Fact Check
രാജീവ് ചന്ദ്രശേഖറുടെ സ്വീകരണ യോഗത്തിലല്ല പ്രവർത്തകർ പരസ്പരം കസേര എറിഞ്ഞത്
Claim
രാജീവ് ചന്ദ്രശേഖറുടെ സ്വീകരണ യോഗത്തിൽ ബിജെപി പ്രവർത്തകർ പരസ്പരം കസേര എറിയുന്നു.
Fact
കാഞ്ചീപുരത്ത് ന്യൂസ് 18 തമിഴ്നാട് നടത്തിയ മക്കൾ സഭൈ സംവാദത്തിലെ അക്രമം.
ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാജീവ് ചന്ദ്രശേഖറുടെ സ്വീകരണ യോഗത്തിൽ ബിജെപി പ്രവർത്തകർ പരസ്പരം കസേര എറിയുന്നുവെന്ന പേരിൽ ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുണ്ട്.

“പുതിയ പ്രസിഡൻ്റീനെ രാമനിലയത്തിൽ സ്വീകരിക്കുന്ന ബിജെപി പ്രവർത്തകർ,” എന്നാണ് പോസ്റ്റിന്റെ വിവരണം. രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് പോസ്റ്റ്.
“മാരാർജി ഭവനിൽ നടന്ന ബിജെപി മണ്ഡലം പ്രസിഡൻ്റുമാരുടെ കസേര നീട്ടി എറിയൽ മത്സരം,” എന്ന വിവരണത്തോടെയും പോസ്റ്റ് പ്രചരിക്കുന്നുണ്ട്.

ഇവിടെ വായിക്കുക: ചീറ്റകൾക്കൊപ്പം ഉറങ്ങുന്ന മനുഷ്യൻ സിരോഹി ഗ്രാമത്തിലെ പൂജാരിയാണോ?
Fact Check/ Verification
വൈറലായ വീഡിയോ സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ, വേദിയുടെ ബാനറിൽ ‘ന്യൂസ് 18’ എന്ന് എഴുതിയയിട്ടുണ്ട്. പോരെങ്കിൽ ബാനറിൽ ചില തമിഴ് അക്ഷരങ്ങളും എഴുതിയിരിക്കുന്നത് കാണാൻ കഴിഞ്ഞു.

വീഡിയോയിൽ നിന്ന് കീഫ്രെയിമുകൾ വേർതിരിച്ചെടുത്ത് ഗൂഗിൾ റിവേഴ്സ് ഇമേജ് സെർച്ച് ഉപയോഗിച്ച് തിരഞ്ഞപ്പോൾ, UUUfacts എന്ന ഉപയോക്താവ് യൂട്യൂബിൽ പ്രസിദ്ധീകരിച്ച തമിഴ് ഭാഷയിൽ തലക്കെട്ടുള്ള അതേ വീഡിയോ ഞങ്ങൾ കണ്ടെത്തി. വീഡിയോയുടെ പേര് ‘നമുക്ക് കസേരയ്ക്കുവേണ്ടി പോരാടാം. നമുക്ക് കസേരകൾ എറിഞ്ഞ് പോരാടാമോ?’ എന്നാണ്. ഈ വീഡിയോ 2024 ഏപ്രിൽ 7-ന് പ്രസിദ്ധീകരിച്ചതാണ്.
2025 മാർച്ച് 25നാണ് രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. അതിന് ഒരു വർഷം മുൻപാണ് ഈ വീഡിയോ എന്നർത്ഥം.

കൂടുതൽ തിരഞ്ഞപ്പോൾ, ന്യൂസ് 18 തമിഴ്നാട് സംസ്ഥാനത്തിന്റെ വിവിധ നഗരങ്ങളിൽ “മക്കൾ സഭൈ” എന്ന പേരിൽ നടത്തിയ സംവാദ പരമ്പരയുടെ ഭാഗമായ ഒരു വീഡിയോ ഞങ്ങൾ കണ്ടെത്തി.
ന്യൂസ് 18 തമിഴ്നാട് കാഞ്ചീപുരത്ത് നടത്തിയ മക്കൾ സഭൈയുടെ വീഡിയോ യൂട്യൂബിൽ 2024 ഏപ്രിൽ7ന് അപ്ലോഡ് ചെയ്തതായിരുന്നു ആയിരുന്നു അത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ വിവിധ പാർട്ടികളുടെ പ്രതിനിധികൾ തമ്മിലുള്ള ഒരു സംവാദമായിരുന്നു പരിപാടി.
ന്യൂസ് 18 തമിഴ്നാട് പ്രസിദ്ധീകരിച്ച വീഡിയോയിൽ നിന്ന് ബഹളത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ വേദിയുടെ ദൃശ്യങ്ങൾ താരതമ്യം ചെയ്ത് വൈറൽ വീഡിയോ കാഞ്ചീപുരത്ത് നടന്ന ന്യൂസ് 18 “മക്കൾ സഭൈ” യോഗത്തിൽ നിന്നുള്ളതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞു.

വൈറലായ വീഡിയോയിൽ കണ്ട അതെ വേദിയുടെ ബാനറും ‘ന്യൂസ് 18’ എന്ന എഴുത്തും ചില തമിഴ് അക്ഷരങ്ങളും ന്യൂസ് 18 തമിഴ്നാടിന്റെ ഈ വീഡീയോയിലും കാണാൻ കഴിഞ്ഞു.

പോരെങ്കിൽ വൈറൽ വിഡിയോയിൽ കാണുന്ന മനുഷ്യരെയും ന്യൂസ് 18 വിഡിയോയിലും കാണാം.

പോരെങ്കിൽ ഈ സംഭവത്തെ കുറിച്ച്, ബിജെപി തമിഴ്നാട് സംസ്ഥാന സെക്രട്ടറിയും ഈ പരിപാടിയിൽ പങ്കെടുത്തയാളുമായ എസ്.ജി. സൂര്യ എക്സ് അക്കൗണ്ടിൽ 2024എപ്രിൽ6ന് പങ്ക് വെച്ച ഒരു പോസ്റ്റും ഞങ്ങൾക്ക് കിട്ടി.
“ആശയങ്ങൾ കൊണ്ട് അഭിപ്രായങ്ങളെ നേരിടാൻ ഡിഎംകെക്ക് കഴിയില്ല. ഇന്ന് കാഞ്ചീപുരത്ത് എന്താണ് സംഭവിച്ചത്?@ന്യൂസ്18തമിഴ്നാട്. “മക്കൾ സഭ” പരിപാടിയിൽ ഡിഎംകെ ഗുണ്ടകൾ ബിജെപി അംഗങ്ങളെ ആക്രമിക്കുകയും അതിക്രമം നടത്തുകയും ചെയ്തു. ഡിഎംകെ എംഎൽഎ ശ്രീ. ഏഴിലരശന്റെ സാന്നിധ്യത്തിലാണ് കസേരകൾ വലിച്ചെറിയുന്നതും മൂന്നാംകിട അസഭ്യ ഭാഷ ഉപയോഗിക്കുന്നതും എന്ന കാര്യം ശ്രദ്ധേയമാണ്,” എന്നാണ് അദ്ദേഹത്തിന്റെ പോസ്റ്റ് പറയുന്നത്.

ഇവിടെ വായിക്കുക: വഖഫ് ബില്ലിനെ അനുകൂലിക്കുന്ന മുസ്ലിം സ്ത്രീ എന്ന വ്യാജേന വേഷം കെട്ടി വന്ന പുരുഷൻ: വീഡിയോയുടെ വാസ്തവം എന്താണ്?
Conclusion
ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2024 ൽ തമിഴ്നാട് കാഞ്ചീപുരത്ത് ന്യൂസ് 18 ചാനല് സംഘടിപ്പിച്ച മക്കൾ സഭ എന്ന പരിപാടിയിൽ പങ്കെടുത്തവർ തമ്മിലുണ്ടായ സംഘര്ഷത്തിന്റെ ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിൽ എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
YouTube Video by UUUfacts on April 7, 2024
YouTube Video by News 18 Tamil Nadu on April 7, 2024
X Post by SG Suryah on April 6, 2024
Self Analysis