ഉത്തര്‍പ്രദേശില്‍ (യുപി) നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് ഏഴുഘട്ടങ്ങളിലായി നടക്കുകയാണ്. ഫെബ്രുവരി 10ന് ആദ്യ ഘട്ടവും ഫെബ്രുവരി 14, 20, 23, 27 തിയതികളിൽ പിന്നിട്ടുള്ള നാലു ഘട്ടങ്ങളിലും ഉള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇന്ന് (മാര്‍ച്ച് 3) ആറാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുകയാണ്. മാർച്ച് 7 ന് അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കും.
ഈ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ പലപ്പോഴും യുപി കേരളത്തിൽ ചർച്ച വിഷയമായിട്ടുണ്ട്. അത്തരം ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഒരു പോളിംഗ് ബൂത്തിലെ കള്ളവോട്ട് ദൃശ്യങ്ങളുടെ വീഡിയോ ആണത്.
.”വോട്ട് ചെയ്യുന്ന പുതിയ രീതി നിലവിൽ വന്നു. എല്ലാവർക്കും എളുപ്പത്തിൽ വോട്ട് ചെയ്യാം. മിഷനിൽ വോട്ട് അമർത്താൻ ബുദ്ധിമുട്ടേണ്ട സഹായത്തിന് ആളെ ലഭിക്കും. യു.പിയിൽ ആണ് പുതിയ മോഡൽ പരീക്ഷണം ആരംഭിച്ചത്,” എന്നാണ് വീഡിയോയുടെ കൂടെയുള്ള കുറിപ്പ് പറയുന്നത്.
ഞങ്ങൾ നോക്കുമ്പോൾ I Am Congress എന്ന ഐഡിയിൽ നിന്നും 255 ഷെയറുകൾ ഉണ്ടായിരുന്നു.

Rahman Fazal Hassan എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ കണ്ടപ്പോൾ 48 ഷെയറുകൾ ഉണ്ടായിരുന്നു.

Monaff Khan എന്ന ഐഡി ചുവപ്പ് എന്ന ഗ്രൂപ്പിലിട്ട പോസ്റ്റിന് 11 ഷെയറുകൾ ഉണ്ടായിരുന്നതായി ഞങ്ങളുടെ പരിശോധനയിൽ കണ്ടു.

Factcheck/ Verification
വീഡിയോയെ കുറിച്ചുള്ള യാഥാർഥ്യമറിയാൻ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ ഞങ്ങൾ അതിനെ കുറച്ച് കീ ഫ്രെയിമുകളാക്കി. ഒരു കീഫ്രെയിം ഉപയോഗിച്ച് ഗൂഗിളിൽ തിരഞ്ഞു. അപ്പോൾ ഫെബ്രുവരി 27ന് Khabor24x7 എന്ന ബംഗ്ല ചാനൽ നല്‍കിയ റിപ്പോർട്ട് കിട്ടി. അതിൽ ഈ വീഡിയോയിൽ കാണുന്ന ഒരു മനുഷ്യൻ വോട്ട് ചെയ്യുന്ന ദൃശ്യം വ്യക്തമായി കൊടുത്തിട്ടുണ്ട്.

ആ വാർത്ത ബംഗാളിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകളെ കുറിച്ചാണ്. വാർത്തയിൽ Agnimitra Paul എന്ന ആൾ ഫെബ്രുവരി 27ന് ഫേസ്ബുക്കിലിട്ട പോസ്റ്റ് ചേർത്തിട്ടുണ്ട്. ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിലെ ദൃശ്യങ്ങൾ തന്നെയാണ് ആ വീഡിയോയിലും ഉള്ളത്.
സൗത്ത് ഡംഡം മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് വാർഡ് 33ലെ ബൂത്ത് 108 എന്നാണ് ആ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്.
BJP4Bengal എന്ന ട്വീറ്റർ ഹാൻഡിൽ ഫെബ്രുവരി 27ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകർ കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണത്തിനൊപ്പം ഈ ഫോട്ടോ ചേർത്തിട്ടുണ്ട്.
News.banglabhumiയും ഈ വീഡിയോ വെച്ച് ഫെബ്രുവരി 27ന് ഒരു വാർത്ത ചെയ്തിട്ടുണ്ട് .സൗത്ത് ഡംഡം മുനിസിപ്പാലിറ്റിയിലെ വാർഡ് 33 ലെ 106-ാം നമ്പർ ബൂത്തിലെ കള്ള വോട്ട്. ലേക് വ്യൂ സ്കൂൾ ബൂത്തിൽ നടന്ന സംഭവം എന്നാണ് വാർത്ത പറയുന്നത്.

Tv9banglaയും സമാനമായ വിവരത്തോടെ ഈ വാർത്ത ഫെബ്രുവരി 27ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആ റിപ്പോർട്ടിൽ വോട്ടിംഗ് മെഷീന് സമീപം പ്രിസൈഡിംഗ് ഓഫീസര്‍ ഇരിക്കുന്നതായി കാണം. ഒപ്പം വോട്ടിംഗ് മെഷീന് സമീപം നീല ടീ ഷര്‍ട്ട് ധരിച്ച ഒരു യുവാവിനേയും കാണാം. അയാള്‍ ഒരു ബാഡ്ജ് ധരിച്ചിട്ടുണ്ട്. തുടർന്ന് മറ്റൊരാൾ വോട്ടിംഗ് മെഷീന് സമീപത്തെത്തുന്നുണ്ടെങ്കിലും അയാള്‍ക്ക് വേണ്ടി നീല ടീ ഷര്‍ട്ട് ധരിച്ച യുവാവാണ് ബട്ടണ്‍ അമര്‍ത്തുന്നത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. ബട്ടണ്‍ അമര്‍ത്തിയപ്പോഴുള്ള ബീപ് ശബ്ദം കേള്‍ക്കാനാവുന്നുണ്ട്. തുടർന്ന് രണ്ടു പേർ കൂടി വോട്ടു ചെയ്യാൻ വരുന്നെങ്കിലും അവർക്ക് വോട്ട് ചെയ്യാൻ പറ്റുന്നില്ല. കാരണം അവരെ നീല ടീ ഷര്‍ട്ട് ധരിച്ച യുവാവ് തടയുന്നു. ഈ സമയങ്ങളിലെല്ലാം പ്രിസൈഡിംഗ് ഓഫിസര്‍ അവിടെ തന്നെ ഉണ്ടെങ്കിലും ഒന്നിലും ഇടപെടുന്നില്ല.

Tv9banglaയുടെ വീഡിയോയിലും ഫേസ്ബുക്കിൽ വൈറലാവുന്ന വീഡിയോയിലും പ്രിസൈഡിംഗ് ഓഫിസറെയും നീല ടീ ഷര്‍ട്ട് ധരിച്ച ഒരു യുവാവിനേയും കാണുന്നുണ്ട്.


തൃണമൂൽ കോൺഗ്രസ്സ് ഫെബ്രുവരി 27ന് നടന്ന ബംഗാൾ മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ ആകെ ഉള്ള 108 മുൻസിപ്പാലിറ്റികളിൽ 102 സ്ഥലത്തും വിജയിച്ചുവെന്നാണ് മാധ്യമ റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
വായിക്കാം: മധ്യപ്രദേശിലെ രത്‌ലമിലെ 2 കൊല്ലം മുൻപുള്ള വീഡിയോ തെറ്റിദ്ധാരണാജനകമായ അവകാശവാദവുമായി പങ്കിട്ടുന്നു
Conclusion
കള്ളവോട്ടിന്റെ ഈ ദൃശ്യങ്ങൾ ബംഗാളില്‍ അടുത്തിടെ നടന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ നിന്നുള്ളതാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു . ഇതിന് യുപി ഇലക്ഷനുമായി ബന്ധമില്ല.
FALSE CONTEXT/FALSE
Our Sources
News report by Khabor24x7
Facebook post by Agnimitra Paul
Tweet by BJP4Bengal
News Report by News.banglabhumi
News Report by Tv9bangla
News Report by Indian Express
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.