Monday, April 29, 2024
Monday, April 29, 2024

HomeFact CheckViralസൂക്ഷിക്കുക! പിങ്ക് വാട്ട്‌സ്ആപ്പ് ഒരു തട്ടിപ്പാണ്

സൂക്ഷിക്കുക! പിങ്ക് വാട്ട്‌സ്ആപ്പ് ഒരു തട്ടിപ്പാണ്

Authors

Sabloo Thomas
Pankaj Menon

പിങ്ക് വാട്ട്‌സ്ആപ്പ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.  വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഈ സന്ദേശം വളരെ അധികം പ്രചരിക്കുന്നുണ്ട്. “വാട്ട്‌സ്ആപ്പിന്റെ പുതിയ ഫീച്ചറാണ് പിങ്ക് വാട്ട്‌സ്ആപ്പ്, ശരിയായ അപ്‌ഡേറ്റ് ലഭിക്കുന്നതിന് പ്രസക്തമായ ലിങ്കിൽ ക്ലിക്ക് ചെയ്യുക,” എന്ന സന്ദേശം നിരവധി ഉപയോക്താക്കൾ വ്യാപകമായി പങ്കിടുന്നു. എന്നാൽ  ഈ സന്ദേശം തട്ടിപ്പിന്റെ ഭാഗമാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ  ധാരാളം പേർ അഭിപ്രായപ്പെടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ, പിങ്ക് വാട്ട്‌സ്ആപ്പ് കൃത്യമായി എന്താണെന്ന് ഒരു അന്വേഷണത്തിനുള്ള ശ്രമമാണ് ഈ ലേഖനം. 

എന്താണ് പിങ്ക് വാട്ട്‌സ്ആപ്പ്  വൈറൽ സന്ദേശം?

വാട്ട്‌സ്ആപ്പിന്റെ ഈ പുതിയ സവിശേഷതയെക്കുറിച്ചുള്ള ഈ സന്ദേശം ഞങ്ങൾ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ  കണ്ടെത്തി. “Add New whatsapp features Try this and enjoy new look. https://s0l.site?=pink, ” ഇതാണ് വൈറലായ ഈ സന്ദേശം പറയുന്നത്. വാട്ട്‌സ്ആപ്പ് അവിശ്വസനീയമായ സവിശേഷതകളുമായി വന്നിരിക്കുന്നു, നിങ്ങളുടെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക അല്ലെങ്കിൽ നിങ്ങൾക്കിത് അറിയാമോ? തുടങ്ങിയ തലക്കെട്ടിന് കീഴിലാണ് ഇത്തരമൊരു സന്ദേശം പ്രചരിക്കുന്നത്.

Screenshot of links circulating in whatsapp
Screenshot of links circulating in whatsapp

ഇത് സംബന്ധിച്ച് ട്വിറ്ററിൽ തിരഞ്ഞപ്പോൾ, ഈ സന്ദേശം വിശ്വസിക്കരുത്. എന്ന് പലരും ട്വീറ്റ് ചെയ്തതായി കണ്ടെത്തി. ഫേസ്ബുക്കിലും ഇത് തട്ടിപ്പാണെന്ന് പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്താണ് സത്യം?

” പിങ്ക് വാട്ട്‌സ്ആപ്പ് ലഭിക്കാൻ വാട്ട്സ്ആപ്പ് അപ്‌ഡേറ്റ് ചെയ്യുക എന്ന സന്ദേശം ശരിയാണോ?, ഈ സന്ദേശത്തിലോ വാട്ട്‌സ്ആപ്പിലെ ലിങ്കിലോ ക്ലിക്ക് ചെയ്യരുത് എന്ന് പറയുന്നത് ശരിയാണോ?,” തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഞങ്ങൾ അറിയാൻ ശ്രമിച്ചു.

പിങ്ക് വാട്ട്‌സ്ആപ്പ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ @WhatsApp-ന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ ഞങ്ങൾ പരിശോധിച്ചു.  എന്നാൽ ഈ പുതിയ ഫീച്ചറിനെക്കുറിച്ചോ പിങ്ക് വാട്ട്‌സ്ആപ്പിനെക്കുറിച്ചോ അതിൽ ഒരു അറിയിപ്പും അവിടെ കണ്ടെത്തിയില്ല.

ഇവിടെ വായിക്കുക:Fact Check: ഹജ്ജ് തീർത്ഥാടകർക്ക് സൗദി സർക്കാരിന്റെ സമ്മാന പെട്ടിയാണോ ഇത്?

 ഞങ്ങൾ കീ വേർഡ് സെർച്ച് ചെയ്തപ്പോൾ, പിങ്ക് വാട്ട്‌സ്ആപ്പ് പൂർണ്ണമായും ഒരു തട്ടിപ്പാണെന്ന വിവരം ആദ്യമായി വെളിപ്പെടുത്തിയത് 2021 ഏപ്രിൽ 17-ന് സൈബർ സുരക്ഷാ വിദഗ്ധനായ രാജശേഖർ രാജഹരിയ ആണ് എന്ന് മനസ്സിലായി. “വാട്ട്‌സ്ആപ്പ് പിങ്ക് എന്ന പേരിൽ ഒരു വൈറസ് പടരുന്നു, സൂക്ഷിക്കുക, അദ്ദേഹം ട്വീറ്ററിൽ കുറിച്ചു.

Screen shot of the tweet by Rajaharia
Screen shot of the tweet by Rajshekhar Rajaharia

“വാട്ട്‌സ്ആപ്പ് പിങ്ക് സൂക്ഷിക്കുക!! #WhatsApp-ൽ നിങ്ങൾക്ക് WhatsApp Pink എന്ന സന്ദേശം ലഭിക്കും. അതിൽ ഒരു ലിങ്ക് അടങ്ങിയിരിക്കുന്നു. ആ ലിങ്കിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഫോണിലേക്ക് ഹാക്കർക്ക് പൂർണ്ണ ആക്സസ് നൽകും. സൂക്ഷിക്കുക. എല്ലാവരിലേക്കും ഷെയർ ചെയ്യുക.” എന്ന സന്ദേശം അദ്ദേഹം നൽകിയിരുന്നു.

2023 ജൂൺ 16-ന് മുംബൈ പോലീസിന്റെ നോർത്ത് റീജിയൺ സൈബർ പോലീസ് ക്രൈം വിംഗ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ട് ട്വീറ്റ് ചെയ്തിട്ടുണ്ട് എന്നും  ഞങ്ങൾ കണ്ടെത്തി.

“അത്തരമൊരു സന്ദേശത്തിലെ ലിങ്കിൽ നിങ്ങൾ ക്ലിക്ക് ചെയ്താൽ, നിങ്ങളുടെ ഫോണിലെ വിവരങ്ങൾ  അപഹരിക്കപ്പെടുകയും നിങ്ങളുടെ മുഴുവൻ വിവരങ്ങളും ഹാക്കർമാരുടെ കൈകളിൽ എത്തുകയും ചെയ്യാം. അതുകൊണ്ട് സൂക്ഷിക്കുക.” എന്നൊരു അഭ്യർത്ഥന  മുംബൈ പോലീസ് നടത്തിയതായി ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു.

Tweet by North regional cyber police station, Mumbai
Tweet by North regional cyber police station, Mumbai

ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഏജൻസികളും ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണ സന്ദേശങ്ങൾ നൽകിയതായി ഞങ്ങൾ കണ്ടെത്തി.

ഇവിടെ വായിക്കുക: Fact Check: രാഷ്ട്രപതിയുടെ ജഗന്നാഥ ക്ഷേത്ര സന്ദർശനത്തെ കുറിച്ചുള്ള പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നത്

സൈബർ വിദഗ്ധർ എന്താണ് ചിന്തിക്കുന്നത്?

ഈ വിഷയത്തിൽ  സൈബർ വിദഗ്ധർ എന്താണ് ചിന്തിക്കുന്നതെന്ന് കണ്ടെത്താൻ ഞങ്ങൾ ശ്രമിച്ചു.

ഇതിനെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ ഞങ്ങൾ ഇന്റർനെറ്റ് ദുരുപയോഗത്തെക്കുറിച്ച്ന്ന പ്രതികരിക്കാൻ മുൻപന്തിയിൽ നിൽക്കുന്ന ഒരു സംഘടനയായ ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനുമായി ബന്ധപ്പെട്ടു. ” സ്‌കാമർമാരുടെ പ്രവർത്തനരീതി, വിവരമില്ലാത്ത ഉപയോക്താക്കളെ ലക്ഷ്യമാക്കി കബളിപ്പിക്കുന്ന ലിങ്കുകളുടെ  ആക്‌സസ് കൊടുത്ത് അവർ ഒരു വിശ്വസനീയ ഉറവിടത്തിൽ പെട്ടവരാണെന്ന് വിശ്വസിപ്പിക്കുക എന്നതാണ്. പഠനമനുസരിച്ച്, മുതിർന്ന പൗരന്മാരും കോളേജ് വിദ്യാർത്ഥികളുമാണ് തട്ടിപ്പുകൾക്ക് കൂടുതൽ ഇരയാവുന്നത്. എന്നിരുന്നാലും, ഒരു ജോലി അന്വേഷിക്കുകയോ, അല്ലെങ്കിൽ വ്യക്തിപരമായ ജീവിതത്തിൽ അസ്വസ്ഥതകൾ അനുഭവിക്കുകയോ ചെയ്യുന്നവരെ പോലെ ദുർബലമായ ജീവിത ഘട്ടങ്ങൾ അനുഭവിക്കുന്ന ആളുകൾ  തട്ടിപ്പുകൾക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണ്,” ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷനിലെ അസോസിയേറ്റ് ലിറ്റിഗേഷൻ കൗൺസൽ രാധിക റോയ് ഞങ്ങളെ അറിയിച്ചു.

“ഇവർക്ക്, വാട്ട്‌സ്ആപ്പിൽ കൂടുതൽ ഫീച്ചറുകൾ/ആനുകൂല്യങ്ങൾ നേടുക എന്ന ആശയമടങ്ങുന്ന, ആളുകളെ വശീകരിക്കുന്ന, ക്ഷുദ്രവെയറിന്റെ വേഷംമാറ്റിയ  ലിങ്കുകൾ തട്ടിപ്പുകാർ നൽകുന്നു. ഈ ലിങ്കുകൾ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ, WhatsApp-ന്റെ യഥാർത്ഥ വെബ്‌സൈറ്റ് പോലെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സൈറ്റിലേക്ക് അത് നിങ്ങളെ കൊണ്ടുപോവുന്നു. തുടർന്ന്, ഡൗൺലോഡ് ലിങ്ക്  നിങ്ങൾ അമർത്തുമ്പോൾ,ബാങ്ക് വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങളിലേക്കുള്ള  ആക്‌സസ് അവർക്ക് ലഭിക്കുന്നു. ഇത് വഴി ഫോട്ടോകളും കോൺടാക്റ്റുകളും മറ്റ് ഡാറ്റയും ആക്‌സസ് ചെയ്യാനും കഴിയും,” രാധിക പറഞ്ഞു.

“ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, അജ്ഞാത നമ്പറുകളിൽ നിന്ന് അയച്ച ലിങ്കുകൾ ആക്‌സസ് ചെയ്യുകയോ അതിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യാതിരിക്കുന്നതാണ് നല്ലത്. കൂടാതെ എപ്പോഴും ഗൂഗിൾ പ്ലേ സ്‌റ്റോറിൽ നിന്നോ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പുകൾ ഇൻസ്‌റ്റാൾ ചെയ്യുക. (ആപ്പിൾ അത്തരം പ്രശ്നങ്ങൾ അപൂർവ്വമായി അഭിമുഖീകരിക്കുന്നു. എന്നാൽ അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യാൻ ഇത് അനുവദിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്). കൂടാതെ, നിങ്ങൾക്ക് ലഭിക്കുന്ന സന്ദേശങ്ങൾ പരിശോധിച്ചുറപ്പിക്കാതെ ഫോർവേഡ് ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങൾ ഇതിനകം ലിങ്ക് ആക്‌സസ് ചെയ്‌ത് ആപ്പ് ഇൻസ്റ്റാൾ ചെയ്‌താൽ എന്തുചെയ്യണമെന്നതിനെക്കുറിച്ച് മുംബൈ പോലീസും ഒരു ഉപദേശം നൽകിയിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു,” രാധിക കൂട്ടിച്ചേർത്തു.

സൈബർ സുരക്ഷാ വിദഗ്ധനായ ഹിതേഷ് ധരമദസാനിയെ ഞങ്ങൾ തുടർന്ന് സമീപിച്ചു. അദ്ദേഹം ഞങ്ങൾക്ക് പ്രധാനപ്പെട്ട ചില  വിവരങ്ങൾ നൽകി. എല്ലാ ഉപയോക്താക്കളോടും ചില കാര്യങ്ങൾ മനസ്സിൽ സൂക്ഷിക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു. 

അദ്ദേഹം സൂചിപ്പിച്ച പോയിന്റുകൾ ഇപ്രകാരമാണ്.” വാട്ട്‌സ്ആപ്പ് പിങ്ക് ഫീച്ചറുകളൊന്നും അവതരിപ്പിച്ചിട്ടില്ല. ഗൂഗിൾ പ്ലേ സ്‌റ്റോറിലോ മറ്റേതെങ്കിലും പ്ലാറ്റ്‌ഫോമിലോ അത്തരം ആപ്ലിക്കേഷനുകളൊന്നും ലഭ്യമാക്കിയിട്ടില്ല. ഇതൊരു തരം തട്ടിപ്പാണ്. വൈറൽ സന്ദേശത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന  ലിങ്ക് ക്ഷുദ്രവെയർ ആണ്. വൈറസുകൾ അടങ്ങിയതാണ് അത്. കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുവാൻ വേണ്ടി ഈ ലിങ്ക് ഫോർവേഡ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. നമ്മൾ ഇതിനെ കുറിച്ച് ബോധവാന്മാരാവണം.  ഇത്തരം ലിങ്കുകളിലൂടെ കമ്പ്യൂട്ടറിലൂടെയോ മൊബൈലിലൂടെയോ ലഭിക്കുന്ന വിവരങ്ങൾ ഹാക്ക് ചെയ്യപ്പെടുന്നു. ഇതുവഴി, രഹസ്യ സന്ദേശങ്ങൾ, കോൺടാക്റ്റുകൾ, രഹസ്യ പാസ്‌വേഡുകൾ അല്ലെങ്കിൽ യുപിഐ അല്ലെങ്കിൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഹൈജാക്ക് ചെയ്യപ്പെടുകയും മോഷ്ടിക്കുകയും ചെയ്യാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നത് അത്തരം അപകടങ്ങളിലേക്ക് നയിച്ചേക്കാം.”

“നിങ്ങൾക്ക് ലഭിക്കുന്ന ഒരു സന്ദേശവും ഔദ്യോഗിക ഉറവിടത്തിൽ നിന്നല്ലെങ്കിൽ വിശ്വസിക്കരുത്. എല്ലാ വിവരങ്ങളും തെറ്റാണെന്ന് കരുതുകയും നിങ്ങളുടെ ഉപകരണത്തിലേക്ക് എന്തെങ്കിലും ഡൗൺലോഡ് ചെയ്യുന്നതിന് മുമ്പ്  അവ എന്താണെന്ന് സ്ഥിരീകരിക്കുകയും ചെയ്യുക,” അദ്ദേഹം കൂട്ടിച്ചേർത്തു.

ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ 

പിങ്ക് വാട്ട്‌സ്ആപ്പ് അല്ലെങ്കിൽ മറ്റേതെങ്കിലും പേരിൽ നിങ്ങൾക്ക് ഒരു സന്ദേശവും ലിങ്കും ലഭിച്ചുകഴിഞ്ഞാൽ എന്തുചെയ്യണമെന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ ഹിതേഷ് ധരംദാസാനിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചു. അവ മനസ്സിൽ സൂക്ഷിക്കേണ്ട വളരെ പ്രധാനപ്പെട്ട നടപടികളാണ്.

ഘട്ടം 1: അപകടസാധ്യത മനസ്സിലാക്കുക

പിങ്ക് വാട്ട്‌സ്ആപ്പ് കുംഭകോണം ഒരു ലിങ്കിലൂടെ പ്രവർത്തിക്കുന്നു. അത് പലപ്പോഴും അറിയപ്പെടുന്നതോ അറിയാത്തതോ ആയ വ്യക്തികൾ അയയ്ക്കുന്നു. നിങ്ങളുടെ വാട്ട്‌സ്ആപ്പ് ഇന്റർഫേസ് പിങ്ക് ആക്കുന്നതിന് ഒരു പുതിയ ഫീച്ചർ വാഗ്ദാനം ചെയ്യുന്നതായി അവ അവകാശപ്പെടുന്നു. നിങ്ങളുടെ കോൺടാക്‌റ്റുകളിലേക്കും ഗ്രൂപ്പുകളിലേക്കും ആക്‌സസ് നേടാനും ആ ലിങ്കുകൾ പ്രചരിപ്പിക്കാനും സ്‌കാമർമാർ ഈ സന്ദേശങ്ങൾ ഉപയോഗിക്കുന്നു.

ഘട്ടം 2: ജാഗ്രത പാലിക്കുക

വാട്ട്‌സ്ആപ്പ് ഉപയോഗിക്കുമ്പോൾ ജാഗ്രതയും സൂക്ഷ്മതയുംപുലർത്തുക എന്നതാണ് സംരക്ഷണത്തിനുള്ള ആദ്യപടി. നിങ്ങളുടെ ആപ്പിന്റെ നിറം മാറ്റുമെന്ന് വാഗ്‌ദാനം ചെയ്യുന്ന സന്ദേശങ്ങൾ, പ്രത്യേകിച്ച് ലിങ്കുകൾ എന്നിവയെക്കുറിച്ച് ജാഗ്രത പാലിക്കുക. ഓർക്കുക, നിയമാനുസൃതമായ അപ്‌ഡേറ്റുകൾ  സാധാരണയായി ഔദ്യോഗിക ആപ്പ് സ്റ്റോറുകളിലൂടെയോ പരിശോധിച്ചുറപ്പിച്ച ഉറവിടങ്ങളിലൂടെയോ ലഭ്യമാകും.

ഘട്ടം 3: സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക

പിങ്ക് വാട്ട്സ്ആപ്പ് തട്ടിപ്പിന് ഇരയാകുന്നതിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, അറിയപ്പെടുന്നതോ അറിയാത്തതോ ആയ ഉറവിടങ്ങളിൽ നിന്നുള്ള സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ഈ ലിങ്കുകളിൽ നിങ്ങളുടെ ഉപകരണത്തെയും വ്യക്തിഗത വിവരങ്ങളെയും അപഹരിച്ചേക്കാവുന്ന ക്ഷുദ്രവെയറോ ക്ഷുദ്രമായ കോഡോ അടങ്ങിയിരിക്കാം.

ഘട്ടം 4: സന്ദേശത്തിന്റെ ആധികാരികത പരിശോധിക്കുക

പിങ്ക് വാട്ട്‌സ്ആപ്പ് സവിശേഷതയെക്കുറിച്ച് നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കുകയാണെങ്കിൽ, എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് അതിന്റെ ആധികാരികത പരിശോധിക്കേണ്ടത് പ്രധാനമാണ്. വാട്ട്‌സ്ആപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ വിശ്വസനീയമായ വാർത്താ ഔട്ട്ലെറ്റുകൾ പോലെയുള്ള ഔദ്യോഗിക ഉറവിടങ്ങൾ ഉപയോഗിച്ച് വിവരങ്ങൾ ക്രോസ്ചെക്ക് ചെയ്യുക. ക്ലെയിമിനെ പിന്തുണയ്ക്കുന്ന നിയമാനുസൃതമായ തെളിവുകളൊന്നും നിങ്ങൾക്ക് കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ, സന്ദേശം അവഗണിക്കുന്നതാണ് നല്ലത്.

ഘട്ടം 5: മറ്റുള്ളവരോട് പറയുക

പിങ്ക് വാട്ട്‌സ്ആപ്പ് പോലുള്ള തട്ടിപ്പുകളെ ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും കോൺടാക്‌റ്റുകൾക്കും ഇടയിൽ അവബോധം വളർത്തുക എന്നതാണ്. സോഷ്യൽ മീഡിയ, ഇമെയിൽ അല്ലെങ്കിൽ തത്സമയ ചാറ്റ് പോലുള്ള വിശ്വസനീയമായ ആശയവിനിമയ ചാനലുകളിലൂടെ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കിടുക. മറ്റുള്ളവരെ ജാഗ്രത പാലിക്കാനും സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കാനും പ്രോത്സാഹിപ്പിക്കുക.

ഘട്ടം 6: റിപ്പോർട്ടുചെയ്‌ത് തടയുക

പിങ്ക് വാട്ട്‌സ്ആപ്പ് സ്‌കാമോ അതുമായി ബന്ധപ്പെട്ട സന്ദേശങ്ങളോ നിങ്ങൾ കണ്ടാൽ, പ്രശ്‌നം WhatsApp-ൽ റിപ്പോർട്ട് ചെയ്യുക. കൂടാതെ, കൂടുതൽ കോൺടാക്റ്റ് അല്ലെങ്കിൽ സാധ്യതയുള്ള തട്ടിപ്പ് ശ്രമങ്ങൾ ഒഴിവാക്കാൻ അത്തരം സന്ദേശങ്ങൾ അയയ്ക്കുന്നയാളെ തടയുക.

ഇവിടെ വായിക്കുക:Fact Check: ബാങ്ക് നഷ്‌ടത്തിലായാൽ നിക്ഷേപകന് ₹ 1 ലക്ഷം ലഭിക്കുന്ന പദ്ധതി എല്ലാ ബാങ്കിനും ബാധകമാണ് 

(ഈ വിഷയത്തിൽ ആദ്യം ലേഖനം പ്രസിദ്ധീകരിച്ചത് ഞങ്ങളുടെ മറാത്തി ഫാക്ട് ചെക്ക് ടീമാണ്. അത് ഇവിടെ വായിക്കാം.)


ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.

Authors

Sabloo Thomas
Pankaj Menon

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular