Fact Check
ഇറാനിൽ ഹിജാബ് വിരുദ്ധസമരത്തിനെ അനുകൂലിച്ചതിനാണോ ചിത്രത്തിലുള്ള ആളെ തൂക്കിലേറ്റിയത്?
Claim
ഇറാനിൽ ഹിജാബ് വിരുദ്ധസമരത്തിനെ അനുകൂലിച്ചതിന് മകളുടെ മുന്നിൽ വെച്ച് ചിത്രത്തിലുള്ള ആളെ തൂക്കിലേറ്റി.
Fact
ജഡ്ജിയെ കൊലപ്പെടുത്തിയതിനാണ് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്.
ഇറാനിൽ ഹിജാബ് വിരുദ്ധസമരത്തിനെ അനുകൂലിച്ചതിന് മകളുടെ മുന്നിൽ വെച്ച് ചിത്രത്തിലുള്ള ആളെ തൂക്കിലേറ്റി എന്ന അവകാശവാദവുമായി ഒരു ഫോട്ടോ വൈറലാവുന്നുണ്ട്.
“സ്വന്തം മകളുടെ മുന്നിൽ പരസ്യമായി തൂക്കിലേറ്റാൻ പോകുമ്പോഴും അവളുടെ പിഞ്ച് മനസ് വേദനിക്കാതിരിക്കാൻ അയാൾ ചിരിച്ചു കൊണ്ട് കൈ വീശി.ഏതൊരച്ഛന്റെയും ഹൃദയം നീറി പുകയുന്ന ചിത്രം,” എന്നാണ് പോസ്റ്റിന്റെ വിവരണം.
പോലീസുകാർക്കിടയിലൂടെ ആ കുഞ്ഞ് ചെരിഞ്ഞു നോക്കുന്നത് അവളുടെ പിതാവിനെയാണ്. ചിരിച്ചു കൊണ്ട് അയാൾ അവളെ കൈവീശി കാണിക്കുന്നത് അടുത്ത നിമിഷം അയാളുടെ മരണമാണെന്നറിഞ്ഞു തന്നെയാണ്…ആ മരണത്തിന് കാരണം അയാൾ ചെയ്ത ഒരു തെറ്റാണ്,” വിവരണം തുടരുന്നു.
“സ്വന്തം രാജ്യത്തു നടന്ന ഹിജാബ് വിരുദ്ധസമരത്തിനെ അനുകൂലിച്ചു എന്നതായിരുന്നു ആ തെറ്റ്. അതിന് അവിടുത്തെ ഭരണകൂടം വിധിച്ച ശിക്ഷയാണ് ആ പിഞ്ചുകുഞ്ഞ് കാൺകെ ഒരു ഗവൺമെന്റ് നടപ്പിലാക്കിയത്. ഈ ശിക്ഷ വിധിച്ച് നടപ്പിലാക്കിയ രാജ്യത്തിൻ്റെ പേര് ഇറാൻ എന്നാണ്,” പോസ്റ്റ് പറയുന്നു.

ജൂൺ 12, 2025ന് ഇറാന്റെ ആണവ പദ്ധതിയെയും നേതൃത്വത്തെയും ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമാക്രമണത്തിന്റെ ആദ്യ ആക്രമണം നടത്തിയതിനെ തുടർന്ന് ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം ആരംഭിച്ചു ഈ പശ്ചാത്തലത്തിലാണ് പോസ്റ്റുകൾ. പരോക്ഷമായി ഇറാനെ ആക്രമിച്ച ഇസ്രേയൽ നടപടിയെയും പോസ്റ്റ് അനുകൂലിക്കുന്നുണ്ട്
ഇവിടെ വായിക്കുക:ബെഞ്ചമിൻ നെതന്യാഹുവിനെ ഒരാൾ മർദ്ദിക്കുന്ന ദൃശ്യത്തിന്റെ വാസ്തവം അറിയുക
Fact Check/ Verification
ഞങ്ങൾ ചിത്രം റിവേഴ്സ് ഇമേജ് സേർച്ച് നടത്തി. അപ്പോൾ, ഗെറ്റി ഇമേജസിൽ നിന്ന് തൂക്കിലേറ്റപ്പെട്ട ആളൂടെ ഒരു സ്റ്റോക്ക് ഫോട്ടോ ലഭിച്ചു. ഫോട്ടോയിലെ വിവരണം അനുസരിച്ച്, ആ വ്യക്തിയുടെ പേര് മജിദ് കവൗസിഫർ എന്നാണ്.
ഒരു ജഡ്ജിയെ കൊലപ്പെടുത്തിയതിന് 2007 ൽ സെൻട്രൽ ടെഹ്റാനിൽ പരസ്യമായി തൂക്കിലേറ്റപ്പെട്ടയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അനന്തരവൻ ഹൊസൈൻ കവൗസിഫറിനെയും. തൂക്കിലേറ്റിയിരുന്നു.
ചിത്രത്തിലുള്ള ആളെ തൂക്കി കൊല്ലുന്ന പടമുള്ള 2007 ഓഗസ്റ്റ് 2 ന് പ്രസിദ്ധീകരിച്ച ബിബിസി ന്യൂസ് റിപ്പോർട്ടും ഞങ്ങൾ കണ്ടെത്തി. അതിൽ ചിത്രത്തിലുള്ള മജിദ് കവൗസിഫർ എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ അനന്തരവനെയും ഇറാനിയൻ ജഡ്ജിയെ കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷ നൽകിയതായി പറയുന്നു.

നിരവധി പരിഷ്കരണവാദികളായ വിമതരെ ജയിലിലടച്ച ഒരു ജഡ്ജിയുടെ കൊലയാളികളായ മജീദിനെയും ഹൊസൈനെയും ഇറാനിൽ നൂറുകണക്കിന് ആളുകളുടെ മുന്നിൽ തൂക്കിലേറ്റി എന്നാണ്,”റോയിട്ടേഴ്സ് റിപ്പോർട്ട് പറയുന്നത്.
2007 ഓഗസ്റ്റ് 2 ന് ടെഹ്റാനിൽ നടന്ന മജീദ് കവൗസിഫറിന്റെയും ഹൊസൈൻ കവൗസിഫറിന്റെയും വധശിക്ഷ കാണാൻ വന്നവരിൽ ഫോട്ടോയിലുള്ള പെൺകുട്ടിയുമുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
പെൺകുട്ടി മജീദുമായോ കുടുംബവുമായോ ബന്ധമുള്ളയാളാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നില്ല. മജീദിന്റെയും ഹൊസൈന്റെയും വധശിക്ഷയ്ക്ക് സാക്ഷിയായ ഒരു കാഴ്ചക്കാരി മാത്രമായിരിക്കാം അവൾ. അതിനാൽ, പെൺകുട്ടിക്ക് മജീദുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല.

ഇവിടെ വായിക്കുക:ഇറാൻ തകർത്ത B2 ബോംബർ വിമാനമാണോ ഇത്?
Conclusion
ചിത്രത്തോടൊപ്പം ഉന്നയിക്കുന്ന അവകാശവാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ഞങ്ങൾ കണ്ടെത്തി. ഇറാനിൽ ഹിജാബ് വിരുദ്ധസമരത്തിനെ അനുകൂലിച്ചതിനല്ല, മറിച്ച് ഒരു ജഡ്ജിയെ കൊലപ്പെടുത്തിയതിനാണ് ഫോട്ടോയിൽ ഉള്ള മജിദ് കവൗസിഫറിനെ വധശിക്ഷയ്ക്ക് വിധിച്ചത്.
Sources
News report by BBC on August 2,2007
News report by Reuters on August 2,20027
Getty Images