Fact Check
Fact Check: വി ഡി സതീശൻ കേരള നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചോ?
Claim
പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിക്കുന്നു.
Fact
ഈ അവകാശവാദം തെറ്റാണ്. വീഡിയോ ക്ലിപ്പുചെയ്ത് തെറ്റായി ചിത്രീകരിച്ചതാണ്. രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിക്കുകയല്ല സതീശൻ ചെയ്തത്. പകരം, കുന്നംകുളത്ത് പോലീസ് കസ്റ്റഡി പീഡനത്തെക്കുറിച്ചുള്ള ഒരു ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കേരള നിയമസഭയിൽ സംസാരിക്കുന്നതിനിടെ ലൈംഗിക പീഡന ആരോപണം നേരിടുന്ന,കോൺഗ്രസ്സ് പാർട്ടിയിലെ തന്റെ സഹപ്രവർത്തകനായിരുന്ന, ഇപ്പോൾ സസ്പെന്റ് ചെയ്യപ്പെട്ട, എംഎൽഎയായ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു വീഡിയോ ഫേസ്ബുക്കിൽ പ്രചരിക്കുന്നു. 0.17 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്.
“ഇപ്പോൾ പുറത്തു വന്ന കേസുകളിൽ ഉത്തരവാദിയായ ആളുകളെ. ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരമായി ചെയ്ത. കേരളം അതി ശക്തമായി പ്രതിഷേധിക്കുകയാണ് എത്ര പേരാണ് സാർ സങ്കടപ്പെടുന്നത്. ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് സസ്പെൻഡ് ചെയ്തത്?,”എന്നാണ് വീഡിയോയിലെ ഓഡിയോയിൽ സതീശൻ പറയുന്നതായി കേൾക്കുന്നത്.

ഇവിടെ വായിക്കുക: Fact Check:ചിത്രത്തിലുള്ളത് സുരേഷ് ഗോപി അപേക്ഷ നിരസിച്ച തൃശൂരിലെ കൊച്ചുവേലായുധന്റെ വീടല്ല
Evidence
സ്വയം വിശകലനം
രാഹുൽ മാങ്കൂട്ടത്തിൽ എന്ന പേരോ മറ്റാരുടെയെങ്കിലും പേരോ പ്രചരിക്കുന്ന ക്ലിപ്പിലില്ല എന്ന് ഞങ്ങൾ ശ്രദ്ധിച്ചു. വീഡിയോ വിശകലനം ചെയ്തപ്പോൾ ചില വാക്യങ്ങൾ പൂർണ്ണമല്ലെന്ന് ഞങ്ങൾ കണ്ടെത്തി. കൂടാതെ ചില ഭാഗങ്ങളിൽ വാക്യങ്ങൾ തുടർച്ചയില്ലാത്തത് മൂലം ആശയവിനിമയം തടസ്സപ്പെടുന്നതായും ഞങ്ങൾ കണ്ടെത്തി.
അസംബ്ലിയുടെ ഔദ്യോഗിക അസംബ്ലി ഫൂട്ടേജ്
ഞങ്ങൾ ഒരു കീവേഡ് സേർച്ച് ചെയ്തു. അപ്പോൾ,സെപ്റ്റംബർ 16, 2025ലെ കേരള നിയമസഭയുടെ ഔദ്യോഗിക ചാനലായ സഭ ടിവിയുടെ ഫൂട്ടേജ് കിട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ച് അതിൽ സതീശൻ അഭിപ്രായം ഒന്നും പറയുന്നില്ല. മറിച്ച്, സതീശൻ പോലീസ് കസ്റ്റഡി മർദ്ദന കേസുകളെ കുറിച്ചാണ് സംസാരിക്കുന്നത്. കുന്നംകുളം കസ്റ്റഡി പീഡന കേസിനെ കുറിച്ചുള്ള ചർച്ചയാണ് സന്ദർഭം. കുന്നംകുളം ലോക്കപ്പ് മർദ്ദനം: കുറ്റക്കാർക്കെതിരെ നടപടി എന്ന തലക്കെട്ടിലാണ് വീഡിയോ.
16.44-മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 14.22 മുതൽ ഈ ഭാഗം കേൾക്കാം. സംസാര ഭാഷയിലുള്ള സതീശന്റെപ്രസംഗം ഇങ്ങനെയാണ്: “നിങ്ങളീ പോലീസിൽ രാഷ്ട്രീയം കുത്തിക്കയറ്റി. പഴയകാലത്തെ സെൽ ഭരണം ഉണ്ടായതിന്റെ ഓർമകളിലേക്ക് നിങ്ങൾ കേരളത്തെ കൊണ്ട് പോവുകയാ. “
“ഞങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുന്നു. ഇപ്പോൾ പുറത്തു വന്ന കേസുകളിൽ ഉത്തരവാദിയായ ആളുകളെ, കുന്നംകുളം കേസിൽ ഉത്തരവാദിയായ ഉദ്യോഗസ്ഥരെ.സർവീസിൽ വെച്ച് കൊണ്ടിരിക്കരുത്. ഒരു കുഞ്ഞിനോട് ഇത്രയും ക്രൂരമായി ചെയ്ത, അവരെ സർവീസിൽ വെച്ച് കൊണ്ടിരിക്കരുത്,”സതീശൻ തുടർന്ന് പറഞ്ഞു.
“അവരെ സർവീസിൽ നിന്നും പുറത്താക്കുന്നത് വരെ. സാർ ഞങ്ങളീ സമരം തുടരും .ഞങ്ങളീ സമരം തുടരും.ഞാൻ അവസാനിപ്പിക്കയാണ്. ഞങ്ങളീ സമരം തുടരും,ഞങ്ങൾക്ക് മുഖ്യമന്ത്രിയോട് ചോദിക്കാനുള്ളത്. അവരെ സർവീസിൽ നിന്നും പുറത്താക്കുമോ ഇല്ലയോ എന്നാണ്. അവരെ സംരക്ഷിക്കാനാണ് നിങ്ങളുടെ ഭാവമെങ്കിൽ.അത് കൊണ്ടാണ് നിങ്ങൾ ഇത്രയും കാലം മൗനം പാലിച്ചത്.അവരെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് നിങ്ങൾ. ഒരു കുറ്റവും ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് സസ്പെൻഡ് ചെയ്തത്?,”സതീശൻ ചോദിക്കുന്നു.
“ ഈ വിഷ്വൽ പുറത്ത് വന്നപ്പോൾ കേരളം അതി ശക്തമായി പ്രതിഷേധിക്കുകയാണ്. എത്ര പേരാണ് സാർ സങ്കടപ്പെടുന്നത്? പോലീസ് എന്ന് പറയുന്നത് ജനങ്ങളുടെ സഹായിയായി അവരുടെ കൂടെ നിൽക്കേണ്ടവരല്ലേ?സ്ത്രീകൾ ഉൾപ്പെടെയുള്ള ആളുകൾ പോലീസ് സ്റ്റേഷനിൽ പോവണ്ടേ?ആവശ്യത്തിന് പരാതിയുമായി. പേടിയാവില്ലേ? ഭയമാവില്ലേ?,”സതീശൻ കൂട്ടിച്ചേർത്തു.
“പരാതിക്കാരന്റെ കൈവിരൽ ഒടിച്ച സ്ഥലമുണ്ട്. പരാതിയുമായി ചെന്നതിന് പരാതി കൊടുത്തവന്റെ കൈവിരൽ ഒടിച്ച സ്ഥലമുണ്ട്. പരാതിയുമായി ചെന്നതിന് പരാതിക്കാരന്റെ കൈവിരൽ അടിച്ചോടിച്ചു. ഇതെല്ലാം ചെയ്യുന്നത് പൊലീസാണ്. അത് കൊണ്ട് അങ്ങ് പറഞ്ഞേ മതിയാവൂ ഇവരെ സർവീസിൽ നിന്നും പുറത്താക്കുമോ ഇല്ലയോ?അതുവരെ നിയമസഭയുടെ കവാടത്തിന് മുന്നിൽ ഞങ്ങളുടെ രണ്ടു എംഎൽഎമാർ ശ്രീ സനീഷ്കുമാറും ശ്രീ അഷ്റഫും അനിശ്ചിതകാല സത്യാഗ്രഹം ഇന്ന് മുതൽ ആരംഭിക്കുകയാണ്,” സതീശൻ പറയുന്നു.“ഇതിനു ഒരു നടപടി എടുക്കുന്നത് വരെ ഞങ്ങളീ സമരവുമായി ഞങ്ങൾ മുന്നോട്ട് പോവും. അങ്ങ് പറയണം നടപടി എടുക്കുമോ? ഞങ്ങൾക്ക് അറിയണം അങ്ങയുടെ നീണ്ടു നിൽക്കുന്ന പ്രഭാഷണതിനല്ല ഞങ്ങൾ കാത്ത് നിൽക്കുന്നത്. ഞങ്ങൾക്ക് ആക്ഷൻ വേണം.നടപടി വേണം. പത്ത് പന്ത്രണ്ട് ദിവസമായി മിണ്ടാതിരിക്കുന്ന അങ്ങയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടാവണം.നടപടിയ്ക്ക് അങ്ങ് തയ്യാറുണ്ടോ എന്നാണ് അറിയേണ്ടത്. അങ്ങ് മറുപടി പറയണം,”സതീശൻ വ്യക്തമാക്കി.

മാധ്യമ റിപ്പോർട്ട്
2025 സെപ്റ്റംബർ 16-ലെ നിയമസഭാ നടപടികളെക്കുറിച്ചും ന്യൂസ് 18 കേരളത്തിന്റെ ഒരു യൂട്യൂബ് വീഡിയോയിലും ഈ ദൃശ്യങ്ങൾ കണ്ടു. 7.19 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയുടെ 5.15 മിനിറ്റ് മുതലാണ് ഈ ഭാഗം വരുന്നത്. പൊലീസുകാരെ പുറത്താക്കുന്നത് വരെ അനിശ്ചിതകാല സത്യാഗ്രഹം എന്നാണ് യൂട്യൂബ് വീഡിയോയുടെ തലക്കെട്ട്.

എന്താണ് കുന്നംകുളം ലോക്കപ്പ് മർദ്ദന കേസ്?
യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിനെ കുന്നംകുളം പൊലീസ് സ്റ്റേഷനിലിട്ട് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കുന്നംകുളം സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ നുഹ്മാൻ, സി.പി. ഒ മാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർ ചേർന്നായിരുന്നു സുജിത്തിനെ മർദ്ദിച്ചത്. 2023 ഏപ്രിലിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ അടുത്തിടെയാണ് പൊതുസമൂഹത്തിന് മുന്നിലെത്തിയത്.
ചൊവ്വല്ലൂരില്‍ വഴിയരികില്‍ നിന്നിരുന്ന സുഹൃത്തുക്കളെ ആ വഴി വന്ന പൊലീസ് സംഘം മർദിക്കുന്നത് സുജിത്ത് ചോദ്യം ചെയ്തതോടെ സുജിത്തിനെ സ്റ്റേഷനിലെത്തിച്ചു മര്‍ദിച്ചു. മദ്യപിച്ചു പ്രശ്നമുണ്ടാക്കി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നീ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാല്‍ വൈദ്യ പരിശോധനയില്‍ സുജിത്ത് മദ്യപിച്ചിട്ടില്ല എന്ന് കണ്ടെത്തിയതോടെ കോടതി ജാമ്യം അനുവദിച്ചു. പിന്നീട് നടത്തിയ വിശദപരിശോധനയില്‍ പൊലീസ് ആക്രമണത്തില്‍ സുജിത്തിന് കേള്‍വിക്ക് തകരാറുണ്ടെന്ന് കണ്ടെത്തി.
മര്‍ദ്ദനത്തില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. സിസിടിവി ദൃശ്യം ആവശ്യപ്പെട്ട് നല്കിയ വിവരാവകാശ അപേക്ഷ സ്റ്റേഷനും കുന്നംകുളം എസിപിയും നിരസിച്ചു. ആ സമയം സ്റ്റേഷനില്‍ പോക്സോ പ്രതി ഉണ്ടെന്ന ന്യായം പറഞ്ഞായിരുന്നു അത്. ദൃശ്യം നശിപ്പിക്കപ്പെടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുജിത്ത് കമ്മീഷണര്‍ക്ക് പരാതി നല്കി. മനുഷ്യാവകാശ കമ്മീഷന് നല്കിയ അപ്പീലില്‍ സുജിത്തിന് അനുകൂല ഉത്തരവുണ്ടായി
Verdict
കേരള നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വി ഡി സതീശൻ വിമർശിച്ചു എന്ന വാദം തെറ്റാണ്. വീഡിയോ ക്ലിപ്പുചെയ്ത് സന്ദർഭത്തിൽ നിന്ന് അടർത്തിമാറ്റി പ്രചരിപ്പിക്കുകയാണെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. കുന്നംകുളത്തെ കസ്റ്റഡി പീഡന കേസുകളെക്കുറിച്ചാണ് സതീശൻ സംസാരിച്ചത്, രാഹുൽ മാങ്കൂട്ടത്തെ കുറിച്ചല്ല.
ഇവിടെ വായിക്കുക:Fact Check: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളിൽ മുസ്ലിം അമ്മയും മകളും — എഐ സൃഷ്ടിയാണ്
FAQs
Q1.വി ഡി സതീശൻ നിയമസഭയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചോ?
ഇല്ല. അദ്ദേഹം രാഹുൽ മാങ്കൂട്ടത്തിലിനെക്കുറിച്ചല്ല, പോലീസ് കസ്റ്റഡിയിലെ പീഡനത്തെക്കുറിച്ചാണ് സംസാരിച്ചത്.
Q2.വൈറൽ അവകാശവാദം എവിടെ നിന്നാണ് ഉത്ഭവിച്ചത്?
സതീശന്റെ നിയമസഭാ പ്രസംഗത്തെ ക്ലിപ്പുചെയ്തു ചിത്രീകരിച്ച ഒരു ഫേസ്ബുക്ക് റീലാണ് വീഡിയോയുടെ ഉറവിടം.
Q3.സതീശന്റെ പ്രസംഗത്തിന്റെ യഥാർത്ഥ സന്ദർഭം എന്തായിരുന്നു?
കുന്നംകുളം കസ്റ്റഡി പീഡനത്തെ കുറിച്ചുള്ള ചർച്ചയിലാണ് അദ്ദേഹം സംസാരിച്ചത്.
Sources
Sabha TV (Kerala Assembly Official Channel) – 16 September 2025
News18 Kerala – 16 September 2025
Self Analysis