തൃക്കാക്കര ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊച്ചി മെട്രോ വീണ്ടും സജീവ ചർച്ചയാവുകയാണ്. ആ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇപ്പോഴത്തെ വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ മെട്രോ നടത്തിപ്പുകാരായ KMRL നെതിരെ സമരം ചെയ്യുന്ന ഒരു പോസ്റ്റർ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“കൊച്ചി മെട്രോക്കെതിരെ സമരം ചെയ്ത സഖാക്കൾക്ക് നാം എന്തിന് വോട്ട് ചെയ്യണമെന്നാണ് പോസ്റ്റ് ചോദിക്കുന്നത്. കോൺഗ്രസ്സ് നേതാവും മുൻ എം എൽ എയുമായ എം എ വാഹിദ് ഷെയർ ചെയ്ത പോസ്റ്റിന് ഞങ്ങളുടെ ശ്രദ്ധയിൽ വരുമ്പോൾ 122 ഷെയറുകൾ ഉണ്ടായിരുന്നു.

Jijimon Abraham എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് ഞങ്ങൾ കാണുമ്പോൾ 64 ഷെയറുകൾ കണ്ടു.

Kamal Kattakath എന്ന ഐഡിയിൽ നിന്നും ഏഴ് പേർ പോസ്റ്റ് ഷെയർ ചെയ്തതായി ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.

തൃക്കാക്കര ഇലക്ഷനും കൊച്ചി മെട്രോയും
കൊച്ചി മെട്രോയുടെ തുടർന്നുള്ള വികസനത്തിന് കേരള എംപിമാർ ശ്രമിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ വിമർശനവും അതിനു എറണാകുളം എം പി ഹൈബി ഈഡൻ കൊടുത്ത മറുപടിയുമൊക്കെ ഇലക്ഷനിൽ ചർച്ച ആയിരുന്നു. ആറു വർഷമായി കേരളം ഭരിച്ചിട്ടും കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തെ ക്കുറിച്ച് എംപിമാരോട് ചോദിക്കാൻ പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ അറിയുവാൻ എന്ന ആമുഖത്തോടെ ഫേസ്ബുക്കിലാണ് ഹൈബി ഈഡൻ മുഖ്യമന്ത്രിയ്ക്ക് മറുപടി എഴുതിയത്. താൻ മെട്രോയ്ക്ക് വേണ്ടി നടത്തിയ പ്രവർത്തനങ്ങൾ വിവരിച്ചു കൊണ്ടാണ് ഹൈബിയുടെ മറുപടി.” ഇലക്ഷൻ കഴിഞ്ഞാലും കേന്ദ്രത്തിനോടും ഒപ്പം മുഖ്യമന്ത്രിയോടും ഇനിയും ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ടേയിരിക്കും. കാരണം ഇത് ഞങ്ങൾക്ക് ഒരു തെരഞ്ഞെടുപ്പ് കാലത്ത് രൂപീകരിച്ചെടുക്കുന്ന അടവ് നയമല്ല. മറിച്ച് ഇത് എറണാകുളത്തിന്‍റെ, തൃക്കാക്കരയുടെ സ്വപ്ന പദ്ധതിയാണ്.” ഹൈബി പോസ്റ്റിൽ പറയുന്നു.2020 സെപ്റ്റംബറിൽ തൈക്കൂടം മുതൽ പേട്ട വരെയുള്ള ഒന്നാം ഘട്ടത്തിന്‍റെ രണ്ടാം റീച്ച് ഉദ്ഘാടനം ചെയ്തിരുന്നു. തൃക്കാക്കര തുടങ്ങിയ പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്ന രണ്ടാം ഘട്ടത്തെ കുറിച്ചാണ് എൽ ഡി എഫ്- യുഡിഎഫ് വാക്ക് യുദ്ധം. ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ.
Fact Check/Verification
ഞങ്ങൾ പ്രചരിക്കുന്ന ഫോട്ടോ ഗൂഗിൾ റിവേഴ്‌സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ കൊച്ചി മെട്രോയുടെ നിർമ്മാണപ്രവർത്തനങ്ങളിലെ ഇഴഞ്ഞുപോക്കിനെതിരെ നടത്തിയ മാർച്ചിന്റെ ഫോട്ടോ ആണ് എന്ന് മനസിലായി. 2014 മെയ് 6ന് നടന്ന മാർച്ചിനെ കുറിച്ച് ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ട് ചെയ്തിരുന്നു. ”കൊച്ചി മെട്രോയുടെ പണി സമയബന്ധിതമായി പൂർത്തിയാക്കണം, നിർമാണപ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരം കണ്ടെത്തണം,തുടങ്ങിയവയാണ് അവർ ഉന്നയിച്ച മുദ്രാവാക്യം,” എന്നും സിപിഎമ്മിന്റെ മാർച്ച് നയിച്ചത് ഇന്നത്തെ വ്യവസായ മന്ത്രിയായ രാജീവ് തന്നെയായിരുന്നുവെന്ന് മനസിലായി. ഡെക്കാൻ ക്രോണിക്കിൾ റിപ്പോർട്ടിനൊപ്പം കൊടുത്ത ഫോട്ടോയാണ് ഇപ്പോൾ വൈറലായി പ്രചരിക്കുന്നത് എന്നും ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.

മാധ്യമത്തിന്റെ ഇംഗ്ലീഷ് വെബ്‌സൈറ്റും അന്ന് ഇക്കാര്യങ്ങൾ വ്യക്തമാക്കി ഈ പടത്തിനൊപ്പം ഒരു റിപ്പോർട്ട് കൊടുത്തിട്ടുണ്ട്.

2017 ൽ ഈ ഫോട്ടോ വെച്ച് സിപിഎം കൊച്ചി മെട്രോയ്ക്ക് എതിരാണ് എന്ന പ്രചരണം നടന്നപ്പോൾ ആ പ്രചാരണത്തിനെതിരെ സിപിഎം മുഖപത്രമായ ദേശാഭിമാനി കൊടുത്ത വാർത്തയും ഞങ്ങൾക്ക് കിട്ടി.

“കേരളത്തിന്റെ സ്വപ്ന പദ്ധതി കൊച്ചി മെട്രോയ്ക്ക് സിപിഐ എം എതിരായിരുന്നുവെന്ന വ്യാജ പ്രചരണവുമായി സംഘപരിവാര്‍. സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ് കൊച്ചി മെട്രോയില്‍ മുഖ്യമന്ത്രിയോടൊപ്പം യാത്ര ചെയ്യുന്ന ചിത്രവും, 2014 മെയ് 6ാം തീയതി മെട്രോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ സിപിഐ എം നടത്തിയ കെഎംആര്‍എല്‍ ഓഫീസ് മാര്‍ച്ചിന്റെ ചിത്രവും ഉള്‍പെടുത്തിയാണ് വ്യാജപ്രചാരണം നടക്കുന്നത്. സംഘി ഗ്രൂപ്പുകളിലും, ഫേസ്ബുക്കിലും ചിത്രം പ്രചരിപ്പിക്കുന്നുണ്ട്.
ഇത്തരം ചിത്രം ഉപയോഗിച്ച് നുണപ്രചാരവേല നടത്തുന്നവരെ തിരിച്ചറിയാന്‍ ഓര്‍മ്മകളുള്ളവര്‍ക്ക് കഴിയുമെന്നും, വ്യാജമാരെ തിരിച്ചറിയാണമെന്നും സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് പറഞ്ഞു,” എന്ന് ദേശാഭിമാനി വാർത്ത പറയുന്നു. ഇപ്പോൾ വ്യവസ്യ മന്ത്രിയായ രാജീവ് ഈ സമരം നടക്കുമ്പോൾ സിപിഎം ജില്ല സെക്രട്ടറിയായിരുന്നു.
വായിക്കാം:ഇന്തോനേഷ്യയിൽ പാലം തകരുന്ന ദൃശ്യം അസമിലെ വെള്ളപ്പൊക്കത്തിൽ നിന്നുള്ളത് എന്ന പേരിൽ പ്രചരിക്കുന്നു
Conclusion
ഈ ചിത്രം കൊച്ചി മെട്രോക്കെതിരെ സിപിഎം നടത്തിയ സമരത്തിന്റേതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പദ്ധതിയുടെ നിർമ്മാണഘട്ടത്തിൽ പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതിനെതിരെ സ പിഎം 2014ൽ നടത്തിയ കെഎംആർഎൽ ഓഫീസ് മാർച്ചിന്റെ പടമാണിത്.
Result: Misleading/Partly False
Sources
News report in Deccan Chronicle dated May 7, 2014
News report in Madhyamam dated May 6, 2014
News report in Deshabhimani dated June 4, 2017
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ [email protected] ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.