Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
കേരളത്തിലെ റോഡിലെ വെള്ളക്കെട്ടിൽ വീഴുന്ന പോലീസ് വാഹനം.
വീഡിയോ ഹരിയാനയിൽ നിന്നുള്ളതാണ്.
വെള്ളക്കെട്ടിൽ വീണ പോലീസ് വാഹനം പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ പോലീസുകാരൻ വെള്ളത്തിൽ വീഴുന്ന ഒരു വീഡിയോ കേരളത്തിൽ നിന്നുള്ളത് എന്ന വിവരണത്തോടെ സമൂഹ മാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.
‘വിജയൻ മരുമോൻ വാട്ടർ മെട്രോ’ എന്നാണ് വീഡിയോയുടെ വിവരണം. മുഖ്യമന്ത്രി പിണറായി വിജയനെയും റോഡുകളുടെ ചുമതലയുള്ള അദ്ദേഹത്തിന്റെ മരുമകൻ കൂടിയായ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയുമാണ് പോസ്റ്റുകളിൽ സൂചിപ്പിക്കുന്നത്.

ഇവിടെ വായിക്കുക:രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതികള് ലഭിച്ചുവെന്ന് കെ സുധാകരൻ പറഞ്ഞോ?
ഞങ്ങൾ വീഡിയോ പരിശോധിച്ചപ്പോൾ, HR 99 0688 എന്ന നമ്പർ പ്ളേറ്റ് വാഹനത്തിൽ വ്യക്തമായി കാണാം. കാർസ് 24, പോളിസിബസാർ, ഡ്രൈവ്സ്പാർക്ക്, വാഹൻസ് തുടങ്ങിയ വിവിധ വെബ്സെറ്റുകളിലെ വിവരങ്ങൾ പറയുന്നത്, ഹരിയാനയിലെ രാമപുരാ ഫുൽ എന്ന ആർടിഒ യുടെ കീഴിലാണ് HR 99 തുടങ്ങുന്ന നമ്പറുകൾ വരുന്നത്.

തുടർന്ന്, വീഡിയോയുടെ കീഫ്രെയിം ഞങ്ങൾ റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ ജൂൺ 25,2025ലെ ദൈനിക്ക് ഭാസ്കർ വെബ്സൈറ്റിലെ ഒരു റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു. അതിൽ ഈ വീഡിയോ കൊടുത്തിട്ടുണ്ട്. “യമുന നഗറിലെ വയലുകളിലേക്ക് വെള്ളം കയറി, കുഴിയിൽ കുടുങ്ങിയ വാഹനം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെ ഒരു പോലീസുകാരൻ വീണു,” എന്നാണ് റിപ്പോർട്ടിന്റെ തലക്കെട്ട്.

ഇടിവി ഭാരതും അവരുടെ വെബ്സൈറ്റിൽ ജൂൺ 26,2025ൽ ഈ വീഡിയോയും ഒപ്പം ഒരു വാർത്തയും കൊടുത്തിട്ടുണ്ട്. “ജഗാധ്രിയിൽ മഴ ഒരു ദുരന്തമായി മാറി, ഡയൽ 112 വാഹനം കുടുങ്ങി, പോലീസുകാരനും കുഴിയിൽ വീണു,” എന്നാണ് വാർത്തയുടെ തലക്കെട്ട്. യമുനാനഗർ ഡേറ്റ്ലൈനിലാണ് വാർത്ത.

“ജഗാധരി പ്രദേശത്ത് തിങ്കളാഴ്ച പെയ്ത കനത്ത മഴ മുനിസിപ്പൽ കോർപ്പറേഷന്റെ ഒരുക്കങ്ങളുടെ അപര്യാപ്തകൾ തുറന്നുകാട്ടി. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ റോഡുകളിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതുമൂലം സാധാരണക്കാർക്ക് മാത്രമല്ല, പോലീസ് ഭരണകൂടത്തിനും നിരവധി പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. അതേസമയം, ഡയൽ 112 പോലീസ് വാഹനം വെള്ളം നിറഞ്ഞ റോഡിൽ കുടുങ്ങി. വെള്ളക്കെട്ട് വളരെ കൂടുതലായതിനാൽ ഡ്രൈവർക്ക് റോഡിലെ കുഴി മനസ്സിലായില്ല, വാഹനം നേരെ അതിലേക്ക് വീണു,” വാർത്ത പറയുന്നു.
“കാർ പുറത്തെടുക്കുന്നതിനിടെ പോലീസുകാരൻ കുഴിയിൽ വീണു,” സബ്ഹെഡിങ്ങിന് ശേഷം, “സ്ഥലത്തെ യുവാവായ കരൺ ധൈര്യം കാണിച്ച് സ്ഥലത്തെത്തി പോലീസുകാരെ സഹായിച്ചു. കാർ പുറത്തെടുക്കാൻ ഒരു ക്രെയിൻ വിളിച്ചു. കാർ പുറത്തെടുക്കുന്നതിനിടെ ഒരു പോലീസുകാരനും കുഴിയിൽ വീണു. ഈ സംഭവം മുഴുവൻ അവിടെയുണ്ടായിരുന്ന ആളുകളുടെ ക്യാമറകളിൽ പതിഞ്ഞതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറലായി,” എന്ന് വാർത്ത തുടരുന്നു.
ഈ വാർത്തയിൽ പറയുന്ന ഡയൽ 112 എന്താണ് എന്നും ഞങ്ങൾ പരിശോധിച്ചു. ഹരിയാന പോലീസ് ഒരുക്കുന്ന ഒരു എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റമാണത്.
112 എന്ന നമ്പറിൽ വിളിച്ചാൽ, പോലീസ്, ഫയർ, ആംബുലൻസ് സേവനങ്ങൾക്കായുള്ള ഏകീകൃത നമ്പറായ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റവുമായി (ERSS) അത് നിങ്ങളെ ബന്ധിപ്പിക്കും. നിങ്ങളുടെ കോൾ അടുത്തുള്ള എമർജൻസി റെസ്പോൺസ് സെന്ററിലേക്ക് (ERC) റൂട്ട് ചെയ്യും. കൂടാതെ കോൾ എടുക്കുന്നയാൾ നിങ്ങളുടെ സാഹചര്യം വിലയിരുത്തുകയും ഉചിതമായ അടിയന്തര സേവനം അയയ്ക്കുകയും ചെയ്യും.
ഹരിയാനയിലെ എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിന്റെ വാഹനമാണ് വിഡിയോയിൽ ഉള്ളത് എന്ന് ഇതിൽ നിന്നെല്ലാം വ്യക്തമായി.
ഇവിടെ വായിക്കുക:നിമിഷ പ്രിയയുടെ വധശിക്ഷ ഇതുവരെ റദ്ദാക്കിയിട്ടില്ല
വെള്ളക്കെട്ടിൽ വീണ പോലീസ് വാഹനം പുറത്തെടുക്കാൻ ശ്രമിക്കുമ്പോൾ പോലീസുകാരൻ വെള്ളത്തിൽ വീഴുന്ന വീഡിയോ കേരളത്തിൽ നിന്നല്ല, ഹരിയാനയിൽ നിന്നാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Sources
Self Analysis
News report by Dainik Bhaskar on June 25,2025
News Report by ETV Bharat on June 26,2025