Claim: ഷൂ എറിയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞത് 24 ന്യൂസ് റിപ്പോർട്ടർ.
Fact: വിഷ്വൽ എടുക്കാനാണ് റിപ്പോർട്ടർ പറയുന്നത്.
“ഷൂ എറിയാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് പറഞ്ഞത് 24 ന്യൂസ് റിപ്പോർട്ടർ,” എന്ന പേരിൽ ഒരു ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നുണ്ട്. 24 ന്യൂസിലെ റിപ്പോർട്ടർ ആയ വിനിത വീജിയുടെ ചുണ്ട് അനങ്ങുന്ന ഒരു വിഷ്വലിന്റെ ബാക്ക്ഗ്രൗണ്ടിൽ കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതാണ് ദൃശ്യങ്ങളിൽ. അതിന്റെ ഓഡിയോ മ്യൂട്ട് ചെയ്തിട്ടുണ്ട്.
“യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഷൂ എറിയാൻ പറയുന്ന 24 ന്യൂസ് മാപ്ര. പോലീസ് കൊണ്ട് പോകുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൈ വീശി യാത്ര അയക്കുന്ന 24 ന്യൂസ് മാപ്രാ. ബല്ലാത്ത മാധ്യമ പ്രവർത്തനം തന്നെ,” എന്നാണ് പോസ്റ്റുകൾ പറയുന്നത് . മാപ്രാ എന്നത് മാധ്യമ പ്രവർത്തകരെ കളിയാക്കാൻ സമൂഹ മാധ്യമങ്ങളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു പ്രയോഗമാണ്.
shanuu.dxb എന്ന ഐഡിയിൽ നിന്നുള്ള റീൽസ് ഞങ്ങൾ കാണുമ്പോൾ അതിന് 1.2 K ഷെയറുകൾ ഉണ്ടായിരുന്നു.

മാപ്ര ട്രോൾ ആർമി -കുപ്പിയും കോയിക്കാലും എന്ന ഐഡിയിലെ പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 28 ഷെയറുകൾ ഉണ്ടായിരുന്നു.

എറണാകുളം പെരുമ്പാവൂരിൽ നവംബർ 10,2023ൽ നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും സഞ്ചരിച്ച ബസിന് നേരെ യൂത്ത് കോൺഗ്രസ്സ് , കെഎസ്‌യു പ്രവർത്തകർ ഷൂ എറിഞ്ഞിരുന്നു. ഈ സംഭവത്തിൽ പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്. കെഎസ്‌യു സംസ്ഥാന സെക്രട്ടറി ബേസില്‍ വര്‍ഗീസ്, പ്രവര്‍ത്തകരായ ദേവകുമാര്‍, ജിബിന്‍, ജെയ്ഡന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. കുറുപ്പുംപടി പോലീസാണ് കേസെടുത്തത്.
തുടർന്ന്, നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് നേരെ ഷൂ എറിഞ്ഞ സംഭവം വൈകാരിക പ്രതിഷേധമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഷൂ എറിഞ്ഞത് സമര മാര്‍ഗമല്ലെന്നും ഇനി ഇത് ആവര്‍ത്തിക്കുകയില്ലെന്നും അലോഷ്യസ് പറഞ്ഞു.
സർക്കാറിന്റെ നേട്ടങ്ങളെ പറ്റി ജനങ്ങളുമായി കൂടുതൽ സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനും മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ അസംബ്ലി മണ്ഡലങ്ങളിലും പര്യടനം നടത്തുന്നതിനെയാണ് ‘നവകേരള സദസ്’ എന്ന് പറയുന്നത്. വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായുള്ള ജില്ലാതല കൂടിക്കാഴ്ചയും, മണ്ഡലം കേന്ദ്രീകരിച്ച് ബഹുജന സദസും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. ഡിസംബർ 24 വരെയാണ് പരിപാടി. നവംബർ 18 ന് മഞ്ചേശ്വരത്ത് പരിപാടിക്ക് തുടക്കം കുറിച്ചു. ഇതാണ് ഈ പോസ്റ്റിന്റെ പശ്ചാത്തലം.
ഇവിടെ വായിക്കുക: Fact Check: നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ സൗജന്യ വാഹന പ്രവേശനം നിര്‍ത്തിയോ?
Fact Check/Verification
ഞങ്ങള്‍ സത്യാവസ്ഥ അറിയാൻ ഇതുമായി ബന്ധപ്പെട്ട വാക്കുകൾ ഉപയോഗിച്ച് ഒരു കീ വേര്‍ഡ് സേർച്ച് നടത്തി. അപ്പോൾ 24 ന്യൂസിന്റെ യൂട്യൂബ് ചാനലിൽ നിന്നും ഹാസ്മി താജ് ഇബ്രാഹിം എന്ന മാധ്യമ പ്രവർത്തകൻ അവതരിപ്പിക്കുന്ന ഡിസംബർ 11,2023 ലെ 53.49 മിനിറ്റ് ദൈർഘ്യമുള്ള എൻകൗണ്ടർ എന്ന വാർത്താധിഷ്ഠിത പരിപാടിയുടെ വീഡിയോ കിട്ടി. അതിന്റെ 22.41 മിനിറ്റിൽ തങ്ങളുടെ മാധ്യമ പ്രവർത്തക നേരിടുന്ന സൈബർ ബുള്ളിയിങ്ങിനെ പറ്റി പറഞ്ഞ ശേഷം ഈ വിഷ്വൽ അതിന്റെ യഥാർത്ഥ ഓഡിയോയോടൊപ്പം കൊടുത്തിട്ടുണ്ട്. ആ ഓഡിയോയിൽ വിഷ്വൽ എടുത്തോ എന്നാണ് റിപ്പോർട്ടർ പറയുന്നത്.

ഞങ്ങൾ തുടർന്ന് ഈ ദൃശ്യങ്ങളിൽ കാണുന്ന റിപ്പോർട്ടറായ വിനിത വീജിയെ ഞങ്ങൾ വിളിച്ചു. “ഞാൻ ക്യാമറാമാനോട് വിഷ്വൽ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആ ദൃശ്യം ഞങ്ങളുടെ ലൈവ് ക്യാമറയിൽ റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. അതിന്റെ ഓഡിയോ മ്യൂട്ട് ചെയ്തിട്ടാണ്, ഷൂ എറിഞ്ഞോ എന്നാണ് ഞാൻ പറയുന്നത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്,” വിനിത പറഞ്ഞു.
ഇവിടെ വായിക്കുക: Fact Check: രേവന്ത റെഡ്ഡി സത്യപ്രതിജ്ഞക്ക് മുമ്പ് ഗോപൂജ ചെയ്തോ?
Conclusion
പ്രചരിക്കുന്ന വീഡിയോയിൽ യഥാർഥത്തിൽ റിപ്പോർട്ടർ ക്യാമറാമാനോട് വിഷ്വൽ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. അതിന്റെ ഓഡിയോ മ്യൂട്ട് ചെയ്തിട്ടാണ്, ഷൂ എറിഞ്ഞോ എന്നാണ് റിപ്പോർട്ടർ പറയുന്നത് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.
Result: False
Sources
Youtube video by 24 News on December 11, 2023
Telephone Conversation with 24 News reporter Vinitha V G
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.