ലൂസിഫർ എന്ന മോഹൻ ലാൽ-പൃഥ്വിരാജ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ സിനിമ തിയേറ്ററുകളില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും കോളിളക്കം സൃഷ്‌ടിച്ചിരിക്കുകയാണ്. കൃത്യമായ രാഷ്ട്രീയ പ്രമേയ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ ചിത്രമാണിതെന്ന് പേരിൽ സംഘപരിവാർ അനുകൂല പ്രൊഫൈലുകള്‍ വലിയ പ്രചരണമാണ് നടത്തുന്നത്.
ഈ പശ്ചാത്തലത്തിലാണ് എമ്പുരാൻ സിനിമയെ കുറിച്ചുള്ള പ്രേക്ഷക അഭിപ്രായം എന്ന പേരിൽ സിനിമയെ ആളുകൾ വിമർശിക്കുന്ന ഒരു പോസ്റ്റ് വൈറലാവുന്നത്.
“എമ്പുരാൻ പടം മൊത്തത്തിൽ കൈവിട്ടുപോയി ഗായിസ്..കണ്ടവർ ഒരേസരത്തിൽ പറയുന്നു ഹൈപിനൊത്ത ഒന്നുമില്ല.. പ്രേക്ഷകർ കരഞ്ഞുകൊണ്ട് പറഞ്ഞ റിവ്യൂ,” എന്നാണ് പോസ്റ്റിലെ വിവരണം.

ഇവിടെ വായിക്കുക: തന്റെ അസുഖം ദേദമാവാൻ പ്രാർത്ഥിക്കാൻ മമ്മൂട്ടി ആവശ്യപ്പെട്ടോ?
പ്രമുഖരുൾപ്പെടെയുള്ള നിരവധി സംഘപരിവാർ പ്രൊഫൈലുകള്‍ വ്യാജ രാഷ്ട്രീയ പ്രചരണം നടത്തുന്ന ചിത്രം ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപം അടക്കം മുന്‍നിർത്തി സംഘപരിവാര്‍ രാഷ്ട്രീയത്തെ ചിത്രം രൂക്ഷമായി വിമര്‍ശിക്കുന്നുവെന്ന ആരോപണമാണ് വലതുപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. അതിനിടയിൽ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സിനിമയെ സിനിമയായി കാണണമെന്ന് അഭിപ്രായപ്പെട്ട് ബിജെപി നേതാവ് എംടി രമേശ് രംഗത്ത് എത്തി. തുടർന്ന് ഒരു വിഭാഗം സംഘപരിവാർ അനുകൂലികൾ അദ്ദേഹത്തിനെതിരെയും തിരിഞ്ഞു.
വാർത്തകൾ അനുസരിച്ച്, എമ്പുരാൻ എന്ന സിനിമയുടെ ഉള്ളടക്കത്തെ ചൊല്ലി ബിജെപി യോഗത്തിലും ചർച്ച നടന്നു. പാർട്ടി നേതൃയോഗത്തിൽ സിനിമയുടെ സെൻസറിങ്ങിൽ പാർട്ടി പ്രതിനിധികൾക്ക് വീഴ്ച്ച ഉണ്ടായോ എന്നു പരിശോധിക്കണമെന്ന് ആവശ്യം ഉയർന്നതായും റിപ്പോർട്ട് ഉണ്ട്. ബിജെപി കോർ കമ്മിറ്റി യോഗത്തിലാണ് അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ചത്. അതിന് മറുപടിയായി സെൻസർ ബോർഡിൽ ബിജെപി പ്രതിനിധികളില്ലെന്ന് പാർട്ടി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു. സിനിമയുടെ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ച നടൻ മോഹൻലാൽ തൻ്റെ നല്ല സുഹൃത്താണെന്ന് യോഗത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും നിലപാടെടുത്തു. എമ്പുരാനെതിരെ പ്രചാരണം വേണ്ടെന്നും യോഗം തീരുമാനിച്ചു.
Fact Check/Verification
ഞങ്ങൾ പ്രചരിക്കുന്ന ദൃശ്യങ്ങൾ ശ്രദ്ധയോടെ പരിശോധിച്ചു. അപ്പോൾ TREND SETTER 24×7 എന്ന വാട്ടർമാർക്ക് കണ്ടു.
ഇതൊരു സൂചനയായി എടുത്ത്, പരിശോധന നടത്തിയപ്പോൾ 2021-ഇത് സിനിമ റിവ്യൂകൾ കൊടുക്കുന്ന ഒരു യൂട്യൂബ് ചാനലാണെന്ന് മനസ്സിലായി. തുടർന്ന് ഞങ്ങൾ ഈ ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ പരിശോധിച്ചു.
എമ്പുരാൻ റിലിസ് ചെയ്ത മാർച്ച് 27ന് സിനിമയുടെ നിരവധി റിവ്യൂ വീഡിയോകൾ ചാനലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മനസ്സിലായി. എന്നാൽ വൈറൽ വീഡിയോയിലെ പ്രതിപ്രതികരണങ്ങൾ ഇവയിൽ ഒന്നിലും തന്നെ കാണാൻ കഴിഞ്ഞില്ല.
ഞങ്ങൾ ചാനലിലെ വിഡിയോകൾ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, വൈറൽ ദൃശ്യങ്ങൾ ഉൾക്കൊള്ളുന്നൊരു വീഡിയോ ട്രെൻഡ് സെറ്റേഴ്‌സ് ചാനലിൽ 2024 നവംബർ 14-ന് അപ്ലോഡ് ചെയ്തിട്ടുണ്ടെന്ന് മനസ്സിലായി. കങ്കുവ ചിത്രത്തിന്റെ റിവ്യൂ എന്നാണ് ഈ വീഡിയോക്ക് കൊടുത്തിരിക്കുന്ന തലക്കെട്ട്.
തമിഴിലെ സൂപ്പർ സ്റ്റാറുകളിൽ ഒരാളായ സൂര്യയുടെ കങ്കുവ എന്ന ചിത്രത്തെക്കുറിച്ച് പല വ്യക്തികൾ നടത്തുന്ന മോശം പ്രതികരണങ്ങളാണ് ഈ വിഡിയോയിൽ. ആറുമിനുറ്റിലധികം ദൈർഘ്യമുള്ള ഈ വീഡിയോയിലെ ചില പ്രതികരണങ്ങൾ എടുത്ത് ചേർത്താണ് എമ്പുരാനെതിരായി പ്രചരിപ്പിക്കുന്നത് എന്ന് ഞങ്ങൾക്ക് ഇതിൽ നിന്നും മനസ്സിലായി.

തുടർന്ന് ഞങ്ങൾ ഒരു കീവേര്‍ഡ് സെര്‍ച്ച് നടത്തി. അപ്പോൾ വൈറല്‍ വീഡിയോയില്‍ സിനിമയെപ്പറ്റി പ്രതികരിക്കുന്ന യുവാക്കളിലൊരാളായ അജയ് ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖം കണ്ടു.
ഇത് പഴയ വിഡിയോയാണ് എന്നും മുന്‍പ് മറ്റൊരു സിനിമ കണ്ടിറങ്ങിയപ്പോള്‍ നടത്തിയ പ്രതികരണമാണിതെന്നും ന്യൂസ് 18 കേരള അസിസ്റ്റന്റ് ബുള്ളറ്റിൻ പ്രൊഡ്യൂസറായ അജയ് പറയുന്നത് വിഡിയോയിൽ ഉണ്ട്. എമ്പുരാനെതിരായ പ്രതികരണം എന്ന തരത്തിൽ തന്റെ പഴയ വീഡിയോ വ്യാജമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണെന്നും തന്റെ സുഹൃത്തുക്കള്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത് കൊണ്ടാണ് ഇത് പറയാന്‍ തീരുമനിച്ചതെന്ന് അജയ് മാർച്ച് 27, 2025ൽ പ്രതികരിച്ചു.

ഇവിടെ വായിക്കുക:സുനിത വില്യംസും ഭർത്താവും നിൽക്കുന്ന ഫോട്ടോയല്ലിത്
Conclusion
വൈറല്‍ വീഡിയോ എമ്പുരാൻ സിനിമയുടെ തിയറ്റര്‍ പ്രതികരണമല്ല എന്നും തമിഴ് ചിത്രം കങ്കുവ റിലീസ് ചെയ്ത ദിവസം പകര്‍ത്തിയ പ്രേക്ഷകരുടെ പ്രതികരണമാണെന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസ്സിലായി.
YouTube Video by TREND SETTER 24×7 on November 14,2024
YouTube by News I8 Kerala on March 27,2025