം പഴയതാണെന്ന് മനസ്സിലായി.

“ഞങ്ങൾ തുടർന്ന് കേസിന്റെ ചരിത്രം കീ വേർഡ് സെർച്ചിലൂടെ തിരഞ്ഞു. അപ്പോൾ, 2015ലാണ് രണ്ട് പ്രതികൾക്കും ജീവപര്യന്തം ശിക്ഷ ലഭിച്ചത് എന്ന് മനസ്സിലായി. മഞ്ചേരി ഒന്നാംക്ലാസ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടെതായിരുന്നു വിധി. ഇത് സംബന്ധിച്ച് മലയാളം വൺഇന്ത്യ വെബ്‌സൈറ്റ് ഫെബ്രുവരി 15,2015ൽ വാർത്ത കൊടുത്തിട്ടുണ്ട്.

ഈ കേസിൽ പ്രതികളായ ബികെ ബിജുവിനെയും കുന്നശ്ശേരിയിൽ ഷംസുദ്ദീനെയും 2021ൽ സംശയത്തിന്റെ ആനുകൂല്യത്തിൽ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. അന്വേഷകർക്ക് സംഭവവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെ കണ്ണിമുറിയാതെ സ്ഥാപിക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. ഇത് സംബന്ധിച്ച മാർച്ച് 31, 2021ലെ മാതൃഭൂമി വാർത്ത ഞങ്ങൾ കണ്ടെത്തി.

നിലമ്പൂർ രാധ വധക്കേസിൽ പ്രതികളെ വെറുതെവിട്ട വിധിക്കെതിരായ അപ്പീലിൽ സുപ്രീം കോടതി നോട്ടിസയച്ചത് സംബന്ധിച്ച് ജനുവരി 5, 2024ലെ ഏഷ്യാനെറ്റ് വാർത്തയും ഞങ്ങൾ കണ്ടെത്തി.

തുടർന്ന് കേസിന്റെ ഇപ്പോഴത്തെ സ്റ്റാറ്റസ് എന്താണ് എന്ന് പരിശോധിച്ചു. അപ്പോൾ, ജനുവരി 5, 2024ലെ ഇന്ത്യൻ കാനുൻ വെബ്‌സൈറ്റിലെ കേസ് സ്റ്റാറ്റസ് സംബന്ധിച്ച അറിയിപ്പ് കണ്ടു. “വിധിയുടെ സി/സി ഫയൽ ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കുന്നതിനും തീയതികളുടെ ദൈർഘ്യമേറിയ പട്ടിക ഫയൽ ചെയ്യുന്നതിനുള്ള അനുമതിക്കുമുള്ള അപേക്ഷകൾ അനുവദനീയമാണ്. നോട്ടീസ് അയക്കുക,” എന്നാണ് വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്ന ഡെയിലി ഓർഡർ എന്നാണ് അതിൽ കൊടുത്തിരിക്കുന്നത്.

സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ ഈ കേസിന്റെ സ്റ്റാറ്റസ് പരിശോധിച്ചപ്പോഴും പെന്റിങ് എന്നാണ് കൊടുത്തിരിക്കുന്നത്. അതായത് വിധി പറഞ്ഞിട്ടില്ലെന്ന് അർത്ഥം.

Conclusion
നിലമ്പൂർ രാധ വധക്കേസിൽ പ്രതികൾക്ക് പ്രതികൾക്ക് 2015ൽ ജീവപര്യന്തം ശിക്ഷ ലഭിച്ചിരുന്നെങ്കിലും 2021ൽ ഹൈക്കോടതി ഇരുവരെയും വെറുതെ വിട്ടുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അതിനെതിരെയുള്ള അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനായിലാണ്.
ഇവിടെ വായിക്കുക:ജർമ്മനിയിൽ 15 വയസ്സുള്ള കുട്ടിയെ കൊല്ലാൻ ശ്രമിച്ച സ്ത്രിയല്ലിത്
Sources
News report by Malayalam OneIndia on February 15,2014
News report by Mathrubhumi on March 31,2022
News report by Asianet News on January 5,2024
Daily Case order by Indiankanoon on January 5,2024
Case status on Supreme Court of India Website