Fact Check
Fact Check: 2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറൂമോ?
Claim
2023 ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറും.
Fact
റെയിൽവേ അത്തരം ഒരു തീരുമാനം എടുത്തിട്ടില്ല.
2023 ജൂലൈ 1 മുതൽ റെയിൽവേയുടെ ഈ 10 നിയമങ്ങൾ മാറുമെന്ന് ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. പൊതുതാൽപ്പര്യാർത്ഥം പുറപ്പെടുവിച്ച ഈ അറിയിപ്പ് എല്ലാവർക്കും അയയ്ക്കുക എന്ന അഭ്യർഥനയോടെയാണ് പോസ്റ്റ്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് പ്രചരിക്കുന്ന തീരുമാനങ്ങൾ താഴെ ചേർക്കുന്നു.
1) വെയിറ്റിംഗ് ലിസ്റ്റിന്റെ ബുദ്ധിമുട്ട് അവസാനിക്കും. റെയിൽവേ നടത്തുന്ന സുവിധ ട്രെയിനുകളിൽ യാത്രക്കാർക്ക് കൺഫേം ടിക്കറ്റുകളുടെ സൗകര്യം നൽകും.
2) ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റുകൾ റദ്ദാക്കിയാൽ 50 ശതമാനം തുക തിരികെ ലഭിക്കും.
3) ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. എസി കോച്ചിൽ രാവിലെ 10 മുതൽ 11 വരെയും സ്ലീപ്പർ കോച്ചിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12 വരെയും ടിക്കറ്റ് ബുക്കിംഗ് നടക്കും.
4) രാജധാനി, ശതാബ്ദി ട്രെയിനുകളിൽ പേപ്പർ രഹിത ടിക്കറ്റ് സൗകര്യം ജൂലൈ 1 മുതൽ ആരംഭിക്കുന്നു. ഈ സൗകര്യത്തിന് ശേഷം, ശതാബ്ദി, രാജധാനി ട്രെയിനുകളിൽ പേപ്പർ ടിക്കറ്റുകൾ ലഭ്യമാകില്ല, പകരം ടിക്കറ്റ് നിങ്ങളുടെ മൊബൈലിൽ അയയ്ക്കും.
5) താമസിയാതെ റെയിൽവേ ടിക്കറ്റ് സൗകര്യം വിവിധ ഭാഷകളിൽ ആരംഭിക്കാൻ പോകുന്നു. റെയിൽവേയിൽ ഇതുവരെ ഹിന്ദിയിലും ഇംഗ്ലീഷിലും ടിക്കറ്റുകൾ ലഭ്യമായിരുന്നെങ്കിൽ പുതിയ വെബ്സൈറ്റിന് ശേഷം ഇപ്പോൾ വിവിധ ഭാഷകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാം.
6) റെയിൽവേയിൽ ടിക്കറ്റിന് വേണ്ടി എപ്പോഴും വഴക്കാണ്. ഇത്തരമൊരു സാഹചര്യത്തിൽ ജൂലൈ ഒന്നു മുതൽ ശതാബ്ദി, രാജധാനി ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വർധിപ്പിക്കും.
7) തിരക്കുള്ള സമയങ്ങളിൽ മികച്ച ട്രെയിൻ സൗകര്യം പ്രദാനം ചെയ്യുന്നതിനായി ഒരു ഇതര ട്രെയിൻ ക്രമീകരണ സംവിധാനം, സുവിധ ട്രെയിൻ, പ്രധാനപ്പെട്ട ട്രെയിനുകളുടെ ഡ്യൂപ്ലിക്കേറ്റ് ട്രെയിൻ എന്നിവ ആസൂത്രണം ചെയ്തിട്ടുണ്ട്.
8) റെയിൽവേ മന്ത്രാലയം ജൂലൈ 1 മുതൽ രാജധാനി, ശതാബ്ദി, തുരന്തോ, മെയിൽ-എക്സ്പ്രസ് ട്രെയിനുകളുടെ ലൈനുകളിൽ സുവിധ ട്രെയിനുകൾ ഓടിക്കും.
9) ജൂലൈ 1 മുതൽ പ്രീമിയം ട്രെയിനുകൾ പൂർണ്ണമായും നിർത്താൻ റെയിൽവേ പോകുന്നു.
10) സുവിധ ട്രെയിനുകളിലെ ടിക്കറ്റ് റീഫണ്ടിന് നിരക്കിന്റെ 50% റീഫണ്ട് ചെയ്യും. ഇതിനുപുറമെ, എസി-2-ൽ 100 രൂപയും എസി-3-ൽ 90 രൂപയും സ്ലീപ്പറിൽ ഒരു യാത്രക്കാരന് 60 രൂപയും കുറയ്ക്കും.
വാട്ട്സ്ആപ്പിൽ ആണ് ഈ പോസ്റ്റ് വൈറലാവുന്നത്. ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒരാൾ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്ലൈനിൽ (9999499044) മെസ്സേജ് ചെയ്തിരുന്നു.

ഇവിടെ വായിക്കുക: Fact Check:ഈ വെള്ളപ്പൊക്ക ദൃശ്യങ്ങൾ ക്യൂബയിലേതാണോ?
Fact Check/Verification
ഇത്തരം എന്തെങ്കിലും തീരുമാനം എടുതിട്ടുണ്ടെങ്കിൽ അത് തീർച്ചയായും വിവിധ മാധ്യമങ്ങളിൽ വാർത്തയായി വരുമായിരുന്നു. എന്നാൽ ഞങ്ങളുടെ തിരച്ചിലിൽ അത്തരം വാർത്തകൾ ഒന്നും ശ്രദ്ധയിൽ വന്നില്ല. അത് കൊണ്ട് തന്നെ പ്രചരണത്തിന്റെ ആധികാരികത പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.
ജൂലൈ 1 മുതൽ റെയിൽവേയുടെ 10 നിയമങ്ങൾ മാറുമെന്ന സന്ദേശം 2015 മുതൽ പ്രചരിക്കുന്നത്
പോസ്റ്റിലെ സന്ദേശത്തെക്കുറിച്ച് ഞങ്ങൾ ഗൂഗിളിൽ തിരഞ്ഞപ്പോൾ, 2015 മുതൽ സമാനമായ സന്ദേശം സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടുന്നുണ്ട് എന്ന് കണ്ടെത്തി. 2021ലും ഇതേ സന്ദേശം പ്രചരിച്ചിരുന്നു.

ജൂൺ 30,2017ൽ വൈറലായ ഈ സന്ദേശത്തെക്കുറിച്ച് റെയിൽവേ മന്ത്രാലയം വിശദമായ വിശദീകരണം നൽകിയിരുന്നു, അതിനെ കുറിച്ച് പിഐബി പത്രകുറിപ്പും ഇറക്കിയിരുന്നു.
“ഈ വാർത്ത തീർത്തും തെറ്റും അടിസ്ഥാനരഹിതവുമാണ്. ഇന്ത്യൻ റെയിൽവേയുടെ അംഗീകൃത ഉറവിടങ്ങളിൽ നിന്ന് സ്ഥിരീകരിക്കാതെ, ഒരു വിഭാഗം മാധ്യമങ്ങളും ഈ വാർത്ത പ്രസിദ്ധീകരിച്ചു. ഇത് റെയിൽ ഉപയോക്താക്കളുടെ മനസ്സിൽ വളരെയധികം ആശയക്കുഴപ്പം സൃഷ്ടിച്ചു,” പത്രക്കുറിപ്പിൽ പറയുന്നു

ഈ സന്ദേശത്തിൽ പറയുന്ന ഒരു കാര്യം പുതിയ സുവിധ ട്രെയിനുകളെ കുറിച്ചാണ്. “2015 ജൂലൈ മുതൽ റെയിൽവേ സുവിധ എക്സ്പ്രസ് ട്രെയിനുകൾ ഓടിക്കുന്നുണ്ട്. ആവശ്യമെങ്കിൽ ഈ ട്രെയിനുകളിൽ വെയ്റ്റ്ലിസ്റ്റ് ടിക്കറ്റുകൾ ലഭ്യമാണ്. സുവിധ ടിക്കറ്റുകളിൽ ഭാഗികമായ റീഫണ്ട് പ്രൊവിഷൻ അത് ആരംഭിച്ചപ്പോൾ മുതൽ തന്നെ ലഭ്യമായിരുന്നു. ഇക്കാര്യത്തിൽ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല,” റെയിൽവേ പത്രക്കുറിപ്പ് പറയുന്നു.
2015 നവംബറിൽ റെയിൽവേ പുതിയ റീഫണ്ട് നിയമങ്ങൾ പ്രഖ്യാപ്പിച്ചിരുന്നു. ഈ നിയമങ്ങൾ ഇപ്പോഴും തുടരുന്നു,റെയിൽവേ പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.
കൂടാതെ, ശതാബ്ദി, രാജധാനി ട്രെയിനുകളുടെ പേപ്പർ ടിക്കറ്റുകൾ നിർത്തലാക്കുന്നതിന് ഒരു നിർദ്ദേശവും നൽകിയിട്ടില്ലെന്നും,റെയിൽവേ പത്രക്കുറിപ്പിൽ വ്യക്തമാക്കി. “ഓൺലൈനായി സീറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക്, ഇമെയിലിലോ എസ്എംഎസിലോ ലഭിക്കുന്ന ടിക്കറ്റ് ഒരു സാധുവായ രേഖയാണ്. എന്നാൽ അത്തരം ടിക്കറ്റുകളുമായി യാത്ര ചെയ്യുന്നവരുടെ കൈവശം ഒരു ഐഡി പ്രൂഫിനൊപ്പം ഉണ്ടായിരിക്കണം,” എന്ന് റെയിൽവേ പത്രക്കുറിപ്പ് കൂട്ടിച്ചേർക്കുന്നു.
തത്കാൽ ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുമ്പോൾ പാലിക്കേണ്ട സമയക്രമം 2015-ൽ പ്രഖ്യാപിച്ചതാണെന്നും പത്രക്കുറിപ്പിൽ പറയുന്നുണ്ട്.2015 ൽ നടപ്പിലാക്കിയ ഈ മാറ്റങ്ങളെ കുറിച്ച് ഡിസംബർ 31,2015 ലെ വിശദമായ പത്രക്കുറിപ്പിൽ റെയിൽവേ അറിയിച്ചിട്ടുണ്ട്.



ഇവിടെ വായിക്കുക:ഇത് ബിജെപിക്കാരുടെ ‘ക്ലീനിംഗ് ഫോട്ടോഷൂട്ട്’ ആണോ?
Conclusion
2015 മുതലെങ്കിലും ഇതേ സന്ദേശം ഇന്റർനെറ്റിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്. സന്ദേശം തെറ്റാണെന്ന് റെയിൽവേ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ പോസ്റ്റിലെ അവകാശവാദം തെറ്റാണ്.
Result: False
ഇവിടെ വായിക്കുക:Fact Check: അച്ഛൻ കൊലപ്പെടുത്തിയ നക്ഷത്ര എന്ന കുട്ടിയുടെ നൃത്തമാണോ ഇത്?
Sources
Press release by PIB on June 31, 2017
Press release by PIB on December 31, 2015
Revised Refund rules in the Indian Railway website on November 12, 2015
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.