Fact Check
രാജസ്ഥാനിൽ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ടുന്നതല്ല വീഡിയോയിൽ
Claim
രാജസ്ഥാനിൽ കൊല്ലപ്പെട്ട സ്ത്രീയെ മറവ് ചെയ്യാന്‍ കൊണ്ടുപോകുന്ന ദൃശ്യം.
Fact
രാജസ്ഥാനിലെ ഭിവാഡിയില്‍ പൊലീസ് നടപടിക്കിടെ ബോധരഹിതയായ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ദൃശ്യമാണിത്.
രാജസ്ഥാനിൽ സ്ത്രീയുടെ മൃതദേഹം കുഴിച്ചിട്ടുന്നത് എന്ന അവകാശവാദത്തോടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നുണ്ട്. ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസിന്റെ പശ്ചാത്തലത്തിൽ, അങ്ങ് യുപിയിലും എംപിയിലും ഗുജറാത്തിലും രാജസ്ഥാനിലുമൊക്കെ ഇത് ഒരു സാധാരണ കാര്യമാണ് എന്ന അവകാശവാദത്തോടെയാണ് തളര്‍ന്നു കിടക്കുന്ന ഒരു സ്ത്രീയെ പൊലീസുകാരന് ഓടിക്കുന്ന ഇരുചക്രവാഹനത്തിന് പിന്നിലേക്ക് കയറ്റാന്‍ ശ്രമിക്കുന്ന ദൃശ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
“രാജസ്ഥാൻ @ 03/08/2025,” എന്ന ഡേറ്റിനൊപ്പമാണ് ഈ പോസ്റ്റ് പ്രചരിക്കുന്നത്. അതിൽ നിന്നും ഇത് രാജസ്ഥാനിൽ നടന്ന സംഭവമാണെന്നാണ് പോസ്റ്റിട്ട ആൾ സൂചിപ്പിക്കുന്നത് എന്ന് കരുതാനാവും.

“ധർമ്മസ്ഥല..! സാധാരണക്കാരായ സ്ത്രീകളെയും ദളിത് കുഞ്ഞുങ്ങളേയുമൊക്കെ കൊന്ന് കുഴിച്ചിടുന്നതും കത്തിക്കുന്നതും അങ്ങ് UPയിലും MPയിലും ഗുജറാത്തിലും രാജസ്ഥാനിലുമൊക്കെ ഒരു സാധാരണ കാര്യമാണ്. ചിലർ ഇവിടേ പറ്റില്ലെന്ന് പറയും… അപ്പൊ ആളില്ലാത്ത വേറൊരു സ്ഥലത്ത് കൊണ്ട് പോയി കുഴിച്ചിടും… രാജസ്ഥാൻ @ 03/08/2025,” എന്നാണ് പോസ്റ്റിന്റെ വിവരണം.
ധർമ്മസ്ഥല ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട കൊലപാതകം, ലൈംഗികാതിക്രമങ്ങൾ, കൂട്ടക്കുഴിമാടങ്ങൾ എന്നിവയെക്കുറിച്ചുള്ള ആരോപണങ്ങളിൽ പോലീസ് നടത്തുന്ന അന്വേഷണമാണ് ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസ്. മുമ്പ് ധർമ്മസ്ഥല ക്ഷേത്രത്തിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്തിരുന്ന ഒരാൾ 1995 നും 2014 നും ഇടയിൽ നൂറുകണക്കിന് മൃതദേഹങ്ങൾ നേത്രാവതി നദിക്കരയിൽ കുഴിച്ചിടുന്നതിന് താൻ നിർബന്ധിതനായതായി 2025 ജൂണിൽ പറഞ്ഞു.
ഇവിടെ വായിക്കുക:സ്വാമി അസീമാനന്ദയെ കുറ്റവിമുക്തനാക്കിയ ജഡ്ജി ബിജെപിയില്‍ ചേര്‍ന്നോ?
Fact Check/Verification
ഞങ്ങൾ ഒരു കീവേര്‍ഡ് സെര്‍ച്ച് നടത്തിയപ്പോള്‍ 2025 ഓഗസ്റ്റ് 4ന് ഹിന്ദി മാധ്യമമായ പത്രിക.കോം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് കിട്ടി. ആ റിപ്പോർട്ടിൽ ഈ വീഡിയോയിലെ ഒരു കീ ഫ്രെയിം കൊടുത്തിട്ടുണ്ട്.
റിപ്പോർട്ടിന്റെ തലക്കേട്ട് ,”രാജസ്ഥാൻ ഭിവാഡിയിൽ ഒരു സ്ത്രീയെ പോലീസ് ബലമായി ബൈക്കിൽ ഇരുത്തി, പ്രതിഷേധിച്ചപ്പോൾ മകനെ കസ്റ്റഡിയിലെടുത്തു; കാര്യം അറിയാം,” എന്നാണ്.
“രാജസ്ഥാൻ വാർത്ത: രാജസ്ഥാനിലെ ഖൈർത്താൽ-തിജാര ജില്ലയിലെ ഭിവാഡിയിൽ അനധികൃത മദ്യത്തിനെതിരായ പോലീസ് നടപടിക്കിടെ വലിയ വിവാദം പൊട്ടിപുറപ്പെട്ടുവെന്ന,” സബ് ഹെഡിങ്ങും വാർത്തയോടൊപ്പമുണ്ട്.
“രാജസ്ഥാനിലെ ഖൈർത്താൽ-തിജാര ജില്ലയിലെ ഭിവാഡിയിൽ അനധികൃത മദ്യത്തിനെതിരായ പോലീസ് നടപടിക്കിടെ വലിയൊരു വിവാദം ഉയർന്നുവന്നിട്ടുണ്ട്. ഷെയ്ഖ്പൂർ അഹിർ പോലീസ് സ്റ്റേഷൻ പരിധിയിലെ വയലിൽ ജോലി ചെയ്യുന്ന സ്ത്രീകളോട് പോലീസുകാർ മോശമായി പെരുമാറിയതായി ആരോപിക്കപ്പെടുന്നു. ഇതിനിടയിൽ, ഒരു സ്ത്രീ ബോധരഹിതയായി, വനിതാ പോലീസുകാരി ഇല്ലാതെ ഒരു സ്ത്രീയെ ബലമായി ബൈക്കിൽ ഇരുത്താൻ പോലീസ് ശ്രമിച്ചു,” വാർത്ത വ്യക്തമാക്കുന്നു.
“ഈ സംഭവത്തിൽ പ്രതിഷേധിച്ച ഒരു യുവാവിനെയും അയാളുടെ പ്രായപൂർത്തിയാകാത്ത മകനെയും കസ്റ്റഡിയിലെടുത്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന്, ഗ്രാമവാസികൾ പോലീസ് സ്റ്റേഷനിൽ കുത്തിയിരിപ്പ് സമരം നടത്തുകയും അൽവാർ-ഭിവാഡി മെഗാ ഹൈവേ ഉപരോധിക്കാൻ ശ്രമിക്കുകയും ചെയ്തു,” വാർത്ത തുടർന്ന് പറയുന്നു.
“അതേസമയം, ഷെയ്ഖ്പൂർ അഹിർ സ്റ്റേഷൻ അധികാരി ലോകേഷ് മീണ ആരോപണങ്ങൾ നിഷേധിച്ചു. അനധികൃത മദ്യക്കടത്തുകാർക്കെതിരെ പോലീസ് പ്രചാരണം നടത്തുകയായിരുന്നുവെന്നും എന്നാൽ കള്ളക്കടത്തുകാർ രക്ഷപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരു സ്ത്രീ ബോധരഹിതയായി. നടപടിയെടുക്കുന്ന സമയത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നുവെന്ന് താനാധികാരി അവകാശപ്പെട്ടു. വിഷയം അന്വേഷിച്ചുവരികയാണെന്നും കുറ്റവാളികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു,” റിപ്പോർട്ടിൽ പറയുന്നു.

2025 ഓഗസ്റ്റ് 4ന് ഈ വീഡിയോയ്ക്കൊപ്പം എൻഡിടിവി കൊടുത്ത റിപ്പോർട്ടും ഞങ്ങൾക്ക് അവരുടെ വെബ്സൈറ്റിൽ നിന്നും ലഭിച്ചു.
“വൈറൽ വീഡിയോ: ഖൈർത്താൽ-തിജാര ജില്ലയിലെ ഭിവാഡിയിലെ ഷെയ്ഖ്പൂർ അഹിർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബവന്തേഡി ഗ്രാമത്തിലെ പോലീസുകാർ ഞായറാഴ്ച ഒരു സ്ത്രീയോട് മോശമായി പെരുമാറുകയും ബൈക്കിൽ ഇരിക്കാൻ നിർബന്ധിക്കുകയും ചെയ്തതായി ആരോപണങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ഗ്രാമവാസികൾ പറയുന്നതനുസരിച്ച്, സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇതിൽ ഒരു പോലീസുകാരൻ ബൈക്കിൽ ഇരിക്കുന്നു. അതേ സമയം, മറ്റൊരു പോലീസുകാരൻ ഒരു വൃദ്ധയായ സ്ത്രീയെ ബൈക്കിൽ ഇരുത്തുന്നു,” വീഡിയോ പറയുന്നു.

രാജസ്ഥാനിലെ ഭിവാഡിയില്‍ ബോധരഹിതയായ സ്ത്രീയെ പൊലീസ് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ദൃശ്യമാണിതെന്ന് ഇതിൽ നിന്നെല്ലാം ബോധ്യപ്പെട്ടു. രാജസ്ഥാനിൽ കൊല്ലപ്പെട്ട സ്ത്രീയെ മറവ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന വീഡിയോയിലെ അവകാശവാദം വ്യാജമെന്നും ബോധ്യമായി.
Conclusion
രാജസ്ഥാനിലെ ഭിവാഡിയില്‍ പൊലീസ് നടപടിക്കിടെ ബോധരഹിതയായ സ്ത്രീയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്ന ദൃശ്യമാണ്,രാജസ്ഥാനിൽ കൊല്ലപ്പെട്ട സ്ത്രീയെ മറവ് ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് ആകാശവാദത്തോടെ ഷെയർ ചെയ്യപ്പെടുന്നത്.
Sources
News report in Patrika on August 4,2025
YouTube Video by NDTV on August 4,2025