“ആധാർ കാർഡും റേഷൻ കാർഡും ഉണ്ടോ? എങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും,” എന്ന പേരിൽ ഒരു പോസ്റ്റ് ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്.
ആരോഗ്യം എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റ് ഞങ്ങൾ പരിശോധിച്ചപ്പോൾ അതിനു 494 ഷെയറുകൾ ഉണ്ടായിരുന്നു.

arogyamlife.com എന്ന ഒരു വെബ്‌സൈറ്റിന്റെ ലിങ്കിനൊപ്പമാണ് ഈ പോസ്റ്റ് ഷെയർ ചെയ്യപ്പെടുന്നത്.
“ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് ആയിരിക്കും ലഭ്യമാവുക. ഇൻഷുറൻസ് പദ്ധതിയുടെ മറ്റൊരു പ്രത്യേകത ഇതിന് എണ്ണവും പ്രായവും പ്രശ്നമല്ല എന്നുള്ളത് തന്നെയാണ്. അതുകൊണ്ടുതന്നെ ഏതു പ്രായത്തിലുള്ള ആളുകൾക്ക് ആണെങ്കിലും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു,” എന്ന് ഈ വെബ്‌സൈറ്റിലെ കുറിപ്പ് അവകാശപ്പെടുന്നു.
“ഓഫ് ലൈനായി അപേക്ഷ സമർപ്പിക്കുന്നവർ ബന്ധപ്പെട്ട രേഖകളുമായി ചെന്ന് ഗവൺമെൻറ് ആശുപത്രികളിൽ ആണ് രജിസ്റ്റർ ചെയ്യേണ്ടത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവർ www.pmjay.gov.in എന്ന വെബ്സൈറ്റിൽ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്,” എന്നും വെബ്‌സൈറ്റ് പറയുന്നു. PMJAY വെബ്സൈറ്റിൽ അപേക്ഷിക്കാൻ പറയുന്നത് കൊണ്ട് ഈ പോസ്റ്റിൽ ഉദ്ദേശിക്കുന്ന കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് ആണ് എന്ന് മനസിലാക്കാം.
SouthViral Media എന്ന ഐഡിയിൽ നിന്നുമുള്ള സമാനമായ പോസ്റ്റിനു ഞങ്ങൾ കാണുമ്പോൾ 232 ഷെയറുകൾ ഉണ്ടായിരുന്നു.

southviral.com എന്ന വെബ്‌സൈറ്റിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് ഷെയർ ചെയ്യപ്പെടുന്നത്.കൂടുതൽ വിവരങ്ങൾക്ക് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ southviral.com വെബ്‌സൈറ്റിലെ കുറിപ്പ് പറയുന്നു.
Fact Check/Verification
കേന്ദ്ര സർക്കാരിന്റെ വെബ്‌സൈറ്റ് പ്രകാരം ഈ പദ്ധതി വഴി ഓരോ വര്‍ഷവും അഞ്ച് ലക്ഷം രൂപയുടെ പരിരക്ഷ കിട്ടും എന്നത് ശരിയാണ് എന്ന് മനസിലായി.
എന്നാൽ അപേക്ഷകളുടെ അടിസ്ഥാനത്തിലല്ല ഈ പദ്ധതിയിൽ ആളുകളെ ചേർക്കുന്നത് എന്ന് PMJAY വെബ്‌സൈറ്റ് പറയുന്നു.
“ഏറ്റവും പുതിയ സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് (SECC) ഡാറ്റ പ്രകാരം, ദരിദ്രരും ദുർബ്ബലരുമായ 10 കോടി കുടുംബങ്ങളെ PMJAY കവർ ചെയ്യുന്നു. യോഗ്യരായ കുടുംബങ്ങളുടെ ഒരു ലിസ്റ്റ് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുമായും ബന്ധപ്പെട്ട പ്രദേശത്തെ എഎൻഎം/ബിഎംഒ/ബിഡിഒമാരുമായും പങ്കിട്ടിട്ടുണ്ട്.
ലിസ്റ്റിൽ പേരുള്ള കുടുംബങ്ങൾക്ക് മാത്രമേ PM-JAY ആനുകൂല്യങ്ങൾക്ക് അർഹതയുള്ളൂ. കൂടാതെ, 2018 ഫെബ്രുവരി 28 യിൽ സജീവമായ RSBY കാർഡുണ്ടായിരുന്ന ഏതൊരു കുടുംബത്തിനും പരിരക്ഷ ലഭിക്കും. കുടുംബത്തിന്റെ വലുപ്പത്തിലും അംഗങ്ങളുടെ പ്രായത്തിലും പരിധിയില്ല, ഇത് എല്ലാ കുടുംബാംഗങ്ങൾക്കും പ്രത്യേകിച്ച് പെൺകുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും കവറേജ് ലഭിക്കുമെന്ന് ഉറപ്പാക്കും,” PMJAY വെബ്‌സൈറ്റ് പറയുന്നു.

ദാരിദ്ര്യത്തിന്റെയും തൊഴിൽ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണ് ആയുഷ്മാന്‍ ഭാരത് ഇൻഷുറൻസിന് അർഹതയുള്ള കുടുംബങ്ങളെ സർക്കാർ കണ്ടെത്തുന്നത് എന്നും PMJAY വെബ്‌സൈറ്റ് പറയുന്നു.

ഇതിൽ നിന്നെല്ലാം ആധാർ കാർഡും റേഷൻ കാർഡും ഉണ്ടോ? എങ്കിൽ അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കും, എന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് മനസിലാക്കാം.
കേരളത്തില്‍ ആയുഷ്മാന്‍ പദ്ധതിയുടെ ചുമതലയുള്ള സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ തിരുവനന്തപുരം ഡിസ്ട്രിക്റ്റ് കോര്‍ഡിനേറ്റര്‍ ബിസ്മി എസ് ജെ നായരെ വിളിച്ചപ്പോൾ അവരും പറഞ്ഞത് റേഷൻ കാർഡോ ആധാർ കാർഡോ ഉള്ളത് കൊണ്ട് മാത്രം അപേക്ഷിക്കുന്നവർക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കില്ലെന്നാണ്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇൻഷുറൻസിനു അർഹതയുള്ള കുടുംബങ്ങളെ തിരഞ്ഞെടുക്കുന്നത്.
അക്ഷയ സെന്റർ വഴി ആയുഷ്മാന്‍ ഭാരതിന്റെ പുതിയ അപേക്ഷ കൊടുക്കുന്നുവെന്നും നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയിൽ നിന്നും വിതരണം ചെയ്യുന്ന ഹെല്‍ത്ത് ഐഡി കാര്‍ഡുള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കിട്ടുമെന്നുമുള്ള മറ്റൊരു പ്രചാരണവും ഫേസ്ബുക്കിൽ നടന്നിരുന്നു. അത് ഞങ്ങൾ മുൻപ് ഫാക്ട്ചെക്ക് ചെയ്തിട്ടുണ്ട്. അത് ഇവിടെ വായിക്കാം.
Conclusion
ആധാർ കാർഡും റേഷൻ കാർഡും ഉള്ള എല്ലാവർക്കും അഞ്ച് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല, എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ മനസിലായി.മാനദണ്ഡങ്ങൾക്ക് അനുസരിച്ച് സർക്കാർ കണ്ടെത്തുന്ന കുടുംബങ്ങൾക്ക് മാത്രമാണ് ആയുഷ്മാന്‍ ഭാരത് ഇൻഷുറൻസിന് അർഹതയുണ്ടാവുക.
Result: Misleading/Partly False
Sources
Telephone Conversation with State Health Agency District Coordinator
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.