Fact Check
Fact Check: കേരളത്തിലെ കുഴികൾ നിറഞ്ഞ റോഡിൻറെ ചിത്രമാണോ ഇത്?
Claim
കേരളത്തിലെ കുഴികൾ നിറഞ്ഞൊരു റോഡിൻറെ ചിത്രം.
Fact
മാതൃഭൂമി പ്രസിദ്ധീകരിച്ച പ്രതീകാത്മക ചിത്രം. ഇത് ബി എസ് പ്രദീപ് കുമാർ എന്ന കലാകാരൻ മാതൃഭൂമിയ്ക്ക് വേണ്ടി വരച്ച ഒരു ചിത്രമാണ്.
കേരളത്തിലെ കുഴികൾ നിറഞ്ഞൊരു റോഡിൻറെ ചിത്രം എന്ന പേരിൽ ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദു റബ്ബ് ഉൾപ്പെടെ ഉള്ളവർ ഫേസ്ബുക്കിൽ ഈ പരിഹാസ പോസ്റ്റ് പങ്കു വെച്ചിട്ടുണ്ട്. #കെകുഴി ഡാ, #കേരളം ഡാ എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് പോസ്റ്റ്.
“ന്യൂയോർക്കിൽ നിന്നും വന്ന ആളും, കുടുംബവും ഈ റോഡു കണ്ട് ഇപ്പോഴും നിന്ന നിൽപ്പാണത്രെ. കഴിഞ്ഞ തവണ തൃശൂരിലെ അമ്മയുടെ വീട്ടിൽ നിന്നും പാലക്കാട്ട് അമ്മയുടെ സഹോദരിയുടെ വീട്ടിലേക്ക് പോകും വഴി കേരളത്തിലെ റോഡ് കണ്ട് നമ്മുടെ കേരളം ആകെ മാറിപ്പോയല്ലോ എന്ന് അത്ഭുതപ്പെട്ട ആ പയ്യൻ ഈ റോഡിൻ്റെ പടമെടുത്ത് നാസക്കയച്ചു കൊടുത്തു. ഇപ്പോൾ നാസക്കും അത്ഭുതം,” എന്നാണ് പോസ്റ്റ് പറയുന്നത്.
“ചൊവ്വയിലും, ചന്ദ്രനിലുമൊക്കെ നാസ നടത്തിയ യാത്രകളുടെ ചിത്രങ്ങളുമായി ഈ ചിത്രങ്ങൾക്ക് അപാരസാമ്യം. അങ്ങനെ നാസയിലും ഈ ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണത്രെ. കൂടുതൽ ഗവേഷണത്തിനായി നാസയുടെ സംഘം ഉടൻ കേരളത്തിലേക്ക്,” എന്നും പോസ്റ്റ് തുടരുന്നു.

ഇവിടെ വായിക്കുക: Fact Check: അയോധ്യയിൽ റോഡ് തകർന്ന് കുഴിയിൽ വീഴുന്ന സ്ത്രീയാണോ വീഡിയോയിൽ?
Fact Check/Verification
ഞങ്ങൾ ഈ ചിത്രം റിവേഴ്‌സ് ഇമേജ് സേർച്ച് ചെയ്തു. അപ്പോൾ മാതൃഭൂമി വെബ്‌സെറ്റിൽ നിന്നും ഈ ചിത്രമുള്ള ലേഖനം കിട്ടി.”മാതൃഭൂമി പ്രസിദ്ധീകരിച്ച പ്രതീകാത്മക ചിത്രം ഉപയോഗിച്ച് വ്യാജ പ്രചാരണം,” എന്ന തലക്കെട്ടിൽ വൈറലായിരിക്കുന്ന ചിത്രത്തിനൊപ്പമുള്ള വിവരണം വ്യാജമാണെന്ന് വ്യക്തമാക്കി കൊണ്ട് മാതൃഭൂമി ഒരു ലേഖനം ജൂലൈ 9,2024ൽ അവരുടെ വെബ്‌സൈറ്റിൽ കൊടുത്തത്.
“ഇതൊരു യഥാർത്ഥചിത്രമേ അല്ല, മറിച്ച് 2022 ജൂൺ രണ്ടിന് മാതൃഭൂമി ഓൺലൈനിൽ പ്രസിദ്ധീകരിച്ച വാർത്തയ്ക്കൊപ്പം നൽകിയ പ്രതീകാത്മക ചിത്രമാണിത്,” എന്ന വിവരണത്തോടെയാണ് ലേഖനം.

തുടർന്നുള്ള തിരച്ചിലിൽ, 2022 ജൂൺ രണ്ടിന് മാതൃഭൂമി ഓൺലൈനിന്റെ ഇംഗ്ലീഷ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വാർത്തയും ഞങ്ങൾക്ക് കിട്ടി. പ്രതീകാത്മക ചിത്രം/ചിത്രീകരണം: ബി എസ് പ്രദീപ് കുമാർ എന്ന അടിക്കുറിപ്പ് വാർത്തയ്‌ക്കൊപ്പം കൊടുത്ത ഈ ചിത്രത്തിന് നൽകിയിട്ടുണ്ട്.
മഴക്കാലത്ത് റോഡുകളും പാലങ്ങളും പരിപാലിക്കുന്നതിനും റോഡുകൾ സംബന്ധിച്ച പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാനും പ്രത്യേക ദൗത്യസംഘം രൂപീകരിച്ചു എന്നാണ് വാർത്ത പറയുന്നത്.
ഇതിനായി കേരള പൊതുമരാമത്ത് വകുപ്പ് (പി.ഡബ്ല്യു.ഡി.) ജില്ലാതലത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്സും സംസ്ഥാനതല കൺട്രോൾ റൂമും ആരംഭിച്ചതായും വാർത്തയിൽ തുടർന്ന് പറയുന്നു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസായിരുന്നു ഇതിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത് എന്നും വാർത്തയിൽ ഉണ്ട്.

ഇവിടെ വായിക്കുക:Fact Check: പൊതിച്ചോറെന്ന പേരിൽ കടത്തിയ കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായോ?
Conclusion
കേരളത്തിലെ കുഴികൾ നിറഞ്ഞൊരു റോഡിൻറെ ചിത്രം എന്ന പേരിൽ പ്രചരിക്കുന്നത് മാതൃഭൂമി പ്രസിദ്ധീകരിച്ച പ്രതീകാത്മക ചിത്രമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇത് ബി എസ് പ്രദീപ് കുമാർ എന്ന കലാകാരൻ മാതൃഭൂമിയ്ക്ക് വേണ്ടി വരച്ച ഒരു ചിത്രമാണ് എന്നും ഞങ്ങൾക്ക് മനസ്സിലാക്കാനായി.
Result: False
ഇവിടെ വായിക്കുക: Fact Check: മുസ്ലിം ലീഗ് ഓഫീസ് ഉദ്ഘാടനത്തിന് പ്രവർത്തകർ പാകിസ്ഥാൻ ക്രിക്കറ്റ് ജേഴ്സിയണിഞ്ഞോ?
Sources
Report By Mathrubhumi, Dated July 9, 2024
Report By English Mathrubhumi, Dated June 2, 2022
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽകണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽകണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക. അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്. ന്യൂസ്‌ചെക്കറിന്റെ ചാനൽ ഇപ്പോൾ വാട്ട്‌സ്ആപ്പിൽ തത്സമയം ലഭ്യമാണ്.