Fact Check
പെഹൽഗാമിലെ അക്രമത്തിന് പിന്നിലെ തീവ്രവാദിയെ ചോദ്യം ചെയ്യുന്നു എന്ന വീഡിയോയുടെ വാസ്തവം
Claim
പഹല്‍ഗാം തീവ്രവാദ ആക്രമണത്തിലെ ഒരു ഭീകരനെ ഇന്ത്യന്‍ പട്ടാളക്കാര്‍ കൈകാര്യം ചെയ്യുന്നു.
Fact
2018ൽ പാകിസ്ഥാൻ സൈന്യം ഒരാളെ മർദ്ദിക്കുന്ന വീഡിയോ.
പെഹൽഗാമിലെ അക്രമത്തിന് ഉത്തരവാദിയായ തീവ്രവാദിയെ പിടികൂടി ഇന്ത്യന്‍ സൈന്യം ചോദ്യം ചെയ്യുന്നു എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്.
ഒരു വ്യക്തിയെ കമഴ്ത്തിയിട്ട് മുതുകിലും അരക്കെട്ടിലും വടി ഉപയോഗിച്ച് അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
“തുണി പൊക്കി നോക്കി കൊല്ലുന്ന ഒരെണ്ണത്തിനെ ജീവനോടെ കിട്ടിയിട്ടുണ്ട്. അവൻ പറയില്ലപോലും… പറഞ്ഞേ പറ്റൂ, ആരാണ് തുണിപൊക്കാൻ പറഞ്ഞു വിട്ടതെന്ന്,” എന്നാണ് പോസ്റ്റിലെ വിവരണം.
പഹൽഗാം ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തിനിടെ, ഏകദേശം 20 പുരുഷന്മാരുടെ ട്രൗസറുകൾ വലിച്ചു താഴ്ത്തുകയോ അഴിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തിയെന്ന് വാർത്തയുണ്ടായിരുന്നു. തീവ്രവാദികൾ ആദ്യം ഇരകളെ വധിക്കുന്നതിന് മുമ്പ് അവരുടെ മതപരമായ വ്യക്തിത്വം സ്ഥിരീകരിക്കാൻ ശ്രമിച്ചുവെന്നതിന്റെ തെളിവായി ഈ അസ്വസ്ഥമായ വിശദാംശങ്ങൾ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ വിവരണത്തോടെ പോസ്റ്റ് വൈറലാവുന്നത്.

ഇവിടെ വായിക്കുക:പഹൽഗാമിൽ കൊല്ലപ്പെട്ടവരിൽ 15 പേർ മുസ്ലിം പേരുകളുള്ളവരാണോ?
Fact Check/Verification
‘ഇൻവിഡ്’ ടൂൾ ഉപയോഗിച്ച് വീഡിയോ വിഭച്ചിച്ചു. തുടർന്ന്, യാൻഡെക്സ് സേർച്ച് എഞ്ചിൻ ഉപയോഗിച്ച്, റിവേഴ്സ് ഇമേജ് സെർച്ച് നടത്തിയപ്പോൾ, ഇന്ത്യൻ സൈന്യം കശ്മീരിലെ യുവാക്കളെ പീഡിപ്പിക്കുകയാണെന്ന അവകാശവാദത്തോടെ പാകിസ്ഥാൻ പത്രപ്രവർത്തകൻ ഹമീദ് മിർ സെപ്തംബർ 21, 2018 ഈ വിഡിയോ എക്സിൽ ഷെയർ ചെയ്തിരുന്നു.

ജൂലൈ 6, 2018ൽ ഇതേ അവകാശവാദത്തോടെ പ്രസന്റ് പാകിസ്ഥാൻ എന്ന യൂട്യൂബ് ചാനലും വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

എന്നാൽ വീഡിയോയിൽ 0:17 മിനിറ്റിൽ, പാകിസ്ഥാന്റെ ദേശീയ പതാക കാണാൻ കഴിയും. ഒരു നിമിഷം മാത്രമേ പാകിസ്ഥാൻ പതാക സ്ക്രീനിൽ കാണാൻ ആവൂ പോരെങ്കിൽ വീഡിയോ വ്യക്തമല്ലാത്തതിനാൽ സ്ക്രീൻഷോട്ടിന്റെ എക്സ്പോഷറും തെളിച്ചവും വർദ്ധിപ്പിച്ചാൽ മാത്രമേ പതാക തിരിച്ചറിയാനാവൂ.

ബലൂച് റിപ്പബ്ലിക്കൻ പാർട്ടിയുടെ (ബിആർപി) കേന്ദ്ര വക്താവ് ഷേർ മുഹമ്മദ് ബുഗ്തിയുടെ വെരിഫൈഡ് അക്കൗണ്ട് 2018 ജൂലൈ 5 ന് അതായത് ഏകദേശം 3 മാസം മുമ്പ് ഇതേ വീഡിയോ എക്സിൽ പോസ്റ്റ് ചെയ്തു
“ദയവായി ഒന്ന് നോക്കൂ: നിരപരാധിയായ #ബലൂച് വിദ്യാർത്ഥിയെ ക്രൂരമായി #പാക് ആർമി ശാരീരികമായി പീഡിപ്പിക്കുന്ന മനുഷ്യത്വരഹിതവും അപമാനകരവുമായ പെരുമാറ്റം. ദയവായി, ആർട്ടിക്കിൾ 27 (1) അനുസരിച്ച്1984 ഡിസംബർ 10 ലെ ജനറൽ അസംബ്ലി പ്രമേയം 39/46തിന് അനുസൃതമായി നടപടിയെടുക്കുക. @unhcr @hrw @UN @UNHumanRights,” എന്നാണ് അദ്ദേഹത്തിന്റെ എക്സ് പോസ്റ്റ്.

ഈ വീഡിയോ എവിടെ നിന്നുള്ളതാണ് എന്നോ അതിൽ പീഡിപ്പിക്കപ്പെടുന്ന ആൾ ആരെന്നോ വ്യക്തമല്ലെങ്കിലും അതിൽ ഉൾപെടുന്നവർ ഇന്ത്യൻ പട്ടാളക്കാരല്ല, പാകിസ്ഥാനികളാണ് എന്ന് ഉറപ്പിക്കാനാവും. 2018ൽ നിന്നുള്ളതാണ് വീഡിയോ എന്നത് കൊണ്ട് വീഡിയോയ്ക്ക് പഹല്‍ഗാം തീവ്രവാദ ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും തീർച്ചയാണ്.
Conclusion
പഹല്‍ഗാം ആക്രമണത്തിലെ തീവ്രവാദ സംഘത്തില്‍പ്പെട്ട ഭീകരനെ കൈയ്യില്‍ കിട്ടിയപ്പോള്‍ ഇന്ത്യന്‍ സൈന്യം എന്ന പേരിൽ പ്രചരിക്കുന്ന ദൃശ്യം 2018 ലേതാണ് എന്നു ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
X Post by Hamid Mir on September 21,2018
YouTube video by Present Kashmir on July 6,2018
X Post by Sher Mohammad Bugti on July 5,2018
Self Analysis