ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഇപ്പോൾ ബിജെപിയിൽ പ്രവർത്തിക്കുന്ന മുതിർന്ന നേതാവ് പിസി ജോര്‍ജ്ജിന്റെ അറസ്റ്റ് ഏറെ വാർത്ത പ്രാധാന്യം നേടിയിരുന്നു.
ഈ പശ്ചാത്തലത്തിൽ പിസി ജോര്‍ജ്ജിന്റെ അറസ്റ്റിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചുവെന്ന അവകാശവാദവുമായി ഒരു പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. “പിസി ജോര്‍ജ്ജിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതികാരനടപടി,” എന്ന് കെ സുധാകരന്‍ പറയുന്ന ഒരു മീഡിയവൺ ചാനലിന്റെ വീഡിയോയ്‌ക്കൊപ്പമാണ് പ്രചരണം.

ഇവിടെ വായിക്കുക: ഛാവ സിനിമ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നുണ്ട്
Fact Check/Verification
വീഡിയോയിൽ മീഡിയവണിന്റെ ലോഗോ കാണാം. അത് കൊണ്ട് തന്നെ ഞങ്ങൾ മീഡിയവൺ യൂട്യൂബ് ചാനലിൽ “പിസി ജോര്‍ജ്ജിന്റെ അറസ്റ്റ് സര്‍ക്കാരിന്റെ പ്രതികാരനടപടി,” എന്ന് കെ സുധാകരൻ എന്ന് സേർച്ച് ചെയ്തു. അപ്പോൾ 2022 ജൂലൈ മൂന്നിനാണ് ഈ വീഡിയോ മീഡിയവൺ പ്രസിദ്ധീകരിച്ചത് എന്ന് മനസ്സിലായി. സോളാര്‍ പീഡന കേസിലെ പരാതിക്കാരി തന്നെയായിരുന്നു പിസി ജോര്‍ജ്ജിനെതിരെയും കേസ് കൊടുത്തത്. പരാതിക്കാരിയെ വിശ്വസിച്ച സർക്കാർ സ്വപ്നയെ വിശ്വസിക്കാത്തത് എന്ത് കൊണ്ടാണ് എന്നും സുധാകരൻ ചോദിക്കുന്നുണ്ട്. നയതന്ത്ര ബാഗേജുവഴി സ്വർണം കടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിനെയാണ് ഇവിടെ സുധാകരൻ സൂചിപ്പിക്കുന്നത്.
സ്വപ്‍ന സുരേഷ് സമാനമായ ആരോപണം മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനെതിരെ ഉന്നയിച്ചിരുന്നു. അതിൽ നടപടി ഒന്നും എടുത്തില്ല. ഇതാണ് സുധാകരൻ സൂചിപ്പിക്കുന്നത്.

2022 ജൂലൈ മൂന്നിന് പിസി ജോര്‍ജ്ജിനെതിരായ പീഡന പരാതിയില്‍ കെപിസിസി അധ്യക്ഷന്‍ നടത്തിയ പരാമര്‍ശം സംബന്ധിച്ച വീഡിയോ റിപ്പോര്‍ട്ട് മനോരമ ന്യൂസ് നല്‍കിയിട്ടുണ്ട് എന്നും ഞങ്ങൾ കീ വേർഡ് സെർച്ചിൽ കണ്ടെത്തി.

രാഷ്ട്രീയ പ്രതികാരമായിരുന്നു അറസ്റ്റെന്നായിരുന്നു സുധാകരന്‍റെ ആരോപണം.
ജനപക്ഷം എന്ന പേരില്‍ അദ്ദേഹം തന്നെ രൂപീകരിച്ച പാര്‍ട്ടിയില്‍ ആയിരുന്നു പിസി ജോര്‍ജ്ജ് അന്ന് പ്രവര്‍ത്തിച്ചിരുന്നത്. പിസി ജോര്‍ജ്ജ് ബിജെപിയില്‍ ചേര്‍ന്നത് 2024 ജനുവരി 31നായിരുന്നു. ഇപ്പോഴത്തെ പോലെ മതവിദ്വേഷ പരാമർശത്തിന്റെ പേരിൽ അല്ല അന്ന് പിസി ജോര്‍ജ്ജ് അറസ്റ്റ് ചെയ്യപ്പെട്ടത് എന്ന കാര്യവും ശ്രദ്ധേയമാണ്.
Conclusion
മതവിദ്വേഷ പരാമര്‍ശത്തില്‍ അറസ്റ്റിലായപ്പോഴല്ല പിസി ജോർജ്ജിനെ പിന്തുണച്ച് കെ സുധാകരന്‍ രംഗത്ത് വന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.
ഇവിടെ വായിക്കുക:മുദ്ര ലോൺ വാഗ്ദാനം ചെയ്യുന്ന ലിങ്ക് വ്യാജം