Claim
പി കെ നവാസ് തന്നെയും പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫാത്തിമ തഹലിയ, പറഞ്ഞതായുള്ള മനോരമ ന്യൂസിന്റെ ന്യൂസ്‌കാർഡ്.
Fact
മനോരമ ന്യൂസിന്റെ ന്യൂസ് കാർഡ് വ്യാജമാണ്.
പി കെ നവാസ് എന്ന എംഎസ്എഫ് നേതാവിനെതിരെ 2021ൽ ആ സംഘടനയുടെ വനിതാ വിഭാഗമായ ഹരിതയുടെ നേതാക്കള്‍ വനിതാ കമ്മീഷന് 2021ൽ പരാതി നല്‍കിയിരുന്നു. മുസ്ലിം ലീഗിന്റെ വിദ്യാർഥി വിഭാഗമാണ് എംഎസ്എഫ്. 2021 ജൂണ്‍ 22ന് കോഴിക്കോട്ട് എംഎസ്എഫ് സംസ്ഥാന സമിതി യോഗത്തിനിടെ പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും നടത്തിയ ലൈംഗീക അധിക്ഷേപം ചൂണ്ടിക്കാട്ടിയാണ് വനിതാ വിഭാഗമായ ഹരിതയുടെ 10 നേതാക്കള്‍ വനിതാ കമ്മീഷന് പരാതി നല്‍കിയത്. തുടർന്ന്, ആ വർഷം തന്നെ ഹരിത സംസ്‌ഥാന കമ്മിറ്റി മുസ്ലിം ലീഗ് നേതൃത്വം പിരിച്ചു വിട്ടിരുന്നു.
എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ, ‘ഹരിത’ ഉന്നയിച്ച ലൈംഗികാധിക്ഷേപ പരാതിയിൽ സ്വാഭാവിക നീതി കിട്ടിയില്ലെന്ന് അന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റായിരുന്ന ഫാത്തിമ തഹ്‌ലിയ പറഞ്ഞിരുന്നു. തുടർന്ന്, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഫാത്തിമ തഹ്‌ലിയയെ പുറത്താക്കി.
അതിന് രണ്ടു വർഷത്തിന് ശേഷമാണ് ഇപ്പോൾ, പി.കെ.നവാസ് തന്നെയും പല തവണ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഫാത്തിമ തഹലിയ, കൂടുതല്‍ തെളിവുകള്‍ ഉടന്‍ പുറത്ത് വിടും, എന്ന തലക്കെട്ടും രണ്ടു പേരുടെയും ചിത്രങ്ങളും ഉള്ള മനോരമയുടെ സ്ക്രീന്‍ഷോട്ട് പ്രചരിക്കുന്നത്.
വാട്ട്സ്ആപ്പിൽ ആണ് ഈ ന്യൂസ് കാർഡ് വൈറലാവുന്നത്. ഈ ന്യൂസ് കാർഡ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക:Fact Check:ബിജെപിയില്‍ ചേര്‍ന്നത് തെറ്റായി പോയെന്ന് ഇ ശ്രീധരന്‍ പറഞ്ഞോ?
Fact Check/Verification
ഈ വാർത്തയുടെ നിജസ്ഥിതി അറിയാൻ ഞങ്ങൾ വിവിധ കീ വേർഡുകൾ ഉപയോഗിച്ച് സെർച്ച് ചെയ്തു. അപ്പോൾ, ഇതേ ന്യൂസ് കാർഡ് ഹരിതയുമായി ബന്ധപ്പെട്ട വിവാദങ്ങൾ കത്തി നിന്ന 2021ലും വൈറലായിരുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. Dyfi Railway Mosco എന്ന ഐഡിയിൽ നിന്നും ഇതേ കാർഡ് ഓഗസ്റ്റ് 14,2021 ൽ ഷെയർ ചെയ്തത് ഞങ്ങൾക്ക് ലഭിച്ചു.

മനോരമ ന്യൂസിന്റെ വെബ്സൈറ്റിൽ നിന്നും സക്രീന്‍ഷോട്ട് വ്യാജമാണെന്നും, ഇത് പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അറിയിച്ചുള്ള ഓഗസ്റ്റ് 14,2021ലെ വാർത്തയും ഞങ്ങൾക്ക് ലഭിച്ചു.

തുടർന്ന് ഞങ്ങൾ ഫാത്തിമ തഹ്‌ലിയയോട് സംസാരിച്ചു. “ഈ പ്രചരണം വ്യാജമാണ്. ഇത് മുൻപും പ്രചരിച്ചിരുന്നു, അന്ന് ഇതിനെതിരെ സൈബർ സെല്ലിന് പരാതി നൽകിയിരുന്നു. അന്ന് പോസ്റ്റിന്റെ ഉറവിടം കണ്ടെത്താനായില്ല. പോസ്റ്റ് പ്രചരിച്ച ഐഡികളിൽ പലതും ഫേക്ക് ഐഡികൾ ആണ്. അത് കൊണ്ട് തന്നെ നടപടികൾ പൂർണ്ണമായും വിജയിച്ചില്ല,” ഫാത്തിമ തഹ്‌ലിയ പറഞ്ഞു.
ഇവിടെ വായിക്കുക:Fact Check: അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയുടെ നൃത്തമാണോ ഇത്?
Conclusion
ഇപ്പോൾ പ്രചരിപ്പിക്കുന്ന എഡിറ്റ് ചെയ്ത വ്യാജ സ്ക്രീന്‍ഷോട്ടാണ്. മനോരമ തന്നെ അത് വ്യക്തമാക്കിയിട്ടുണ്ട്.
Result: Altered Media
ഇവിടെ വായിക്കുക Fact Check: സെക്യൂരിറ്റി കമിതാക്കളെ പിടിക്കുന്ന വീഡിയോ ആണോ ഇത്?
Sources
News report by Manorama News on August 14,2023
Telephone Conversation with Fathima Thahiliya
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.