ബിജെപി വോട്ട് നിലമ്പുരിൽ കോൺഗ്രസിന് എന്ന് ബിജെപി നേതാവ് ഓ രാജഗോപാൽ പറഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. ബിജെപി വോട്ട് എന്നും കോൺഗ്രസിന് തന്നെ എന്ന് ബിജെപി നേതാവ് ഓ രാജഗോപാൽ പറഞ്ഞുവെന്നാണ് ഇത്തരം പോസ്റ്റുകൾ ആരോപിക്കുന്നത്.
നിലമ്പുരിലും ബിജെപി വോട്ടുകൾ യുഡിഎഫിന് എന്ന് വിഡിയോയിൽ സൂപ്പർഇമ്പോസ് ചെയ്തിട്ടുണ്ട്.
“ബിജെപി നേതാവ് ഓ രാജഗോപാൽ,ബിജെപി വോട്ട് എന്നും കോൺഗ്രസിന് തന്നെ,” എന്ന വിവരണത്തോടെയാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
0:07 മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോയാണ് പ്രചരിക്കുന്നത്. “നമ്മൾ ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടു കളയുന്നത്. കമ്മ്യൂണിസ്റ്റുകാരെ തോൽപിക്കണം എങ്ങനെയെങ്കിലും,” എന്നാണ് വീഡിയോയിൽ രാജഗോപാൽ പറയുന്നതായി കാണിക്കുന്നത്.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കോൺഗ്രസിലെ ആര്യാടന്‍ ഷൗക്കത്ത് 11,077 വോട്ടുകള്‍ക്ക് എൽഡിഎഫ് സിപിഎമ്മിലെ എം സ്വരാജിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് പ്രചരണം.
2016ല്‍ പി വി അന്‍വറിനെ സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കിയാണ് പതിറ്റാണ്ടുകളായി യുഡിഎഫിന്‍റെ കുത്തകയായിരുന്ന നിലമ്പൂര്‍ എല്‍ഡിഎഫ് പിടിച്ചെടുത്തത്. 2021ല്‍ അന്‍വറിലൂടെ എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചെങ്കിലും ഏതാനും മാസം മുന്‍പ് അന്‍വര്‍ സിപിഎമ്മുമായി തെറ്റി എംഎല്‍എ സ്ഥാനമൊഴിഞ്ഞു. ഇതോടെയാണ് നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിനുള്ള സാഹചര്യമൊരുങ്ങിയത്.
ഇവിടെ വായിക്കുക: ഇറാനിൽ ഹിജാബ് വിരുദ്ധസമരത്തിനെ അനുകൂലിച്ചതിനാണോ ചിത്രത്തിലുള്ള ആളെ തൂക്കിലേറ്റിയത്?
Fact Check/ Verification
രാജഗോപാൽ വീഡിയോയിൽ മാസ്ക് ധരിച്ചിരിക്കുന്നത് ഞങ്ങളുടെ ശ്രദ്ധയിൽ വന്നു. അത് കൊണ്ട് തന്നെ വീഡിയോ കൊറോണ കാലത്തേത് ആണെന്ന് ഒരു സംശയം തോന്നി. അത് കൊണ്ട് തന്നെ ഞങ്ങൾ ഒരു കീ വേർഡ് സേർച്ച് നടത്തി. അപ്പോൾ, മാർച്ച് 17,2021ൽ കൈരളി ന്യൂസ് സംപ്രക്ഷേണം ചെയ്ത വീഡിയോ അവരുടെ ഫേസ്ബുക്ക് പേജിൽ നിന്നും കിട്ടി.
വൈറൽ വീഡിയോയിൽ ഉള്ള അതെ നിറത്തിലുള്ള ഡ്രസ്സും മാസ്കുമാണ് രാജഗോപാൽ ഈ വിഡിയോയിൽ ധരിച്ചിരിക്കുന്നത്. വൈറൽ വിഡിയോയിൽ രാജഗോപാലിനൊപ്പം മറ്റൊരാൾ കൂടി ഉണ്ട്. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വിഡിയോയിൽ ഇയാളെ എഡിറ്റ് ചെയ്ത ഒഴിവാക്കിയിട്ടുണ്ട്.
17:23 ദൈർഘ്യമുള്ള വീഡിയോയുടെ 0.21 മിനിറ്റു മുതൽ 1.31 മിനിറ്റ് വരെയുള്ള ഭാഗത്താണ് ഇപ്പോൾ പ്രചരിക്കുന്ന വാക്യങ്ങൾ രാജഗോപാൽ പറയുന്നത്.
“ഒരു കൂട്ടുകെട്ടും കോൺഗ്രസോ കമ്മ്യൂണിസ്‌റ്റോ ആയി ബിജെപിക്കില്ല,” എന്ന് രാജഗോപാൽ ആദ്യം പറയുന്നു.
അതിന് ശേഷമാണ്, “മുൻപ് ബിജെപിയുടെ കുറെ വോട്ട് കമ്മ്യൂണിസ്റ്റുകാരെ എങ്ങനെയെങ്കിലും തോൽപിക്കണം, എന്ന കാഴ്ചപ്പാടിൽ ഒരു കാലഘട്ടത്തിൽ എന്തായാലും വിരോധമില്ല, മുൻപ് ബിജെപിയുടെ കുറെ വോട്ട് നമ്മൾ ഏതായാലും ജയിക്കാന്‍ പോണില്ല… എന്നാ പിന്നെ എന്തിനാ വോട്ടു കളയുന്നത്. കമ്മ്യൂണിസ്റ്റുകാരെ തോൽപിക്കണം എങ്ങനെയെങ്കിലും എന്ന് പറഞ്ഞു ചെയ്യുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അതൊക്കെ പഴയ കാലം,” എന്ന് രാജഗോപാൽ പറയുന്നു.
ആ വീഡിയോയിലെ വളരെ ചെറിയ ഒരു ഭാഗം എടുത്താണ്, “നമ്മൾ ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടു കളയുന്നത്. കമ്മ്യൂണിസ്റ്റുകാരെ തോൽപിക്കണം എങ്ങനെയെങ്കിലും,” എന്ന് പ്രചരണം നടത്തുന്നത്.

മാർച്ച് 17,2021ൽ തന്നെ മീഡിയവൺ അവരുടെ വെബ്‌സൈറ്റിൽ കൊടുത്ത സമാനമായ വാർത്തയും ഞങ്ങൾ കണ്ടെത്തി. ‘കമ്മ്യൂണിസ്റ്റുകാരെ തോല്‍പിക്കാന്‍ ബിജെപി മുമ്പ് വോട്ട് മറിച്ചിട്ടുണ്ട്: ഒ രാജഗോപാല്‍’ എന്നാണ് ഈ വാർത്തയുടെ ഹെഡിങ്ങ്.
“ബിജെപിക്കാർ വോട്ട് മറിച്ചിരുന്നെന്ന കാര്യം പരസ്യമായി സമ്മതിച്ച് ബിജെപി എംഎൽഎ ഒ രാജഗോപാൽ. വോട്ട് മറിച്ചിരുന്നുവെന്നാണ് രാജഗോപാൽ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത്. ഇത്തവണ നിയമസഭയിൽ ബിജെപിയുടെ സീറ്റ് രണ്ടക്കം കടക്കുമെന്നും രാജഗോപാൽ പറഞ്ഞു,” മീഡിയവൺ വാർത്ത പറയുന്നു.
“കമ്മ്യൂണിസ്റ്റുകാരെ ഏതുവിധേനയും തോൽപ്പിക്കണം എന്ന കാഴ്ച്ചപ്പാടുണ്ടായിരുന്നു ഒരുകാലത്ത് ബിജെപിക്ക്. അന്ന് ജയിക്കാൻ സാധ്യതയില്ലാത്ത ബിജെപിക്ക്,വെറുതെ വോട്ട് കുത്തി വോട്ട് പാഴാക്കേണ്ടതില്ല എന്ന ചിന്തയിൽ വോട്ട് മറിച്ചിരുന്നു. എന്നാൽ ബി.ജെ.പി ഇന്ന് സ്വന്തം കാലിൽ നിൽക്കാനായെന്നും ഒ രാജഗോപാൽ പറഞ്ഞുവെന്ന്,” വാർത്ത തുടരുന്നു.

Conclusion
നമ്മൾ ഏതായാലും ജയിക്കാന്‍ പോണില്ല. എന്നാ പിന്നെ എന്തിനാ വോട്ടു കളയുന്നത് എന്ന ബിജെപി നേതാവ് ഓ രാജഗോപാൽ പറയുന്നതായി പ്രചരിപ്പിക്കുന്നത് ഒരു ദൈർഘ്യമുള്ള വീഡിയോയുടെ ക്ലിപ്പ് ചെയ്ത ഭാഗം ഉപയോഗിച്ചാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായി. ഈ വീഡിയോ 2021ലേതാണ്,നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:ബെഞ്ചമിൻ നെതന്യാഹുവിനെ ഒരാൾ മർദ്ദിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം അറിയുക
Sources
Facebook Post by Kairal News on March 17,2021
News report by Mediaoneonline on March 17,2021