ബഹിരാകാശ ജീവിതം ഇസ്ലാമിലേക്ക് അടുപ്പിച്ചുവെന്ന് സുനിത വില്യംസ് പറഞ്ഞതായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഒമ്പത് മാസത്തിലധികം നീണ്ടുനിന്ന ബഹിരാകാശ ജീവിതത്തിന് ശേഷം, നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) ബഹിരാകാശയാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും ചൊവ്വാഴ്ച ഭൂമിയിലേക്ക് മടങ്ങി എത്തി. ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്.
നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വിൽമോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വിൽമോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്‍റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല.
ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്. നിലയത്തിലേക്കുള്ള ക്രൂ10 ദൗത്യസംഘവുമായി കഴിഞ്ഞദിവസം മറ്റൊരു പേടകം എത്തിയതോടെയാണ് ഇതിന് പരിഹാരമായത്. ക്രൂ9 ദൗത്യത്തിന്റെ ഭാഗമായി നിലവിൽ അവിടെയുണ്ടായിരുന്ന മറ്റൊരു പേടകമായ ഡ്രാഗൺ ഫ്രീഡത്തിലായിരുന്നു മടക്കം. ഇരുവരും ഭൂമിയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ നിരവധി പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.
ഭൂമിയിൽ തിരിച്ചെത്തിയ സുനിത വില്യംസ് ഇസ്ലാം മതത്തെ കുറിച്ച് വാചാലയായെന്ന് പറയുന്ന പോസ്റ്റുകളാണ് അതിൽ ചിലത്. തനിക്ക് അതിജീവിക്കാൻ കരുത്തായത് ഇസ്ലാം ജീവിതരീതികളാണെന്നും തുടർന്നുള്ള തന്റെ ഗവേഷണങ്ങൾ ഇസ്ലാമിലെ സത്യത്തെ കുറിച്ചായിരിക്കുമെന്നും പോസ്റ്റുകൾ പറയുന്നു. ബിബിസിയുടെ റിപ്പോർട്ട് എന്ന തരത്തിലാണ് ഈ പോസ്റ്റുകൾ പ്രചരിക്കുന്നത്.
“അൽഹംദുലില്ലാഹ് സുനിത വില്ലംസിന്റ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ഒരാഴ്ചത്തെ ദൗത്യവുമായി ബഹിരാകാശത്ത് പോയ സുനിത 9 മാസം അവിടെ തങ്ങി തിരിച്ചുവന്നപ്പോൾ പത്രക്കാരോട് പറഞ്ഞത് ലോകത്തു ഇപ്പോൾ ചർച്ചാവിഷയം ആയിരിക്കുകയാണ്,” എന്ന് പോസ്റ്റ് പറയുന്നു.
“ഞാൻ ബഹിർകാശത്ത് കുടുങ്ങിയത് ദൈവ നിശ്ചയപ്രകാരം ആണ് എന്നാണ് എനിക്ക് തോന്നുന്നത്. 20 ദിവസം കഴ്ഞ്ഞപ്പോൾത്തന്നെ ഞാൻ മരണം മുന്നിൽ കണ്ടത് പോലെ ആയിരുന്നു ജീവിച്ചത് . സ്റ്റോർ ചെയ്ത ഭക്ഷണവും വെള്ളവും തീരാനായി ഇനി എങ്ങിനെ മുന്നോട്ടു പോകും എന്ന് ചിന്തിച്ചപ്പോൾ ആണ് മുസ്ലിങ്ങളുടെ റംസാൻ നോമ്പിനെ കുറിച്ച ഓർമ്മ വന്നത്,” പോസ്റ്റിൽ തുടർന്ന് പറയുന്നു.
“അന്ന് മുതൽ ഞാൻ വൈകുന്നേരം കുറച്ച് ഭക്ഷണവും വെള്ളവും കുടിക്കും. പിന്നെ രാവിലെ കുറച്ച വെള്ളവും. ഒരു മാസം കഴിഞ്ഞപ്പോൾ എനിക്ക് നല്ല ആരോഗ്യവും ഉന്മേഷവും തോന്നി. എനിക്ക് കുറച്ച അധികം നാൾ പിടിച് നിൽക്കാൻ സാധിക്കും എന്ന് മനസ്സിലായി,” പോസ്റ്റ് തുടരുന്നു. പോസ്റ്റിൽ ബിബിസിയ്ക്ക് കടപ്പാട് വെച്ചിട്ടുണ്ട്.

ഇവിടെ വായിക്കുക:കർണാടക പോലീസ് ഉദ്യോഗസ്ഥൻ വണങ്ങുന്നത് ബിജെപി നേതാവിന്റെ കാലില്ല
Fact Check/Verification
വൈറൽ പോസ്റ്റുകളിൽ വിശദമാക്കുന്ന കാര്യങ്ങൾ ബന്ധപ്പെട്ട കീവേഡുകൾ ഉപയോഗിച്ച് സേർച്ച് നടത്തി. എന്നാൽ അത്തരം റിപ്പോർട്ടുകൾ ഒന്നുംകിട്ടിയില്ല. ബിബിസിയുടെ പേജും ഞങ്ങൾ പരിശോധിച്ചു. സുനിത വില്യംസ് ബഹിരാകാശത്ത് നിന്നും ഭൂമിയിലെത്തിയ കാര്യം വിശദമായി തന്നെ ബിബിസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അതിൽ ഒരിടത്തും ഇസ്ലാം മതവുമായി ബന്ധപ്പെട്ട പരമാർശമില്ല. സുനിത വില്യംസും ബുച്ച് വിൽമോറും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ലെന്നും അതിൽ നിന്നും മനസിലായി.
നാസ കൊമേഴ്ഷ്യൽ ക്രൂ പ്രോഗ്രാം മാനേജർ സ്റ്റീവ് സ്റ്റിച്ച്, നാസ സ്പേസ് ഓപ്പറേഷൻസ് മിഷൻ ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജോയൽ മൊണ്ടാൽബാനോ എന്നിവരാണ് സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും തിരിച്ചു വരവിനെ കുറിച്ച് മാധ്യങ്ങളോട് സംസാരിച്ചത്, എന്ന് ബിബിസിയുടെ മാർച്ച് 19,2025ലെ ഒരു റിപ്പോർട്ട് പറയുന്നു.
ഇരുവരും സുഖമായിരിക്കുന്നുവെങ്കിലും അവരെ വൈദ്യശാസ്ത്ര പരിശോധനകൾക്ക് വിധേയമാക്കുകാണെന്നും നാസ അധികൃതർ അറിയിച്ചെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിലേക്കാണ് സുനിത വില്യംസണിനെയും ബുച്ച് വിൽമോറിനെയും മാറ്റിയിരിക്കുന്നതെന്ന് ആ റിപ്പോർട്ടിൽ പറയുന്നു.
സുനിത വില്യംസ് ബഹിരാകാശത്ത് ഉണ്ടായിരുന്നപ്പോൾ നടത്തിയ പ്രസ്താവനയും റിപ്പോർട്ടിനൊപ്പം ഉണ്ട്. “എന്റെ കുടുംബത്തെയും നായ്ക്കളെയും കാണാനും കടലിൽ ചാടാനും ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഭൂമിയിലേക്ക് തിരിച്ചുവരുന്നത് തികച്ചും സന്തോഷകരമായിരിക്കും” എന്നാണ് സുനിത പറഞ്ഞത്.

മാർച്ച് 19,2025ലെ റിപ്പബ്ലിക് ടിവിയുടെ റിപ്പോർട്ടും ഇത് ശരിവെക്കുന്നു.

മാർച്ച് 19,2025ലെ സിഎൻബിസിടിവി18ൻറെ എക്സ് ഹാൻഡിലും സുനിത വില്യംസിന്റെ തിരിച്ചറിവ് സംബന്ധിച്ച റിപ്പോർട്ടിൽ നിന്നും അവർ പത്രപ്രവർത്തകരോട് സംസാരിച്ചിട്ടില്ലെന്നും അവരുടെ തിരിച്ചു വരവിനെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചത് നാസ അധികൃതരാണെന്നും വ്യക്തമാവുന്നു,

അതിൽ നിന്നും സുനിത പത്രപ്രവർത്തരോട് സംസാരിച്ചിട്ടില്ലെന്ന് മനസ്സിലായി. പോരെങ്കിൽ സുനിത നൽകിയ പ്രസ്താവനയിൽ ഇസ്ലാമിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും.
ഇവിടെ വായിക്കുക:കോഴിക്കോട് മുക്കത്ത് ഐസ് മഴ പെയ്യുന്നതല്ല വീഡിയോയിൽ
Conclusion
ബഹിരാകാശ ജീവിതം ഇസ്ലാമിലേക്ക് അടുപ്പിച്ചെന്ന് സുനിത വില്ല്യംസ് വെളിപ്പെടുത്തിയെന്ന ബിബിസി റിപ്പോർട്ട് എന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
Sources
X Post by CNBCTV18 on March 19,2025
News report by BBC News on March 19,2025
News report by Republic World on March 19,2025