രാജ്യത്ത് പ്രിന്റ് ചെയ്ത കറൻസികൾ പൂർണമായി നിർത്തലാക്കുന്നുവെന്നും ഫെബ്രുവരി മുതൽ പണമിടപാടുകൾ പൂർണമായും ഡിജിറ്റൽ കറൻസി ഉപയോഗിച്ചായിരിക്കുമെന്നുമുള്ള ഒരു അഡ്വെർടൈസിങ് ഫീച്ചർ മലയാള പത്രങ്ങളിൽ വന്നത് വായനക്കാരെ ആശയകുഴപ്പത്തിലാക്കി. കേരളത്തിലെ ഒട്ടു മിക്ക പത്രങ്ങളിൽ 2025 ജനുവരി 24ന് മുൻപേജിൽ ഈ പരസ്യ ഫീച്ചർ ഇടം പിടിച്ചു.








പ്രചരിക്കുന്ന പത്രവാർത്തയുടെ ഉള്ളടക്കം സൂക്ഷമായി പരിശോധിച്ചാൽ അത് ഒരു യഥാർത്ഥ വാർത്തയല്ലെന്ന് ബോധ്യമാവും. ആർബിഐ ഗവർണറുടെയും പ്രതിപക്ഷ നേതാവിന്റെയും കേന്ദ്ര ധനമന്ത്രിയുടെയുമെല്ലാം പേരുകൾ നോക്കുക. റിസർവ് ബാങ്ക് ഗവർണർ ഡോ. അരവിന്ദ് കുമാർ എന്നും കേന്ദ്രധനമന്ത്രി രാജീവ് സിങ് എന്നും പ്രതിപക്ഷ നേതാവ് ഡോ. അഞ്ജലി മെഹ്റ എന്നുമാണ് അതിലുള്ളത്.

പോരെങ്കിൽ മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് രാജ്യത്ത് നടപ്പാക്കിയ ഡിജിറ്റൽ ഇന്ത്യ പദ്ധതി എന്നും വാർത്തയിലുണ്ട്. കേന്ദ്ര സർക്കാരിന്റെ കോമ്മൺ സര്വീസസ് പോർട്ടൽ പറയുന്നത് ഡിജിറ്റൽ ഇന്ത്യ പദ്ധതി നടപ്പിലാക്കിയത് 2015 ജൂലൈ 1നാണെന്നാണ്.
2025 ജനുവരി 24 ലെ മനോരമ പത്രം പരിശോധിച്ചതോടെ പ്രചരിക്കുന്നത് പത്രവാർത്തയല്ലെന്നും പരസ്യമാണെന്നും വിശദീകരിക്കുന്ന ഒരു മുന്നറിയിപ്പ് അവർ നൽകിയിട്ടുണ്ട്.

ഇവിടെ വായിക്കുക:Fact Check: പ്രകാശ് രാജ് കുംഭമേളയിൽ പങ്കെടുക്കുന്ന ഫോട്ടോ എഐ നിർമ്മിതമാണ്
കൊച്ചിയിലെ ജെയ്ൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025 പരിപാടിയുടെ പരസ്യത്തിന്റെ ഭാഗമായി 2050-ൽ പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തിൽ വരാൻ സാധ്യതയുള്ള വാർത്തകളെന്ന നിലയിൽ സാങ്കൽപിക വാർത്തകളാണ് പേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നും മുന്നറിയിപ്പിൽ പറയുന്നു.
പോരെങ്കിൽ മറ്റ് പേജിലെ വാർത്തകൾ നോക്കിയാലും ഇത് ബോധ്യപ്പെടും. ആഴക്കടലിലെ ആദ്യ നഗരത്തിൽ മനുഷ്യവാസം തുടങ്ങിയതിനെ കുറിച്ചും, റോബോട്ട് മന്ത്രി ഒരുവർഷം പൂർത്തിയാക്കിയതിനെ കുറിച്ചും, ചൊവ്വയും ഭൂമിയും തമ്മിൽ നടന്ന ഗോളാന്തര ഫുട്ബോൾ മത്സരത്തെ കുറിച്ചും ഉള്ള സാങ്കൽപിക വാർത്തകൾ പേജിൽ ഉണ്ട്.
തുടർന്നുള്ള അന്വേഷണത്തിൽ ജനുവരി 25 മുതൽ ഫെബ്രുവരി 1 വരെ കൊച്ചിയിലെ ജെയ് ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയിൽ നടക്കുന്ന പരിപാടിയെക്കുറിച്ച് സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ വിവരം കൊടുത്തിട്ടുണ്ട് എന്നും ഞങ്ങൾ മനസ്സിലായി.
സമ്മിറ്റിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ ഭാവിയിലെ സാങ്കേതികവിദ്യകളെ പറ്റി ചർച്ചകളും മറ്റും നടക്കുന്ന പരിപാടിയാണിതെന്ന് മനസ്സിലായി.
പോരെങ്കിൽ ന്യൂസ് 18 മലയാളവും ഏഷ്യാനെറ്റും ഉൾപ്പെടെഉള്ള ചില മാധ്യമങ്ങൾ “രാജ്യത്ത് വീണ്ടും നോട്ട് നിരോധനം! വായനക്കാരെ ഞെട്ടിച്ച പത്രപ്പരസ്യം ചർച്ചയാകുന്നു” എന്ന രീതിയിൽ വാർത്ത കൊടുത്തിട്ടുണ്ടെന്നും ഞങ്ങൾ കണ്ടെത്തി
കൂടാതെ വിഷയത്തിൽ ജെയ്ൻ ഡീംഡ് ടു ബീ യൂണിവേഴ്‌സിറ്റിയുടെ ഔദ്യോഗിക പ്രതികരണം യൂനിവേഴ്സിറ്റി നൂതനസംരംഭ വിഭാഗം ഡയറക്ടർ ഡോ. ടോം എം ജോസഫ് തന്റെ എക്സ് പേജിൽ 2025 ജനുവരി 24ന് കൊടുത്തിട്ടുണ്ട്. “ഭാവിയിലേക്ക് ആളുകളെ തയ്യാറാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ക്രിയേറ്റീവ് വ്യായാമമാണ്” പരസ്യം എന്നും മുന്നറിയിപ്പ് കൊടുത്തിട്ടും വായനക്കാർ അത് തെറ്റായി വ്യാഖ്യാനിച്ചുവെന്നും ജോസഫ് അവകാശപ്പെട്ടു

“ജനുവരി 25ലെ പത്രത്തിൽ അത് പരസ്യമാണ്, വാർത്തയല്ല,” എന്ന ഒരു വിശദീകരണം മനോരമ കൊടുത്തതും ഞങ്ങൾ കണ്ടു.
“മലയാള മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച ജെയിൻ ഡീംഡ് -ടു-ബി യൂണിവേഴ്‌സിറ്റിയുടെ ഒരു പേജ് പരസ്യത്തിൽ ഡിജിറ്റൽ കറൻസിയെപ്പറ്റിയുള്ള പരാമർശ ത്തോട് ചില വായനക്കാർ പ്രതികരിക്കുകയുണ്ടായി. ആ പേജിലുള്ളതെല്ലാം സാങ്കൽപിക വാർത്തകളാണ് എന്ന മുന്നറിയിപ്പ് ചിലർ ശ്രദ്ധിച്ചിട്ടുണ്ടാവില്ല. ഫെബ്രുവരി ഒന്നു മുതൽ രാജ്യത്തെ പണമിടപാടുകൾ ഡിജിറ്റൽ കറൻസിയിൽ മാത്രമായിരിക്കും എന്നത് പരസ്യത്തിന്റെ ഭാഗമായ സാങ്കൽപിക വാർത്തയാണ് എന്ന് അറിയിക്കുന്നു,” എന്നാണ് വിശദീകരണം.

“പ്രസിദ്ധീകരിച്ചത് പരസ്യം” എന്ന പേരിൽ ഒരു വിശദീകരണം മാതൃഭൂമിയും മുൻ പേജിൽ ജനുവരി 25,2025ൽ കൊടുത്തിട്ടുണ്ട്.
“2025 ജനുവരി 24 വെള്ളിയാഴ്ച പുറത്തിറങ്ങിയ പത്രത്തിൽ 2050-ൽ ലോകം എങ്ങനെയായിരിക്കും എന്ന ആശയത്തിലൂന്നി പ്രസിദ്ധപ്പെടുത്തിയ സാങ്കല്പിക ഉള്ളടക്കം ജെയ്ൻ യൂണിവേഴ്സിറ്റിയുടെ കൊച്ചിയിൽ നടക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ’ പരിപാടിയുടെ പരസ്യമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, വായനക്കാരിൽ ഇത് യഥാർഥ വാർത്തയാണെന്ന തെറ്റിദ്ധാരണയുണ്ടാക്കാനിടയായതിൽ ഖേദിക്കുന്നു,”എന്നാണ് വിശദീകരണം.

കേരളത്തിലുടനീളമുള്ള പത്രങ്ങൾ കൊച്ചിയിലെ ജെയിൻ ഡീംഡ്-ടു-ബി-യൂണിവേഴ്‌സിറ്റിൽ ഒരു പരസ്യം നൽകിയത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യപ്പെട്ടു. മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ പത്രങ്ങളിൽ പ്രസിദ്ധീകരിച്ച തലക്കെട്ടുകളും ലേഖനങ്ങളും ഒരു വാർത്താ റിപ്പോർട്ടിനോട് സാമ്യമുള്ള പരസ്യങ്ങളാണെന്നതും തെറ്റിദ്ധാരണ കൂടി. പോരെങ്കിൽ, ഫെബ്രുവരി എന്ന സമീപസ്ഥമായ ഒരു മാസം മുതൽ കറൻസികൾ പൂർണമായി നിർത്തലാക്കുമെന്ന
വാർത്ത രൂപത്തിലുള്ള പരസ്യത്തിലെ വരികളും ആശങ്ക വർദ്ധിപ്പിച്ചു.
ഇവിടെ വായിക്കുക:Fact Check: കുംഭമേളയ്‌ക്കെത്തിയ 154 വയസുള്ള സന്യാസിയാണോയിത്?
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.