ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന യുപിക്കാരായ സ്വാമിമാർ പിടിക്കപ്പെട്ടു. കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നിർത്തിവെച്ചു. 28 ദിവസം കാലാവധിയുളള പ്ലാനുകളെല്ലാം അവസാനിപ്പിക്കാൻ ട്രായിയുടെ ഉത്തരവ്. ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്. കഴിഞ്ഞ ആഴ്ച വൈറലായ സമൂഹ മാധ്യമ പ്രചരണങ്ങളിൽ ചിലതാണ് മുകളിൽ ചേർത്തിരിക്കുന്നത്.

ഭാരത് ജോഡോ യാത്രയിൽ കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചിരുന്നോ? വാസ്തവം വായിക്കുക
രാഹുൽ ഗാന്ധിയും മറ്റ് കോൺഗ്രസ് നേതാക്കളും പ്രഭാതഭക്ഷണത്തിനായി പോയ മലബാർ ഹോട്ടലിൽ മദ്യം വിളമ്പിയിട്ടില്ലെന്ന് ഞങ്ങളുടെ അന്വേഷണത്തിൽ വ്യക്തമായെങ്കിലും വസ്തുത പരിശോധിക്കാൻ കഴിയാത്ത ഒന്നിലധികം ഘടകങ്ങൾ അതിൽ ഉണ്ട്. അതിനാൽ ഏതെങ്കിലും കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ ഹോട്ടലിന് പുറത്ത് വെച്ച് മദ്യം കഴിച്ചിട്ടുണ്ടായിരുന്നോ പരിശോധിക്കാനാവില്ല.

കേരളത്തിൽ പിഎഫ്ഐ ഹർത്താലിന്റെ അന്ന് ഭാരത് ജോഡോ യാത്ര നിർത്തിവച്ചോ? വസ്തുത അറിയാം
ഭാരത് ജോഡോ യാത്രയുടെ വിശ്രമദിനത്തെ വെള്ളിയാഴ്ചത്തെ പിഎഫ്‌ഐ ഹർത്താലിനുള്ള ആഹ്വാനവുമായി ബന്ധിപ്പിച്ച് വൈറലാവുന്ന പോസ്റ്റുകൾ തെറ്റാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു. പിഎഫ്ഐ ഹർത്താലിന്റെ ആഹ്വാനം വരുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് യാത്രയുടെ ഷെഡ്യൂൾ പ്രസിദ്ധീകരിച്ചത്.

28 ദിവസം കാലാവധിയുളള പ്ലാനുകളെല്ലാം അവസാനിപ്പിക്കാൻ ട്രായ്, ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയോ? വാസ്തവം അറിയുക
28 ദിവസം കാലാവധിയുള്ള എല്ലാ മൊബൈൽ റീച്ചാർജ് പ്ലാനുകളുടെയും കാലാവധി ട്രായ് നിർദ്ദേശ പ്രകാരം 30 ദിവസമാക്കി നീട്ടി എന്നത് തെറ്റായ പ്രചരണമാണ് എന്ന് ഞങ്ങളുടെ അന്വേഷണത്തിൽ തെളിഞ്ഞു.എല്ലാ ടെലികോം സേവന ദാതാക്കളും കുറഞ്ഞത് 30 ദിവസം വാലിഡിറ്റി ഉള്ള ഒരു പ്ലാൻ വൗച്ചർ, പ്രത്യേക താരിഫ് വൗച്ചർ, കോമ്പിനേഷൻ വൗച്ചർ എന്നിവ ഉപഭോകതാക്കൾക്ക് നൽകണമെന്ന നിബന്ധന മാത്രമാണ് ട്രായ് കൊണ്ട് വന്നത്.

‘ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ്,’ എന്ന മുന്നറിയിപ്പ് എക്സൈസ് ഡിപ്പാർട്ട്മെൻറ് കൊടുത്തതല്ല
ഹോം അഫയേഴ്‌സ് ഓഫീസർമാരായി നടിച്ച് തട്ടിപ്പ് എന്ന മുന്നറിയിപ്പ് എക്സൈസ് ഡിപ്പാർട്ട്മെൻറ് നൽകിയിട്ടില്ല. ‘പോലീസ് ആസ്ഥാനത്തു നിന്നും ഇത്തരം മുന്നറിയിപ്പ് നൽകിയിട്ടില്ല. എന്നാൽ അത്തരം ഒരു അത്തരം കുറ്റകൃത്യങ്ങൾ നടക്കാൻ സാധ്യതയില്ലെന്ന് പറയാനാവില്ല.
മുഴുവൻ ഫാക്ട് ചെക്ക് ഇവിടെ വായിക്കുക

കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ കിഡ്നി വിൽക്കുന്ന യുപിക്കാരായ സ്വാമിമാർ പിടിക്കപ്പെട്ടെന്ന വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്
കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ വൃക്കകൾ മോഷ്ടിക്കുകയും അവരുടെ ജീവൻ അപഹരിക്കുകയും ചെയ്യുന്ന സ്വാമിമാരെ കുറിച്ചുള്ള പ്രചരണം തെറ്റാണെന്ന് ന്യൂസ്‌ചെക്കറിന്റെ അന്വേഷണത്തിൽ വെളിപ്പെടുന്നു. വാരണാസിയിലെ ബീരാപട്ടിയിൽ ചില സന്യാസിമാർ ഭിക്ഷ ചോദിക്കാൻ പോയപ്പോൾ കുട്ടികളെ തട്ടിക്കൊണ്ടുപോയി അവരുടെ വൃക്കകൾ മോഷ്ടിക്കുന്നവരെന്ന കിംവദന്തിയുടെ അടിസ്ഥാനത്തിൽ ഗ്രാമവാസികൾ അവരെ പിടികൂടിയപ്പോഴുള്ളതാണ് വീഡിയോ. ലോക്കൽ പോലീസ് അവരെ ചോദ്യം ചെയ്യുകയും അവരുടെ പ്രവർത്തനങ്ങളിൽ ശിക്ഷാർഹമായ യാതൊന്നും കണ്ടെത്താത്തതിനെ തുടർന്ന് വിട്ടയക്കുകയും ചെയ്തു.
ഞങ്ങൾ ഒരു അവകാശവാദത്തെ കുറിച്ച് വസ്തുത പരിശോധന നടത്തണമെന്നോ ,അതിനെ കുറിച്ചുള്ള ഫീഡ്‌ബാക്ക് നൽക്കണമെന്നോ, അതിനെ കുറിച്ചൊരു പരാതി ഞങ്ങൾക്ക് നൽക്കണമെന്നോ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, 9999499044 എന്ന നമ്പറിൽ വാട്ട്‌സ്ആപ്പ് ചെയ്യുക അല്ലെങ്കിൽ checkthis@newschecker.in ൽ ഇമെയിൽ ചെയ്യുക. നിങ്ങൾക്ക് ഞങ്ങളുടെ കോൺടാക്ട് അസ് പേജ് സന്ദർശിച്ചു പരാതി ഫോം പൂരിപ്പിക്കാനും അവസരം ഉണ്ട്.