Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ 25% കുറവ് നിരക്കും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 3 ഇരട്ടി നിരക്കും.
രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ താരിഫ് നിരക്കിനെക്കാൾ 10% കുറവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 4 താരിഫ് നിരക്കിനെക്കാൾ 25% കൂടുതൽ നിരക്കും നൽകേണ്ടിവരും.
കെഎസ്ഇബിയിൽ നിലവിൽ വന്ന ടൈംസ് ഓഫ് ദ ഡേ സംവിധാന പ്രകാരമുള്ള വൈദ്യുതി നിരക്കിനെ കുറിച്ച് ഒരു പ്രചരണം സമൂഹ മാധ്യമങ്ങളിൽ നടക്കുന്നുണ്ട്.
“കേരളത്തിൽ കെഎസ്ഇബിയിൽ TOD(ടൈംസ് ഓഫ് ദ ഡേ) സംവിധാനം നിലവിൽ വന്നു. അത് പ്രകാരം വൈദ്യുതി നിരക്കിന്റെ സ്ഥിതി- 1) രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ 25% കുറവ് നിരക്ക്. 2) വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 3 ഇരട്ടി വർദ്ധനവ്. 3) രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ നിരക്ക്,” എന്നാണ് പോസ്റ്റ് പറയുന്നത്.
“ശ്രദ്ധയില്ലാതെ ഉപയോഗിച്ചാൽ വൈദ്യുതി ബിൽ വൻതോതിൽ വർദ്ധിക്കും. അതുകൊണ്ട് എല്ലാവരും പരമാവധി ഉപയോഗം പകൽ സമയങ്ങളിൽ ആക്കുക,” എന്നും പോസ്റ്റ് പറയുന്നു.
ഈ പോസ്റ്റ് പരിശോധിക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.

ഫേസ്ബുക്കിലും ഈ പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

ഇവിടെ വായിക്കുക: ബിജെപി വോട്ട് നിലമ്പുരിൽ കോൺഗ്രസിന് എന്ന് ഓ രാജഗോപാൽ പറഞ്ഞോ?
പോസ്റ്റിന്റെ നിജസ്ഥിതി അറിയാൻ ഞങ്ങൾ കെഎസ്ഇബിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് പരിശോധിച്ചു. 2025 ജൂണ്‍ 24-ന് പേജില്‍ പങ്കുവച്ച പോസ്റ്റ് ലഭിച്ചു.

എല്ലാ വിഭാഗം ഹൈ ടെൻഷൻ, എക്സ്ട്രാ ഹൈ ടെൻഷൻ ഉപഭോക്താക്കൾക്കും 20 കിലോവാട്ടിനു മുകളിൽ കണക്റ്റഡ് ലോഡുള്ള ലോ ടെൻഷൻ വ്യാവസായിക ഉപഭോക്താക്കൾക്കും പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും ആണ് നിലവിൽ TOD അഥവ ടൈം ഓഫ് ഡേ ബില്ലിംഗ് ഏർപ്പെടുത്തിയിട്ടുള്ളത് എന്ന് ഈ പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്.
ദിവസത്തെ T1, T2, T3 എന്നിങ്ങനെ മൂന്ന് ടൈം സോണുകളായി തിരിച്ചാണ് ഈ വിഭാഗങ്ങളിൽ വരുന്ന ഉപഭോക്താക്കൾക്ക് ബില്ലിംഗ് ചെയ്യുന്നത് എന്നും പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിമാസം 250 യൂണിറ്റിലധികം വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളുടെ ബിൽ കണക്കാക്കുന്ന വിധവും പോസ്റ്റിൽ ഉണ്ട്.
അത് ഇങ്ങനെയാണ്: “T 1 – രാവിലെ 6 മുതൽ വൈകുന്നേരം 6 വരെയുള്ള 12 മണിക്കൂർ സമയത്ത് താരിഫ് നിരക്കിനെക്കാൾ 10% കുറവ് നിരക്കായിരിക്കും ഈടാക്കുക. T2 – വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 4 മണിക്കൂർ സമയം താരിഫ് നിരക്കിനെക്കാൾ 25% കൂടുതൽ നിരക്ക് നൽകേണ്ടിവരും T3 – രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള 8 മണിക്കൂർ സമയത്ത് അതത് താരിഫ് നിരക്കിൽത്തന്നെ വൈദ്യുതി ഉപയോഗിക്കാം.”
കെഎസ്ഇബി ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ ഗണ്യമായി കുറയ്ക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളും പോസ്റ്റിൽ നിർദ്ദേശിച്ചിട്ടുണ്ട്.
“പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ടി, ഹീറ്റർ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങൾ പകൽ സമയത്ത് (രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ) ഉപയോഗിക്കാൻ ശ്രമിച്ചാൽ 35 ശതമാനം വരെ പണം ലാഭിക്കാൻ സാധിക്കും,” എന്ന് പോസ്റ്റ് പറയുന്നു.
വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ 2025 ജൂണ്‍ 24ലെ ഫേസ്ബുക്ക് പോസ്റ്റിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 10, 2025ലെ ചോദ്യോത്തര വേളയിൽ (Question Hour) പി കെ ബഷീർ എംഎൽഎയുടെ നക്ഷത്ര ചിഹ്നം ഇല്ലാത്ത ചോദ്യം നമ്പർ 667ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി കൊടുത്ത മറുപടിയുടെ ബി പാർട്ടിലും ഇത് വ്യക്തമാക്കിയിട്ടുണ്ട്.
“ടിഒഡി മീറ്ററിൽ ഒരു ദിവസത്തെ മൂന്ന് ടൈം സോൺ ആയി തിരിച്ചാണ് റീഡിങ് രേഖപ്പെടുത്തുന്നത്. ഒന്നാമത്തെ ടൈം സോണിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 മണിവരെയുള്ള ഉപഭോഗവും,രണ്ടാമത്തെ ടൈം സോണിൽ വൈകുന്നേരം ആറുമണി മുതൽ രാത്രി 10 മണി വരെ ഉപഭോഗവും,മൂന്നാമത്തെ ടൈം സോണിൽ രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ യും ഉള്ള ഉപഭോഗം പ്രത്യേകം പ്രത്യേകം കണക്കാക്കുകയും അത് ബില്ലിംഗ് കാലയളവില ക്ക് ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു,” മന്ത്രി മറുപടിയിൽ വ്യക്തമാക്കുന്നു.
“നിലവിൽ ടിഒഡി ബില്ലിംഗ് ഗാർഹിക ഉപഭോക്താക്കൾക്ക് പകൽ സമയത്ത് സാധാരണനിരക്കിന്റെ 90% നിരക്കിലും, പീക്ക് സമയത്ത് (6pm to 10pm) സാധാരണ നി രക്കിന്റെ 125% നിരക്കിലും, ഓഫ് പീക്ക് സമയത്ത് (10 pm to 6 am) സാധാരണ നിരക്കിലും വൈദ്യുതി നൽകി വരുന്നു,” മറുപടിയിൽ തുടർന്ന് പറയുന്നു.
നിരക്കിന്റെ 90 ശതമാനം എന്ന് പറഞ്ഞാൽ നിരക്കിനേക്കാൾ 10 ശതമാനം കുറവും 125 ശതമാനം എന്ന് പറഞ്ഞാൽ നിരക്കിനേക്കാൾ 25 ശതമാനം കുടുതലും എന്നാണ്.
കേന്ദ്ര ഗവൺമെന്റ് 14.06.2023ൽ പുറത്തിറക്കിയ Electricity (Rights of Consumers) Amendment Rules, 2023 പ്രകാരമാണ് ടൈംസ് ഓഫ് ദ ഡേ പദ്ധതി നടപ്പിലാക്കുന്നത് എന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇവിടെ വായിക്കുക: ഇറാനിൽ ഹിജാബ് വിരുദ്ധസമരത്തിനെ അനുകൂലിച്ചതിനാണോ ചിത്രത്തിലുള്ള ആളെ തൂക്കിലേറ്റിയത്?
കെഎസ്ഇബി നടപ്പിലാക്കുന്ന ടൈംസ് ഓഫ് ദ ഡേ സംവിധാനത്തെക്കുറിച്ച് പ്രചരിക്കുന്ന സന്ദേശത്തിലെ നിരക്കുകൾ തെറ്റാണെന്നു ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Facebook Post by KSEB on June 24,2025
Facebook Post by Electricity Minister K Krishnankutty on June 24,2025
Question Hour in Kerala Assembly on February 10,2025