ബി ജെ പി സംസ്‌ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റേത് എന്ന പേരിൽ ഒരു ഫെയ്സ്ബുക്ക് പേജിന്റെ സ്ക്രീൻ ഷോട്ട്. കർഷക സമരത്തിന്റേത് എന്ന പേരിൽ ഒരു ഫോട്ടോ.അമ്മയുടെ അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ പോറ്റമ്മ തിരിച്ചു കൊണ്ട് വരുന്നത് എന്ന് രീതിയിൽ ഒരു ചിത്രം. പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി, എന്ന ഒരു പോസ്റ്റർ. KSEB പുതിയ വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക എന്ന പോസ്റ്റ്.ഇവയൊക്കെ ആയിരുന്നു, കഴിഞ്ഞ ആഴ്ച വൈറലായ പോസ്റ്റുകളിൽ പ്രധാനപ്പെട്ടവ ഇവയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വിമർശിക്കുന്നുവെന്ന രീതിയിൽ പ്രചരിപ്പിക്കുന്ന പോസ്റ്റ് എഡിറ്റ് ചെയ്തത്
ഇസ്ലാം മത പുരോഹിതൻ മന്ത്രം ചൊല്ലി ഭക്ഷണത്തിൽ ആചാരപ്രകാരം ഓതുന്ന വീഡിയോയുള്ള സുരേന്ദ്രന്റെ പോസ്റ്റ് എഡിറ്റ് ചെയ്ത് അമിത് ഷാ ജൈന മതത്തിന്റെ ആചാര്യൻ വിദ്യാസാഗർ ജി മഹാരാജിനെ സന്ദർശിച്ച ചിത്രം കുട്ടിച്ചേർത്തതാണ് പ്രചാരത്തിലുള്ള പോസ്റ്റ് ഉണ്ടാക്കിയിരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തി.

ദേഹത്ത് മർദ്ദനത്തിന്റെ പാടുള്ള സിഖുകാരന്റെ പടം കർഷക സമരത്തിലേതല്ല
2019ൽ ഡൽഹി പോലീസ് ഒരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന ചിത്രമാണ് കർഷക സമരത്തിന്റെത് പേരിൽ പ്രചരിക്കുന്നത് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ നിന്നും മനസിലായി.

ദത്ത് നല്‍കിയ സംഭവത്തില്‍ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ വരുന്ന പോറ്റമ്മയുടെ പടമല്ലിത്
ഞങ്ങളുടെ അന്വേഷണത്തിൽ പ്രചരിക്കുന്ന പടത്തിലുള്ളത് കുട്ടിയുടെ പോറ്റമ്മയല്ല. ചൈൽഡ് വെൽെഫയർ കൗൺസിലിന്റെ ഒരു വനിതാ ജീവനക്കാരിയാണ് എന്ന് ബോധ്യപ്പെട്ടു.

പട്ടിണി നിർമ്മാർജ്ജനം കേന്ദ്ര സർക്കാർ കേരളത്തെ മാതൃകയാക്കണം എന്ന് സുപ്രീം കോടതി പറഞ്ഞുവെന്നു വാദം തെറ്റിദ്ധാരണാജകം
ഞങ്ങളുടെ അന്വേഷണത്തിൽ, പട്ടിണി നിർമ്മാർജ്ജനം സംബന്ധിച്ചുള്ള കേന്ദ്ര ഇടപെടലുകളിൽ സുപ്രീം കോടതി അതൃപ്തി രേഖപെടുത്തിയെന്നത് ശരിയാണ്, എന്ന് മനസിലായി. എന്നാൽ ആ വിധിയിൽ ഒരിടത്തും കേരളത്തെ കുറിച്ച് പരാമർശിച്ചിട്ടില്ല. കേരളത്തെ പ്രത്യേകമായി പേരെടുത്തു പറയാതെ ചില സംസ്‌ഥാനങ്ങൾ കമ്യൂണിറ്റി കിച്ചൻ നടപ്പിലാക്കിയതായി വിധിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്.

KSEB പുതിയ വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക എന്ന പോസ്റ്റിന്റെ യാഥാർഥ്യം ഇതാണ്
പുതിയ വൈദ്യുതിനിരക്ക് കണക്ക് കൂട്ടുന്ന രീതി മനസ്സിലാക്കിയിരിക്കുക എന്ന പോസ്റ്റിന്റെ ഉള്ളടക്കം വ്യാജമാണ് എന്ന് കെ എസ് ഇ ബിയും വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിയും വ്യക്തമായിട്ടുണ്ട്. പോരെങ്കിൽ 2019നു ശേഷം ഇത് വരെ വൈദ്യുതിനിരക്ക് കൂടിയിട്ടുമില്ല.