Fact Check
തന്റെ ജീവൻ രക്ഷിക്കാൻ കാലുകൾ നഷ്ടപ്പെടുത്തിയ സ്ത്രീയെ വിവാഹം കഴിച്ച ആളുടെ ഫോട്ടോ എഐ നിർമ്മിതമാണ്
Claim
തന്റെ ജീവൻ രക്ഷിക്കാൻ കാലുകൾ നഷ്ടപ്പെടുത്തിയ അഞ്ചു വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ചു.
Fact
യഥാർത്ഥ ചിത്രം അല്ല. ചിത്രം എഐ നിർമ്മിതമാണ്.
തന്റെ ജീവൻ രക്ഷിക്കാൻ കാലുകൾ നഷ്ടപ്പെടുത്തിയ അഞ്ചു വയസ്സ് കൂടുതലുള്ള സ്ത്രീയെ വിവാഹം കഴിച്ച ഒരാളുടെ കഥ ഫേസ്ബുക്കിൽ വൈറലാവുന്നുണ്ട്. ഒരു നീണ്ട അനുഭവ വിവരണത്തോടൊപ്പമാണ് പോസ്റ്റ്.
ആ വിവരണം ഇങ്ങനെയാണ്:
“എന്റെ ജീവൻ രക്ഷിക്കാൻ തന്റെ കാലുകൾ നഷ്ടപ്പെടുത്തിയ അശ്വതി ചേച്ചിയെ ഞാൻ എന്റെ ജീവിതത്തിലേക്ക് കൂട്ടുകയാണ്. പ്രായം കൊണ്ട് 5 വയസിന് മൂത്തവൾ, ഇരുകാലുകളും നഷ്ടപ്പെട്ടവൾ, വീട്ടിൽ ജോലിക്ക് നിന്ന സ്ത്രീയുടെ മകൾ , ജാതിയിൽ താഴ്ന്നവൾ, സാമ്പത്തികമായി പിന്നോട്ട് നിക്കുന്നവർ. അങ്ങനെ ഒരുപാട് കടമ്പകൾ കടന്നാണ് ഈ വിവാഹത്തിലേക്ക് എത്തിച്ചേർന്നത്.
എനിക്ക് അഞ്ചു വയസുള്ളപ്പോഴാണ് അശ്വതി ചേച്ചിക്ക് തന്റെ കാലുകൾ നഷ്ടപ്പെടുന്നത്. നമ്മുടെ വീട്ടിൽ ജോലിക്ക് നിന്ന രമണി അമ്മയുടെ മകളാണ് അശ്വതി ചേച്ചി. രാവിലെ രമണിയമ്മയും ചേച്ചിയും ഞങ്ങടെ വീട്ടിലേക്ക് വരും. ഇവിടെ നിന്നാണ് ചേച്ചി സ്കൂളിൽ പോകുന്നത്. തിരിച്ചും ഇങ്ങോട്ട് തന്നെ വരും. പിന്നേ രാത്രി ആകുന്നതുവരെ നമ്മൾ രണ്ടും കൂടി കളിക്കും. എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു അശ്വതി ചേച്ചിയെ.
അങ്ങനെ ഒരു ദിവസം അശ്വതി ചേച്ചി സ്കൂളിൽ നിന്നും വരുന്നതും കാത്ത് വീട്ടുമുറ്റത്ത് ഇരിക്കുകയായിരുന്നു ഞാൻ. ദൂരെ നിന്നും ചേച്ചി വരുന്നത് കണ്ട ഞാൻ തുറന്ന് കിടന്ന ഗേറ്റ് വഴി നേരേ റോഡിലേക്ക് ഇറങ്ങി. അന്ന് എനിക്ക് നേരേ പാഞ്ഞു വന്ന ലോറിക്ക് മുന്നിൽ നിന്നും ഓടി വന്ന് എന്നെ എടുത്ത് മാറ്റിയത് അശ്വതി ചേച്ചിയാണ്. എന്നാൽ എന്നെ എടുത്ത് മാറ്റുന്നതിനിടെ ബാലൻസ് നഷ്ടമായ ആ അഞ്ചാം ക്ലാസ്സുകാരിയുടെ കാലുകളിൽ കൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി.
അതിന് ശേഷം എന്റെ കൂടെ ഓടികളിക്കാൻ അശ്വതി ചേച്ചി വന്നിട്ടില്ല. അമ്മയുമൊത്തു അശ്വതി ചേച്ചിയുടെ വീട്ടിൽ പോയതും എന്തൊക്കെയോ കൊടുത്തതും ഒക്കെ ചെറിയൊരു ഓർമയുണ്ട്. എന്നെക്കണ്ടാൽ എപ്പോഴും ഓടിവന്ന് എടുക്കാറുള്ള ചേച്ചി അന്ന് ഒന്നും മിണ്ടാതെ കട്ടിലിൽ തന്നെ കിടക്കുകയായിരുന്നു. കുറച്ച് നാൾക്ക് ശേഷം അച്ഛനുമൊത്ത് വീൽചെയർ കൊടുക്കാൻ പോയതും എനിക്ക് ഓർമയുണ്ട്. പിന്നേ കുറേ നാളത്തേക്ക് ഞാൻ ചേച്ചിയെ കണ്ടിട്ടില്ല. അങ്ങനെ ഞാൻ പതിയെ ചേച്ചിയെ മറന്നു.
പിന്നീട് ഞാൻ വീണ്ടും ചേച്ചിയെ കാണുന്നത് ചേച്ചി പ്ലസ്ടു ജയിച്ച് കോളേജിൽ ചേരാൻ നിൽക്കുന്ന സമയത്താണ്. അന്ന് അച്ഛനൊരു എലെക്ട്രിക്ക് വീൽ ചെയർ ചേച്ചിക്ക് സമ്മാനമായി നൽകി. അന്ന് വികാരധീനയായി അമ്മ ചേച്ചിയെ ചേർത്ത് പിടിച്ച് എന്നെ രക്ഷിച്ച കഥ പറയുമ്പോഴാണ് എനിക്ക് ആ സംഭവിന്റെ വ്യാപ്തി മനസ്സിലാകുന്നത്. ഞാൻ അതൊക്കെ പണ്ടേ മറന്നുപോയിരുന്നു. പിന്നീട് ചേച്ചിയുടെ അടുക്കൽ ഞാൻ ട്യൂഷനും പോയതോടെ ചേച്ചിയുമായി വീണ്ടും അടുത്തു. ബാംഗ്ലൂരിൽ ജോലിയൊക്കെയായി അങ്ങോട്ട് മാറിയപ്പോഴും ചേച്ചിയുമായി ഞാൻ കോൺടാക്ട് വെച്ചിരുന്നു. നാട്ടിൽ വരുമ്പോഴൊക്കെ ചേച്ചിയെ കാണാൻ പോകുന്നത് പതിവായി. എന്തോ ഒരു വൈകാരികമായ ബന്ധം ചേച്ചിയുമായി എനിക്ക് ഉണ്ടായിരുന്നു.
അങ്ങനെ ഒരിക്കൽ ഞാൻ ലീവിന് നാട്ടിലെത്തിയ ഒരു ദിവസം രമണിയമ്മ ഏറെ വിഷമിച്ചു അമ്മയോട് സംസാരിക്കുന്നത് ഞാൻ കേട്ടു. ചേച്ചിക്ക് ഉറപ്പിച്ച് വെച്ചിരുന്ന കല്യാണ ആലോചന മുടങ്ങിപ്പോയത്രേ. ചേച്ചിക്ക് ഒരുപാട് കല്യാണലോചനകൾ മാറി പോയ ശേഷമാണ് ഒരെണ്ണം ശെരിയാകുന്നത്. ലെറ്റർ വരെ അടിച്ച് പലരേയും വിളിച്ച ശേഷമാണ് ഇത് മുടങ്ങുന്നത്. ചേച്ചിക്ക് അമ്മയാകാൻ കഴിയില്ല എന്നാരോ അവരോട് പറഞ്ഞത്രേ. ആ വാചകം ചേച്ചിയെ വല്ലാണ്ട് തളർത്തിക്കളഞ്ഞു.
എനിക്ക് അപ്പോൾ ചേച്ചിയെ കാണണമെന്ന് തോന്നി ഞാൻ ഉടൻ തന്നെ ചേച്ചിയുടെ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ അവിടെ ആരുമുണ്ടായില്ല, ഫോൺ വിളിച്ചപ്പോൾ അമ്പലത്തിലാണെന്ന് പറഞ്ഞത്കൊണ്ട് ഞാൻ നേരേ അങ്ങോട്ട് പോയി. എന്നെ കണ്ടു പുഞ്ചിരിച്ച ആ മുഖത്തെ കലങ്ങിയ കണ്ണുകളിൽ നിന്നും എനിക്ക് ചേച്ചിയുടെ ഉള്ളിലെ സങ്കടം മനസ്സിലാക്കാൻ കഴിഞ്ഞു.
അമ്പലത്തിന് മുന്നിലെ ആലിന്റെ ചുവട്ടിലിരുന്ന് നമ്മൾ കുറേ നേരം സംസാരിച്ചു. എന്റെ ബാംഗ്ലൂരിലെ ജോലിക്കാര്യങ്ങൾ ഉൾപ്പടെ പല കാര്യങ്ങളും നമ്മൾ സംസാരിച്ചെങ്കിലും കല്യാണം മുടങ്ങിയ കാര്യം മാത്രം ചേച്ചി മിണ്ടിയില്ല. ഒടുവിൽ ഞാൻ അങ്ങോട്ട് ചേച്ചിയോട് ചോദിച്ചു. എനിക്ക് വിഷമമാകുമെന്ന് കരുതിയാണോ കല്യാണം മുടങ്ങിയ കാര്യം ചേച്ചി എന്നോട് പറയാഞ്ഞത് എന്ന്. അതിന് ചേച്ചി പറഞ്ഞ മറുപടി എന്നെ കണ്ടപ്പോൾ ചേച്ചി അക്കാര്യമൊക്കെ മറന്നുപോയി എന്നായിരുന്നു.”

പോസ്റ്റിലെ കമന്റുകളിൽ നിന്ന് പലരും പോസ്റ്റ് യഥാർത്ഥത്തിൽ സംഭവിച്ചതാണെന്ന് വിചാരിക്കുന്നതായി ഞങ്ങൾക്ക് മനസ്സിലായി. . അത് കൊണ്ട് ഈ പോസ്റ്റ് പരിശോധിക്കാൻ ഞങ്ങൾ തീരുമാനിച്ചു.



ഇവിടെ വായിക്കുക:യുഎസ് സൈനിക പൈലറ്റുമാരെ ആയുധങ്ങൾ കൊണ്ടുപോകാൻ വിസമ്മതിച്ചതിന് അറസ്റ്റ് ചെയ്തോ?
Evidence
കമന്റിൽ ചിലർ ഈ പോസ്റ്റുകൾ, മോണിറ്റൈസേഷന് വേണ്ടി സമൂഹ മാധ്യമങ്ങളിൽ കുടുതൽ റീച്ച് കിട്ടാനായി എഐ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് എഴുതിയിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചു.


ഞങ്ങൾ ഈ പോസ്റ്റിലെ വിവരങ്ങൾ ഒരു കീവേർഡ് സെർച്ചിൽ പരിശോധിച്ചു. എന്നാൽ ചില സമൂഹ മാധ്യമ പോസ്റ്റുകൾ അല്ലാതെ അത്തരം വിശ്വാസയോഗ്യമായ വാർത്തകൾ ഒന്നും ശ്രദ്ധയിൽ വന്നില്ല.
ചിത്രം യഥാർത്ഥമാണോ എഐ സൃഷ്ടിയാണോ എന്നറിയാൻ ഞങ്ങൾ ഉപയോഗിച്ച വിവിധ എഐ ഡിറ്റക്ഷൻ ടൂളുകൾ, ചിത്രം എഐ സൃഷ്ടിയാണെന്ന് കണ്ടെത്തി.
എഐ ഓർ നോട്ട്,”ചിത്രം എഐ സൃഷ്ടിച്ചതാവാൻ സാധ്യത ഉണ്ടെന്ന് കണ്ടെത്തി.

വാസ് ഇറ്റ് എഐ ,ഈ ചിത്രം, അല്ലെങ്കിൽ അതിന്റെ ഒരു പ്രധാന ഭാഗം, AI ആണ് സൃഷ്ടിച്ചതെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടെന്ന് വ്യക്തമാക്കി.

ഫേക്ക് ഇമേജ് ഡിറ്റക്ടർ ടൂൾ കമ്പ്യൂട്ടർ ജനറേറ്റഡ് അല്ലെങ്കിൽ മോഡിഫൈഡ് ഇമേജ് പോലെ തോന്നുന്നുവെന്ന് . കണ്ടെത്തി.

ഹൈവ് മോഡറേഷൻ ടൂൾ ചിത്രം ഡീപ്ഫേക്ക് ആവാനുള്ള സാധ്യത 99.9% ആണെന്ന് കണ്ടെത്തി.

Verdict
ഈ വിഷയത്തിൽ വിശ്വാസയോഗ്യമായ ഒരു മാധ്യമ റിപ്പോർട്ടും കണ്ടെത്താനായില്ലെങ്കിലും,ഇത്തരം ഒരു സംഭവം എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്ന് ഞങ്ങൾക്ക് സ്വതന്ത്രമായി പരിശോധിക്കാൻ പറ്റിയില്ല. എന്നാൽ. വിവിധ എഐ ഡിറ്റക്ഷൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പരിശോധിച്ചപ്പോൾ,ചിത്രം യഥാർത്ഥമല്ലെന്നും എഐ സൃഷ്ടിയാണെന്നും തെളിഞ്ഞു.
ഇവിടെ വായിക്കുക:ഈ വൈറൽ ചിത്രം കുസാറ്റിൽ നടത്തിയ ‘താലിബാൻ ശൈലിയിലുള്ള’ സെമിനാറിന്റെതാണോ?
FAQ
Q1.ഈ ചിത്രം യഥാർത്ഥമാണോ?
അല്ല. വിവിധ എഐ ഡിറ്റക്ഷൻ ടൂളുകൾ പരിശോധിച്ചപ്പോൾ, ചിത്രം എഐ സൃഷ്ടിയാണെന്ന് വ്യക്തമായി തെളിഞ്ഞു.
Q2. എവിടെയാണ് ഈ ചിത്രം പ്രചരിച്ചത്?
ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു.
Q3. എന്തിനാണ് ചിത്രം പങ്ക് വെക്കുന്നത്?
മോണിറ്റൈസേഷന് വേണ്ടി സമൂഹ മാധ്യമങ്ങളിൽ കുടുതൽ റീച്ച് കിട്ടാനാണ് സാധാരണ ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത്
Sources
Was It AI Website
AI or Not Website
FakeImageDetector tool
Hive Moderation Website