മുഖ്യമന്ത്രിയുടെ ബ്രണ്ണൻ കോളേജ് വീരസങ്ങൾ ടിവിയിൽ കാണുന്ന കുട്ടനാടിലെ കുടുംബം എന്ന പേരിൽ ഒരു ഫോട്ടോ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.ഫേസ്ബുക്കിൽ മലയാളികൾക്കിടയിൽ ധാരാളം റീച്ചുള്ള സംഘപരിവാർ അനുകൂല പേജായ ഓട്ട്സ്പോക്കൺ അടക്കം ഈ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിൽ സേവ് കുട്ടനാട് ഹാഷ്ടാഗ് തരംഗമാവുന്ന സമയത്താണ് ഈ ചിത്രം പങ്കുവെക്കപ്പെട്ടത്.
ബ്രണ്ണൻ കോളേജ് വീരസങ്ങളും കുട്ടനാടൻ കുടുംബവും
ബ്രണ്ണൻ കോളേജ് പഠനകാലത്തെ കുറിച്ചുള്ള പിണറായി- സുധാകരൻ വാക്ക് പോരിനോടൊപ്പം കുട്ടനാടിലെ പ്രളയ ദുരിതത്തെ ചേർത്തുവെക്കാനാണ് ഈ ഫോട്ടോ വഴി ശ്രമിക്കുന്നത്.
ബ്രണ്ണൻ: സുധാകരൻ പറഞ്ഞത്
ബ്രണ്ണന്‍ കോളജിലെ പഠനകാലത്ത് പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്നും എകെ ബാലനെ തല്ലിയോടിച്ചിട്ടുണ്ടെന്നും കെ സുധാകരന്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. മനോരമ ആഴ്ചപതിപ്പിന് നൽകിയ അഭിമുഖത്തിലാണ് സുധാകരൻ ഇത് പറഞ്ഞത്.സുധാകരൻ പറഞ്ഞത് ഇതാണ്: എസ്എഫ്‌ഐ പഠിപ്പു മുടക്ക് പ്രഖ്യാപിച്ച ദിവസമാണ് പിണറായി ബ്രണ്ണനിലെത്തിയത്. ആ സമരം പൊളിക്കാനായിരുന്നു കെഎസ്‌യുവിന്റെ പ്ലാന്‍.
രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്ലാസിലിരുത്തി ക്ലാസെടുക്കുകയായിരുന്നു. ഈ സമയം എകെ ബാലന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചു വന്നു. ഞാന്‍ രണ്ടാം നിലയിലെ കോണിപ്പടിയില്‍ നില്‍ക്കുകയായിരുന്നു. ബാലന്‍ ഉള്‍പ്പെടെ എല്ലാവരേയും കെഎസ്‌യുക്കാര്‍ തല്ലിയോടിച്ചു. പരീക്ഷ ഹാളിലായിരുന്ന പിണറായി വിജയന്‍ സഖാക്കളുടെ സഹായത്തിന് ഓടിയെത്തി.
രണ്ടാം നിലയിലേക്ക് ഓടിക്കയറിവന്ന പിണറായി നീയേതാടാ ധാരാ സിങ്ങോ എന്ന് ചോദിച്ചു. ഞാന്‍ കളരി പഠിക്കുന്ന സമയമായിരുന്നു. കോണിപ്പടിക്ക് ഇരുവശവും ഉണ്ടായിരുന്നവര്‍ ആര്‍പ്പു വിളിച്ചു. ഒന്നും ആലോചിച്ചില്ല. ഒറ്റ ചവിട്ട്. പിന്നാലെ കെഎസ്‌യു പ്രവര്‍ത്തകര്‍ പിണറായി വിജയനെ വളഞ്ഞിട്ടു തല്ലി. പോലീസ് എത്തിയാണ് പിണറായി വിജയനെ എടുത്തുകൊണ്ടു പോയത്.
ക്യാമ്പസില്‍ എപ്പോഴും കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ് എന്ന സഹപാഠിയുണ്ട്. ഒരിക്കല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഫ്രാന്‍സിസ് മര്‍ദ്ദിച്ചു.പിന്നാലെ പിണറായി വിജയന്റെ നേതൃത്വത്തില്‍ സമരം നടന്നു. ഇതിനിടെ പിണറായി ഫ്രാന്‍സിസിന്റെ അരയിലെ പിച്ചാത്തിയെക്കുറിച്ച് പറഞ്ഞതും ഊരിപ്പിടിച്ച കത്തിയുമായി ഫ്രാന്‍സിസ് സ്റ്റേജിലേക്ക് കയറി. ഒഴിഞ്ഞു മാറിയതുകൊണ്ടാണ് പിണറായി രക്ഷപെട്ടത്. ഫ്രാന്‍സിസിന്റെ ആക്രമണത്തിന് പിന്നാലെ ഞാനും പ്രവര്‍ത്തകരും പിണറായിയെ തല്ലിയോടിച്ചു.
ബ്രണ്ണൻ കോളേജ്: പിണറായി പറഞ്ഞത്
കൊവിഡ് അവലോകനത്തിന് ശേഷമുള്ള പതിവ് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങള്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മറുപടിയും പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞത് ഇതാണ്:അദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള സ്വപ്‌നം കാണുന്നതിനെ ഞാന്‍ തടയേണ്ട ആള്‍ അല്ലാലോ. അതൊരു സ്വപ്നാടനത്തിന്റെ ഭാഗം മാത്രമാണ്, ആ പറയുന്ന കാര്യം. അന്നത്തെ ഞാനും അക്കാലത്തെ കെ.സുധാകരനും. അത് അദ്ദേഹത്തിനൊരു സ്വപ്നമോ മോഹമോ ഉണ്ടായിക്കാണും. ഈ പിണറായി വിജയനെ ചവിട്ടി വീഴ്ത്തണമെന്ന്. പക്ഷേ അത് യഥാര്‍ത്ഥത്തില്‍ സംഭവിച്ചാല്‍ അല്ലേ അങ്ങനെ പറയാനാവൂ. എന്നോട് അദ്ദേഹത്തിന് രണ്ട് ഭാഗത്ത് പ്രവര്‍ത്തിക്കുന്നവരെന്ന നിലയില്‍ വിരോധമുണ്ടായി കാണും.
അന്ന് അദ്ദേഹം ഈ സുധാകരനല്ല വിദ്യാര്‍ത്ഥിയായ സുധാകരനല്ലേ. എന്നെ കിട്ടിയാലൊന്ന് തല്ലാമെന്നും വേണമെങ്കില്‍ ചവിട്ടിവീഴ്ത്താമെന്നും അദ്ദേഹം മനസ്സില്‍ കണ്ടിട്ടുണ്ടാവും.പക്ഷേ യഥാര്‍ത്ഥ്യത്തില്‍ സംഭവിച്ചതെന്താണ്? ഞാനതിന്റെ കാര്യങ്ങളിലേക്കൊന്നും പോകാനാഗ്രഹിക്കുന്നൊരു ആളല്ല. പക്ഷേ തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ എങ്ങനെയാണ് പറയാതിരിക്കാ എന്നതാണ്. അതിനാല്‍ മാത്രം പറയാണ്.
നേരത്തെ നിങ്ങള്‍ ഇതല്ലാതെ ചോദ്യം എന്നോട് ചോദിച്ചിരുന്നു. സുധാകരനെ നന്നായി അറിയാമല്ലോ, എന്താണ് അദ്ദേഹം കെപിസിസി അധ്യക്ഷനായതിനെപ്പറ്റി പറയാനുള്ളതെന്ന്. ഞാന്‍ അന്ന് പറഞ്ഞ മറുപടി നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാവും. ആ പാര്‍ട്ടിയാണത് തീരുമാനിക്കേണ്ടത്. ആ പാര്‍ട്ടിക്ക് അദ്ദേഹമാണ് കെപിസിസി അധ്യക്ഷനാവേണ്ടത് എന്ന് തോന്നിയാല്‍ ഞാനെന്ത് പറയാനാണ്. അതെനിക്ക് സുധാകരനെ കുറിച്ച് എനിക്ക് അറിയാഞ്ഞിട്ടല്ല. ഞാന്‍ എന്തിനാണ് വേണ്ടാത്ത കാര്യം വിളിച്ചു പറയേണ്ടത് എന്നതിനാല്‍ മാത്രമാണ് പറയാഞ്ഞത്.
ഈ പറയുന്ന കാര്യം നടക്കുന്ന കാലത്ത് കെ.എസ്.എഫിന്റെ ഒരു സംസ്ഥാന ഭാരവാഹിയാണ് ഞാന്‍. അന്നൊരു ദിവസം ക്ലാസ് ബഹിഷ്‌കരണം കെഎസ്എഫ് ആഹ്വാനം ചെയ്തിരുന്നു. അന്നൊരു പരീക്ഷയാണ്. ആ പരീക്ഷ എഴുതേണ്ടയാളാണ് ഞാന്‍. നേരത്തെ ഇത്തരമൊരു പരീക്ഷാ ബഹിഷ്‌കരണം ആഹ്വാനം ചെയ്ത കെ.എസ്.യു നേതാവ്. അദ്ദേഹവും ഇന്ന് കേരളത്തിലെ പ്രമുഖനായ നേതാവാണ്. അദ്ദേഹം പരീക്ഷ എഴുതിയിരുന്നു. അതിനെ വിമര്‍ശിച്ചയാളാണ് ഞാന്‍. ബഹിഷ്‌കരണത്തിന്റെ ഭാഗമായി അന്ന് പരീക്ഷ എഴുതേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു.
പക്ഷേ പരീക്ഷാ ദിവസം കോളേജില്‍ വരാതിരുന്നതിനാല്‍ അസുഖമായിട്ട് എഴുതിയില്ല എന്നല്ലേ വിചാരിക്കൂ. അതിനാല്‍ ഞാന്‍ അന്നേ ദിവസം കോളേജില്‍ പോയി. പരീക്ഷ എഴുതാതിരുന്നു. പരീക്ഷാ ബഹിഷ്‌കരത്തിന്റെ ഭാഗമായ സമരം നടക്കുന്നുണ്ട്. അന്ന് സമരത്തിന് ആഹ്വാനം ചെയ്ത കെഎസ്എഫിന്റെ പ്രവര്‍ത്തകരും അതിനെ തടയാന്‍ തീരുമാനിച്ച് കെഎസ് യുവിന്റെ ആളുകള്‍ വരികയാണ്. അപ്പോഴാണ് വല്ലാത്ത സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്നത്.
അന്ന് സുധാകരന്‍ ആ കൂട്ടത്തിലുണ്ട്.അയാളെ എനിക്ക് അതിനു മുന്‍പ് അറിയില്ല. ഞാന്‍ കോളേജ് വിട്ട സമയമാണത്. പരീക്ഷ എഴുതാന്‍ പോയതാണ്. കോളേജ് വിട്ട ആളെന്ന നിലയ്ക്ക് എനിക്ക് ആ പരിമിതിയുണ്ട്. അപ്പോഴാണ് വല്ലാത്ത സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ഈ സുധാകരന്‍ അപ്പോള്‍ ഉണ്ട്. സുധാകരനെ എനിക്ക് അന്ന് അറിയില്ല. അന്നത്തെ എല്ലാവരും ചെറുപ്പമല്ലേ. ഇന്ന് കാണുന്ന രീതി ആയിരിക്കില്ലല്ലോ.
എന്റെ മനസില്‍ ഉള്ളത്. ഈ സംഘര്‍ഷത്തില്‍ ഞാന്‍ ഉള്‍പ്പെടാതിരിക്കണം. എന്റെ മനസില്‍ ഉള്ളത് ഈ സംഘര്‍ഷത്തില്‍ ഞാന്‍ ഉള്‍പ്പെടാതിരിക്കണം എന്നതാണ്. ബ്രണ്ണന്‍ കോളജ് വിട്ടയാളാണല്ലോ ഞാന്‍. ഇതാണ് മനസിലുള്ളത്. പക്ഷേ സ്ഥിതി കൈവിട്ടുപോകുന്നു. അങ്ങനെ വന്നപ്പോള്‍ ഈ ചെറുപ്പക്കാരന് നേരെ പ്രത്യേക രീതിയിലൊരു ആക്ഷന്‍ ഞാനെടുത്തു. (ആംഗ്യം കാണിക്കുന്നു). അയാളുടെ ശരീരം തൊട്ടില്ല. അയാളെ ഒന്നും ചെയ്തില്ല. ഈ രണ്ട് കൈയും കൂട്ടി ഇങ്ങനെ ഇടിക്കുകയാണ്, ഇപ്പോള്‍ ഇടിക്കുന്ന പോലെ അല്ലാ കേട്ടോ, ഒരു സംഘര്‍ഷ സ്ഥലത്തുള്ള സംഭവമാണ്. സ്വാഭാവികമായി അതിന്റെ പിന്നാലെ ഉള്ള ചില വാക്കുകളും വരും.
അത് എന്താണെന്ന് നിങ്ങള്‍ ഊഹിച്ചാല്‍ മതി. ഇയാളുടെ നേരെ, ഇയാളുടെ നേതാവായ ബാലനുണ്ട്. ബാലന്‍ സുഹൃത്താണ്, ഞങ്ങള്‍ പരസ്പരം അറിയാം. അയ്യോ വിജ്യാ ഒന്നും ചെയ്യല്ലേ എന്ന് ബാലന്‍ പറഞ്ഞു.
പിടിച്ചു കൊണ്ടു പോടാ, ആരാ ഇവന്‍? എന്നു ഞാന്‍ ബാലനോട് ചോദിച്ചു. അന്നേരം അവിടെ ഉണ്ടായിരുന്നവര്‍ ഇവനെയും പിടിച്ച് ആളുകള്‍ പോയി. ഇതാണ് സംഭവിച്ചത്. പിന്നെ മറ്റൊരു കാര്യം. ഇതെല്ലാം പറഞ്ഞാല്‍ കുറച്ച് സ്വയം പുകഴ്ത്തലാകും.
ബ്രണ്ണൻ കോളേജ് സംഭവത്തിലെ ഫ്രാൻസിസ്
ഏതോ ഒരു ഫ്രാന്‍സിസിന്റെ കാര്യം അദ്ദേഹം പറയുന്നുണ്ട്. ഫ്രാന്‍സിസ് എപ്പോഴും കത്തിയും കൊണ്ടാണ് എപ്പോഴും നടക്കുക എന്നാണ് പറയുന്നത്. ഞങ്ങള്‍ ആരും ഇതെല്ലാം കാണാത്തവരാണ് എന്നൊന്നും ഞാന്‍ പറയില്ല കേട്ടോ.
ഈ ഫ്രാന്‍സിസ് ഞാന്‍ കോളേജ് വിടും വരെ അവിടെ ഇല്ല. എന്റെ ശരീരത്തിന് അടുത്തേക്ക് വരണമെന്ന് ആഗ്രഹിച്ച പലരും ഉണ്ടായിട്ടുണ്ടാകും, ആക്രമിക്കാന്‍. പക്ഷേ ആരും ശരീരത്തിന് അടുത്തേക്ക് എത്തിയിട്ടില്ല കേട്ടോ. നേരത്തെ പൊലീസ് ചെയ്തത് മാത്രമേയുള്ളൂ. അത് മനസിലാക്കിക്കോളണം. അത് സുധാകരന്‍ പറയുന്നുണ്ടല്ലോ അയാള്‍ കളരി പഠിച്ചെന്ന്.
.ഇത് കൂടാതെ സുധാകരൻ തന്റെ മകളെ തട്ടികൊണ്ട് പോവാൻ പദ്ധതിയിട്ടതായി ഒരു കണ്ണൂരിലെ ഒരു കോൺഗ്രസ് നേതാവ് തന്നോട്ട് പറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.
ബ്രണ്ണൻ ബന്ധമില്ലാത്ത കുട്ടനാടൻ കുടുംബത്തിന്റെ യാഥാർഥ്യങ്ങൾ
സമുദ്രനിരപ്പിനും 9 അടി താഴെയല്ല പ്രദേശമാണ് കുട്ടനാട്. വെള്ളം വറ്റിച്ച് ബണ്ടുകെട്ടി വീടുവെച്ച്, കൃഷിചെയ്ത് ജീവിക്കുന്നകുടുംബങ്ങളാണ് അവിടെ ഉള്ളത്. ഒരു മഴ പെയ്താൽ വെളളം പൊങ്ങി വീടുകൾക്കുളളിൽ വരെ കയറുന്ന പ്രദേശമാണ് അത്.
2018 ലെ പ്രളയത്തിൽ ഒരു താലൂക്ക് മുഴുവനായാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ മാസങ്ങളോളം കഴിയേണ്ടി വന്നിരുന്നു. നദികളില്‍ എക്കല്‍ അടിഞ്ഞ് സുഗമമായ ഒഴുക്ക് തടസപ്പെടുന്നതിനാല്‍ ചെറിയ മഴയില്‍ പോലും വെള്ളം കയറുന്ന സ്ഥിതി അവിടെയുണ്ട്. ഇതിനൊക്കെ എതിരെയാണ് കുട്ടനാടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സേവ് കുട്ടനാട് ക്യാംപെയ്ന്‍ നടക്കുന്നത്.
Fact Check/Verification
ഈ പടം റിവേഴ്‌സ് സേർച്ച് ചെയ്തപ്പോൾ ടൈംസ് ഓഫ് ഇന്ത്യ ഈ പടം അവരുടെ ഒരു വാർത്തയിൽ ഉപയോഗിച്ചിട്ടുണ്ട് എന്ന് മനസിലായി. വീട്ടിൽ വെള്ളം കയറുമ്പോൾ അതിന് ഇടയിൽ ഇരുന്നു ടിവിയിൽ സീരിയൽ കാണുന്ന ഒരു കുടുംബത്തിന്റെ പടമാണ് അതിൽ ടിവിയിൽ സീരിയൽ മാറ്റി അവിടെ പിണറായിയുടെ വാർത്ത സമ്മേളനത്തിന്റെ പടം എഡിറ്റ് ചെയ്തു ചേർത്തു. ടൈംസ് ഓഫ് ഇന്ത്യ 2017ലാണ് ഈ ചിത്രം പ്രസിദ്ധികരിച്ചത്.എന്നാൽ ഇന്ത്യക്കാരുടെ സീരിയൽ പ്രേമത്തെ കളിയാക്കുന്ന പ്രാസ്തോട്ട്സ് എന്ന .ബ്ലോഗിൽ 2006ൽ ഈ പടം പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും മനസിലാക്കാനായി.
വായിക്കുക: കാസർഗോഡ് നിന്നും കന്യാകുമാരി വരെ ഒരു പത്തുവരി പാത നിർമിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞോ:വസ്തുതാന്വേഷണം
Conclusion
ഈ വീഡിയോയിലുള്ള കുടുംബം കാണുന്നത് മുഖ്യമന്ത്രി പിണറായി വിജയൻറെ വാർത്ത സമ്മേളനമല്ല. അവർ കാണുന്നത് സീരിയൽ ആണ്. 2006ൽ തന്നെ ഈ ചിത്രം ഇൻറർനെറ്റിൽ ഉണ്ട്. അതിൽ ടിവിയിലെ സീരിയൽ എഡിറ്റ് ചെയ്തു മാറ്റി അവിടെ പിണറായിയുടെ വാർത്ത സമ്മേളനത്തിന്റെ ദൃശ്യം എഡിറ്റ് ചെയ്തു ചേർക്കുകയായിരുന്നു.
വായിക്കുക: റിയാസിനെ മന്ത്രിയാക്കിയത് വീണ വിജയൻ
Result: Manipulated
Our Sources
http://prasthoughts.blogspot.com/2006/06/serial-fever.html
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.