Newchecker.in is an independent fact-checking initiative of NC Media Networks Pvt. Ltd. We welcome our readers to send us claims to fact check. If you believe a story or statement deserves a fact check, or an error has been made with a published fact check
Contact Us: checkthis@newschecker.in
Fact Check
അടുത്തിടെ ഡ്രസ് കോഡ് പാലിക്കാത്തതിന്റെ പേരിൽ ഹിജാബ് ധരിച്ച ചില വിദ്യാർത്ഥിനികൾക്ക് കോളേജിൽ കയറാനുള്ള അനുവാദം നിഷേധിച്ചതിനെ തുടർന്ന് കർണാടകയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഏതാനും പ്രതിഷേധങ്ങൾ അക്രമാസക്തമായതിനെ തുടർന്ന് ഫെബ്രുവരി 9, 10, 11 തീയതികളിൽ എല്ലാ ഹൈസ്‌കൂളുകളും കോളേജുകളും അടച്ചിടാൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉത്തരവിട്ടു. പീന്നിട്ട് അവധി സർക്കാർ ഫെബ്രുവരി 16 വരെ നീട്ടി.
വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കുന്നത് വിലക്കിയ തീരുമാനത്തെ ചോദ്യം ചെയ്ത് ഒരു വിദ്യാർത്ഥി സുപ്രീം കോടതിയിൽ ഹർജി നൽകിയതോടെ കർണാടകയിലെ ഹിജാബ് വിവാദം ദേശീയ തലത്തിൽ എത്തിയിരിക്കുകയാണ്. വിഷയം ദേശീയ തലത്തിലേക്ക് ഉയർത്തേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി അടിയന്തര വാദം കേൾക്കുന്നത് മാറ്റിയത്. കേസ് കോടതി തീർപ്പാക്കും വരെ വിദ്യാർത്ഥികൾ മതപരമായ വസ്ത്രം ധരിക്കരുതെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ആഴ്ച ഉത്തരവിട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് എവിടെ നിന്നുള്ള വീഡിയോയാണ് എന്ന് വ്യക്തമാക്കാതെ, എല്ലാ കാലത്തും ഇവർ ഹിജാബിനെതിരായിരുന്നുവെന്ന തരത്തിൽ ഒരു വീഡിയോ പ്രചരിപ്പിക്കുന്നത്.”അവരുടെ പ്രശ്നം സ്കൂൾ യൂണിഫോം ആയിരുന്നു എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അവർ എന്നും ഇങ്ങനെ തന്നെയായിരുന്നു,” എന്ന വിവരണത്തോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
DrMuhammed Mohamood എന്ന ഐഡിയിൽ നിന്നുള്ള പോസ്റ്റിന് 11 k ഷെയറുകൾ ഞങ്ങൾ പരിശോധിക്കുമ്പോൾ ഉണ്ടായിരുന്നു.
ഞങ്ങൾ പരിശോധിക്കുമ്പോൾ, സുന്നി സൈബർ വിംഗ് ചീക്കോട് എന്ന ഐഡിയിൽ നിന്നും 830 പേർ ഇത് ഷെയർ ചെയ്തിട്ടുണ്ട്.
Thahir Zaman Shornur എന്ന ഐഡിയിൽ നിന്നും ഇതേ വീഡിയോ 46 പേരാണ് ഞങ്ങൾ കാണുമ്പോൾ ഷെയർ ചെയ്തിട്ടുണ്ടായിരുന്നത്.
വീഡിയോയിൽ, ഹിജാബ് ധരിച്ച പെൺകുട്ടികൾ ഓടി മാറാൻ ശ്രമിക്കുമ്പോൾ ഒരു കൂട്ടം ആൺകുട്ടികൾ ബക്കറ്റിലുള്ള വെള്ളം അവരുടെ ദേഹത്തേക്ക് ഒഴിക്കുന്നത് കാണാം.
വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ, ന്യൂസ്‌ചെക്കർ തീരുമാനിച്ചു. തുടർന്ന് വീഡിയോയിലെ ദൃശ്യങ്ങൾ, ഇൻവിഡ് ടൂളിന്റെ സഹായത്തോടെ കീ ഫ്രെയിമുകൾ ആക്കി. ഗൂഗിളിൽ വീഡിയോയുടെ ഒരു കീ ഫ്രെയിം റിവേഴ്‌സ് ഇമേജ് സെർച്ച് നടത്തി. ശ്രീലങ്കയിലെ ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിൽ നിനുള്ള ഇത്തരം വീഡിയോകൾ 2019 മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി കണ്ടെത്തി, ആ വീഡിയോകൾ ഒരു കൂട്ടം സീനിയർ വിദ്യാർത്ഥികൾ ജൂനിയർമാരെ റാഗ് ചെയ്യുന്നത്തിന്റേതാണ് എന്ന് മനസിലായി.
തുടർന്ന്, കീവേഡ് സെർച്ച് നടത്തിയപ്പോൾ, 2019 ഫെബ്രുവരി 24നു ലങ്ക സൺ ന്യൂസ് അവരുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്ത വീഡിയോ റിപ്പോർട്ട് ഉൾപ്പെടെ നിരവധി മാധ്യമ റിപ്പോർട്ടുകൾ കണ്ടെത്തി.
കൊളംബോ മെയിൽ ടുഡേയുടെ യൂട്യൂബ് ചാനലിൽ നിന്നുമുള്ള വീഡിയോയും തുടർന്നുള്ള തിരച്ചിലിൽ ഞങ്ങളുടെ ടീം കണ്ടെത്തി.
വിദേശത്ത് താമസിക്കുന്ന ശ്രീലങ്കക്കാർ നടത്തുന്ന പുതിത്ത് എന്ന വാർത്താ വെബ്‌സൈറ്റ് ഫെബ്രുവരി 24 2019 ൽ പ്രസിദ്ധീകരിച്ച ഒരു വാർത്തയും ഞങ്ങൾക്ക് തിരച്ചിൽ കിട്ടി.
ശ്രീലങ്കയിലെ ഈസ്റ്റേൺ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികൾ ഇത് റാഗിങ്ങുമായി ബന്ധപ്പെട്ട സംഭവമാണെന്ന് സ്ഥിരീകരിച്ചതായി റിപ്പോർട്ട് അവകാശപ്പെട്ടുന്നു.
ഞങ്ങളുടെ ഉറുദു, ഇംഗ്ലീഷ് വെബ്‌സൈറ്റുകളും ഈ അവകാശവാദം ഫാക്ട് ചെക്ക് ചെയ്തിട്ടുണ്ട്.
വൈറലായി പ്രചരിക്കുന്ന വീഡിയോ ഇന്ത്യയിൽ നിന്നുള്ളതല്ല എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി. ശ്രീലങ്കയിലെ ഈസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ സീനിയർ വിദ്യാർത്ഥികൾ ഹിജാബ് ധരിച്ച സ്ത്രീകൾ ഉൾപ്പെടെയുള്ള ജൂനിയർ വിദ്യാർഥിനികളെ റാഗ് ചെയ്യുന്ന ദൃശ്യമാണ് വീഡിയോയിൽ ഉള്ളത്.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.