Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
Claim
ആർഎസ്എസ് നടത്തിയ ഗണേശോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തി വിഡി സതീശൻ.
Fact
ആ പരിപാടി ആർഎസ്എസ് സംഘടിപ്പിച്ചതല്ല.
ആർഎസ്എസ് നടത്തിയ ഗണേശോത്സവത്തിൽ മുഖ്യ പ്രഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്ന അവകാശവാദത്തോടെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
“ഇന്നലെ എറണാകുളത്ത് ആർഎസ്എസ് നടത്തിയ ഗണേശോത്സവം 2024. മുഖ്യ പ്രഭാഷണം: പൂജനിയ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ജി,” എന്നാണ് പോസ്റ്റിലെ വിവരണം.
ഈ പോസ്റ്റ് പരിശോധിയ്ക്കാൻ ആവശ്യപ്പെട്ട് ഒന്നിലധികം പേർ ഞങ്ങളുടെ വാട്ട്സ്ആപ്പ് ടിപ്‌ലൈനിൽ (+91 9999499044) മെസ്സേജ് ചെയ്തിരുന്നു.
“തൃശൂർ പൂരം കലക്കി ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്ക് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ജയിക്കാൻ എഡിജിപി അജിത്ത് കുമാർ വഴിവെട്ടി,” എന്ന് സിപിഎം പിന്തുണയോടെ ജയിച്ച സ്വന്തന്ത്ര സ്ഥാനാർത്ഥി പിവി അൻവർ ആരോപണം ഉന്നയിച്ചിരുന്നു.
അതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അറിവോടെ ബിജെപിയെ സഹായിക്കാനുള്ള ഗൂഢാലോചനയാണ് പൂരം കലക്കലിന് പിന്നിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവകാശപ്പെട്ടു. തുടർന്ന്, എഡിജിപി എംആർ അജിത്ത് കുമാറിന് പിന്നിൽ വിഡി സതീശനാണെന്ന് അൻവർ തിരിച്ചടിച്ചു. ഈ ഒരു പശ്ചാത്തലത്തിലാണ് വിഡി സതീശൻ സംഘപരിവാർ അനുകൂലിയാണെന്ന് തോന്നിക്കുന്ന തരത്തിൽ ഈ ഫോട്ടോ ഷെയർ ചെയ്യുന്നത്.
ഇവിടെ വായിക്കുക: Fact Check: ജെസിബി ഡ്രൈവര്‍ ആളുകളെ രക്ഷിക്കുന്ന വീഡിയോ തെലുങ്കാനയിൽ നിന്നല്ല
“ഗണേശോത്സവം 2024 സെപ്റ്റംബർ 6, 7, 8 ഡർബാർഹാൾ ഗ്രൗണ്ട്, എറണാകുളം,” എന്നിങ്ങനെ പോസ്റ്റിൽ കാണുന്ന ബാനറിൽ എഴുതിയിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.
അത് ഒരു സൂചനയായി എടുത്ത് സേർച്ച് ചെയ്തപ്പോൾ, 2024 സെപ്റ്റംബർ 8 ന് കേരളം കൗമുദി കൊടുത്ത ഒരു റിപ്പോർട്ട് കിട്ടി. “ഗണേശോത്സവത്തിന് തുടക്കമായി,” എന്ന തലക്കെട്ടിലാണ് റിപ്പോർട്ട്.
“എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സ്ഥാപിച്ച ഗണേശ വിഗ്രഹത്തിന്റെ മിഴി തുറക്കൽ ചടങ്ങ് പ്രശസ്ത തിരക്കഥാകൃത്ത് എസ്എൻ സ്വാമി നിർവ്വഹിച്ചു. ടിജെ വിനോദ് ഭദ്രദീപം തെളിച്ച് ജില്ലാ ഗണേശോത്സവം ഉദ്ഘാടനം ചെയ്തു,” എന്നാണ് റിപ്പോർട്ട്. “എറണാകുളം ഗണേശോത്സവ ട്രസ്റ്റിന്റെയും എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ നടത്തുന്ന ജില്ലാ ഗണേശോത്സവത്തിന് തുടക്കമായി,” എന്നാണ് റിപ്പോർട്ട് പറയുന്നത്.
എറണാകുളം ഗണേശോത്സവ ട്രസ്റ്റ് പ്രസിഡൻ്റ് സജി തുരുത്തിക്കുന്നേലുമായി ഞങ്ങൾ സംസാരിച്ചു. “ഗണേശോത്സവ ട്രസ്റ്റും എറണാകുളം ശിവക്ഷേത്ര സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. സംഘ പരിവാർ നേതാക്കളോ ബിജെപി നേതാക്കളോ ട്രസ്റ്റിൻ്റെ ഭാഗമായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ പതിനാറ് വർഷമായി ട്രസ്റ്റ് ഈ പരിപാടി സംഘടിപ്പിക്കുന്നു. സിപിഎമ്മിന്റെയും ബിജെപിയുടെയും കോൺഗ്രസ്സിന്റെയും വിവിധ നേതാക്കൾ മുൻപ് ഗണേശോത്സവ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
“ഗണേശോത്സവത്തോട് അനുബന്ധിച്ചു നടത്തിയ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം നിർവഹിക്കാനാണ് ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് പ്രതിപക്ഷ നേതാവ് വ.ഡി സതീശൻ വന്നത്,” അദ്ദേഹം പറഞ്ഞു.
തുടർന്ന്, കൂടുതൽ വിവരങ്ങൾക്ക്, ഞങ്ങൾ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്സ് സെക്രട്ടറി സിജി ജിഎസിനെ വിളിച്ചു. “ഹൈന്ദവ ദേവന്മാരും ഹിന്ദുവിന്റെ വിശ്വാസ പ്രമാണങ്ങളും ആർഎസ്എസ്കാരന്റെ മാത്രം കുത്തകയാണന്ന് രാഷ്ടീയ ലാഭത്തിന് വേണ്ടി പ്രചരിപ്പിക്കുന്നത് ശരിയല്ല,” സിജി പറഞ്ഞു.
“എറണാകുളത്തപ്പൻ അമ്പലത്തിന്റെ മേൽനോട്ട സമിതിയായ എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയുടെ കൂടി സഹകരണത്തോടെ നടത്തിയ പരിപാടിയാണ്. അതിൽ സാധാരണ ജനപ്രതിനിധികൾ പങ്കെടുക്കാറുണ്ട്. സ്ഥലം എംഎൽഎ ടിജെ വിനോദ്, ഹൈബി ഈഡൻ എംപി എന്നിവരും ഗണേശോത്സവത്തോട് അനുബന്ധിച്ചു നടത്തിയ വിവിധ പരിപാടികളിൽ സന്നിഹിതരായിരുന്നു,” സിജി കൂട്ടിച്ചേർത്തു.
ഇവിടെ വായിക്കുക: Fact Check: കാവി വേഷത്തിലുള്ള വിഡി സതീശന്റെ ഫോട്ടോ എഡിറ്റഡാണ്
വിഡി സതീശൻ പങ്കെടുത്ത എറണാകുളത്തെ ഗണേശോത്സവ പരിപാടി ആർഎസ്എസ് സംഘടിപ്പിച്ചതല്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ ബോധ്യമായി.
Sources
News report by Keral Kaumudi on September 8,2024
Telephone Conversation with Seeji G S, Press Secretary, Opposition Leader Kerala
Telephone Conversation with Ernakulam Ganesholsava Trust President Saji Thuruthikkunnel
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.