Fact Check
ജെയ്ക് സി തോമസിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രമാണോ?
Claim
ജെയ്ക് സി തോമസിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ഒരു വോട്ട് മാത്രം.
Fact
ജെയ്ക് സി തോമസിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 253 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ, സിപിഎം നേതാവ് ജെയ്ക് സി തോമസിന്റെ സ്വന്തം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചത് എന്ന രീതിയിൽ പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Claim Post – Facebook Reel

ഇവിടെ വായിക്കുക:നവ്യ ഹരിദാസ് മുഖ്യമന്ത്രി പിണറായി വിജയന്റെ ബന്ധുവിനെ തോൽപ്പിച്ചുവെന്ന അവകാശവാദം തെറ്റാണ്
Evidence
വാർത്തയായി മാറേണ്ടിയിരുന്ന ഒരു സംഭവം
വൈറൽ പോസ്റ്റിൽ ആരോപിക്കുന്നതുപോലെ ജെയ്ക് സി തോമസിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ചിരുന്നുവെങ്കിൽ, അത് സംസ്ഥാനതലത്തിൽ തന്നെ വലിയ വാർത്തയായേനെ. എന്നാൽ ഇത്തരം ഒരു റിപ്പോർട്ടും മുഖ്യധാരാ മാധ്യമങ്ങളിൽ കണ്ടെത്താനായില്ല.
ന്യൂസ് ഫസ്റ്റ് വീഡിയോയുടെ ഉറവിടം
റിവേഴ്സ് ഇമേജ് സെർച്ചിൽ, വൈറലായ വീഡിയോ 2025 ഡിസംബർ 15-ന് ന്യൂസ് ഫസ്റ്റ് എന്ന യൂട്യൂബ് പേജിൽ പങ്കുവച്ചതാണെന്ന് കണ്ടെത്തി.
വീഡിയോയിൽ ജെയ്കിന്റെ വാർഡായ കൂരോപ്പടയിൽ മത്സരിച്ച ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മാത്രമാണ് ലഭിച്ചതെന്ന് പറയുന്നുണ്ട്.
Source – News First YouTube Video

ജെയ്ക് സി തോമസിന്റെ പ്രതികരണം
തുടർന്ന് ഞങ്ങൾ ജെയ്ക് സി തോമസുമായി നേരിട്ട് ഫോണിൽ ബന്ധപ്പെട്ടു.
വൈറൽ പ്രചാരണം വ്യാജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം:
- തന്റെ വാർഡ് കൂരോപ്പടയല്ല.
- മണർകാട് പഞ്ചായത്തിലെ 17-ാം വാർഡായ നിരമറ്റം ആണ്.
- ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 253 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
- മുൻപ് താൻ 16-ാം വാർഡിലായിരുന്നു; അവിടെ ഇത്തവണ എൽഡിഎഫ് വിജയിച്ചു.
- വാർഡ് വിഭജനത്തിൽ ഈ വാർഡ് രണ്ടായി.
- അപ്പോൾ പുതിയ വാർഡായ നിരമറ്റത്തെ വോട്ടറായി മാറി.
- 17-ാം വാർഡിലും എൽഡിഎഫ് മികച്ച പ്രകടനം കാഴ്ചവെച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക ഫലങ്ങൾ
തുടർന്ന് ഞങ്ങൾ കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിച്ചു.
മണർകാട് പഞ്ചായത്തിലെ നിരമറ്റം വാർഡിലെ ഫലങ്ങൾ പ്രകാരം:
- ജയിച്ചത്: കോൺഗ്രസ് സ്ഥാനാർത്ഥി ലൈലാമ്മ തോമസ് – 325 വോട്ടുകൾ.
- രണ്ടാം സ്ഥാനം: സിപിഎം സ്ഥാനാർത്ഥി രജിത അനീഷ് – 253 വോട്ടുകൾ.
- മൂന്നാം സ്ഥാനം: ബിജെപി സ്ഥാനാർത്ഥി ഷൈലജ ബിനു – 69 വോട്ടുകൾ.
Source – Kerala State Election Commission

മറ്റ് വാർഡുകളിലെ വോട്ട് നില
കൂരോപ്പട, മണർകാട് പഞ്ചായത്തുകളിലെ മറ്റ് വാർഡുകളിലും ലഭ്യമായ ഔദ്യോഗിക ഫലങ്ങൾ പരിശോധിച്ചപ്പോൾ,
എൽഡിഎഫിന് ഒരു വോട്ട് മാത്രം ലഭിച്ച ഒരു വാർഡും ഇല്ലെന്ന് സ്ഥിരീകരിച്ചു.
Source – Kerala State Election Commission
ഇവിടെ വായിക്കുക:ശബരിമല സ്വർണക്കളവ് കേസ്: അറസ്റ്റിലായ ശ്രീകുമാർ വി എസ് ശിവകുമാറിന്റെ സഹോദരനാണോ?
Verdict
സിപിഎം നേതാവ് ജെയ്ക് സി തോമസിന്റെ വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ട് മാത്രം ലഭിച്ചു എന്ന പ്രചാരണം വ്യാജമാണ്.
ജെയ്ക് സി തോമസിന്റെ നേരിട്ടുള്ള പ്രതികരണവും, തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റയും പ്രകാരം,
നിരമറ്റം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 253 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.
FAQ
Q1. ജെയ്ക് സി തോമസിന്റെ വാർഡ് ഏതാണ്?
ജെയ്ക് സി തോമസിന്റെ നിലവിലെ വാർഡ് കോട്ടയം ജില്ലയിലെ മണർകാട് പഞ്ചായത്തിലെ 17-ാം വാർഡായ നിരമറ്റം ആണ്.
Q2. എൽഡിഎഫ് സ്ഥാനാർത്ഥിക്ക് എത്ര വോട്ടുകൾ ലഭിച്ചു?
നിരമറ്റം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് 253 വോട്ടുകൾ ലഭിച്ചു.
Q3. ഒരു വോട്ട് മാത്രം ലഭിച്ചെന്ന പ്രചാരണം എവിടെ നിന്നാണ് വന്നത്?
ന്യൂസ് ഫസ്റ്റ് യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ കൊടുത്ത തെറ്റായ വിവരണത്തെ തുടർന്നാണ് ഈ പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ വ്യാപിച്ചത്.
Q4. ഔദ്യോഗിക ഫലങ്ങൾ എവിടെ പരിശോധിക്കാം?
കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ trend.sec.kerala.gov.in ൽ ഫലങ്ങൾ ലഭ്യമാണ്.
Sources
Kerala State Election Commission Official Results
Telephone conversation with Jaick C Thomas