Authors
Claim: ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്നും കണ്ടെടുത്ത കള്ള പണം.
Fact: കൊൽക്കത്തയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൻ്റെ വൈറൽ വീഡിയോ.
ബിജെപി നേതാവിന്റെ ഗോഡൗണിൽ നിന്ന് പിടിച്ചെടുത്ത കള്ള പണം എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ കൗണ്ടിംഗ് മെഷീൻ ഉപയോഗിച്ച് പണം എണ്ണുന്നത് കാണിക്കുന്നവെന്ന അവകാശവാദത്തോടെ ഒരു വീഡിയോ വാട്ട്സ്ആപ്പിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.
“ഗുജറാത്ത് ബിജെപി നേതാവിൻ്റെ ഉടമസ്ഥതയിലുള്ള സൂറത്തിലെ ഗോഡൗണിൽ നിന്ന് കോടാനുകോടി കള്ള പണം കണ്ടെടുത്തു. ഈ വീഡിയോ ലോക ജനത മുഴുവൻ കാണട്ടേ. ഇത് ഗത്യന്തരമില്ലാതെ ഒരു ഉദ്യോഗസ്ഥൻ്റെ മിടുക്ക് കൊണ്ട് കണ്ടെടുത്തതാണ്. ബിജെപി ഭരിക്കുന്ന കാലം ഇതൊന്നും പെട്ടെന്ന് പുറത്തു വരില്ല. മോദിയുടെ ഭരണ തുടർച്ച കൊണ്ട് പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുകയാണ്,” എന്നാണ് പോസ്റ്റിലെ വിവരണം.
“ഒപ്പം അദാനി, അംബാനിയെ പോലുള്ളവർ ലോക കോടിശ്വരൻമാരായി വിലസുന്നു. ഇവരാണ് കോടികൾ കണക്കിൽ [കണക്കിൽ പെടാതെ ശതകോടികൾ] ബിജെപിക്ക് ഇലക്ടറൽ ഫണ്ട് ആയി നൽകുന്നത്. ഇനിയും തേർഡ് ടേം മോദി ഗവൺമെൻ്റ് വരണോ എന്ന് രാജ്യ സ്നേഹികൾ ചിന്തിക്കുക,” എന്നും പോസ്റ്റ് തുടരുന്നു.
ഇവിടെ വായിക്കുക: Fact Check:സുരേഷ് ഗോപിയെ കൊച്ചി മെട്രോ ബ്രാൻഡ് അംബാസിഡറായി നിയമിച്ചിട്ടില്ല
Fact Check/Verification
“ഗുജറാത്തിൽ ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള സൂറത്തിലെ ഗോഡൗണിൽ നിന്ന് കോടാനുകോടി കള്ളപ്പണം കണ്ടെടുത്തു” എന്ന കീവേഡുകൾ ഉപയോഗിച്ച് നടത്തിയാണ് ഞങ്ങൾ ഈ അവകാശവാദം ശരിയാണോ എന്ന പരിശോധന ആരംഭിച്ചത്. എന്നാൽ ഞങ്ങൾക്ക് അത്തരം വാർത്താ റിപ്പോർട്ടുകളൊന്നും കിട്ടിയില്ല.
വീഡിയോ സൂക്ഷ്മമായി വിശകലനം ചെയ്തപ്പോൾ, വൈറലായ വീഡിയോയിൽ കേൾക്കുന്ന ഭാഷ ബംഗാളിയാണെന്നും ഗുജറാത്തി അല്ലെന്നും ഞങ്ങൾക്ക് മനസ്സിലായി. തുടർന്ന് ഞങ്ങൾ വീഡിയോയുടെ കീഫ്രെയിമുകളുടെ ഒരു റിവേഴ്‌സ് ഇമേജ് സേർച്ച്ന ടത്തി. “മൊബൈൽ ഗെയിമിംഗ് ആപ്പ് സ്‌കാം: ഇ-നഗ്ഗറ്റ്‌സ് ആപ്പുമായി ബന്ധമുള്ള കൊൽക്കത്ത ബിസിനസുകാരനിൽ നിന്ന് ഇഡി വൻതോതിൽ പണം വീണ്ടെടുക്കുന്നു” എന്ന തലക്കെട്ടിൽ ഇന്ത്യാ ടുഡേ യുട്യൂബിൽ പ്രസിദ്ധീകരിച്ച വാർത്താ റിപ്പോർട്ട് ഞങ്ങൾക്ക് കിട്ടി.
2022 സെപ്റ്റംബർ 11-ന് അപ്‌ലോഡ് ചെയ്‌ത വീഡിയോയുടെ വിവരണം ഇങ്ങനെയായിരുന്നു, “മൊബൈൽ ഗെയിമിംഗ് ആപ്പ് വഴിയുള്ള തട്ടിപ്പ് കേസ് അന്വേഷിക്കുന്നതിനിടെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കൊൽക്കത്തയിലെ ആറ് സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുകയാണ്. കൊൽക്കത്തയിലെ ഗാർഡൻ റീച്ചിലെ വ്യവസായിയായ ആമിർ ഖാൻ്റെ സ്ഥാപനത്തിൽ ബാങ്ക് ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഇഡി ഉദ്യോഗസ്ഥരുടെ സംഘം ശനിയാഴ്ച നടത്തിയ റെയ്ഡിൽ ഏഴ് കോടി രൂപയും പണവും സ്വത്ത് രേഖകളും പിടിച്ചെടുത്തു. റെയ്ഡ് തുടരുകകയാണ്. കണ്ടെടുത്ത പണത്തിൻ്റെ കൃത്യമായ തുക കണ്ടെത്താൻ പണം എണ്ണുന്ന യന്ത്രങ്ങൾ കൊണ്ടുവന്നു.”
“ഇഡി റെയ്ഡ് ആമിർ ഖാൻ കൊൽക്കത്ത,” എന്ന കീവേഡുകളിൽ ഞങ്ങൾ വീണ്ടും ഒരു ഗൂഗിൾ സെർച്ച് നടത്തി. അപ്പോൾ HT, NDTV, The Print എന്നിവയുടേത് ഉൾപ്പെടെ ഒന്നിലധികം വാർത്താ റിപ്പോർട്ടുകൾ ഞങ്ങൾക്ക് ലഭിച്ചു. 2022 സെപ്തംബർ 11 ലെ എൻഡിടിവി റിപ്പോർട്ട് അനുസരിച്ച്, “കൊൽക്കത്തയിലെ ഒരു വ്യവസായിയുടെ വസ്തുവിൽ നിന്ന് 17 കോടിയിലധികം രൂപ ഇഡി കണ്ടെടുത്തു. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയ ഉൾപ്പെടെ ആറ് സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസി റെയ്ഡ് നടത്തി. കണ്ടെടുത്ത തുകയുടെ കണക്കെടുക്കാൻ ഇഡി ക്യാഷ് കൗണ്ടിംഗ് മെഷീനുകൾ കൊണ്ടുവന്നു. ഏജൻസിയുമായി സഹകരിക്കുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ പറയുന്ന ആമിർ ഖാൻ്റെ വസതിയുടെ പരിസരത്ത് ശനിയാഴ്ച രാവിലെയാണ് തിരച്ചിൽ ആരംഭിച്ചത്. ഞായറാഴ്ച രാവിലെ തിരച്ചിൽ അവസാനിച്ചു,” റിപ്പോർട്ടിൽ പറയുന്നു. വാർത്താ റിപ്പോർട്ടിൽ ഉപയോഗിച്ചിരിക്കുന്ന വീഡിയോയും ഇതേ വൈറൽ വീഡിയോയും ഒന്ന് തന്നെയാണ് എന്ന് ഞങ്ങൾക്ക് മനസ്സിലായി.
ഇവിടെ വായിക്കുക: Fact Check: ബംഗാളിലെ മുൻ സിപിഎം എംപിമാർ ബിജെപിയിൽ ചേരുന്ന ചിത്രങ്ങളല്ലിത്
ഈ അവകാശവാദം ആദ്യം ഫാക്ട് ചെക്ക് ചെയ്തത് ഞങ്ങളുടെ ഇംഗ്ലീഷ് ടീമാണ്. അത് ഇവിടെ വായിക്കാം.
Conclusion
കൊൽക്കത്തയിലെ വ്യവസായിയുടെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിൻ്റെ വൈറൽ വീഡിയോ “സൂറത്തിലെ ബിജെപി നേതാവിന്റെ ഗോഡൗണിൽ റെയ്ഡ് എന്ന തെറ്റായ അവകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുകയാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
Result: False
ഇവിടെ വായിക്കുക: Fact Check: പ്രചരണത്തിനിടയിൽ എംവി ജയരാജൻ മുസ്ലിം പള്ളിയില്‍ ഗുണ്ടായിസം കാട്ടിയോ?
Sources
India Today report, September 11, 2022
NDTV report, September 11, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.