Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
News
പിണറായി സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യം.
ഒരു വ്യക്തി അനധികൃതമായി നിർമ്മിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യമാണിത്.
പിണറായി സർക്കാർ സഞ്ചരിക്കുന്ന ബാർ ആരംഭിച്ചു എന്ന രീതിയിൽ ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നിലമ്പൂർ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രചരണം.
രൂപമാറ്റം വരുത്തിയ മിനിലോറി പോലെ തോന്നിക്കുന്ന ഒരു വാഹനതിൽ പലതരത്തിലുള്ള മദ്യക്കുപ്പികൾ നിരത്തിവച്ചിരിക്കുന്ന ബാർ സജ്ജീകരിച്ചിരിക്കുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വാഹനത്തിനകത്ത് ഒരു യുവാവിനെയും പുറത്ത് കൂട്ടം കൂടി നിൽക്കുന്ന ഒരു സംഘത്തിന്റെയും ദൃശ്യങ്ങളിൽ കാണാം. മിനിലോറി തിരുവനന്തപുരം രെജിസ്ട്രേഷനാണ്. വാഹനത്തിന്റെ ഒരു വശത്തായി ‘മോക്ടെയിൽ ഓഫ് ദ ഡേ’ എന്ന പേരും ബന്ധപ്പെടാനുള്ള നമ്പറും നൽകിയിട്ടുണ്ട്
“സഞ്ചരിക്കുന്ന ബാർ കേരള സർക്കാരിന് ഒരു പൊൻതൂവൽ കൂടി,” എന്ന വിവരണവും പോസ്റ്റിനൊപ്പം ഉണ്ട്.
വീഡിയോയുടെ ഓഡിയോയിൽ ഇങ്ങനെ കേൾക്കാം: “അങ്ങനെ കേരളത്തിലെ നീറുന്ന പ്രശ്നങ്ങൾക്ക് ഇതാ ഒരു പരിഹാരമായിരിക്കുകയാണ്. സാധാരണ ഇത്തരം കാര്യങ്ങളൊക്കെ സംഭവിക്കുമ്പോൾ രാജ്യത്ത് ആദ്യം മാതൃകാപരം എന്നല്ല പറയുന്നത്, ലോകത്താദ്യം മാതൃകാപരം എന്നാണ് കേരളം തള്ളിമറിക്കാറുള്ളത്.”
“അതെ അതുതന്നെയാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ലോകത്താദ്യം മാതൃകാപരം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന സംഗതിയാണ് ഇവിടെ നടന്നിരിക്കുന്നത്. അതെ സഞ്ചരിക്കുന്ന ബാർ സർക്കാർ ഇതാ പുറത്തിറക്കിയിരിക്കുന്നു. കുടിയന്മാർക്ക് ഒരു ആഹ്ളാദ വാർത്ത ഇനി ഇനി നിങ്ങൾ എവിടെയാണോ അവിടേക്ക് ഈ ബാർ എത്തുന്നതായിരിക്കും,” ഓഡിയോ തുടരുന്നു.
“ഇതിന്റെപരസ്യവാചകങ്ങളാണ് ശ്രദ്ധിക്കേണ്ടത്. അതായത് പഴയകാല സ്കൂൾ സഹപാഠികൾക്ക് ഒരു ഗെറ്റ് ടുഗതർ നടത്തുമ്പോൾ, അല്ലെങ്കിൽ മാര്യേജ് ഫംഗ്ഷൻ നടത്തുമ്പോൾ, അല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരെ സർപ്രൈസ് ചെയ്യിക്കാൻ വേണ്ടിയിട്ട് അല്ലെങ്കിൽ വെഡിംങ്ങ് ആനിവേഴ്സറി തുടങ്ങിയ സ്പെഷ്യൽ ഒക്കേഷനുകൾക്ക് ക്ഷണിക്കുക ഞങ്ങൾ എത്തും എന്ന തരത്തിലാണ് പരസ്യം കൊടുത്തിരിക്കുന്നത്,” ഓഡിയോ തുടർന്ന് പറയുന്നു.
“ഇത്തരം ഒരു സംരംഭം എന്തായാലും കേരള സർക്കാർ തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്. ആ കേരള സർക്കാർ അവരുടെ തിരഞ്ഞെടുപ്പ് സമയത്തുള്ള വാഗ്ദാനം പോലെ ഞങ്ങൾ തുറക്കുന്നത് ബാറുകളല്ല സ്കൂളുകളാണ് എന്ന ആ ഒരു വാഗ്ദാനം അവർ അക്ഷരാർത്ഥത്തിൽ പാലിച്ചിരിക്കുകയാണോ ഇതൊക്കെ കാണിക്കുമ്പോൾ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്,” ഓഡിയോ പറയുന്നു.
“എന്തായാലും ഇതായിരുന്നല്ലോ, ഈ കേരളത്തിലെ വലിയ നീറുന്ന പ്രശ്നം. ഇതാ ഇപ്പോൾ സഞ്ചരിക്കുന്ന ബാർ പുറത്തിറക്കികൊണ്ട് ജനങ്ങൾക്ക് ഒരു കൈത്താങ്ങും ആശ്വാസവും ആയിരിക്കുകയാണ് കേരള സർക്കാർ. എന്തായാലും ഈ വണ്ടിയുടെ നമ്പർ കാണുമ്പോൾ ഇത് തിരുവനന്തപുരത്താണ് എന്നാണ് മനസ്സിലാക്കാൻ പറ്റുന്നത്,” എന്നും വിവരണത്തിൽ ഉണ്ട്.
ഇവിടെ വായിക്കുക:നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി പോയോ?
ഞങ്ങൾ സഞ്ചരിക്കുന്ന ബാറുകളെ പറ്റി വിവിധ കീവേഡുകൾ ഉപയോഗിച്ച് ഒരു പരിശോധന നടത്തി. അപ്പോൾ 2023 ഏപ്രിൽ 28ന് മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച ഒരു വാർത്ത യൂട്യൂബിൽ നിന്നും കിട്ടി.
“ലോറിയിൽ സഞ്ചരിക്കുന്ന ബാർ; യുവാവ് എക്സൈസ് പിടിയിൽ” എന്ന തലകെട്ടോടെയായിയുന്നു വാർത്ത.
ഇത് കൂടാതെ ഏഷ്യാനെറ്റ് ന്യൂസിന്റെ ഒരു റിപ്പോർട്ട് അവരുടെ വെബ്സൈറ്റിൽ ഏപ്രിൽ 29,2023ൽ പ്രസിദ്ധീകരിച്ചതും ഞങ്ങൾ കണ്ടെത്തി. റിപ്പോർട്ടിൽ വൈറൽ വീഡിയോയിലെ ഒരു കീ ഫ്രേം ഫോട്ടോ ആയികൊടുത്തിട്ടുണ്ട് .
‘വിളിച്ചാൽ വിളിപ്പുറത്തെത്തും’, പ്രത്യേക ഡിസൈനിൽ സഞ്ചരിക്കുന്ന ബാർ; കോക്ടെയിലുകളുമായി യുവാവ് പിടിയിൽ,”എന്നാണ് റിപ്പോർട്ടിന്റെ തലക്കെട്ട്.
“പ്രത്യേകം രൂപകൽപന ചെയ്ത സഞ്ചരിക്കുന്ന ബാറുമായി കറങ്ങി നഗരത്തിൽ അനധികൃതമായി കോക്ടെയിൽ മദ്യമുണ്ടാക്കി വിറ്റ യുവാവ് എക്സൈസിൻ്റെ പിടിയിൽ. തിരുവനന്തപുരം കുമാരപുരം പൊതുജനം ഇടവമടം ഗാർഡൻസിൽ ടി.സി -95/726(3) ഇഷാൻ നിഹാലാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ പ്രത്യേകം രൂപകല്പന ചെയ്ത KL-01-CV-6454 എന്ന ടാറ്റ 407 പിക്അപ് വാഹനവും കസ്റ്റഡിയിൽ എടുത്തു,” റിപ്പോർട്ട് വ്യക്തമാക്കുന്നു.
“വാഹനം സഞ്ചരിക്കുന്ന ഒരു ബാർ ആക്കി മാറ്റി മോടിപിടിപ്പിച്ച് യുവാക്കളെ ഉൾപ്പെടെ ആകർഷിക്കുന്ന വിധത്തിലായിരുന്നു കോക്ടെയിൽ വിൽപന. പാർട്ടി നടക്കുന്ന സ്ഥലങ്ങളിലും സൽക്കാരങ്ങൾ നടക്കുന്ന സ്ഥലങ്ങളിലും ആവശ്യപ്പെട്ടാൽ ഈ സഞ്ചരിക്കുന്ന ബാർ എത്തും എന്ന് എക്സൈസ് സംഘം പറയുന്നു,” എന്നാണ് വാർത്ത തുടർന്ന് പറയുന്നത്.
“പരസ്യമായുള്ള മദ്യവിൽപനയുടെ ചിത്രങ്ങളും വിഡിയോയും സഹിതം തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്ക് വാട്സ്ആപ്പിൽ പരാതിയായി ലഭിച്ചതോടെ ആണ് എക്സൈസ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇഷാൻ നിഹാലിനെയും വാഹനത്തെയും കുമാരപുരത്തെ വീട്ടിൽനിന്ന് പിടികൂടുന്നത്,” വാർത്ത പറയുന്നു,
“വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച 38.940 ലിറ്റർ ബിയറും10.250 ലിറ്റർ വിദേശമദ്യവും എക്സൈസ് കണ്ടെടുത്തു,” എന്നും വാർത്തയിൽ ഉണ്ട്.
വാർത്തയുടെ നിജസ്ഥിതി അറിയാൻ ഞങൾ സൗത്ത് സോൺ എക്സൈസ് ജോയിന്റ് കമ്മീഷണർ ബി രാധാകൃഷ്ണനുമായും സംസാരിച്ചു.
” വാർത്ത വ്യാജമാണ്. ഇത് 2023–ലെ സംഭവമാണ്.അനുമതിയില്ലാതെ ഒരാൾ അനധികൃതമായി നിർമിച്ച സഞ്ചരിക്കുന്ന ബാറാണ്. അന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്തു അയാളെ അറസ്റ്റ് ചെയ്തിരുന്നു, സർക്കാർ ഇത്തരം സഞ്ചരിക്കുന്ന ബാറുകൾ ഒന്നും നടത്തുന്നില്ല” അദ്ദേഹം പറഞ്ഞു.
എക്സൈസ് കസ്റ്റഡിയിലുള്ള വാഹനത്തിന്റെ വിവിധ ഫോട്ടോകളും അദ്ദേഹം ഞങ്ങൾക്ക് ഷെയർ ചെയ്തു തന്നു.
കൂടെ വാട്ട്സ്ആപ്പിലൂടെ വിവിധ ഗ്രൂപ്പുകളിലേക്ക് ഡിപ്പാർട്ട്മെന്റ് ഫോർവേഡ് ചെയ്ത ഒരു കാർഡും അദ്ദേഹം ഞങ്ങളുമായി ഷെയർ ചെയ്തു.
തിരുവനന്തപുരം അഡിഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിക്ക് മുമ്പിൽ എക്സൈസ് സമർപ്പിച്ച റിപ്പോർട്ടിന്റെ ചില പേജുകളും ഞങ്ങൾക്ക് എക്സൈസ് ഡിപ്പാർട്മെന്റിൽ നിന്നും കിട്ടി. അതിൽ നിന്നും 2023 ഏപ്രിൽ 26നാണ് പ്രതിയേയും വാഹനത്തെയും കസ്റ്റഡിയിൽ എടുത്തത്തെന്ന് മനസ്സിലായി.
ഇവിടെ വായിക്കുക:മുസ്ദലിഫയിലെ നടപ്പാതയിൽ തീർത്ഥാടകർ ഉറങ്ങുന്ന ചിത്രം ഐഐ ജനറേറ്റഡ് ആണ്
പിണറായി സർക്കാർ ആരംഭിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യം എന്ന അവകാശവാദത്തോടെ പ്രചരിക്കുന്ന ദൃശ്യങ്ങൾ എന്ന പേരിൽ പ്രചരിക്കുന്നത്, 2023 ഏപ്രിൽ 26ന് എക്സൈസ് അറസ്റ്റ് ചെയ്ത തിരുവനന്തപുരം സ്വദേശിയായ ഇഷാൻ നിഹാൽ എന്ന വ്യക്തി അനധികൃതമായ നിർമ്മിച്ച സഞ്ചരിക്കുന്ന ബാറിന്റെ ദൃശ്യമാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
YouTube video of Manorama News on April 28,2023
News report by Asianet News online on April 29,2023
Telephone Conversation with B Radhakrishnan, Joint Excise Commissioner, South Zone, Kerala Excise
Report submitted by Excise in Thiruvananthapuram Additional Chief Judicial Magistrate Court
Sabloo Thomas
July 7, 2025
Sabloo Thomas
June 9, 2025
Sabloo Thomas
June 7, 2025